Friday, March 20, 2020

ദൈവങ്ങളുടെ പരീക്ഷണം

രോഗം ദൈവത്തിൻ്റെ പരീക്ഷണം എന്ന വാദം ഉന്നയിക്കുന്നവർ മറുപടി പറയണം:- 1. ഏതു ദൈവത്തിൻ്റെ പരീക്ഷണം? കാക്കത്തൊള്ളായിരം മതങ്ങളും ദൈവങ്ങളും ഉണ്ട്. അതിൽ ഏതു മതം പറയുന്ന ദൈവമാണു സത്യം എന്നറിയായ്കയാണല്ലോ മതരംഗത്തെ എക്കാലത്തെയും വലിയ പ്രശ്നം. എല്ലാ മതങ്ങളും അവരവരുടേതു സത്യവും അന്യരുടേതു വ്യാജവും എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. പെറ്റു പോയതിനാൽ പെട്ടു പോയവരാണു ഓരോരുത്തരും അവരവരുടെ മതത്തിൽ. മനുഷ്യർ മതങ്ങളുടെ പേരിൽ തമ്മിൽ തല്ലി മരിച്ചുകൊണ്ടിരിക്കുന്നതാണു ഇന്നും എന്നും ചരിത്രം . ആ തർക്കത്തിനൊരറുതി വരുത്താൻ ഉതകുന്ന എന്തെങ്കിലും പരീക്ഷണം ഏതെങ്കിലും ദൈവം നടത്തീട്ടുണ്ടോ? ഇപ്പോൾ ചൈനയിൽ കൊറോണ വന്നു എന്നു കേട്ടപ്പോഴേക്കും മൊല്ലാക്കമാർ ലോകമെമ്പാടും ചാടിപ്പുറപ്പെട്ടു. അള്ളാഹു ചൈനക്കാരെ ശിക്ഷിച്ചു എന്നും പറഞ്ഞ്. നാക്കു വായിലിടും മുമ്പേ ഹജ്ജും ഉമ്രയും പള്ളികളും പൂട്ടി അള്ളാഹു തന്നെ കണ്ടംവഴി ഓടുന്നതാണു കാണാൻ കഴിഞ്ഞത്. അപ്പോ ആരുടെ പരീക്ഷണം? ചൈനക്കാരുടെ ദൈവമാണോ സത്യദൈവം? 2. എന്തിനുള്ള പരീക്ഷണം? ഒരു പരീക്ഷണം നടത്തുന്നത് എന്തെങ്കിലും ഒരു കാര്യത്തിൽ ശരിയായ അറിവു നേടാനും സത്യം കണ്ടെത്താനുമാകണമല്ലൊ. ദൈവങ്ങൾക്കു പരീക്ഷണം നടത്തി എന്താണു കണ്ടെത്താനുള്ളത്? ലോകമാകെ കൊറോണ പരത്തി ആളുകളെ കൊല്ലുന്നതു കൊണ്ട് ദൈവം എന്തു നേട്ടമാണുണ്ടാക്കുന്നത്? ഒരു ദൈവവും ഇല്ല എന്നു മനുഷ്യർക്കു ബോധ്യപ്പെടാൻ ഉതകുന്ന പരീക്ഷണമാണോ ടിയാൻ ഉദ്ദേശിക്കുന്നത്? എങ്കിൽ അതുകൊണ്ടെന്താണു പുള്ളിക്കു നേട്ടം? ഇനി സ്വന്തമായി ഒന്നും കണ്ടെത്താനല്ല, മറ്റുള്ളവർക്ക് എന്തോ പഠിപ്പിക്കാനാണു പരീക്ഷണം എങ്കിൽ ആർക്ക് എന്തു കണ്ടെത്താനാണു ഈ മാതിരി പരീക്ഷണം ഉപകരിക്കുക? വത്തിക്കാനും ക അബയും ശബരിമലയുമൊക്കെ പൂട്ടിച്ച് ആളുകളെ എന്താണു മൂപ്പരു പഠിപ്പിക്കുന്നത്? ദൈവം ഇല്ല എന്നോ? അതോ മതങ്ങൾ പറയുന്ന ദൈവങ്ങളൊന്നുമല്ല യഥാർത്ഥ ദൈവം ഡിങ്കനാണു എന്നോ? 3.പാഴ്വേല എങ്ങനെ പരീക്ഷണമാകും? ദൈവത്തിനോ മനുഷ്യർക്കോ ഒരു പ്രയോജനവും ഇല്ലാത്ത ഒരു സവിശേഷമായ കണ്ടെത്തലിനോ വിജ് ഞാനസമ്പാദനത്തിനോ ഉപകരിക്കാത്ത ഒരു കാര്യം എങ്ങനെയാണു പരീക്ഷണം എന്ന വകുപ്പിൽ പെടുക? അതോ ആർക്കും മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങളാണോ പരീക്ഷകൻ്റെ ലക്ഷ്യം? എങ്കിൽ പിന്നെ ആ പരീക്ഷണത്തിൽ നമുക്കെന്തു കാര്യം ? പരൂക്ഷണം പരൂക്ഷണം എന്നും പറഞ്ഞു നിങ്ങൾ എന്താണു ഉദ്ദേശിക്കുന്നത്? ഏതു ദുരന്തം വന്നാലും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അവിശ്വാസിയും എല്ലാം ഒരേയളവിൽ പ്രത്യാഘാതം അനുഭവിക്കുന്നതായേ കണ്ടിട്ടുള്ളു. പള്ളിയും അംബലവും ചർച്ചും പൊളിഞ്ഞു വീഴുന്നു. നിരപരാധികളായ കുഞ്ഞുങ്ങളും മൃഗങ്ങളും ദുരിതമനുഭവിക്കുന്നു. അതിൽ നിന്നും കാരുണ്യവാനായ ദൈവം ഇല്ല എന്നല്ലാതെ മറ്റെന്തു പാഠമാണുള്ളത്? ചൈനയിലെ നിരീശ്വരവാദികളെ ശിക്ഷിക്കാൻ കൊറോണ വൈറസിനെ ഇറക്കിയതു ദൈവമാണെങ്കിൽ ആ ദൈവം മോദിയെക്കാൾ വലിയ പൊട്ടനാണു എന്നതല്ലേ പരീക്ഷണഫലം ?

No comments: