Saturday, January 19, 2008
ഇംഗര്‍സോളിന്റെ യുക്തിവാദം
റോബര്‍ട് ഗ്രീന്‍ ഇംഗര്‍സോള്‍ (1833-1899).
ലോകം കണ്ട എക്കാലത്തേയും പ്രഗല്‍ഭരായ നാസ്തിക ചിന്തകരില്‍ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കാവുന്ന പ്രതിഭാശാലിയാണ് ഇംഗര്‍സോള്‍ . മൂര്‍ച്ചയേറിയ വാക്ശരങ്ങളാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിന്താലോകത്തെ പ്രകമ്പനം കൊള്ളിച്ച ഈ യുക്തിചിന്തകന്റെ പ്രഭാഷണങ്ങള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല; അന്ധവിശ്വാസങ്ങള്‍ക്കെതിരെ ചിന്തകൊണ്ടു പൊരുതുന്ന ആധുനിക യുക്തിവാദികള്‍ക്കു പോലും ഈ ധിഷണാശാലിയുടെ വാദമുഖങ്ങള്‍ പുതുമ നഷ്ടപ്പെടാത്തതും മാതൃകാപരവുമാണ്. “മതം മനുഷ്യനെയല്ല; മനുഷ്യന്‍ മതത്തെയാണ് സംസ്കരിച്ചുകൊണ്ടിരിക്കുന്നത്.” എന്ന, ഒന്നര നൂറ്റാണ്ടു മുമ്പത്തെ അദ്ദേഹത്തിന്റെ നിരീക്ഷണം ഇക്കാലത്തും വളരെയേറെ പ്രസകതിയുള്ളതാണ്. നിലനില്‍ക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി മതം സ്വയം സംസ്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന കാഴ്ചയാണിന്നു നാം കാണുന്നത്. വര്‍ത്തമാനകാലത്തിന്റെ നീതിബോധവുമായി പൊരുത്തപ്പെടാനാവാതെ ഞെരിപിരി കൊള്ളുകയാണിന്നു മതദര്‍ശനങ്ങള്‍ ! ദ്രുതപരിണാമത്തിനു വിധേയമാകുന്ന ഒരു ‘ജീവി’യാണിന്നു ദൈവം!! ഇംഗര്‍സോളിന്റെ ചില പ്രഭാഷണശകലങ്ങള്‍ കാണുക:-
അന്ധവിശ്വാസം എന്തുപദ്രവമാണു ചെയ്യുന്നത്?
കെട്ടുകഥകളും ഐതിഹ്യങ്ങളും വിശ്വസിക്കുന്നതുകൊണ്ട് എന്താണു കുഴപ്പം?
അടയാളങ്ങളിലും അദ്ഭുതങ്ങളിലും , രക്ഷകളിലും ആഭിചാരങ്ങളിലും മഹാദ്ഭുതങ്ങളിലും സ്വര്‍ഗ്ഗങ്ങളിലും നരകങ്ങളിലും ഉള്ള വിശ്വാസം മസ്തിഷ്കത്തെ ഒരു മനോരോഗ വാര്‍ഡായും ലോകത്തെ ഒരു ഭ്രാന്താലയമായും മാറ്റുകയും മനസ്സില്‍നിന്നും എല്ലാ നിശ്ചിതത്വവും എടുത്തുകളയുകയും അനുഭവത്തെ ഒരു കെണിയാക്കിത്തീര്‍ക്കുകയും കാര്യകാരണബന്ധത്തെ-പ്രകൃതിയുടെ ഉദ്ഗ്രഥനത്തെ- നശിപ്പിക്കുകയും മനുഷ്യനെ വിറകൊള്ളുന്ന ഒരു അടിയാനായും അടിമയായും മാറ്റുകയും ചെയ്യുന്നു. ഈ വിശ്വാസമുള്ളപ്പോള്‍ പ്രകൃതിയെക്കുറിച്ചുള്ള വിജ്ഞാനം നാം പിന്തുടരേണ്ട പാതയില്‍ വെളിച്ചം വീശുന്നില്ല. പ്രകൃതി അദൃശ്യ ശക്തികളുടെ പാവയായിത്തീരുന്നു. പ്രകൃത്യാതീത ശക്തിയെന്ന് വിളിക്കപ്പെടുന്ന ദേവത അവളുടെ മാന്ത്രിക ദണ്ഡുകൊണ്ട് ഒരു വസ്തുതയെ സ്പര്‍ശിക്കുമ്പോള്‍ അത് അപ്രത്യക്ഷമാകുന്നു. കാരണങ്ങള്‍ കാര്യങ്ങള്‍ ഉളവാക്കാതിരിക്കുന്നു. കാര്യങ്ങള്‍ക്കു സ്വാഭാവിക കാരണങ്ങളൊന്നും ഇല്ലാതാകുന്നു. അസ്തിവാരം ഇല്ലാതായിത്തീരുന്നു. വലിയ കുംഭഗോപുരം എങ്ങും തൊടാതെ വായുവില്‍ നില കൊള്ളുന്നു. ഗുണങ്ങള്‍ക്കോ ഫലങ്ങള്‍ക്കോ ബന്ധങ്ങള്‍ക്കോ സ്ഥിരതയില്ലാതാകുന്നു. യുക്തിബോധം സ്ഥാനത്യാഗം ചെയ്യുന്നു. അന്ധവിശ്വാസം യുക്തിബോധത്തിന്റെ കിരീടമണിയുന്നു. ഹൃദയത്തിനു കടുപ്പമുണ്ടാകുന്നു. മസ്തിഷ്കം മയപ്പെടുന്നു.
പ്രകൃത്യാതീതശക്തിയുടെ സംരക്ഷണം കരഗതമാക്കാനുള്ള വ്യര്‍ഥശ്രമത്തില്‍ മനുഷ്യന്റെ കര്‍മ്മവീര്യം പാഴാക്കപ്പെടുന്നു. ക്ഷിപ്രവിശ്വാസം , ചടങ്ങ് , ബലി,ആരാധന എന്നിവ സത്യസന്ധമായ പ്രവൃത്തിയുടെയും അന്യേഷണത്തിന്റേയും ബൌദ്ധിക യത്നത്തിന്റേയും നിരീക്ഷണത്തിന്റേയും അനുഭവത്തിന്റേയും സ്ഥാനം പിടിച്ചെടുക്കുന്നു. പുരോഗതി അസാധ്യമായിത്തീരുന്നു.
അന്ധവിശ്വാസം എല്ലായിപ്പോഴും സ്വാതന്ത്ര്യത്തിന്റെ ശത്രുവായിരുന്നിട്ടുണ്ട്. എക്കാല്വും അതങ്ങനെയായിരിക്കും.
അന്ധവിശ്വാസം സമസ്ത ദൈവങ്ങളേയും ദൈവദൂതന്മാരെയും സമസ്ത പിശാചുക്കളേയും കുട്ടിച്ചാത്തന്മാരെയും എല്ലാ മന്ത്രവാദിനികളേയും ഭൂതങ്ങളേയും പ്രേതങ്ങളേയും സൃഷ്ടിച്ചു. നമുക്ക് സര്‍വ്വ ശകുനങ്ങളെയും നല്‍കിയതും എല്ലാ ദൈവജ്ഞരെയും പ്രവാചകരേയും തന്നതും ആകാശങ്ങളെ അടയാളങ്ങളാലും അതിശയങ്ങളാലും നിറച്ചതും കാര്യകാരണ ശൃംഖല പൊട്ടിച്ചതും മഹാദ്ഭുതങ്ങള്‍കൊണ്ടും അസത്യങ്ങള്‍ കൊണ്ടും മനുഷ്യചരിത്രം എഴുതിയതും അന്ധവിശ്വാസമാണ്. എല്ലാ മാര്‍പ്പാപ്പമാരെയും കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും പാതിരിമാരെയും എല്ലാ സന്യാസി വൈദികരേയും കന്യാസ്ത്രീകളേയും ഭിക്ഷാംദേഹികളായ കത്തോലിക്കാ സന്യാസിമാരെയും അശുദ്ധരായ വിശുദ്ധരേയും എല്ലാ മതപ്രസംഗകരേയും പ്രബോധകരേയും എല്ലാ ‘വിളിക്കപ്പെട്ടവരേ”യും “വേര്‍തിരിക്കപ്പെട്ടവരേ”യും സൃഷ്ടിച്ചത് അന്ധവിശ്വാസമാണ്. മനുഷ്യര്‍ മൃഗങ്ങളുടേയും ശിലകളുടേയും മുമ്പില്‍ മുട്ടുകുത്തി വീഴാന്‍ ഇടയാക്കിയത്-അവരെക്കൊണ്ട് പാമ്പുകളേയും വൃക്ഷങ്ങളേയും ആകാശത്തിലെ ഭ്രാന്തന്‍ മിഥ്യാരൂപങ്ങളേയും ആരാധിപ്പിച്ചത്-സ്വന്തം കുട്ടികളുടെ രക്തം ചിന്താനും സ്വന്തം കുട്ടികളെ അഗ്നിജ്വാലകള്‍ക്കു നല്‍കാനും അവരെ നിര്‍ബന്ധിതരാകിയത്- അവരുടെ പക്കലുള്ള ധനവും അവരുടെ അദ്ധ്വാനവും വഞ്ചനാപൂര്‍വ്വം തട്ടിയെടുത്തത്-അന്ധവിശ്വാസമണ്. ഭദ്രാസനപ്പള്ളികളും ക്ഷേത്രങ്ങളും എല്ലാ ബലിപീഠങ്ങളും മുസ്ലിം ദേവാലയങ്ങളും ആരാധനാസ്ഥലങ്ങളും പണിതുയര്‍ത്തിയതും രക്ഷകള്‍ കൊണ്ടും ആഭിചാരം കൊണ്ടും പ്രതിരൂപങ്ങള്‍ കൊണ്ടും വിഗ്രഹങ്ങല്‍ കൊണ്ടും പവിത്രാസ്ഥികള്‍ കൊണ്ടും രക്തസാക്ഷികളുടെ നിണം കൊണ്ടും പഴംതുണിക്കഷ്ണങ്ങള്‍ കൊണ്ടും മനുഷ്യഹൃദയങ്ങളില്‍നിന്ന് പിശാചുക്കളെ വിരട്ടിയോടിക്കുന്ന തടിക്കഷ്ണങ്ങള്‍ കൊണ്ടും ലോകത്തെ നിറച്ചതും അന്ധവിശ്വാസമാണ്. അന്ധവിശ്വാസം പീഡനോപകരണങ്ങള്‍ കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും സ്ത്രീകളെയും പുരുഷന്മാരെയും ജീവനോടെ തൊലിയുരിക്കുകയും , ദശലക്ഷക്കണക്കിനു ജനങ്ങളെ തുറുങ്കിലടക്കുകയും ലക്ഷക്കണക്കിനാളുകളെ ചുട്ടെരിക്കുകയും ചെയ്തു. അന്ധവിശ്വാസം ഭ്രാന്ത് പ്രചോദനമാണെന്നും ഭ്രാന്തന്മാരുടെ പുലമ്പല്‍ പ്രവചനവും ദൈവജ്ഞാനവുമാണെന്നും തെറ്റിദ്ധരിപ്പിച്ചു. അന്ധവിശ്വാസം ധര്‍മ്മനിഷ്ഠയുള്ളവരെ തുറുങ്കിലടച്ചു. ചിന്താശീലമുള്ളവരെ പീഡിപ്പിച്ചു. ധീരതയുള്ളവരെ കൊല ചെയ്തു. ശരീരത്തെ ബന്ധനസ്ഥമാക്കി. മസ്തിഷ്കത്തിനു വിലങ്ങിട്ടു. അഭിപ്രായസ്വാതന്ത്ര്യത്തെ പാടേ നശിപ്പിച്ചു. അന്ധവിശ്വാസം നമുക്ക് എല്ലാ പ്രാര്‍ത്ഥനകളും ചടങ്ങുകളും നല്‍കി. എല്ലാ മുട്ടുകുത്തലുകളും സാഷ്ടാംഗ പ്രണാമങ്ങളും ദണ്ഡനമസ്കാരങ്ങളും നമ്മെ അഭ്യസിപ്പിച്ചു. സ്വയം വെറുക്കാനും , സുഖത്തെ തിരസ്കരിക്കാനും , സ്വന്തം ശരീരം മുറിപ്പെടുത്താനും ,നിലത്തെ പൊടിയില്‍ കിടന്ന് ഇഴയാനും , സ്വന്തം ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കാനും , സഹജീവികളായ മനുഷ്യരെ അകറ്റി നിര്‍ത്താനും , ഉപയോഗശൂന്യമായ വേദനയിലും പ്രാര്‍ത്ഥനയിലും ജീവിതം കഴിച്ചുകൂട്ടാനും മനുഷ്യരെ പഠിപ്പിച്ചു. അന്ധവിശ്വാസം മനുഷ്യസ്നേഹം അധമവും നീചവും നിന്ദ്യവുമാണെന്ന് ഉല്‍ഭോധിപ്പിച്ചു. സന്യാസിമാര്‍ പിതാക്കന്മാരെക്കാള്‍ പരിശുദ്ധരാണെന്നും കന്യാസ്ത്രീകള്‍ അമ്മമാരേക്കാള്‍ വിശുദ്ധിയുള്ളവരാണെന്നും വിശ്വാസം വസ്തുതയെക്കാള്‍ ശ്രേഷ്ഠമാണെന്നും ക്ഷിപ്രവിശ്വാസം സ്വര്‍ഗ്ഗത്തിലേക്കു നയിക്കുമെന്നും സശയം നരകത്തിലേക്കുള്ള പാതയാണെന്നും വിശ്വാസം വിജ്ഞാനത്തെക്കാള്‍ മെച്ചമാണെന്നും തെളിവ് ആവശ്യപ്പെടുന്നത് ദൈവത്തെ അപമാനിക്കലാണെന്നും പഠിപ്പിച്ചു. അന്ധവിശ്വാസം പുരോഗതിയുടെ ശത്രുവും വിദ്യാഭ്യാസത്തിന്റെ വൈരിയും സ്വാതന്ത്ര്യത്തിന്റെ ഘാതകനുമാണ്. അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നു. എന്നും അങ്ങനെയായിരിക്കും. അത് അറിയപ്പെടുന്നതിനെ അറിയപ്പെടാത്തതിനും വര്‍ത്തമാനകാലത്തെ ഭാവിക്കും യഥാര്‍ത്ഥ ലോകത്തെ അയഥാര്‍ത്ഥമായ പരലോകത്തിനും ബലി കഴിക്കുന്നു. അത് നമുക്ക് സ്വാര്‍ത്ഥപൂര്‍ണ്ണമായ ഒരു സ്വര്‍ഗ്ഗവും അനന്തമായ പ്രതികാരത്തിന്റെ നരകവും നല്‍കിയിരിക്കുന്നു. അത് ലോകത്തെ വെറുപ്പുകൊണ്ടും യുദ്ധങ്ങള്‍ കൊണ്ടും പാതകങ്ങള്‍ കൊണ്ടും താഴ്മയുടെ പക കൊണ്ടും വിനയത്തിന്റെ ഔദ്ധത്യം കൊണ്ടും നിറച്ചിരിക്കുന്നു. ലോകത്തൊട്ടാകെ ശാസ്ത്രത്തിന്റെ ഏക ശത്രു അന്ധവിശ്വാസമാകുന്നു.
ദൈവം മിഥ്യ
ദൈവം സര്‍വ്വജ്ഞനാണെന്നാണു പറയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിനു ചിന്താശക്തിയുണ്ടാവുകയില്ല. നമ്മള്‍ ഒരു തീരുമാനത്തിലേക്കു കയറിച്ചെല്ലാനുപയോഗിക്കുന്ന ഗോവണിയാണു ചിന്ത. എല്ലാത്തിന്റെയും അവസാനം അറിയുന്ന ദൈവത്തിനു ചിന്തയുടെ ആവശ്യമില്ല. അദ്ദേഹത്തിനു പ്രത്യാശയോ ഭയമോ ഉണ്ടായിക്കൂടാ. അറിവു പൂര്‍ണ്ണമായിക്കഴിഞ്ഞാല്‍ എന്തിനെങ്കിലും വേണ്ടിയുള്ള ആഗ്രഹമോ വികാരമോ ഉണ്ടാവുകയില്ല. എന്നാല്‍ ദൈവത്തിന് ഇതെല്ലാം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ആഗ്രഹമില്ലാത്തയാള്‍ പ്രവര്‍ത്തിക്കുകയില്ല. അനന്തമായ നിശ്ശബ്ദതയില്‍ പൂര്‍ണ്ണ ശാന്തനായി അനശ്വരനായി നിലകൊള്ളുകയാവാം ദൈവം. ...
ഈ ദൈവത്തെ സ്നേഹിക്കേണ്ടത് നമ്മുടെ ധര്‍മ്മമാണെന്നാണു പറയപ്പെടുന്നത്. അറിയപ്പെടാത്തതും മനസ്സിലാക്കാന്‍ കഴിയാത്തതുമായ ഒരു വസ്തുവിനെ എങ്ങനെ നമുക്കു സ്നേഹിക്കാന്‍ കഴിയും? നീതിപൂര്‍വ്വമായും സത്യസന്ധമായും ജീവിക്കേണ്ടത് നമ്മുടെ ചുമതലയാണ്. പക്ഷെ സ്നേഹിക്കുകയെന്നത് ചുമതലയല്ല. ഒരു ചിത്രത്തെയോ കവിതയെയോ സംഗീതത്തെയോ സ്തുതിക്കുവാന്‍ നമുക്കു ചുമതലയൊന്നുമില്ല. പ്രശംസ നിയന്ത്രണാതീതമാണ്. സ്വതന്ത്രമായിരിക്കുകയും വേണം.
ആയിരക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യന്‍ ദൈവത്തെ പ്രേമിക്കാന്‍ തുടങ്ങിയിട്ട്. നിരവധി പുരുഷന്മാരും സ്ത്രീകളും ദെവത്തെ പ്രേമിക്കാന്‍ ശ്രമിച്ചു.-അതു വഴി ഹൃദയത്തെ മാര്‍ദ്ദവപ്പെടുത്താനും ദൈവത്തില്‍നിന്നു സഹായം കിട്ടാനും വേണ്ടി.
അങ്ങനെയുള്ളവരുടെ ഒരു ചിത്രം ഞാന്‍ അവതരിപ്പിക്കാം: കൂപ്പിയ കൈകളും ഭക്തിപൂര്‍വ്വം അടച്ച കണ്ണുകളുമായി അവര്‍ സൂര്യനെ ആരാധിക്കുന്നു. ഉല്‍ക്കകളുടെ മുമ്പില്‍ മുട്ടു കുത്തി അവര്‍ ആവശ്യങ്ങളും ഭയവും പറയുന്നു. സര്‍പ്പങ്ങള്‍ , മൃഗങ്ങള്‍ ,വിശുദ്ധവൃക്ഷങ്ങള്‍ എന്നിവയെ അവര്‍ ഭയപ്പെട്ടു. മരം കൊണ്ടും കല്ലുകള്‍ കൊണ്ടും അവര്‍ തന്നെ നിര്‍മ്മിച്ച ശില്പങ്ങളുടെ മുന്നില്‍ അവര്‍ കൈകൂപ്പി നില്‍ക്കുന്നു. അജ്ഞാതശക്തികള്‍ക്കു വേണ്ടി അവര്‍ ബലിപീഠങ്ങള്‍ പണിയുന്നു. മൃഗങ്ങളെയും മനുഷ്യശിശുക്കളെയും ആ ബലിപീഠത്തില്‍ വെച്ചു കൊന്ന് അവര്‍ ദൈവപ്രീതി നേടാന്‍ ശ്രമിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത പുരോഹിതന്മാരുടെ മന്ത്രോച്ചാരണങ്ങള്‍ . ബലിപീഠത്തില്‍ മരിക്കുന്ന ഹതഭാഗ്യരെയും പുകയുന്ന ബലിപീഠങ്ങളെയും ആടുന്ന ധൂപക്കുറ്റികളെയും എനിക്കു കാണാന്‍ കഴിയുന്നു. അര്‍ധദൈവ മനുഷ്യരെ -ദുഖിതരായ രക്ഷകന്മാരെ എല്ലാ ദേശത്തും കാണാം. ഭ്രാന്തന്മാരായ പ്രവാചകന്മാര്‍ ജീവിതത്തിലെ സാധാരണ സംഭവങ്ങളെപ്പറ്റി പറഞ്ഞു പറഞ്ഞ് അത് അല്‍ഭുതങ്ങളായി മാറ്റുകയും അടയാളങ്ങളും സ്വപ്നങ്ങളും ഉപയോഗിച്ച് വിധിയുടെ രഹസ്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
അസ്സീറിയക്കാര്‍ അഷൂറിനെയും ഇസ്താറിനെയും സ്തുതിക്കുന്നു. ഹിന്ദുക്കള്‍ ബ്രഹ്മാവ്, ശിവന്‍ ,വിഷ്ണു എന്നിവരെ ആരാധിക്കുന്നു. കല്‍ദായക്കാര്‍ ,ബേല്‍ , ഹീയാ എന്നീ ദൈവങ്ങള്‍ക്കു ബലി നല്‍കുന്നു. പ്താ, രാ, ഊസിറസ്, ഐസിസ് എന്നിവയുടെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ഈജിപ്തുകാര്‍ തല കുനിക്കുന്നു. മേദ്യര്‍ കൊടും കാറ്റിനെയും അഗ്നിയേയും ആരാധിക്കുന്നു. ബാബിലോണിയക്കാര്‍ ബേലിന്റെയും മര്‍ദോക്കിന്റെയും മുമ്പില്‍ കൂപ്പുകയ്യോടെ നില്‍ക്കുന്നു. ഗംഗ, യൂഫ്രട്ടീസ്, ടൈഗ്രീസ്, നൈല്‍ എന്നീ നദികളുടെ തീരങ്ങളില്‍ നദിയെ പൂജിക്കുന്നവരെ നമുക്കു കാണാം. ഗ്രീക്കുകാര്‍ സീയൂസ്, നെപ്റ്റ്യൂണ്‍ ,വീനസ് തുടങ്ങിയ ദേവതകള്‍ക്കു വേണ്ടി ക്ഷേത്രങ്ങള്‍ പണിയുന്നു. നൂറുകണക്കിനു ദൈവങ്ങള്‍ക്കു മുമ്പില്‍ റോമക്കാര്‍ മുട്ടു കുത്തുന്നു. വേറെ ചിലരാകട്ടെ വിഗ്രഹങ്ങളെ വെറുത്തിട്ട് , സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിലുള്ള വിഗ്രഹങ്ങളോടു പറയുന്നു. ഗതകാല ഐതിഹ്യങ്ങളും കെട്ടുകഥകളും പരമസത്യങ്ങളായി അംഗീകരിക്കുന്ന ജനക്കൂട്ടങ്ങളെ നമുക്ക് എവിടെയും കാണാം. അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം പുരോഹിതന്മാരുടെ കുപ്പായങ്ങള്‍ക്കും താഴികക്കുടങ്ങള്‍ക്കും പള്ളിയിലെ ഇടനാഴികള്‍ക്കും വേണ്ടി മനുഷ്യര്‍ മടി കൂടാതെ ചെലവഴിക്കുന്നു. പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച് രഹസ്യ സങ്കേതങ്ങളിലും കുടിലുകളിലും കൂടുകയും `ദിവ്യ`ഭക്ഷണസാധനങ്ങള്‍ മുറിച്ച് ദൈവത്തിന് അര്‍പ്പിക്കുകയും ബാക്കി തിന്നുകയും ചെയ്യുന്നവരാണ് വേറെ ചില കൂട്ടര്‍. ക്രൂരമായ മതകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ലോകത്തെ വെറുപ്പും വിദ്വേഷവും കൊണ്ട് നിറയ്ക്കുകയും യുദ്ധവും മരണവും സംഭാവന ചെയ്യുകയും ചെയ്യുന്നവരും അക്കൂട്ടത്തിലുണ്ട്. പ്ലേഗിന്റെയും പെട്ടെന്നുള്ള മരണത്തിന്റെയും കറുത്ത നാളുകളുടെ പൊടികള്‍ അവരുടെ മുഖത്തു ഞാന്‍ കാണുന്നു. ഭക്ഷണ ദൌര്‍ലഭ്യം കൊണ്ട് ഒട്ടിയ കവിളുകളും വിളറിയ ചുണ്ടുകളുമാണ് അവര്‍ക്കുള്ളത്. അവരുടെ പ്രാര്‍ത്ഥനകളും നെടുവീര്‍പ്പുകളും കരച്ചിലുകളും നമുക്കു കേള്‍ക്കാം. മരിച്ചവരുടെ ബോധമറ്റ ശരീരങ്ങളില്‍ ഉമ്മ വെയ്ക്കുകയും ചുടുകണ്ണീര്‍ വീഴ്ത്തുകയും ചെയ്യുന്നവരെ നാം കാണുന്നു. രാഷ്ട്രങ്ങള്‍ തകരുകയും തളരുകയും ചെയ്യുന്നു. അവ ആക്രമിക്കപ്പെടുകയും അടിമത്തത്തില്‍ ആഴ്ത്തപ്പെടുകയും ചെയ്യുന്നു. പരാജയപ്പെട്ടവരുടെ ക്ഷേത്രങ്ങളും ബലിപീഠങ്ങളും പൊടിപിടിച്ച് ക്രമേണ പൊടിയില്‍ ലയിക്കുന്നു. അവരുടെ ദൈവങ്ങള്‍ വൃദ്ധരും ക്ഷീണിതരുമാവുകയും അവസാനം സിംഹാസനങ്ങളില്‍നിന്നു താഴെ വീണ് നശിക്കുകയും ചെയ്യുന്നു. ആരാധകര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല. അനീതികള്‍ വിജയം നേടുന്നു. അദ്ധ്വാനിക്കുന്നവര്‍ ചാട്ടയടിക്കു വിധേയരാകുന്നു. കുട്ടികള്‍ വില്‍ക്കപ്പെടുകയും നിരപരാധികള്‍ കഴുവേറ്റപ്പെടുകയും ധീരന്മാര്‍ അഗ്നിയില്‍ എരിയുകയും ചെയ്യുന്നു. ഭൂകമ്പങ്ങള്‍ , അഗ്നിപര്‍വ്വതസ്ഫോടനങ്ങള്‍ ,ചുഴലിക്കാറ്റുകള്‍ ,ജലപ്രളയങ്ങള്‍ , ഇടിമിന്നലുകള്‍ തുടങ്ങിയവയെല്ലാം മനുഷ്യരെ കൊല്ലുന്നു.
രാഷ്ട്രങ്ങള്‍ നശിക്കുന്നു. ദൈവങ്ങള്‍ മരിക്കുന്നു. അദ്ധ്വാനഫലവും ധനവും നശിക്കുന്നു. ക്ഷേത്രങ്ങള്‍ പണിതത് വൃഥാവിലായി. ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനകള്‍ വായുവില്‍ ലയിച്ചു.
അപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു. വേലിയേറ്റങ്ങളെയും വേലിയിറക്കങ്ങളെയും നിയന്ത്രിക്കാന്‍ കഴിവുള്ളവനും നീതിമാനും സിംഹാസനത്തിലിരിക്കുന്നവനുമായ ഒരു പ്രകൃത്യാതീത ശക്തിയുണ്ടോ?
ഞാന്‍ അതു നിഷേധിക്കാറില്ല. എനിക്കതു വിശ്വസിക്കാന്‍ കഴിയില്ല. പ്രകൃതിയാണു പരമശക്തിയെന്നു ഞാന്‍ കരുതുന്നു. അനന്തമായ ശൃംഖലയിലെ ഒരു കണ്ണിയെങ്കിലും പൊട്ടിയതായോ നഷ്ടപ്പെട്ടതായോ എനിക്കു തോന്നുന്നില്ല. പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു പ്രകൃത്യാതീത ശക്തിയുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ആരാധിക്കുന്ന ഒരു വസ്തുവിനും മാറ്റമോ സമ്മര്‍ദ്ദമോ ചെലുത്താനും സാധ്യമല്ല. മനുഷ്യന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഒരു ശക്തിയും ഇല്ല.
പ്രകൃതിയുടെ അനന്തമായ കരങ്ങള്‍ കൊണ്ട് എല്ലാവരേയും ആശ്ലേഷിക്കുന്നു. ഒന്നിലും അത് ഇടപെടുന്നില്ല. ഓരോ സംഭവത്തിനും ആവശ്യമായ എണ്ണമറ്റ കാരണങ്ങളുണ്ട്. ഓരോ സംഭവത്തിനും എണ്ണമറ്റ ഫലങ്ങളും ഉണ്ടാകുന്നു.
മനുഷ്യന്‍ അവനെത്തന്നെ സംരക്ഷിക്കണം. ആകാശത്തിലുള്ള ഒരു കല്‍പ്പിത പിതാവിനെയോ , പ്രകൃത്യാതീത ശക്തിയേയോ അവന്‍ ആശ്രയിക്കേണ്ട കാര്യമില്ല. പ്രകൃതിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടുപിടിക്കുകയും മസ്തിഷ്കം വികസിപ്പിക്കുകയും അതുവഴി പ്രകൃതി ശക്തികളെ കീഴടക്കി അവന്റെ ജീവിതം സുഖപ്രദമാക്കുകയും ചെയ്യണം.
ഒരു ദൈവം ഉണ്ടോ?
എനിക്കറിയില്ല.
മനുഷ്യനു നിത്യ ജീവിതമുണ്ടോ?
എനിക്കറിയില്ല.
ഒരു കാര്യം എനിക്കു നന്നായി അറിയാം. പ്രത്യാശയോ ഭയമോ വിശ്വാസമോ അവിശ്വാസമോ യാഥാര്‍ത്ഥ്യങ്ങളെ മാറ്റാന്‍ പര്യാപ്തമല്ല. അവ എന്നും ഒരുപോലെയായിരുന്നു. എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. നമ്മള്‍ കാത്തിരിക്കുകയും ആശിക്കുകയും ചെയ്യുക.
Subscribe to:
Post Comments (Atom)
6 comments:
നല്ല ലേഖനം. നന്ദി.
The greatest damage done by superstitions is, it deflects attention from the primary cause and leads to a defeatist attitude of helpless acceptance എന്നു പറഞ്ഞതു് ഇംഗര്‍സോള്‍ ആണോ?
മാഷേ ലേഖനം നല്ല നിലവാരം പുലര്‍ത്തുന്നു.
ബ്ലോഗ് എങ്ങിനേയാണ ഡിസൈന്‍ ചെയ്യുന്നത്
യുക്തിവാദം എന്നെഴുതിയെടത്ത് കളര്‍ കൊടുത്തത്,ഫോട്ടോയും മറ്റും വരുന്നത് എല്ലാം ഒന്നു പറഞ്ഞു തന്ന് സഹയിക്കുമെന്ന് പ്രതീക്ഷി ക്കുന്നു
യുക്തിയും ബുദ്ധിയും നഷ്ടമായ താങ്കളെ കുറിച്ച് സഹതാപമുണ്ട്..
അബ് ദുല്‍ ജബ്ബാര്‍ എന്ന പേരു തന്നെ യോജിക്കുന്നില്ല
അബൂ ജഹല്‍ എന്നോ മറ്റോ ആക്കൂ
പിന്നെ ഇനിയും ആ മണ്ടയ്ക്കകത്ത് വല്ല വെളിച്ചവുമുണ്ടെങ്കില്‍
യുക്തി വാദത്തിന്റെ നിരര്‍ത്ഥകതയെപറ്റി അറിയാന്‍
www.harunyahya.com സന്ദര്‍ശിക്കുക..
നല്ല ബുദ്ധി വരട്ടെ..
വളരെ നല്ല ലേഖനം.ഇംഗര്‍ സോളിന്റെ കാഴ്ച്ചപ്പാടുകള്‍ അറിയാന്‍ സഹായിച്ചതിന് നന്ദി.
എ.കെ. പറഞ്ഞത് പോലെ ഹരുന്‍ യാഹ്യയുടെ സൈറ്റ് നോക്കി. ശാസ്ത്രലോകം എന്നേ തെളിയിച്ച പഴകിയ വാദങ്ങളാണ് അദ്നാന്‍ ഒക്ടരിന്റെത്. ആര് ദിവസത്തെ 450 കോടി കൊല്ലങ്ങള്‍ ആക്കുന്ന ചെപ്പടിവിദ്യ രസകരം തന്നെ. ഖുര്‍ ആനില്‍ ഇങ്ങനെയൊക്കെ ഉണ്ടോ? പിന്നെ ആര്‍ക്കും എങ്ങനെയുമൊക്കെ വ്യാഖ്യാനിക്കാം. ഹൃഗ്വേടതിലും യജുര്വേടതിലും ഇന്നത്തെ ജനിതകശാസ്ത്രമുന്ടെന്നു ഒരാള്‍ പ്രഭാഷണം ചെയ്തുനടക്കുന്നുണ്ട്. ഡോക്ടര്‍ എം.ആര്‍.രാജേഷ്. വായില്‍ വന്നത് കോതക്ക് പാട്ട്. അത്രയേയുള്ളൂ. ഫിസിക്സും ബയോലജിയും പഠിക്കാതവനാണ് ഭാവനയില്‍ ഓരോന്ന് സൃഷ്ടിക്കുന്നത്. ആധുനിക ഡാര്‍വിനിസ്ടുകള്‍ക്ക് പരിണാമവാദം തെളിയിക്കാന്‍ ഫോസ്സില്‍ തേടേണ്ട ആവശ്യമില്ല. ജനിതകശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകള്‍ തന്നെ ധാരാളം മതി. ഇതൊന്നും ഹരുന്‍ യാഹ്യക്ക് അറിയില്ലെന്ന് തോന്നുന്നു.
nalla leghanam mashe.
viswasikal viswasichu marichukollatte........
kazhuthakal....
Post a Comment