Wednesday, March 18, 2020
മൗദൂദിസം
മൗദൂദിയൻ ഭീകരവാദത്തിൻ്റെ ആരംഭം.
--------------------------------
1925ൽ ഉത്തരേന്ത്യയിൽ ശ്രദ്ധാനന്ദൻ എന്ന ഒരു സ്വാമിയുടെ നേതൃത്വത്തിൽ ഹിന്ദുക്കളുടെ ശുദ്ധിപ്രസ്ഥാനം (ഘർ വാപസി ലക്ഷ്യമാക്കി) ആരംഭിച്ചു. ഹിന്ദുമതം വിട്ട് ഇസ്ലാമിൽ പോയവരെ തിരിച്ചു മതം മാറ്റാനുള്ള പ്രസ്ഥാനമായിരുന്നു അത്. ഇതിനെ ചെറുക്കാൻ മുസ്ലിങ്ങളും സംഘടിച്ചു. ഇരു വിഭാഗവും ഏറ്റുമുട്ടി. സ്വാമി കൊല്ലപ്പെട്ടു. വർഗീയ കലാപങ്ങൾ പടർന്നു പിടിച്ചു. മുസ്ലിങ്ങളുടെ ഈ ജിഹാദീ സംഘങ്ങൾ സമൂഹത്തിൽ വലിയ തെറ്റിദ്ധാരണകൾ ഉളവാക്കി. ഗാന്ധിജിക്കു പോലും തെറ്റിദ്ധാരണയുണ്ടായി. ഈ സന്ദർഭത്തിൽ ഡൽഹി ജുമാമസ്ജിദിലെ ഇമാം ആയിരുന്ന മൗലാന മുഹമ്മദലി ജൗഹർ ജിഹാദിനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ ആരെങ്കിലും മുന്നോട്ടു വരണം എന്ന് പള്ളിയിൽ ആഹ്വാനം ചെയ്തു. ആ സദസ്സിൽ ഉണ്ടായിരുന്ന 22 വയസ്സു മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ആ ദൗത്യം ഏറ്റെടുക്കുകയും ഇസ്ലാമിലെ ജിഹാദ് എന്താണെന്നു പഠിച്ച് ഒരു ഗ്രന്ഥം രചിക്കാൻ തയ്യാറാവുകയും ചെയ്തു. കുർ ആനും ഹദീസും ചരിത്രവുമെല്ലാം സൂക്ഷ്മമായി പഠിച്ച ആ ചെറുപ്പക്കാരൻ ഒരു പുസ്തകമെഴുതി. പുസ്തകം പുറത്തു വന്നതോടെ ജിഹാദിനെ പറ്റി "തെറ്റിദ്ധരിച്ചവർ"ക്കെല്ലാം തങ്ങളുടെ ധാരണ തെറ്റായിരുന്നില്ല എന്നും യഥാർത്ഥ ഇസ്ലാമിൽ ജിഹാദിൻ്റെ പ്രാധാന്യം എന്താണെന്നും ബോധ്യപ്പെടുകയാണൂണ്ടായത്. ആ പുസ്തകത്തിൻ്റെ പേരാണു 'അൽ ജിഹാദു ഫിൽ ഇസ്ലാം'. 'തർജുമാനുൽ കുർ ആൻ' എന്ന ഒരു ഉർദു പത്രത്തിൻ്റെ പത്രാധിപരായിരുന്നു അന്ന് ആ ചെറുപ്പക്കാരൻ. തൻ്റെ പത്രത്തിൽ സീരിയലായാണു ആദ്യം "ജിഹാദ്" പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട് ഗ്രന്ഥമായും പുറത്തു വന്നു. ആ ചെറുപ്പക്കാരൻ്റെ പേരാണു അബുൽ അ അലാ മൗദൂദി. അദ്ദേഹം ആദ്യം രചിച്ച പ്രസ്തുത ജിഹാദീ ഗ്രന്ഥമാണു ജമാ അത്തെ ഇസ്ലാമിയുടെ ആദ്യ സാഹിത്യം .!
മൗദൂദിസം എന്ന ഭീകര പ്രത്യയശാസ്ത്രത്തിൻ്റെ ചരിത്രം അവിടെയാണു ആരംഭം കുറിക്കുന്നത്.
മൗദൂദി തന്നെ ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് പിന്നീട് എഴുതി:- "ഇസ്ലാമിൻ്റെ കർമ്മ -ചിന്താ വ്യവസ്ഥയും അതിൻ്റെ സന്ദേശവും മനസ്സിലാക്കാൻ എനിക്കവസരമുണ്ടായത് 'അൽ ജിഹാദു ഫിൽ ഇസ്ലാം' എന്ന കൃതിയുടെ രചന നടക്കുമ്പോഴാണു. പിൽക്കാലത്ത് ഈ പ്രസ്ഥാനത്തിൻ്റെ ദിശ നിർണയിച്ചതും ഈ പഠനം തന്നെ " (ജമാ അത്തെ ഇസ്ലാമി; ലക്ഷ്യം,ചരിത്രം,പ്രവർത്തനം- ലാഹോർ പേ.27)
ഇനി മൗദൂദി ജിഹാദിനെ കുറിച്ച് അമുസ്ലിങ്ങൾക്കും മുസ്ലിങ്ങൾക്കുമുള്ള തെറ്റിദ്ധാരണ തിരുത്താനായി നടത്തിയ മതപഠനം അദ്ദേഹത്തെ എത്തിച്ച ആശയങ്ങൾ എന്തൊക്കെയാണെന്നറിയാൻ അദ്ദേഹത്തിൻ്റെ വിവിധ കൃതികളിലൂടെ ഒന്നെത്തിനോക്കാം :- .
"ഇസ്ലാം ഒരു മതമോ മുസ്ലിങ്ങൾ ഒരു സമുദായമോ അല്ല. മറിച്ച് ലോകസാമൂഹികഘടന മാറ്റിമറിച്ച് സ്വന്തം സിദ്ധാന്തത്തിനും ആശയത്തിനും അനുരൂപമായി അതിനെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്ന ഒരു വിപ്ലവ ആശയമാണു ഇസ്ലാം. അതിൻ്റെ വിപ്ലവപദ്ധതികളും ലക്ഷ്യങ്ങളും നടപ്പിൽ വരുത്തുന്നതിനായി അണിനിരത്തുന്ന രാഷ്ട്രീയ വിപ്ലവസംഘമാണു മുസ്ലിങ്ങൾ. ആ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി ഇസ്ലാമികപാർട്ടി നടത്തുന്ന നിരന്തരയത്നത്തിനും വിപ്ലവപോരാട്ടത്തിനും പറയുന്ന പേരാണു ജിഹാദ് " (തഫ്ഹീമാത് ഭാഗം1, പേ 77)
"ഈ പാർട്ടി രൂപം കൊള്ളുന്നതോടെ അതു നിലവിൽ വന്ന ലക്ഷ്യസാക്ഷാൽക്കാരത്തിനു വേണ്ടിയുള്ള ജിഹാദ് ആരംഭിക്കുകയായി. അനിസ്ലാമിക ഭരണകൂടങ്ങളെ തുടച്ചുമാറ്റുകയാണു അതു നിലവിൽ വന്നതിൻ്റെ താല്പര്യം തന്നെ. പകരം പരിശുദ്ധകുർ ആൻ "അള്ളാഹുവിൻ്റെ വചനം" എന്നു വിശേഷിപ്പിച്ച മധ്യമവും സന്തുലിതവുമായ ഭരണകൂടം സുസ്ഥാപിക്കുന്നതിനായി ശ്രമിക്കുകയും ചെയ്യുക . അതിനാൽ ഭരണമാറ്റത്തിനും ഇസ്ലാമികഭരണവ്യവസ്ഥയുടെ സംസ്ഥാപനത്തിനും ശ്രമിക്കുന്നില്ലഎങ്കിൽ ഈ പാർട്ടിയുടെ അസ്തിത്വ ലക്ഷ്യം തന്നെ വ്യർത്ഥമായി . കാരണം ഇതു മറ്റൊരു ലക്ഷ്യത്തിനും വേണ്ടി രൂപീകരിക്കപ്പെട്ടതല്ല. ഈ മാർഗ്ഗത്തിലുള്ള ജിഹാദല്ലാതെ ഇതിനു മറ്റൊന്നും ചെയ്യാനുമില്ല." (പേ.86-87)
"മതപ്രബോധനം നടത്തുന്ന ഉപദേശികളുടെയും സുവിശേഷകരുടെയും പാർട്ടിയല്ല ഇത്; അള്ളാഹുവിൻ്റെ പട്ടാളക്കാരുടെ പാർട്ടിയാണു. അതിനാൽ ഈ പാർട്ടിക്കുവേണ്ടി ഭരണാധികാരം പിടിച്ചു പറ്റാതെ യാതൊരു നിർവാഹവുമില്ല. കാരണം ദുഷിച്ച നാഗരിക വ്യവസ്ഥ നിലനിൽക്കുന്നത് ദിഷിച്ച ഭരണകൂടത്തിൻ്റെ തണലിലാണു. ദുഷ്ടഹസ്തങ്ങളിൽനിന്ന് ഭരണാധികാരം പിടിച്ചു വാങ്ങി ശിഷ്ടഹസ്തങ്ങളിൽ ഏല്പിക്കും വരെ നല്ലൊരു നാഗരിക വ്യവസ്ഥ ഉണ്ടാവുകയില്ല. " (പേ.87)
"ഞങ്ങളുടെ മുമ്പിൽ ഒരേയൊരു ലക്ഷ്യമേയുള്ളു. അല്ലാഹുവിൻ്റെ ദാസന്മാർ അവനല്ലാത്തവരാൽ ഭരിക്കപ്പെടരുത്. മനുഷ്യാധിപത്യം അവസാനിച്ച് ഭരണവ്യവസ്ഥ അള്ളാഹു നൽകിയ നീതിനിഷ്ഠമായ നിയമങ്ങളിൽ സ്ഥാപിതമാകണം. ഇംഗ്ലീഷുകാരൻ്റെയോ കാനേഷുമാരി മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു,സിഖ് തുടങ്ങി മാറ്റാരുടെയെങ്കിലുമോ ഭരണത്തെക്കാളും ഞങ്ങൾ മുന്നോട്ടു വെക്കുന്നത് ഈ ലക്ഷ്യമാണു. ഇതംഗീകരിക്കുന്നവർ ഞങ്ങളുടെ മിത്രമായിരിക്കും. അംഗീകരിക്കാത്തവനെതിരെയാണു ഞങ്ങളുടെ പോരാട്ടം. അതിൽ അവ്ൻ്റെയോ ഞങ്ങളുടെയോ ശക്തി ഞങ്ങൾക്കു പ്രശ്നമല്ല" (സിയാസീ കശ്മകശ്, ഭാഗം3,പേ.113)
"വാസ്തവത്തിൽ മുസല്മാൻ്റെ അസ്തിത്വം തന്നെ അനിസ്ലാമികഭരണകൂടങ്ങൾക്ക് വെല്ലുവിളിയായേ തീരൂ. എവിടെയെല്ലാം അനിസ്ലാമിക ഭരണവ്യവസ്ഥ നിലനിൽക്കുന്നുവോ അവിടെയൊക്കെ ഇസ്ലാമികവ്യവസ്ഥ നടപ്പിലാക്കാൻ അത്യധ്വാനം ചെയ്യുക എന്നതാനൂ ഈമാൻ സത്യസന്ധമാണെന്നതിൻ്റെ തെളിവ്. ഇത്തരം പരിശ്രമങ്ങൾക്കു മുന്നിൽ ആരൊക്കെ സഹിഷ്ണുത കാണിക്കും ആരൊക്കെ സഹിഷ്ണുത കാണിക്കില്ല എന്നതൊന്നും പ്രശ്നമാക്കേണ്ടതില്ല . അമുസ്ലിങ്ങളുടെ സഹകരണം ലഭിക്കുമോ ഇല്ലേ എന്നൊന്നും നോക്കേണ്ടതില്ല. "(തഫ്ഹീമാത്,ഭാഗം2,പേ.114)
"അള്ളാഹുവിൻ്റെ ഭൂമിയിൽ അല്ലാഹുവിൻ്റെ ഭരണം തന്നെയെന്നാൽ അല്ലാഹുവിൻ്റെ ഭൂമിയിൽ അവൻ്റേതല്ലാത്ത ഭരണം നടത്താൻ ആർക്കും അവകാശമില്ല. അതാണു ഏറ്റവും വലിയ ഫിത്ന. അനിസ്ലാമികനിയമവാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചു നീക്കുന്നതുവരെ മുസല്മാൻ്റെ വാളുകൾ ഉറയിൽ പോവുകയില്ല" (തഫ്ഹീമാത് ഭാ.2 പേ. 109) [ 1940 ൽ എഴുതിയതാണെങ്കിലും ഇന്നും ഉർദു പുസ്തകശാലകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു.]
ആ പുസ്തകങ്ങളിൽ മാത്രമല്ല മൗദൂദിയുടെ കുർ ആൻ വ്യാഖ്യാനമായ തഫ്ഹീമുൽ കുർ ആൻ എന്ന ബൃഹത് ഗ്രന്ഥത്തിലും ഇതേ ആശയങ്ങൾ തന്നെയാണുള്ളത്.
ഫിത്‌നഃ ശേഷിക്കാതിരിക്കുകയും 'ദീന്‍' അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം…(2-193). എന്ന കുർ ആൻ വാക്യത്തിനു മൗദൂദി നൽകുന്ന വിശദീകരണം നോക്കുക:-
“ഇവിടെ ഫിത്‌ന എന്ന വാക്ക് ആദ്യത്തെ അര്‍ഥത്തില്‍നിന്ന് സ്വല്‍പം വ്യത്യസ്തമായാണ് ഉപയോഗിച്ചിട്ടുള്ളത്. ദീന്‍ (അനുസരണം) അല്ലാഹുവിന് പകരം മറ്റാര്‍ക്കെങ്കിലും ആവുക എന്ന അവസ്ഥയാണ് ഇവിടെ 'ഫിത്‌ന' കൊണ്ടുള്ള വിവക്ഷ. യുദ്ധംകൊണ്ടുള്ള ആവശ്യം ഫിത്‌ന അവസാനിച്ച് ദീന്‍ അല്ലാഹുവിന് മാത്രമായിത്തീരുകയെന്നതാണെന്നും സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാവുന്നുണ്ട്. 'ദീന്‍' എന്ന വാക്ക് പരിശോധിക്കുമ്പോള്‍, അറബിഭാഷയില്‍ അതിന്റെ അര്‍ഥം അനുസരണമെന്നാണെന്നും സാങ്കേതികഭാഷയില്‍ അതുകൊണ്ടുള്ള വിവക്ഷ, ഒരാളെ സര്‍വോന്നതനായി അംഗീകരിച്ച് അവന്റെ വിധികളും നിയമങ്ങളും അനുഷ്ഠിക്കുന്ന നിലയില്‍ സ്വീകരിക്കുന്ന ജീവിതവ്യവസ്ഥയാണെന്നും വ്യക്തമാവുന്നതാണ്. അതിനാല്‍, സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്കയെന്ന അവസ്ഥയാണ് 'ഫിത്‌ന' എന്നും അത്തരം 'ഫിത്‌ന'യുടെ സ്ഥാനത്ത് മനുഷ്യന്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്‌ലാമിക യുദ്ധത്തിന്റെ ലക്ഷ്യമെന്നും ദീനിന്റെ ഈ വിശദീകരണത്തില്‍നിന്ന് വ്യക്തമാവുന്നുണ്ട്.”
"..അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു..."(42:21)-ന്റെ വിശദീകരണം നോക്കുക- "ഇവിടെ 'പങ്കാളി' എന്നതുകൊണ്ട് വിവക്ഷിച്ചത്, ആളുകള്‍ പ്രാര്‍ഥിക്കുകയോ നേര്‍ച്ചാ വഴിപാടുകളര്‍പ്പിക്കുകയോ പൂജാദി കര്‍മങ്ങളനുഷ്ഠിക്കുകയോ ചെയ്യുന്ന മൂര്‍ത്തികളെയല്ല; പ്രത്യുത, ജനങ്ങള്‍ അധികാര ഭരണങ്ങളിലെ പങ്കാളികളായി അംഗീകരിച്ചവരെയാണ്. ആരുടെ തത്ത്വശാസ്ത്രങ്ങളിലും സിദ്ധാന്തങ്ങളിലും ദര്‍ശനങ്ങളിലുമാണോ ആളുകള്‍ വിശ്വാസം കൊള്ളുന്നത്, ആരു നല്‍കിയ മൂല്യങ്ങളാണോ സ്വീകരിക്കുന്നത്, ആരവതരിപ്പിച്ച ധാര്‍മിക തത്ത്വങ്ങളും സാംസ്‌കാരിക- നാഗരിക മാനദണ്ഡങ്ങളുമാണോ അംഗീകരിക്കുന്നത്, ആരു നിശ്ചയിച്ച നിയമവ്യവസ്ഥകളും ചട്ടങ്ങളുമാണോ മതപരമായ അനുഷ്ഠാനങ്ങളിലും ആരാധനകളിലും സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ഇടപാടുകളിലും കൊള്ളക്കൊടുക്കകളിലും നീതിന്യായങ്ങളിലും രാഷ്ട്രീയത്തിലും ഭരണത്തിലും തങ്ങള്‍ പിന്തുടരേണ്ട ശരീഅത്ത്-നിയമസംഹിത- അതുതന്നെയാണ് എന്ന നിലയില്‍ അനുസരിക്കുന്നത്, അവരെയാണ് ഇവിടെ 'പങ്കാളികള്‍' എന്നുപറഞ്ഞിട്ടുള്ളത്. അത്തരം പ്രമാണങ്ങളും തത്ത്വങ്ങളും മാനദണ്ഡങ്ങളും എല്ലാം അല്ലാഹുവിന്റെ അനുമതിയില്ലാതെ അവയുടെ ഉപജ്ഞാതാക്കള്‍ ആവിഷ്‌കരിച്ചതും അനുകര്‍ത്താക്കള്‍ അംഗീകരിച്ചതും സര്‍വലോകനാഥന്റെ ദീനിനു വിരുദ്ധമായതുമായ ദീനാകുന്നു. ദൈവേതരന്മാരെ പ്രണമിക്കുകയും ദൈവേതരന്മാരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് എപ്രകാരമുള്ള ശിര്‍ക്കാണോ അപ്രകാരമുള്ള ശിര്‍ക്കുതന്നെയാണതും.
"വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ." (9-29)
ഇനി തഫ്ഹീമുൽ ഖുർആനിൽ ഇതിന്റെ വിശദീകരണം മൗദൂദി എഴുതിയതും നോക്കാം-
"അതായത്, അവരെ സത്യവിശ്വാസികളും സത്യമതാവലംബികളുമാക്കുകയല്ല യുദ്ധത്തിന്റെ പരമലക്ഷ്യം; അവരുടെ പരമാധികാരവും മേല്‍ക്കോയ്മയും അവസാനിപ്പിക്കുകയാണ്. അവര്‍ ഭൂമിയിലെ അധിപതികളും ഭരണകര്‍ത്താക്കളുമാകരുത്. ജീവിതവ്യവസ്ഥിതിയുടെ നടത്തിപ്പും ഭരണാധിപത്യത്തിന്റെ കടിഞ്ഞാണും സത്യവിശ്വാസികളുടെ കരങ്ങളിലായിരിക്കണം. ആ വ്യവസ്ഥിതിക്കു കീഴില്‍ അവിശ്വാസികള്‍ കൂറും വിധേയത്വവുമുള്ളവരായി വര്‍ത്തിക്കണം. ഇസ്ലാമിക രാഷ്ട്രത്തില്‍ ദിമ്മികള്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതിഫലമാണ് ജിസ്യ. രാഷ്ട്രത്തോടുള്ള കൂറിന്റെ ഒരു സൂചനയുമാണത്.`സ്വകരങ്ങളാല്‍ ജിസ്യ നല്‍കുക`യെന്നാല്‍ സ്വയമേവ അനുസരണ ഭാവത്തോടെ നല്‍കുകയെന്നര്‍ഥം. `വിനീതരായിത്തീരുക` എന്നതിനു മേധാവിത്വം നടിക്കാതെ, ദൈവിക പ്രാതിനിധ്യവ്യവസ്ഥയുടെ നടത്തിപ്പുകാരയ
സത്യവിശ്വാസികള്‍ക്ക് വിധേയരായിരിക്കുക എന്നര്‍ഥം. ആദ്യത്തില്‍ ഈ നിയമം ജൂതന്‍മര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ബാധകമായിരുന്നു. പിന്നീട് നബി(സ) മജൂസികളില്‍നിന്നും ദിമ്മികളെന്ന നിലയില്‍ ജിസ്യ സ്വീകരിക്കുകയുണ്ടായി. അനന്തരം അറേബ്യക്ക് M3 പുറത്തുള്ള എല്ലാ അമുസ്ലിം ജനവിഭാഗങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്ന് സഹാബത്ത് ഐകകണ്ഠ്യേന നിശ്ചയിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ അധഃപതന കാലഘട്ടത്തില്‍ മുസ്ലിംകള്‍ വളരെ ക്ഷമാപണ സ്വരത്തില്‍മാത്രം പരാമര്‍ശിച്ചിരുന്ന ഒരു പ്രശ്നമാണ് ജിസ്യ. ആ കാലഘട്ടത്തിന്റെ സ്മാരകമായി ഇന്നും ചില ആളുകളുണ്ട്. മാപ്പിന്റെയും ക്ഷമാപണത്തിന്റെയും ശൈലി ഇപ്പോഴുമവര്‍ തുടരുന്നു. എന്നാല്‍ ദൈവത്തിന്റെ ദീനിന് ദൈവധിക്കാരികളോട് ക്ഷമാപണം ബോധിപ്പിക്കേണ്ടുന്ന യാതൊരാവശ്യവുമില്ല. അതില്‍നിന്നെത്രയോ ഉന്നതവും ഉല്‍കൃഷ്ടവുമാണത.ഈ പ്രശ്നത്തിലടങ്ങിയ വ്യക്തവും ലളിതവുമായ വസ്തുതയിതാണ്: ദൈവികദീനിനെ തിരസ്കരിക്കുകയും തങ്ങളോ തങ്ങളെപ്പോലുള്ളവരോ കെട്ടിച്ചമച്ച അബദ്ധ ജീവിതരീതികളവലംബിക്കുകയും ചെയ്യുന്നവര്‍ പരമാവധി അര്‍ഹിക്കുന്നത് സ്വയം അബദ്ധം ചെയ്യാനുള്ള സ്വാതന്ത്യ്രം മാത്രമാണ്. അതിലുപരി, ഭൂമിയുടെ ഭരണച്ചെങ്കോല്‍ കൈയിലേന്തി തങ്ങളുടെ അപഥ സഞ്ചാരങ്ങള്‍ക്കും അബദ്ധ ചെയ്തികള്‍ക്കും അനുരൂപമായി മാനവ ജീവിതവ്യവസ്ഥ സ്ഥാപിച്ചു നടത്തുവാന്‍ ഒരവകാശവും അവര്‍ക്കില്ല. അത് ലോകത്തെവിടെ സംഭവിച്ചാലും കുഴപ്പം അനിവാര്യമാണ്. അതിനാലവരെ ഭൂമിയിലെ ആധിപത്യത്തില്‍നിന്ന് പുറംതള്ളാനും ദൈവിക ജീവിതവ്യവസ്ഥിതിക്ക് വിധേയരാക്കാനും സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടതാകുന്നു. അതവരുടെ നിര്‍ബന്ധ കര്‍ത്തവ്യമാണ്."
"എന്തിനുള്ള വിലയാണീ ജിസ്യ എന്ന ചോദ്യമാണിനി അവശേഷിക്കുന്നത്. തങ്ങളുടെ ദുഷിച്ച ജീവിതരീതികളില്‍ നിലകൊള്ളാന്‍ ദൈവികാധിപത്യത്തിന് കീഴില്‍ നല്‍കപ്പെടുന്ന `സ്വാതന്ത്യ്രത്തിന്റെ വില` എന്നാണ് മറുപടി.
ഈ സ്വാതന്ത്യ്രം അനുവദിച്ചുകൊടുക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഉത്തമ വ്യവസ്ഥിതിയുടെ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനുമാണത് വിനിയോഗിക്കപ്പെടുക. ദൈവമാര്‍ഗത്തില്‍ സകാത്ത് നല്‍കാന്‍ അവസരം നഷ്ടപ്പെടുകയും ദുര്‍മാര്‍ഗത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്യ്രത്തിന് വില നല്‍കുകയും ചെയ്യേണ്ടിവരുന്നത് എത്ര വലിയ നിര്‍ഭാഗ്യമാണെന്ന് ആണ്ടുതോറും ജിസ്യ നല്‍കുമ്പോള്‍ ചിന്തിക്കാനവസരം ലഭിക്കുന്നുവെന്നത് ജിസ്യയുടെ മറ്റൊരു ഫലമാണ്."
സത്യത്തിൽ മൗദൂദിയുടെ ഇസ്ലാം വായന സത്യസന്ധവും ലളിതവുമാണെന്നാണു മനസ്സിലാകുന്നത്. അദ്ദേഹം ഇസ്ലാമിനെ “വ്യാഖ്യാനിക്കുന്നേ”യില്ല എന്നതാണു സത്യം. മറ്റെല്ലാ മത പണ്ഡിതന്മാരും ഇസ്ലാമിനെയും കുർ ആനിനെയും വർത്തമാനകാല മൂല്യങ്ങളുമായി ഒട്ടിച്ചു ചേർക്കാനാവും വിധം നേർപ്പിക്കുകയും വെള്ളം ചേർത്തു വ്യാഖ്യാനിക്കുകയുമൊക്കെ ചെയ്തപ്പോൾ മൗദൂദി വളരെ സത്യസന്ധമായി താൻ എന്താണോ പ്രമാണങ്ങളിൽ നേർക്കുനേർ വായിച്ചത് അതപ്പടി തുറന്നടിച്ചു പറയുക മാത്രമാണു ചെയ്തത്. മൗദൂദിയുടെ ഒരു ജീവിതപശ്ചാതലം കൂടി പരിഗണിക്കുമ്പോൾ ഇതു കൂടുതൽ വ്യക്തമാകും. ജനാധിപത്യം മതേതരത്വം സോഷ്യലിസം കമ്യൂണിസം തുടങ്ങിയ പടിഞ്ഞാറൻ മൂല്യങ്ങൾക്കു ലോകമാകെ വൻ സ്വീകാര്യത ലഭിക്കുകയും ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ വരേണ്യ സമൂഹം മുസ്ലിങ്ങളുൾപ്പെടെ ഇതിലൊക്കെ വല്ലാതെ ആകൃഷ്ടരാവുകയും ചെയ്യുന്നതു നിരീക്ഷിച്ച മൗദൂദി ഇസ്ലാമിനെ ഈ നവമൂല്യങ്ങൾക്കൊപ്പിച്ചു വെള്ളം ചേർത്തു നേർപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ അതി നിശിതമായി കുറ്റപ്പെടുത്തുന്നുണ്ട്.
1959 ൽ ജമാ അത്തുകാർ മലയാളത്തിൽ പ്രസിദ്ധീകരിച്ച മൗദൂദിയുടെ 'ഇസ്ലാമിൻ്റെ രാഷ്ട്രീയസിദ്ധാനതം' എന്ന കൃതി ആരംഭിക്കുന്നതു തന്നെ ഇപ്രകാരമാണു:- "ഇസ്ലാം ഒരു ജനാധിപത്യവ്യവസ്ഥിതിയാണു" ഇന്നു നാം ധാരാളം കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണിത്. കഴിഞ്ഞ ശതകത്തിൻ്റെ അന്തിമഘട്ടം മുതൽ ഇതടിക്കടി ആവർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ എനിക്കുറപ്പിച്ചു പറയാൻ കഴിയും , ആ പല്ലവി ഉരുവിട്ടുകൊണ്ടിരിക്കുന്നവരിൽ ആയിരത്തിലൊരാൾ പോലും ഇസ്ലാമിനെ ശാസ്ത്രീയമായി പഠിച്ചവരോ ,ഇസ്ലാമികജനാധിപത്യത്തിൻ്റെ നിലപാടും സ്വഭാവവും വസ്തുനിഷ്ടമായി മനസ്സിലാക്കാൻ ശ്രമിച്ചവരോ അല്ല എന്ന്. ചിലർ ഇസ്ലാമികസംഘടനാവ്യവസ്ഥയുടെ ചില ബാഹ്യരൂപങ്ങൾ കണ്ടിട്ട് , അതിന്മേൽ ജനാധിപത്യമെന്ന പേർ ഒട്ടിച്ചു. അധികമാളുകളുടെയും മനോഗതി മറ്റൊന്നാണു: ലോകത്ത് വിശിഷ്യാ തങ്ങളുടെ ഭരണാധികാരികളിൽ പൊതുവെ അംഗീകാരം സിദ്ധിച്ച ഏതൊന്നും ഇസ്ലാമിലുണ്ടെന്നു വല്ല വിധേനയും സമർത്ഥിക്കുക എന്നതാണു അവരുടെ പക്ഷത്തിൽ ഏറ്റവും വലിയ മതസേവനം. സ്വാധീനശക്തിയുള്ള വല്ലവരുടെയും സംരക്ഷണവും മേൽ നോട്ടവും ലഭിക്കാത്ത വിധത്തിൽ ,അപായങ്ങളിൽനിന്നും അനർത്ഥങ്ങളിൽനിന്നും സ്വയം രക്ഷപ്പെടുക ദുസ്സാധ്യമായ ഒരനാഥശിശിവിനെപ്പോലെയാണു ഇസ്ലാമെന്നായിരിക്കണം ഇവരുടെ ധാരണ. അല്ലെങ്കിൽ ,കേവലം മുസ്ലിങ്ങളെന്ന നിലക്ക് നമ്മുടെ അന്തസ്സും അഭിമാനവും നിലനിർത്തുക സാധ്യമല്ല, പിന്നെയോ ലോകത്ത് പ്രചുരപ്രചാരം നേടിയ ഏതെങ്കിലുമൊരു സിദ്ധാന്തത്തിൻ്റെ ഛായ നമ്മുടെ മതത്തിലും പ്രദർശിപ്പിക്കപ്പെട്ടാലേ മതിയാവൂ എന്നതായിരിക്കാം ഇക്കൂട്ടരുടെ അഭിമതം. ഏതായാലും ഈ മനോഗതിയുടെ ഫലമെന്തായെന്നു നോക്കണം: സോഷ്യലിസത്തിൻ്റെ ഒച്ചപ്പാട് നാട്ടിൽ പൊങ്ങിയപ്പോൾ മുസല്മാന്മാരിൽനിന്നൊരു കൂട്ടർ 'സോഷ്യലിസം ഇസ്ലാമിൻ്റെ വെറുമൊരു പുത്തൻ പതിപ്പാണു' എന്ന് ആർത്തു വിളിച്ചു തുടങ്ങി. ....ചുരുക്കത്തിൽ ഇന്നു ഇസ്ലാം.. പരസപരം പൊരുത്തപ്പെടാനാവാത്ത വ്യത്യസ്ത അംശങ്ങളുടെ ഒരു 'മിക്ചറാ'യി രൂപാന്തരപ്പെട്ടിരിക്കുന്നു; അതിൽനിന്നു ലോകകമ്പോളത്തിൽ ഡിമാൻ്റുള്ള ഓരോ അംശം അവസരോചിതം പുറത്തെടുത്ത് പ്രദർശിപ്പിക്കപ്പെടുകയാണു! "
"ഇസ്ലാമിൽ ഒരു നാഗരീക രാഷ്ട്രീയവ്യവസ്ഥ ഇല്ലെന്നു നിർലജ്ജം പുലമ്പിക്കൊണ്ട് ,തങ്ങളുടെ ദയനീയമായ അജ്ഞതക്ക് മകുടം ചാർത്തിക്കൊണ്ടിരിക്കുന്നവരുടെ വായ മൂടിക്കെട്ടുവാൻ ഉപകരിക്കുന്ന" ഒരു സിദ്ധാന്തമാണു താൻ മുന്നോട്ടു വെക്കുന്നതെന്നു ഈ കൃതിക്ക് ആമുഖം ചമയ്ക്കുന്നു മൗദൂദി.
തുടർന്ന് ദീൻ, ഇലാഹ്,റബ്ബ്, ഇബാദത്ത്, ഫിത്ന ..തുടങ്ങിയ ദീനീ സംജ്ഞകൾക്കെല്ലാം കേവലമായ മതം, ആരാധന, ആരാധ്യൻ, കുഴപ്പം തുടങ്ങിയ സാമാന്യവും സാമ്പ്രദായികവുമായ അർത്ഥങ്ങൾക്കപ്പുറം രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ട അർത്ഥങ്ങളാണുള്ളതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പ്രവാചകചര്യകളും ചരിത്രവും നിരത്തി കുർ ആൻ വെളിപാടുകളുടെ "യഥാർത്ഥ" വിവക്ഷയെന്തെന്ന് അദ്ദേഹം പഠിപ്പിക്കുന്നു.
അള്ളാഹുവിനു ഇബാദത്ത് ചെയ്യാനാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന കുർ ആൻ്റെ പ്രസ്താവനയനുസരിച്ച് എന്താണു ഇബാദത്ത് എന്നു നബിചര്യയും ഇതര കുർ ആൻ വാക്യങ്ങളും നിരത്തി വിശദീകരിക്കുന്നു. "ഇബാദത്ത്നു വെറും പൂജ എന്ന അർത്ഥമല്ല ഉള്ളത്. അടിമയും ദാസനും എന്ന നിലയിൽ മനുഷ്യൻ നയിക്കുന്ന മുഴു ജീവിതവും ഇബാദത്തിൻ്റെ വിപുലാർത്ഥത്തിൽ പെടുന്നു. ... യജമാനൻ്റെ ആജ് ഞാനുവർത്തിയായിക്കൊണ്ട് ത്യാഗം വരിക്കുക, യജമാനൻ്റെ അംഗുലീസൂചനയനുസരിച്ച് എന്തും പ്രവർത്തിക്കുക, ..യജമാനൻ്റെ നിയമനിർദേശങ്ങൾ നിഷ്കർഷം പാലിക്കുക, യജമാനനെതിരായുള്ള ഏതു ശാസനയും നിയമവും തുടച്ചുനീക്കുക, യജമാനൻ്റെ ആജ്ഞയുള്ളേടത്ത് സ്വകണ്ഠത്തെപ്പോലും പരിഛേദിക്കുക, ഇതെല്ലാം തന്നെ ഇബാദത്താകുന്നു.ഈ നിലക്കുള്ള ഇബാദത്ത് ഏതൊരു ശക്തിക്കർപ്പിക്കുന്നുവോ അവനാണു മഅബൂദ് ,അവനാണു ഇലാഹ്. "(ഇസ്ലാമിൻ്റെ രാഷ്ട്രീയ സിദ്ധാന്തം). റബ്ബ് എന്നാൽ ഭരിക്കുന്നവൻ എന്നർത്ഥമുള്ളതിനാൽ അള്ളാഹുവല്ലാതെ മറ്റൊരു ഭരണാധികാരിയെയും അനുസരിക്കാൻ പാടില്ല, അള്ളാഹുവിൻ്റെ ഭരണം മാത്രമേ അനുസരിക്കാവൂ. [അള്ളാഹു ജീവിച്ചിരിപ്പില്ലാത്തതിനാൽ ജമാ അത്ത് അമീർ അള്ളാഹുവിനു വേണ്ടി ഭരിക്കും].അതോടെ അള്ളാഹു ശരിയായ റബ്ബായി മാറും. മറ്റു ഭരണാധികാരികളെ ഏതെങ്കിലും കാര്യത്തിൽ അനുസരിച്ചാൽ അതു ശിർക്കും കുഫ്രും ഫിത്നയുമാണു. ആ ഫിത്ന അവസാനിപ്പിക്കും വരെ വാളെടുത്തു ജിഹാദ് നടത്തിയാലേ അള്ളാഹുവിനു സമാധാനമാകൂ. ഇതാണു മൗദൂദിയുടെ രാഷ്ട്രീയ സിദ്ധാന്തത്തിൻ്റെ ചുരുക്കം.
ലോകമാകെ അള്ളാഹുവിൻ്റെ ഭരണത്തിൻ കീഴിലാകും വരെ വാൾ ഉറയിൽ വെക്കാതെ പട പൊരുതുക എന്നതാണു ഒരു യഥാർത്ഥ മുസ്ലിമിൻ്റെ ഇബാദത്ത്. നബിചര്യ അതാണു നമ്മെ പഠിപ്പിക്കുന്നത്:-
“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.
അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]
ഈ പടയോട്ടം അവസാനിക്കുക ലോകം മുഴുവൻ ഇസ്ലാം കീഴടക്കുമ്പോൾ മാത്രമാണു:-
“മനുഷ്യബന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നതു വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലു ഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിംങ്ങള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നില കൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിനു ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്രങ്ങളെ യുദ്ധം ചെയ്തു നശിപ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടതുമാണ്.” (ഹഖീഖതെ ജിഹാദ്-പേജ് 64 )
“അറേബ്യയില്‍ ആദ്യമായി മുസ്ലിം പാര്‍ടി രൂപവല്‍ക്കരിച്ച് പ്രാവര്‍ത്തികമാക്കിയ സന്ദര്‍ഭത്തില്‍ പ്രവാചകനും ഖലീഫമാരും കൈക്കൊണ്ട നിയമമിതായിരുന്നു. അതിനു ശേഷം പ്രവാചകന്‍ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് എല്ലാ അയല്‍ നാടുകളിലേക്കും സന്ദേശം അയച്ചു. പക്ഷേ ഈ സന്ദേശം സ്വീകരിച്ചുവൊ ,അതോ നിരസിച്ചുവോ എന്നറിയാന്‍ അദ്ദേഹം കാത്തുനിന്നില്ല. ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ചു. പ്രവാചകനു ശേഷം അബൂബക്കറാണ് നേതാവായത്. അദ്ദേഹം പേര്‍ഷ്യയേയും റോമിനേയും ആക്രമിച്ചു. അവസാനം ഉമര്‍ വിജയിക്കുകയും ചെയ്തു.”[ഹഖീഖതെ ജിഹാദ്]
Subscribe to:
Post Comments (Atom)
No comments:
Post a Comment