
പൊൻകുന്നം വർക്കി തൻ്റെ അവശ വാർദ്ധക്യത്തിൽ മരണം കാത്തു കിടക്കുന്ന സമയം അദ്ദേഹത്തിൻ്റെ വായിൽ മതം തിരുകാനും അന്ത്യകൂദാശ നൽകാനുമായി മരണക്കിടക്കയ്ക്കരികെ എത്തിയ പാതിരിമാരെ ചീത്ത പറഞ്ഞ് ഓടിച്ചു വിട്ടതായി കേട്ടിട്ടുണ്ട്. ഇന്നസൻ്റ് ക്യാൻസർ ബാധിതനായി ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായതായി അദ്ദേഹം തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ആർ സി സിയിലും മെഡിക്കൽ കോളേജുകളിലുമൊക്കെ മരണാസന്നരായി കിടക്കുന്ന മനുഷ്യരുടെ വായിൽ മതം തിരുകാൻ എത്തുന്ന മതക്കഴുകന്മാർ പതിവു കാഴ്ചയാണു. ജീവിച്ചിരുന്ന കാലത്തു മതവും അന്ധവിശ്വാസവും ഇല്ലാതെ സമാധാനമായി കഴിഞ്ഞവരെ അവരുടെ അന്ത്യാവശതയുടെ നിസ്സഹായത മുതലാക്കി "വിശ്വാസി" പ്പട്ടികയിലാക്കാനും അതു കൊട്ടി ഘോഷിക്കാനും മതജീവികൾ കാട്ടുന്ന ഈ മര്യാദകേട് വിശ്വാസ സമൂഹം പലപ്പോഴും ആഘോഷിക്കാറുമുണ്ട്.
പ്രകൃതി ദുരന്തങ്ങളും വലിയ ആപത്തുകളും ഉണ്ടാകുന്ന വേളകളിലും തങ്ങളുടെ ദൈവങ്ങളെ താങ്ങിക്കൊണ്ട് "പുട്ടുകച്ചവട"ത്തിനിറങ്ങുക എന്നതും ഈ കൂട്ടരുടെ പതിവു കലാപരിപാടിയാണു.
ഒരു ഇല വീഴുന്നതു പോലും ദൈവ ഹിതമനുസരിച്ചും ദൈവത്തിൻ്റെ വിധി പുസ്തകത്തിലെ രേഖയനുസരിച്ചുമാണെന്ന മൂഡവിശ്വാസം പ്രചരിപ്പിക്കുന്നവർ തന്നെയാണു ദൈവ ഹിതങ്ങളെ മറികടക്കാനുള്ള ചൊട്ടു വിദ്യകളുമായി ഇറങ്ങുന്നത് എന്ന വിശ്വാസക്കോമഡി തൽക്കാലം മാറ്റി വെക്കാം. സഹജീവികളായ മനുഷ്യർ ആപത്തിൽ അകപ്പെടുമ്പോൾ അവരുടെ വിശ്വാസവും അവിശ്വാസവും ചർച്ചയാക്കുന്നതു സാമാന്യമര്യാദയല്ല എന്ന ഏറ്റവും പ്രാഥമികമായ മനുഷ്യത്വ ചിന്ത പോലും വിശ്വാസവിൽപ്പനക്കാർക്കില്ല.
സുനാമിയും ഭൂകമ്പവും പ്രളയും കൊടുംകാറ്റും മഹാമാരികളുമൊക്കെ ദൈവിക ശിക്ഷകളും ദൈവത്തിൻ്റെ പരൂക്ഷകളുമാണു എന്ന മണ്ടത്തരം മതപുസ്തകങ്ങളിൽ ആവർത്തിക്കുന്നതായി കാണാം. എന്തിനുള്ള ശിക്ഷ എന്നതും ഏതു ദൈവത്തിൻ്റെ പരീക്ഷണം എന്നതും പരീക്ഷണത്തിൻ്റെ ഉദ്ദേശ്യമെന്ത് എന്നതുമൊക്കെ ഓരോരുത്തർക്കും അവരവരുടെ കഥകൾക്കനുസരിച്ചു മാത്രമേ വിശദീകരിക്കാനാവൂ എന്നതും ആ കഥകൽ തമ്മിലുള്ള തർക്കമാണു യഥാർത്ഥത്തിൽ മനുഷ്യരാശി ഇന്നോളം നേരിട്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തം എന്നതുമാണു മറ്റൊരു കോമഡി. അതിനൊരു തീർപ്പുണ്ടാക്കാൻ ഒരു ദൈവവും ഇന്നു വരെ ഒരു പരീക്ഷണവും നടത്തീട്ടുമില്ല.
ഇപ്പോൾ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരിയാണല്ലൊ വിഷയം. ചൈനയിൽ ഈ രോഗം ആരംഭിച്ചു എന്ന വാർത്ത വന്നതോടെ മതജീവികൾ പലെടത്തും ചാടിപ്പുറപ്പെട്ടു. ദൈവനിഷേധികൾക്കുള്ള ശിക്ഷ എന്ന പതിവു ഉഡായിപ്പുമായി ആദ്യം രംഗത്തു വന്നതു ഇസ്ലാമിക ലോകത്തുനിന്നാണു. ഇറാനിലെ ഒരു മൊല്ലാക്ക തുടക്കമിട്ട ഈ പുട്ടുകച്ചവടം പലരും ഏറ്റെടുത്തു. ഇറാനിലെ പ്രസ്തുത മൊല്ലാക്ക ഇപ്പോൾ കൊറോണ ബാധിച്ചു ചികിൽസയിലാണത്രെ !
ചൈനയിൽ മുസ്ലിം പള്ളികളും മദ്രസകളും പൂട്ടി ഇസ്ലാമിനെ തകർക്കാൻ നോക്കിയതാണു കൊറോണക്കു കാരണം എന്ന കാര്യത്തിൽ മുസ്ലിങ്ങൾക്കു തർക്കമുണ്ടായിരുന്നില്ല. മറ്റു മതക്കാർക്കു അവരുടേതായ കാരണങ്ങൾ വേറെ കാണും.
ഒരു അവിശ്വാസിക്കു നിസ്സാരമായ ആപത്തോ പ്രതിസന്ധിയോ ജീവിതത്തിൽ നേരിട്ടാൽ അവിടെ വിശ്വാസം തിരുകാനും അവിശ്വാസമാണു കാരണം എന്നു പറഞ്ഞു ആ മനുഷ്യനെ മാനസികമായി പീഡിപ്പിക്കാനും മതജീവികൾക്കു യാതൊരു മടിയുമില്ല. ആപത്തു വന്നതു ഭക്തരായ വിശ്വാസികൾക്കാണെങ്കിൽ അതൊക്കെ പരീക്ഷണം നിരീക്ഷണം എന്നു തുടങ്ങിയ ക്യാറ്റഗറിയിൽ പെടും. അവിശ്വാസിക്കു വളരെ നല്ല ജീവിതമാണെങ്കിൽ പാപി പനപോലെ വളരും എന്നാകും വ്യാഖ്യാനം. എങ്ങനെയായാലും വിശ്വാസം നാലു കാലിൽ തന്നെ വീഴും. അതാണു വിശ്വാസയുക്തി !
ഇപ്പോൾ ഇത്രയും പറയാൻ കാരണം ആപത്തു കാലത്തു യുക്തിവാദികൾ ദൈവങ്ങളെ ട്രോളുന്നേ എന്ന കൂട്ടക്കരച്ചിൽ നാനാഭാഗത്തുനിന്നും കേൾക്കുന്നതാണു.
യുക്തിവാദികൾ ഈ സന്ദർഭത്തിൽ ദൈവങ്ങളെ ട്രോളുന്നതു മര്യാദകേടാണു എന്ന അഭിപ്രായം എനിക്കുമുണ്ട്. അതേ സമയം ഈ മര്യാദകേട് നൂറ്റാണ്ടുകളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന മതജീവികൾക്ക് ഇതു മര്യാദയില്ലാത്ത പണിയാണു എന്ന് മനസ്സിലാക്കാൻ ഈ ട്രോളുകളെങ്കിലും സഹായകമാകുന്നുവെങ്കിൽ അതു നല്ലതു തന്നെ !
ഇനി ഇരു കൂട്ടരും മര്യാദക്കാരാകാൻ ശ്രമിക്കുക. മതം വിശ്വാസിയുടെ മനസ്സിൽ മാത്രം ഒതുങ്ങേണ്ട ഒന്നാണു. അതു തെരുവിലേക്കു വലിച്ചിഴച്ച് അന്യരുടെ സ്വൈരജീവിതത്തെ തടസ്സപ്പെടുത്തരുത്. ജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യവും പ്രചാരണസ്വാതന്ത്ര്യവുമൊക്കെ ഉണ്ടെന്നതു ശരി തന്നെ. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ- ബഹുമത സമൂഹത്തിൽ -ഇത്തരം വൈകാരിക വിഷയങ്ങളെ തെരുവിൽ അലക്കുന്നതു അനുവദനീയമായ തിന്മയോ അനൗചിത്യമോ മര്യാദകേടോ ഒക്കെ ആണെന്നു കൂടി നാം തിരിച്ചറിയണം.
ഞാൻ വളരെ കടുത്ത ഭാഷയിൽ മതവിമർശനം നടത്തുന്ന ആളാണു. അതിനും പശ്ചാത്തലമായത് ഈ മര്യാദകെട്ട മതപ്രചാരണം തന്നെയായിരുന്നു. ഇതു മര്യാദകേടാണു എന്ന് സ്വസമുദായത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന ചിന്ത തന്നെയാണു എന്നെ ഞാനാക്കിയത്. പൊതുവെ അന്തർമുഖനും പഞ്ചപാവമുമായ ഒരു ജീവിയായിരുന്നു ഞാൻ. ഇന്നും ഇസ്ലാം വിമർശനമൊഴികെ മറ്റെല്ലാ കാര്യത്തിലും അങ്ങനെത്തന്നെയാണുതാനും.
ഇവിടെ മതവിശ്വാസികൾ അവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമായി അടങ്ങിയൊതുങ്ങി ജീവിക്കുന്നതാണു കാണുന്നതെങ്കിൽ ഒരിക്കലും ഞാൻ ഈ പണിക്കു പുറപ്പെടുമായിരുന്നില്ല. എന്നാൽ വിശ്വാസം അന്യരുടെ വായിൽ തിരുകാൻ നെട്ടോട്ടമോടുന്ന - തെരുവാകെ വിശ്വാസ മാലിന്യങ്ങളാൽ മുഖരിതമാക്കിക്കൊണ്ടുള്ള മതപ്രചാര പ്രഘോഷണങ്ങളുമായി പരക്കം പായുന്ന -മുറത്തിൽ കയറി കൊത്തും വിധം അന്യമതവിശ്വാസികളെ ചൊറിഞ്ഞു പ്രകോപിപ്പിക്കുന്ന "മതസംവാദ" പൊറാട്ടു നാടകങ്ങൾ അരങ്ങേറുന്ന അശ്ലീലക്കാഴ്ച്ചകൾ കണ്ടു മനസ്സു നീറിയ ഒരു സവിശേഷ സന്ദർഭത്തിലാണു ഞാൻ എന്ന പാവത്താൻ മതത്തെ മാന്തിപ്പറിക്കാൻ തുടങ്ങിയത്. എൻ്റെ മുഖ്യ ഉദ്ദേശ്യം മതം പൊളിക്കുക എന്നതായിരുന്നില്ല. ഇന്ത്യ പോലൊരു ബഹുമത രാജ്യത്ത് കേവലം ന്യൂനപക്ഷം മാത്രമായ മുസ്ലിങ്ങൾ അല്പം മര്യാദ പഠിക്കേണ്ടതുണ്ട് എന്ന വളരെ സ്വാഭാവികവും ലളിതവുമായ ഒരു ചിന്ത മാത്രമായിരുന്നു എന്നെ ഇതിനു പ്രേരിപ്പിച്ചത്.
ഏതായാലും യുക്തിവാദികൾ ഞങ്ങളുടെ ദൈവങ്ങളെ ട്രോളുന്നേ... ! എന്ന കൂട്ടനിലവിളി കേൾക്കുമ്പോൾ ആ ഉദ്ദേശ്യം ഏറെക്കുറെ നിറവേറിയിരിക്കുന്നു എന്ന ആശ്വാസമാണു അനുഭവിക്കുന്നത്.
കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്ന ഒരു കാക്കവിരുദ്ധ പഴഞ്ചൊല്ലുണ്ട്. എല്ലാവർക്കും അവരവരുടെ പാരംബര്യങ്ങളും വിശ്വാസങ്ങളും ഒരേയളവിൽ പ്രധാനമാണെന്ന് എല്ലാവരും മനസ്സിലാക്കുക. അവനവൻ്റെ വിശ്വാസം അവനവൻ്റെ ഉള്ളിൽ ഒതുക്കി അന്യരുടെ വികാരങ്ങൾ മാനിച്ച് പെരുമാറാൻ ശ്രമിക്കുക. അതാണു എല്ലാവർക്കും നല്ലത് !. കൊണ്ടാലും പഠിക്കാത്തവരാണു മതജീവികൾ എന്നറിയാമെങ്കിലും പറയേണ്ടതു പറയണമല്ലൊ !
No comments:
Post a Comment