Friday, December 6, 2019
പഠനം പാല്പായസമാക്കിയ അനുഭവം !
വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ പറ്റി:-
80 കളുടെ അവസാനത്തിലോ 90 കളുടെ തുടക്കത്തിലോ എന്ന് കൃത്യമായി ഓർക്കുന്നില്ല. ഞാനും സഹധർമ്മിണിയും മലപ്പുറം ജില്ലയിലെ കുഗ്രാമമായ എൻ്റെ നാട്ടിൽ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്ന കാലം. അന്ന് ഡി പി ഇ പി പദ്ധതിയിലെ പോലുള്ള നൂതന പാഠ്യ രീതികളൊന്നും വന്നിട്ടില്ല. അത്തരം ആലോചനകൾ പോലും ആരംഭിച്ചിരുന്നില്ല. പാരമ്പര്യമായി നമ്മളൊക്കെ പഠിച്ച അതേ രീതിയിൽ പാഠപുസ്തകം തിന്നു തീർക്കുന്ന രീതിയാണു നിലവിലിരുന്നത്. പാഠപുസ്തകം തിന്നതു പരീക്ഷാപേപ്പറിൽ ചർദ്ദിക്കുന്ന പരീക്ഷാരീതിയും. ഞാനന്നു മൂന്നാം ക്ലാസിലാണു പഠിപ്പിച്ചിരുന്നത്. ചില പരിസര പാഠങ്ങൾ പാരമ്പര്യ രീതിയിൽ നിന്നു മാറി പ്രവർത്തന രീതിയിൽ പരീക്ഷിക്കാൻ ശ്രമിച്ചിരുന്നു. അതിനു സഹപ്രവർത്തകരിൽ നിന്നോ ഹെഡ്മാസ്റ്ററിൽ നിന്നോ ഒരു പ്രോൽസാഹനവും ലഭിച്ചില്ലെന്നു മാത്രമല്ല, നിരുൽസാഹപ്പെടുത്തുകയും കളിയാക്കുകയും "വട്ടാണല്ലേ" എന്ന മട്ടിൽ പ്രതികരിക്കുകയുമാണു ചെയ്തത്. എന്നാൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കളിൽ പലർക്കും അതു വളരെ സ്വീകാര്യവുമായിരുന്നു. ഒരു പരീക്ഷാ അനുഭവവും ഒരു പഠനപ്രവർത്തനവും ഉദാഹരണമായി പറയാം.
മണ്ണ് എന്ന പരിസരപാഠം പഠിപ്പിക്കാൻ കുട്ടികളെ സ്കൂളിനടുത്തുള്ള കൃഷിയിടങ്ങളിലും മൊട്ടക്കുന്നിലും പുഴയിലും മറ്റും കൊണ്ടു പോയി മണ്ണൊലിപ്പു തടയുന്ന രീതിയും കൃഷിക്കു പറ്റിയ മണ്ണും മറ്റും പരിചയപ്പെടുത്തി. ഇതേ പാഠത്തിൽ നിന്നും പരീക്ഷക്കു ചോദ്യം നൽകിയതും പ്രവർത്തന രീതിയിലായിരുന്നു. കളിമണ്ണു, വെട്ടുകല്ലുപൊടി, മണൽ, വളക്കൂറുള്ള മണ്ണ് എന്നിങ്ങനെ പലതരം മൺണുകൾ ശേഖരിച്ച് കുട്ടികൾക്കു നൽകിയ ശേഷം അതു കൃഷിക്കു പറ്റിയത്, ഇഷ്ടിക നിർമാണത്തിനു യോജിച്ചത് , വീടു നിർമാണത്തിനുപയോഗിക്കുന്നത് എന്നിങ്ങനെയൊക്കെ തരം തിരിക്കാനുള്ള പ്രവർത്തനമാണു ഒരു സാമ്പിൾ എന്ന നിലക്കു നൽകിയത്. പരീക്ഷ ഇങ്ങനെ നടത്താൻ പാടില്ല, പേപ്പർ മാർക്ക് ഇട്ട് സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞ് ഹെഡ്മാൻ ശാസിക്കുന്നുണ്ടായിരുന്നു. എങ്കിലും പേപ്പറൊക്കെ വേറെ തയ്യാറാക്കി പ്രശ്നം പരിഹരിക്കുകയും വിജയകരമായി എൻ്റെ പ്രവർത്തനം നടക്കുകയും ചെയ്തു.
അതേ ക്ലാസിൽ പോസ്റ്റോഫീസ് എന്ന പാഠം പഠിപ്പിക്കാൻ കുട്ടികളെ പോസ്റ്റോഫീസിലെക്ക് കൊണ്ടു പോയി പോസ്റ്റ്മാസ്റ്ററുമായി അഭിമുഖം നടത്തുന്ന പ്രവർത്തനമാണു കൊടുത്തത്. എല്ലാ കുട്ടികളും ഓരോ പോസ്റ്റ് കാർഡ് വാങ്ങുകയും മറ്റൊരു സ്കൂളിലെ മൂന്നാം ക്ലാസിലെ കുട്ടികൾക്ക് തങ്ങളുടെ പഠനാനുഭവങ്ങൾ വിവരിക്കുന്ന കത്ത് എഴുതുകയും ചെയ്തു. ആ കത്തുകൾ കുട്ടികൾ തന്നെ പോസ്റ്റ് പെട്ടിയിൽ ഇട്ടു. കുറച്ചു നാളുകൾക്കു ശേഷം എല്ലാ കുട്ടികൾക്കും മറ്റേ സ്കൂളിലെ അജ്ഞാത കൂട്ടുകാരിൽ നിന്നു മറുപടിക്കത്തുകൾ വന്നു. പോസ്റ്റ്മാൻ ക്ലാസിലെത്തി ഓരോ കുട്ടിയുടെയും അഡ്രസ് നോക്കി പേരു വായിച്ച് കാർഡുകൾ കൊടുത്തപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി. മറ്റേ സ്കൂളിലെ ഒരു സഹ അധ്യാപികയുടെ സഹകരണം ആദ്യമേ ഉറപ്പാക്കിയിരുന്നതിനാൽ ആ സ്കൂളിലും ഇതൊരു നല്ല നുഭവമായി .
ഇന്ന് ഇതൊക്കെ പറയുമ്പോൾ അധ്യാപകർക്കും കുട്ടികൾക്കും ഒരു പുതുമയും അനുഭവപ്പെടില്ല. ഇതൊക്കെ വളരെ ബാലിശവും നിസ്സാരവുമായി തോന്നുകയും ചെയ്യും. കാരണം ഇതിനെക്കാൾ എത്രയോ മികച്ചതും ഫലപ്രദവും സങ്കീർണവും ആയ എത്രയോ നല്ല "പ്രവർത്തനങ്ങൾ" ആണു സ്കൂളുകളിൽ ഇപ്പോൾ നടക്കുന്നത്. പക്ഷെ ഇങ്ങനെയൊന്നും അധ്യാപകർക്കോ നാട്ടുകാർക്കോ ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലത്തു ഇതൊക്കെ വലിയ അൽഭുതവും "നട്ടപ്പിരാന്തും" ആയിരുന്നു.
ഇന്നത്തെ വിദ്യാഭ്യാസ രീതിയും പരീക്ഷാരീതിയുമൊക്കെ എത്രയോ മാറിക്കഴിഞ്ഞു. പരിമിതികൾ ഏറെയുണ്ടെങ്കിലും വിദ്യാഭ്യാസരംഗം വലിയ വിപ്ലവകരമായ മാറ്റങ്ങൾക്കു വിധേയമായികൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ വിദഗ്ദ്ധയായ ഒരു അധ്യാപക പരിശീലകയാണു ആദില കബീർ. ആദിലയുടെ അവതരണം കൂടുതൽ അറിവും വെളിച്ചവും പ്രദാനം ചെയ്യുമെന്നു ഉറപ്പായും പ്രതീക്ഷിക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment