Wednesday, November 27, 2019

യുക്തിയുടെ സങ്കീർണതയും ജനാധിപത്യത്തിൻ്റെ പരിമിതികളും.

യുക്തിയുടെ സങ്കീർണതയും ജനാധിപത്യത്തിൻ്റെ പരിമിതികളും. വൈശാഖൻ തമ്പി പറഞ്ഞ പോലെ കെമിസ്റ്റ്രിയും ഫിസിക്സും കൈകാര്യം ചെയ്യുന്നത്ര ലളിതമായി അഭിപ്രായം പറയാവുന്നതല്ല സാമൂഹ്യ വിഷയങ്ങൾ. ഒരു വ്യക്തിയുടെ വൈകാരികവും അനുഭവാധിഷ്ഠിതവുമായ ബയാസുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള അഭിപ്രായങ്ങളെ മറ്റു വ്യക്തികൾ എടുത്തു കൈകാര്യം ചെയ്യുമ്പോൾ ഈ സങ്കീർണതകൾ വളരെ പ്രകടമാകുന്നതു കാണാം. സാമൂഹ്യവും സാംസ്കാരികവും നൈതികവുമൊക്കെയായ പ്രശ്നങ്ങളെ കേവലം വ്യക്തിയുടെ മനോ നിലയ്ക്കനുസരിച്ചു മാത്രം വിശകലനം ചെയ്യാനാവില്ല. നാം ജീവിക്കുന്ന സാമൂഹിക ആവാസ വ്യവസ്ഥയ്ക്കുള്ളിലെ എല്ലാ സങ്കീർണതകളെയും യാഥാർത്ഥ്യങ്ങളെയും സമഗ്രമായി വിലയിരുത്തിക്കൊണ്ടു മാത്രമേ ഏതു സവിശേഷ പ്രശ്നത്തിൻ്റെയും ശരിതെറ്റുകൾ നിർണയിക്കാനാവു. അങ്ങനെയൊക്കെ വിശകലനം ചെയ്തുകൊണ്ട് ഒരാൾ എത്തിച്ചേരുന്ന അഭിപ്രായമോ നിലപാടോ മറ്റുള്ളവർക്കു അതേ നിലയിൽ ബോധ്യപ്പെടുക എന്നതും പലപ്പോഴും അസാധ്യമാണു. ഓരോ പ്രശനത്തെയും പരിശോധിക്കുമ്പോൾ പോസിറ്റീവും നെഗറ്റീവുമായ കുറെ കാര്യങ്ങൾ കണ്ടെത്താനാവും. അതിൽ ഏതിനാണു മുൻ തൂക്കം എന്നു നോക്കിയാണു ആ പ്രശ്നത്തെ ശരിയെന്നോ തെറ്റെന്നോ അന്തിമമായി നിശ്ചയിക്കേണ്ടത്. അവിടെയും ഉണ്ട് പ്രശ്നം . ചിലർക്ക് നെഗറ്റീവ് ആയ കാര്യങ്ങൾ മാത്രം കാണാനുള്ള കണ്ണുകളേ ഉണ്ടാകൂ. മറ്റു ചിലർക്കു തിരിച്ചും. അതിനാൽ അത്തരക്കാർ അവരവരുടെ തല്പര വിഷയങ്ങൾ പൊലിപ്പിച്ചും പർവ്വതീകരിച്ചും വാദമുഖങ്ങൾ നിരത്തി ന്യായീകരിക്കും. ഇത്തരം തർക്കങ്ങളാണു നമുക്കു ചുറ്റും നടക്കുന്നത്. ശബരിമല യുവതീപ്രവേശനം എന്ന വിഷയത്തെ മാത്രം ഉദാഹരിച്ചു കൊണ്ട് ഈ പറഞ്ഞ സങ്കീർണതയെ ഒന്നു കൂടി വ്യക്തമാക്കാൻ ശ്രമിക്കാം. യുക്തിവാദികളിൽ തന്നെ ഈ വിഷയത്തിൽ പല നിലപാടുകാരുണ്ട്. ശബരിമല ഒരു അന്ധവിശ്വാസത്തിൻ്റെ കേന്ദ്രമാണു. അവിടെ പുരുഷന്മാർ തന്നെ പോകേണ്ടതില്ല എന്നതിനാൽ സ്ത്രീകൾ കൂടി പോകണം എന്ന നിലപാടു യുക്തിവാദികൾ സ്വീകരിക്കാൻ പാടില്ല എന്നതാണു ഒരു പക്ഷം. അതിനപ്പുറം ലിംഗനീതിയും ഭരണഘടനാ ധാർമ്മികതയും മറ്റും മറ്റുമായുള്ള സാമൂഹ്യനൈതിക വിഷങ്ങളൊന്നും പരിഗണിക്കാൻ ഇക്കൂട്ടർ തയ്യാറല്ല. ഇതു വിശ്വാസത്തിൻ്റെ പ്രശ്നം എന്നതിലുപരി ഭരണഘടനാ ധാർമ്മികതയിലൂന്നിയുള്ള ലിംഗനീതിയിലേക്ക് മുന്നേറാൻ ഉപകരിക്കുന്ന ഒരു സാമൂഹ്യ പരിവർത്തന ഘട്ടമായി കണ്ട് യുക്തിവാദികളും ഇതിനെ പ്രോൽസാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം എന്നതാണൂ സാമൂഹ്യ കാര്യങ്ങളിൽ കുറെ കൂടി ശ്രദ്ധയൂന്നുന്ന സ്വതന്ത്ര ചിന്തകരുടെ പക്ഷം. ഇനി ഇതിൻ്റെ പ്രാവത്തിക രൂപം എങ്ങനെയായിരിക്കണം എന്ന കാര്യത്തിലും ഉണ്ട് അഭിപ്രായഭിന്നതകൾ. യുക്തിവാദികളായ അവിശ്വാസികൾ തന്നെ വിശ്വാസിയുടെ വേഷം കെട്ടി മല കയറിക്കൊണ്ട് "വിപ്ലവം" നടത്തണോ? അതോ വിശ്വാസികളിൽ നിന്നു താല്പര്യമുള്ളവരെ കയറാൻ സഹായിച്ചാൽ മതിയോ? അവിശ്വാസികളായി അറിയപ്പെടുന്നവർ മാറി നിന്ന് അത്രതന്നെ അറിയപ്പെടാത്ത അവിശ്വാസികൾ പോയാൽ മതിയോ ? രഹ്നാ ഫാതിമയെ പോലുള്ള പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുവല്ലാത്ത ആളുകൾ കെട്ടും കെട്ടി പോയി ലിംഗനീതി നടപ്പിലാക്കുന്നതു അനുചിതമല്ലേ? അതോ ഭരണഘടന അനുവദിക്കുന്നതിനാൽ അതും വളരെ ശരി തന്നെ എന്നാണോ? കഴിഞ്ഞ വർഷം "ആചാരലംഘനം" നടത്തി ചരിത്രം സൃഷ്ടിച്ച അതേ ആളുകൾ ഈ വർഷവും മല കയറി വിപ്ലവം ഊട്ടിയുറപ്പിക്കേണ്ടതുണ്ടോ? അതോ സുപ്രീം കോടതിയുടെ അന്തിമ തീർപ്പു വരുന്നതുവരെ "റെഡി ടു വെയ്റ്റ്" നിലപാടെടുക്കുന്നതല്ലേ ശരി? അതോ നിലവിൽ വിധിക്കു സ്റ്റേ ഇല്ലാത്തതിനാൽ പോലീസ് ബലം പ്രയോഗിച്ച് തന്നെ ഇപ്രാവശ്യവും യുവതികളെ മല കയറ്റി സർക്കാർ ഭരണഘടനാപ്രതിബദ്ധത തെളിയിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ ഈ ഒരൊറ്റ വിഷയത്തിൽ തന്നെ ഒരുപാടു സങ്കീർണതകൾ നമുക്കു മുന്നിൽ ഉണ്ട്. ഇതെല്ലാം നിർദ്ധാരണം ചെയ്യണമെങ്കിൽ നാം ഏതൊക്കെ കാര്യങ്ങൾ പരിഗണിക്കണം? നിലവിലുള്ള മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിൻ്റെ മനോനിലയും പരിമിതികളും കണക്കിലെടുക്കണ്ടേ? ഒരു ജനാധിപത്യ ഭരണകൂടത്തിനു മുന്നിലെ പ്രായോഗികമായി അനുഭവപ്പെടുന്ന മറ്റു പരിമിതികൾ കൂടി പരിഗണിക്കണ്ടേ? അതോ അതൊന്നും നോക്കാതെ ഭരണഘടനാ മൂല്യം മാത്രം നോക്കി എന്തു കടുംകയ്യും ചെയ്തിട്ടായാലും യുവതികളെ പതിനെട്ടാം പടി കയറ്റുക എന്നതു മാത്രമാകണം ഗവണ്മെൻ്റിൻ്റെ ലക്ഷ്യം എന്നഭിപ്രായമുണ്ടോ? ഞാൻ ഈ വിഷയത്തെ കഴിഞ്ഞ വർഷം കണ്ട അതേ കണ്ണുകൊണ്ടല്ല ഈ വർഷം നോക്കിക്കാണുന്നത്. കാരണം ഇത് ഇന്ന് തികച്ചും രാഷ്ട്രീയമായ (കക്ഷി രാഷട്രീയ സങ്കുചിതത്വത്തിൻ്റെ മാത്രമായ ) ഒരു വിഷയമായി പരിമിതപ്പെട്ടിട്ടുണ്ട് എന്നാണു എനിക്കു തോന്നുന്നത്. കേരളത്തിലെ മൂന്നു രാഷ്ട്രീയ ചേരികളുടെയും നിലനിൽപ്പും അധികാരാരോഹണസാധ്യതയും ശാക്തീകരണ ബലതന്ത്രവും ഒക്കെയായി ഈ പ്രശ്നത്തെ ഭരണഘടനാ ധാർമ്മികത എന്നതിനപ്പുറത്തേക്കു മാറ്റി വരച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ ഇന്ന് ഈ വിഷയത്തെ വിശകലനം ചെയ്യുമ്പോൾ അതിൻ്റെ രാഷ്ട്രീയത്തെ മാറ്റി നിർത്തിക്കൊണ്ട് കേവലം ലിംഗനീതിയുടെ പ്രശ്നം മാത്രമായി കാണൂക വയ്യ. ഇതൊക്കെ പറയുമ്പോൾ "ചാപ്പ"കളുമായി വന്നു ഉപരോധിക്കുന്നവരും പ്രതിരോധിക്കുന്നവരും ഉണ്ടാകും. എനിക്കതിൽ ഒരു കുണ്ഠിതവും ഇല്ല. സി പി എമ്മിൻ്റെ രാഷ്ട്രീയ പാപ്പരത്തങ്ങളെ പലപ്പോഴും നിശിതമായി തന്നെ വിമർശിക്കാറുള്ള ആളാണു ഞാൻ. അപ്പോഴൊക്കെ അവരുടെ വകയും ചാപ്പ കിട്ടീട്ടുണ്ട്. ഒരു രാഷട്രീയ പാർട്ടിയെയും മുന്നണിയെയും അന്ധമായി ന്യായീകരിക്കുന്ന പണി എനിക്കില്ല. അന്ധമായ വിരോധവും ഇല്ല. ഇഷ്യൂ ബെയ്സ്ഡ് ആയിട്ടാണു ഞാൻ അഭിപ്രായങ്ങൾ പറയാറുള്ളത്. ഇപ്പോൾ മേൽ പറഞ്ഞ വിഷയത്തിലും എനിക്ക് ഒരു പാർട്ടി വിധേയത്വമോ അന്ധമായ നിലപാടോ ഇല്ല. പക്ഷെ ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഇന്നത്തെ രാഷ്ട്രീയ ചേരികൾ എടുക്കുന്ന നിലപാടുകളിൽ പ്രായോഗികമായി സാധ്യമായതിൽ വെച്ച് താരതമ്യേന മെച്ചപ്പെട്ട ഒരു നിലപാട് എന്ന നിലക്ക് സർക്കാരിൻ്റെ നിലപാടിനോടാണു യോജിപ്പുള്ളത്. കാരണം മറ്റു രണ്ടു രാഷ്ട്രീയ ചേരിയും ഈ വിഷയത്തിൽ ഭരണഘടനാ ധാർമ്മികതയെ തത്വത്തിൽ പോലും അംഗീകരിക്കുന്നില്ല. തങ്ങൾ അധികാരത്തിൽ വന്നാൽ ഭരണഘടനയുടെ നീതിക്കെതിരായി പുതിയ നിയമം ഉണ്ടാക്കി ആചാരസംരക്ഷണം നടത്തി വിശ്വാസികളുടെ വിശ്വാസത്തെ രക്ഷിക്കും എന്നാണു പറഞ്ഞിട്ടുള്ളത്. എന്നാൽ ഇടതു പക്ഷം പൊതുവിൽ ഭരണഘടനാ ധാർമ്മികതക്കും ലിംഗനീതിക്കും ഒപ്പം നിൽക്കുമെന്നും കോടതി അന്തിമ വിധി വന്നാൽ നടപ്പിലാക്കും എന്നുമാണു നിലപാടെടുക്കുന്നത്. എന്തൊക്കെ പരിമിതികൽ ഉണ്ടെങ്കിലും താരതമ്യേന യോജിക്കാൻ കഴിയുന്നത് ഈ വിഷയത്തിൽ ഇടതു നിലപാടുമായി മാത്രമാണു. ഇതേ കാരണത്താലാണു ഇപ്പോൾ അവിശ്വാസികളും ഫെമിനിസ്റ്റുകളുമായ യുവതികൾ മല കയറാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി മറു ചേരിക്കു ആയുധം നൽകുന്ന നിലപാടാണെന്നും അതു ആത്യന്തികമായി നമ്മുടെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ വിപരീതഫലം ഉളവാക്കും എന്നും കരുതുന്നത്. ഈ അഭിപ്രായവും ഇരുമ്പുലക്കയല്ല. മറിച്ചു സമൂഹത്തിനു വലിയ ഗുണമേ ചെയ്യൂ എന്നാണു നിലപാടെങ്കിൽ കാര്യകാരണ സഹിതം അതു ബോധ്യപ്പെടുത്തിയാൽ ഞാൻ എൻ്റെ നിലപാടിൽ മാറ്റം വരുത്തും. അതാണല്ലോ ജനാധിപത്യം. അല്ലാതെ ഒരു അഭിപ്രായം പ്രകടിപ്പിക്കുമ്പോഴേക്കും മൂന്നു തലാഖും ചൊല്ലി പായും തലയിണയും മടക്കി ഇറങ്ങിപ്പോകുന്ന വികാര ജീവികൾക്ക് ജനാധിപത്യത്തിൽ ഒന്നും ചെയ്യാനാവില്ല. അവർ നന്മയെന്നു നിനച്ചു ചെയ്യുന്ന വൈകാരിക നിലപാടുകൾ സമൂഹത്തിൽ നെഗറ്റീവ ഫലങ്ങൾ മാത്രമേ ഉളവാക്കൂ. ജനാധിപത്യം ഒരു സംസ്ജാാരമാണു. യോജിപ്പുകളും വിയോജിപ്പുകളും വിമർശനങ്ങളും സുഖദുഖങ്ങളുമെല്ലാം സ്നേഹപൂർവ്വം പങ്കു വെക്കുകയും ആരോഗ്യകരമായ സംവാദങ്ങളിലൂടെ കൂടുതൽ തെളിച്ചമുള്ള നിലപാടുകളിലേക്കും ആശയങ്ങളിലേക്കും മുന്നേറുകയും സ്വയം തിരുത്തുകയും മറ്റുള്ളവരെ തിരുത്തുകയുമൊക്കെ ചെയ്യാനാവുന്ന ഒരു ഉദാത്ത സാമൂഹ്യ സംസ്കാരം!. എൻ്റെ നിലപാടുകൾ തെറ്റാണെന്നു ബോധ്യമായാൽ ഞാൻ തിരുത്തും. ഞാൻ മാത്രമാണു ആത്യന്തിക ശരി എന്ന ശാഠ്യം ഇല്ലേയില്ല. എന്നെ വിമർശിക്കുന്നവരെ മൊഴി ചൊല്ലുകയോ വെറുക്കുകയോ ഇല്ല. ഞാൻ പഠിപ്പിച്ച കുട്ടികൾ പോലും എന്നെ പല കാര്യത്തിലും തിരുത്തീട്ടുണ്ട്. ആ കുട്ടികളെ ഇന്നും ഞാൻ ആദരവോടെ ഓർക്കുന്നുമുണ്ട്. തൃപ്തിയുടെയും ബിന്ദുവിൻ്റെയും ഇന്നലെത്തെ "മലകയറ്റം" ഒരു രാഷ്ട്രീയ നാടകം മാത്രമായാണു എനിക്കു ഒറ്റനോട്ടത്തിൽ തോന്നിയത്. മുകളിൽ പറഞ്ഞ എല്ലാ സാമൂഹിക സങ്കീർണതകളുടെയും രാഷ്ട്രീയ പശ്ചാതലത്തിൻ്റെയും കൂടി ബയാസ് ഉള്ളതുകൊണ്ടാകാം പെട്ടെന്ന് അങ്ങനെ തോന്നിയത്. ഒരു സ്ത്രീയെ ആക്രമിച്ചതിനെ ന്യായീകരിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അല്പസമയം കഴിഞ്ഞ് ആ പ്രതികരണം അനുചിതമായി എന്നു തോന്നിയതിനാൽ പിൻ വലിക്കുകയും ചെയ്തിരുന്നു.

No comments: