Sunday, December 8, 2019

ജാഹിലിയ്യ !

കുർ ആനും ഹദീസും മറ്റു മതകാര്യങ്ങളും വിഷയമായി കുറേയേറെ പ്രസംഗങ്ങളും എഴുത്തുകളും മുമ്പുണ്ടായിട്ടുണ്ട്. ഇസ്ലാമിൻ്റെ ചരിത്രം വിശദീകരിക്കുന്ന അവതരണങ്ങൾ ഇതുവരെ ചെയ്തിരുന്നില്ല. അതു കൂടി പറഞ്ഞ് ഇസ്ലാം വിമർശന രംഗത്തുനിന്നും പതുക്കെ പിന്മാറാമെന്നാണു വിചാരിക്കുന്നത്. രണ്ടോ മൂന്നോ ഭാഗങ്ങളായി ചുരുക്കിപ്പറയാനാണുദ്ദേശിക്കുന്നത്. അതിൻ്റെ ആദ്യഭാഗമാണു എറണാകുളത്തു അവതരിപ്പിച്ച "ജാഹിലിയ്യ" . രണ്ടാം ഭാഗമാണു സ്വതന്ത്രലോകം സെമിനാറിൽ മലപ്പുറത്തു അടുത്ത ശനിയാഴ്ച്ച അവതരിപ്പിക്കുന്നത്. "ജാഹിലിയ്യ" യു ട്യൂബിൽ ഇന്നലെ അപ്ലോഡ് ചെയ്തിട്ടുണ്ട്. ശബ്ദം ക്ലിയറല്ലെങ്കിലും കേൾക്കാൻ പറ്റും. രണ്ടാം ഭാഗമായ "വാളേന്തിയ പ്രവാചകൻ" കേൾക്കാൻ വരുന്നവർ ഒന്നാം ഭാഗം കേൾക്കണം. മക്കയിലെ മുഹമ്മദ് നബിയുടെ പ്രവാചകദൗത്യം സമ്പൂർണമായും പരാജയമാകാൻ കാരണം എന്തെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. ആശയപരമായും യുക്തിപരമായും മക്കാ മുശ് രിക്കുകളെ തൻ്റെ വാദങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ നബി ദയനീയമായി പരാജയമടയുകയാണുണ്ടായത്. ഓരോ ചോദ്യങ്ങൾക്കും വാദങ്ങൾക്കും 'വെളിപാടി'ലൂടെ മറുപടി നൽകുമ്പോൾ അദ്ദേഹം കൂടുതൽ കൂടുതൽ പരിഹാസ്യനാവുകയായിരുന്നു. അതിൻ്റെ ഒരു നീണ്ട വാങ്മയ ചിത്രം കുർ ആൻ തന്നെ വരച്ചു വെച്ചിട്ടുണ്ട്. അതാണു ജാഹിലിയ്യ പ്രസംഗത്തിൽ പറഞ്ഞത്. പിന്നീട് മൂന്നു വർഷം നീണ്ട ഗൂഡാലോചനയുടെയും ഉടമ്പടിയുടെയും ഭാഗമായി മദീനയിൽ അഭയം തേടുകയായിരുന്നു. മദീനയിൽ അദ്ദേഹം തൻ്റെ പ്രവാചകത്വം ബോധ്യപ്പെടുത്താൻ യുക്തിയുടെയോ സംവാദത്തിൻ്റെയോ വഴിയൊന്നും സ്വീകരിച്ചില്ല. മറിച്ചു അസംഘടിതരായി ചിതറിക്കിടന്നിരുന്ന ഹിജാസിലെ ഗോത്രങ്ങളെ ഓരോന്നോരോന്നായി ആക്രമിച്ചു കീഴ് പെടുത്തുകയും അവരുടെ സമ്പത്തു മുഴുവൻ കവർച്ച ചെയ്ത് ഒരു വലിയ സാമ്പത്തിക സൈനിക ശക്തിയായി സ്വയം വികസിക്കുകയുമാണു ചെയ്തത്. ആ ജൈത്രയാത്രയുടെ നാൾവഴി ചരിത്രമാണു "വാളേന്തിയ പ്രവാചകൻ" എന്ന അവതരണത്തിൽ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്. നബിക്കു ശേഷമുള്ള ഇസ്ലാം വികാസത്തിൻ്റെ കഥ മൂന്നാം ഭാഗമായും അവതരിപ്പിക്കാം. "വാളാൽ വളർന്ന മതം" !https://www.youtube.com/watch?v=oBksalAN1nA&t=372s

No comments: