Thursday, November 21, 2019
ആയിശയുടെ മാല !
ഷിയാപള്ളിയിൽ ചാവേർ പൊട്ടിത്തെറിച്ചു നൂറു മരണം; സുന്നി പള്ളിയിൽ ഷിയാ പൊട്ടിത്തെറി അറുപതു പേർ മരിച്ചു. എന്നിങ്ങനെ മിക്ക വെള്ളിയാഴ്ചകളിലും ലോക്കത്തിൻ്റെ പല ഭാഗത്തുമായി നടക്കുന്ന മനുഷ്യക്കുരുതിയുടെ ഭീകരവാർത്തകൾ പതിവായി നാം വായിക്കുന്നു. അവസാനമില്ലാത്ത ഈ ഗ്രൂപ്പ് പകയുടെയും പ്രതികാരത്തിൻ്റെയും കാരണമന്യേഷിച്ചു നാം ചരിത്രത്താളുകളിലൂടെ ഊളിയിട്ടാൽ ചെന്നെത്തുന്നതു ഒരു മാലയിലാണു. ആയിശയുടെ മാല. കഥയുടെ ചുരുക്കം പറയാം.
ഹിജ്ര 5ആം വർഷം റമളാൻ മാസം , മദീനയിൽ നിന്നും 130 നാഴിക അകലെയുള്ള ബനൂഖുസാ അ എന്ന ജൂതഗോത്രത്തെ ലക്ഷ്യമാക്കി മുഹമ്മദും ഒരു വലിയ സേനയും പുറപ്പെടുന്നു. സമ്പന്നവും സമൃദ്ധവുമായിരുന്നു ബനൂമുസ്തലഖ് എന്നു കൂടി പേരുള്ള ആ ഗോത്രം. അവരെ കീഴടക്കി സമ്പത്തു മുഴുവനും കൈക്കലാക്കുക എന്നതായിരുന്നു മുഹമ്മദിൻ്റെ സൈനിക നീക്കത്തിൻ്റെ ലക്ഷ്യം. രാത്രി സഞ്ചരിച്ചും പകൽ ഒളിച്ചിരുന്നും പ്രഭാതവേളയിൽ പൊടുന്നനെ വളഞ്ഞിട്ട് ആക്രമിക്കുക എന്ന പതിവു തന്ത്രം പ്രയോഗിക്കപ്പെടുകയും ഏതാനും ദിവസങ്ങൾ നീണ്ട ഉപരോധത്തിനൊടുവിൽ ആ ഗോത്രം കീഴടങ്ങുകയും ചെയ്തു. 700 പേരെ തടവിലാക്കുകയും സ്വത്തുക്കളെല്ലാം പിടിച്ചെടുക്കുകയുമുണ്ടായി. തടവുകാരായി പിടിക്കപ്പെടുന്ന സ്ത്രീകളെ യോദ്ധാക്കൾക്കു വീതം വെച്ചു കൊടുക്കുകയാണു പതിവ്. അടിമവെപ്പാട്ടികളായി ഇങ്ങനെ ലഭിക്കുന്ന സ്ത്രീകളെ വിൽക്കുകയോ സ്വന്തമായി എടുക്കുകയോ ചെയ്യാം . അവരിൽനിന്നു തന്നെ വില (മോചനദ്രവ്യം) വാങ്ങി സ്വതന്ത്രരാക്കിവിടുകയും ചെയ്യാം. ഇതാണു അന്നത്തെ രീതി.
ഗോത്ര പ്രധാനിയായിരുന്ന ഹാരിസ്ബ്നു അബീ സിറാർ ൻ്റെ പുത്രിയും ആ യുദ്ധത്തിൽ കൊല്ലപ്പെട്ട മുസാഫി ഉബ്നു സ്വഫ്വാൻ്റെ വിധവയുമായ ജുവൈരിയ്യായെ വിഹിതമായി കിട്ടിയത് സാബിതുബ്നു ഖൈസ് എന്ന സഹാബിക്കാണു. അയാൾ വൻ തുക മോചനദ്രവ്യം ആവശ്യപ്പെട്ടു കൊണ്ട് ജുവൈരിയയെ കച്ചവടം ചെയ്യാൻ ഒരുങ്ങി. ആവശ്യപ്പെട്ടത്ര തുക ൻൽകാനില്ലാത്തതിനാൽ ജുവൈരിയ്യ മുഹമ്മദിനെ കണ്ടു തുക കുറച്ചു കിട്ടാൻ ശുപാർശക്കൊരുങ്ങി. അതിനിടെ ജുവൈരിയ്യയുടെ മുഖം ആയിശയുടെ ശ്രദ്ധയിൽ പെട്ടു. അവളെ കണ്ടതും ആയിശയുടെ നെഞ്ചിൽ ഒരു ഇടിമിന്നലുണ്ടായി. ജുവൈരിയ്യയുടെ സൗന്ദര്യം കണ്ടതോടെ ആയിശ ആത്മഗതം മൊഴിഞ്ഞു:- "ഇതു പണി പാളും, ഇവളെ മൂപ്പരു കണ്ടാൽ വിടില്ല, ഇതും കൂടി നമ്മുടെ വീട്ടിലെത്തുമെന്നുറപ്പ് "
അതു തന്നെ സംഭവിച്ചു. ജുവരിയ്യയെ കണ്ടതോടെ എന്തു വില വേണങ്കിലും ഞാൻ കൊടുത്തോളാം എൻ്റെ ഭാര്യയാകാൻ തയ്യാറെങ്കിൽ മോചനവും തരാം എന്നു ജുവരിയക്ക് ഉറപ്പു ലഭിച്ചു. അവൾ സമ്മതം മൂളി. അങ്ങനെ സുന്ദരിയും കുലീനയുമായ ഒരുവൾ കൂടി നബിയുടെ കളത്ര സംഘത്തിൽ അംഗമായി. പതിവു പോലെ യുദ്ധം കഴിഞ്ഞുള്ള മടക്കയാത്ര തന്നെ മധുവിധുയാത്രയായി. യുദ്ധയാത്രയിൽ കൂടെ കൊണ്ടു പോയ ആയിശയുടെ കാര്യം മുത്ത് വിസ്മരിച്ചു പോയതു സ്വാഭാവികം.
ഇനിയാണു കഥയുടെ ട്വിസ്റ്റ്. യാത്രാസംഘത്തിൻ്റെ പുറകിലെ ഒരൊട്ടകപ്പുറത്തു ഹിജാബ് കൂട്ടിൽ സഞ്ചരിച്ചിരുന്ന ആയിശയ്ക്ക് ഇടയ്ക് വെച്ച് ഒന്നിനും രണ്ടിനും ശങ്ക വന്നു. ഒട്ടകം നിർത്തി അവൾ അകലേക്കു പോയി. കാര്യം കഴിഞ്ഞു മടങ്ങി വരും വഴിയാണു കഴുത്തിലുണ്ടായിരുന്ന മാല വീണു പോയതായി അറിയുന്നത്. മാല തെരയാനായി ആയിശ മരുഭൂമിയിലൂടെ അലഞ്ഞു.നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ആയിശ മടങ്ങിയെത്തി നോക്കുമ്പോൾ ഒട്ടകസംഘം അവളെ ഉപേക്ഷിച്ചു വളരെ ദൂരം മുന്നോട്ടു പോയിരുന്നു. മരുഭൂമിയിൽ ഒറ്റയ്ക്കായ ആയിശ അവിടെത്തന്നെ കാത്തുനിന്നു. നാടകീയമായി ഒരു ചെറുപ്പക്കാരൻ തൻ്റെ ഒട്ടകത്തെയും തെളിച്ച് ആ വഴി വന്നു. സ്ഫ്വാൻ എന്നായിരുന്നു ആ യുവകോമളൻ്റെ പേർ. അയാൾ ആയിശയ്ക്കു തൻ്റെ വാഹനത്തിൽ ലിഫ്റ്റ് നൽകി. ഇരുവരും മരുഭൂമിയിലൂടെ സഞ്ചരിച്ചു . ഒരു രാത്രി മുഴുവൻ എന്നും രണ്ടു രാത്രിയും പകലും എന്നുമൊക്കെ വ്യത്യസ്ഥ ഖൗലുകൾ ഉണ്ട്. ഏതായാലും ദീർഘ സഞ്ചാരത്തിനൊടുവിൽ ഇരുവരും മദീനയിൽ എത്തിച്ചേർന്നു.
അതോടെ നാട്ടിലാകെ സദാചാരപ്പടയൊരുക്കം ആരംഭിച്ചിരുന്നു. സഫ്വാനും ആയിശയും പണി പറ്റിച്ചു എന്ന മട്ടിൽ ഗോസിപ്പുകൾ പരന്നു. അടക്കം പറച്ചിലുകളും മുക്കിമൂളലുകളുമായി സകലരും കഥയിൽ മുഴുകി. ആയിശയെ മറന്ന് ജുവൈരിയ്യയുമായി കൂടിയ നബിയും സംഗതി അറിഞ്ഞു. സ്വാഭാവികമായും അദ്ദേഹവും കഥയിൽ കാര്യമുണ്ടെന്നു തന്നെ വിശ്വസിച്ചു. ആയിശ സ്ത്രീസഹജമായ ആയുധം കൊണ്ടു പ്രതിരോധിച്ചു . കരച്ചിലോടു കരച്ചിലായി. ആയിശയുടെ ഉമ്മ അവളെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. "ഒരു മനുഷ്യനു ചുറ്റും ആനേകം പെണ്ണുങ്ങൾ തമ്പടിച്ചേടത്തു ഇതും ഇതിനപ്പുറവും നടന്നില്ലെങ്കിലേ അൽഭുതമുള്ളു" ഉമ്മയുടെ കമൻ്റ് !
മാസങ്ങൾ കടന്നു പോയി. മുഹമ്മദിൻ്റെ ആശയക്കുഴപ്പം അള്ളാഹുവിനെയും ബാധിച്ചു. ആയിശ കുറ്റക്കാരിയാണെന്നും അല്ലെന്നും വിശ്വസിക്കാൻ പ്രയാസം . ആണെങ്കിലും അല്ലെങ്കിലും ആയിശയെ ഉപേക്ഷിക്കുക എന്നതു അചിന്ത്യമായിരുന്നു. ഭക്ഷണങ്ങളിൽ വെച്ച് മട്ടൻ കറി ചേർത്ത പത്തിരി പോലെയാണു ഭാര്യമാരിൽ ആയിശ എന്ന വിഖ്യാത ഉപമ ഓർക്കുക.
ഒടുവിൽ രണ്ടും കല്പിച്ച് അള്ളാഹു ആയത്തിറക്കി. ആയിശ നിരപരാധിയാണു. അപവാദം പറഞ്ഞു പരത്തിയവരെ പിടിച്ച് 80 വീതം ചാട്ടവാറടി നൽകി ശിക്ഷിക്കുക, സ്ത്രീകളെ കുറിച്ച് ലൈംഗിക അപവാദം പറയുന്നവർ 4 ദൃക്സാക്ഷികളെ ഹാജറാക്കണം... ! മുഖ്യമായും മൂന്നു പേരായിരുന്നു അപവാദപ്രചാരകർ. അതാണു സാക്ഷികളുടെ എണ്ണം നാലായി നിജപ്പെടുത്താൻ കാരണം. അവർ അഞ്ചു പേരായിരുന്നെങ്കിൽ 6 സാക്ഷികൾ വേണം എന്ന തിട്ടൂരമിറക്കാനും ആ സന്ദർഭത്തിൽ അള്ളാഹു തയ്യാറാകുമായിരുന്നു. അത്രയ്ക്കു പ്രിയങ്കരിയായിരുന്നല്ലോ "അള്ളാഹുവിനും" ആയിശ !
ഈ വേളയിൽ ആയിശ കുറ്റക്കാരിയാണെന്നും അവളെ ഉപേക്ഷിക്കുകയും ശിക്ഷിക്കുകയും വേണമെന്നുമുള്ള നിലപാടായിരുന്നു അലി സ്വീകരിച്ചത് എന്നു പറയപ്പെടുന്നു. ആയിശയും അലിയും തമ്മിലുള്ള ശത്രുതയുടെ തുടക്കം ഈ മാലക്കഥയിൽനിന്നാണു എന്നതാണു ചരിത്രത്തിൽ ഈ മാല ഒരമൂല്യ ആഭരണമായി മാറാൻ ഹേതു. ഈ ശത്രുതയുടെ തുടർച്ചയാണു നബിയുടെ മരണത്തോടെ ആരംഭിക്കുന്ന അധികാര വടം വലിയിലേക്കും വളരുന്നത്. ആദ്യ ഖലീഫയായി അലിയെ നിശ്ചയിക്കാതെ ആയിശയുടെ പിതാവായ അബൂബക്കറിനെ ഒന്നാം ഖലീഫയായി അവരോധിക്കുന്നതിനു ആയിശയും ചരടു വലിച്ചു എന്നു വേണം കരുതാൻ.
ഇവിടെ മുതലാണു ശിയാ എന്ന അലീ പക്ഷവും സുന്നി എന്ന ആയിശാ പക്ഷവുമായി ഇസ്ലാം പിളരുന്നത്. നബിയുടെ സാന്നിദ്ധ്യത്തിൽ കാഫറുകളുമായി നടന്ന യുദ്ധങ്ങളിൽ മരിച്ചതിൻ്റെ പതിൻ മടങ്ങ് ആളുകളാണു ഈ തർക്കം മൂലം ഉണ്ടായ ആഭ്യന്തര യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്. ഇന്നും കെട്ടടങ്ങാത്ത ഗോത്രപ്പകയായി ഈ ശത്രുത നില നിൽക്കുകയും ചെയ്യുന്നു !
ആ യുവകോമളൻ സഫ്വാനു പിന്നീട് എന്തു സംഭവിച്ചു എന്നതും ദുരൂഹം !
Subscribe to:
Post Comments (Atom)
No comments:
Post a Comment