Sunday, November 17, 2019

വികലമാണു നമ്മുടെ ധാർമ്മിക ബോധം !

വികലവും വിചിത്രവുമാണു നമ്മുടെ ധാർമ്മികബോധം ! ----------- ഓട്ടോറിക്ഷയിൽ ഭർതാവിനൊപ്പം ഇരുന്ന് കുഞ്ഞിനെ മുലയൂട്ടുന്നതു കണ്ട് അവരെ സദാചാരം പറഞ്ഞ് ആക്രമിച്ച വാർത്ത രണ്ടു ദിവസം മുമ്പ് വായിച്ചു. ഒരു പെൺ കുട്ടി അവൾക്കിഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങിയാൽ അവളെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു സമൂഹം . പെൺ കുട്ടി തട്ടം ഊരിയാൽ, പൊട്ടു തൊട്ടാൽ, ഡാൻസ് കളിച്ചാൽ ... സദാചാരത്തിൻ്റെ ഏഴാകാശവും പൊട്ടിത്തകർന്നു തലയീൽ വീണു എന്ന മട്ടിൽ പ്രതികരിക്കുന്ന സമൂഹം. ഇത് ഒരു വശം. ഇനി നമ്മുടെ സാമൂഹ്യ ധാർമ്മിക ബോധത്തിൻ്റെ മറ്റൊരു മുഖം കൂടി നോക്കുക. വൻ നഗരത്തിനുള്ളിലെ മേൽപ്പാലം പണിയാൻ നമ്മൾ വിശ്വസിച്ച് ഏല്പിച്ച ഭരണാധികാരികളും ഉദ്യോഗസ്ഥരും ആ പണം മോഷ്ടിച്ചു പങ്കിട്ട കാരണം പാലം ഒരു കൊല്ലം തീരും മുമ്പേ തകർന്നടിയുന്നു. അനേകം മനുഷ്യരുടെ ജീവനു തന്നെ ഭീഷണിയാകുന്ന മട്ടിൽ ഇത്തരമൊരു അതി ഭീകരമായ ക്രിമിൽനൽ കുറ്റം ചെയ്തവരോടു നമ്മുടെ സമൂഹത്തിനു വല്ല ധാർമ്മികരോഷവും ഉണ്ടോ? പാലം പണിയുടെ ഫണ്ടിൽ നിന്ന് 10 കോടി അടിച്ചു മാറ്റിയെന്നു പറയപ്പെടുന്ന മന്ത്രി അടുത്ത തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ അതിലും വലിയ ഭൂരിപ്ക്ഷത്തിനു തെരഞ്ഞെടുക്കപ്പെടും. അതാണു നമ്മുടെ ധാർമ്മിക ബോധം ! അതായത് വ്യക്തികളുടെ സ്വകാര്യതയിൽ അതി ഭീകരമായ അധാർമ്മികത കണ്ടെത്തി ഭീകരാക്രമം നടത്തുന്ന സമൂഹം അവരെ തന്നെ കബളിപ്പിച്ചും വഞ്ചിച്ചും കോടികൾ വിഴുങ്ങി വൻ അഴിമതി കാണിക്കുമ്പോൾ പോലും വളരെ ലാഘവത്തോടെ നിസ്സാരമായി മാത്രം നോക്കിക്കാണുന്നു. യഥാർത്ഥത്തിൽ തെരുവിലിട്ടു ജനം തല്ലിക്കൊല്ലേണ്ടത് ഇത്തരം കള്ളന്മാരെയാണു. എന്നാൽ വിശപ്പകറ്റാൻ അല്പം ഭക്ഷണം മോഷ്ടിച്ചാൽ അയാളെ കള്ളനെന്നാർത്തു വിളിച്ചു നാം ഓടിച്ചിട്ടു പിടിച്ചു തല്ലിക്കൊല്ലും. നമ്മുടെ പൊതു മുതലിൽ നിന്നും നമ്മളെ മുഴുവൻ കബളിപ്പിച്ച് കോടികൾ മോഷ്ടിക്കുന്ന പെരും കള്ളന്മാരെ നാം ബഹുമാനിക്കും, അവർ ആ കട്ട പണത്തിൽ നിന്നും നക്കാപിച്ചയെടുത്തു ചാരിറ്റി പ്രവർത്തനം കൂടി നടത്തിയാലോ? അവർ നമുക്കു കൺ കണ്ട ദൈവങ്ങൾ ആകും. അവർ സമൂഹത്തിലാകെ ആദരിക്കപ്പെടും. നിരപരാധികളായ പാവം മനുഷ്യരെ കുറ്റവാളികളാക്കി മുദ്രകുത്തി തെരുവിൽ കൈകാര്യം ചെയ്യുകയും വൻ ക്രിമിനലുകളെ തെരുവിൽ ആദരിച്ചാനയിക്കുകയും ചെയ്യുന്ന വികൃത സമൂഹം!. വികലവും വിചിത്രവുമായ ധാർമ്മിക ബോധമാണിത്. എന്തുകൊണ്ട് നമ്മൾ ഇങ്ങനെയാകുന്നു? സഹസാബ്ധങ്ങൾ പഴകിയ ജീർണിച്ച ഗോത്രധാർമ്മികതയിൽ മൂക്കു കുത്തിക്കിടക്കുന്ന മതാധിഷ്ഠിത ധാർമ്മികതയാണൂ നമ്മുടേത് എന്നതു തന്നെ കാരണം. ദൈവത്തിലും പരലോക സമ്മാനപ്പൊതിയിലും ആധാരമായി നാം ഉൾക്കൊണ്ടു പോരുന്ന വികലബോധത്തിൻ്റെ ഉൽപന്നമാണീ വിചിത്ര സദാചാരബോധം. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹിക ബന്ധങ്ങളെ ആധാരമാക്കിയുള്ള ഉയർന്ന പൗരബോധവും ശാസ്ത്രീയമായ ധാർമ്മിക ബോധവും നമുക്കില്ല. അതേ കുറിച്ചുള്ള അറിവും നമുക്കില്ല. യുക്തിവാദികളെന്നും സ്വതന്ത്രചിന്തകരെന്നുമൊക്കെ സ്വയം അവകാശപ്പെടുന്ന ആളുകളിൽ മഹാഭൂരിപക്ഷം പേരും ഏതാണ്ട് ഇതേ പോലെ വികലമായ ധാർമ്മികബോധമാണു പേറുന്നത് എന്നത് ഇപ്പറഞ്ഞതിൻ്റെ ഗൗരവം എത്രമാത്രമുണ്ടെന്നു തന്നെയാണു സൂചിപ്പിക്കുന്നത്. ഇത്തരം വളരെ പ്രസക്തമായ വിഷയങ്ങളിൽ പ്രതികരിച്ചാൽ അതിനു സ്വതന്ത്ര ചിന്തകരിൽ നിന്നു പോലും ഉണ്ടാകുന്ന റസ്പോൺസ് നോക്കിയാൽ നിരാശയാണു ഫലം. അതേ സമയം പൈങ്കിളി വികാരങ്ങളെ ഇക്കിളിയാക്കുന്ന വല്ല വിഷയവുമാണെങ്കിൽ അവിടെ ചാകര വന്നടിയുമ്പോലെ ആൾക്കൂട്ടം ഓടിക്കൂടും.

No comments: