Saturday, November 16, 2019
നന്മമരങ്ങൾ !
നന്മമരങ്ങൾ മുളയ്ക്കുന്നതും പന്തലിക്കുന്നതും !
ചാരിറ്റി പ്രവർത്തനം നമ്മുടെ സമൂഹത്തിൽ ഏറെ സ്വീകാര്യതയുള്ളതും എളുപ്പത്തിൽ വിറ്റു പോകുന്നതുമായ ഒരു നല്ല ബിസിനസ് ആണു. മനുഷ്യർ ചെയ്യുന്ന ഏറ്റവും മഹത്തായ പുണ്യ പ്രവൃത്തിയായാണു സമൂഹം ചാരിറ്റി പ്രവർത്തനങ്ങളെ കാണുന്നത്. മതവിശ്വാസമനുസരിച്ചും ഏറെ പുണ്യം കിട്ടുന്ന മഹാനന്മയാണു ജീവകാരുണ്യ പ്രവൃത്തികൾ. സമൂഹത്തിൻ്റെ ഈ പൊതുബോധത്തെ വിപണിയാക്കി നമ്മുടെ നാട്ടിൽ പൊട്ടി മുളച്ചു പെട്ടെന്നു വളർന്നു പന്തലിക്കുന്ന വൻ വ്യവസായമാണു ചാരിറ്റി.
സ്വകാര്യ കച്ചവടസ്ഥാപനങ്ങൾ ബിസിനസ് പരസ്യം കൊഴുപ്പിക്കാൻ ജീവകാരുണ്യത്തിൻ്റെ ചുളു മാർഗ്ഗം ഉപയോഗപ്പെടുത്തുന്നതു കാണാം. ആൾദൈവങ്ങൾ വളരുന്നതും ഈ വിദ്യ ഉപയോഗിച്ചാണു. സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമൊക്കെ സമൂഹത്തിൽ പെട്ടെന്നു പടർന്നു കയറി വേരുറപ്പിക്കാൻ ചാരിറ്റിയെ ഫലപ്രദമായി ചൂഷണം ചെയ്യുന്നു.
അധികം മെയ്യനങ്ങാതെ, കാര്യമായ മൂലധനം മുടക്കാതെ , മാനസികമായും ശാരീരികമായും അധികം റിസ്കില്ലാതെ പെട്ടെന്നു സമൂഹത്തിൽ വേരുപിടിപ്പിച്ചു വളരാവുന്ന ഒന്നാന്തരം ഉഡായിപ്പാണു ജീവകാരുണ്യപ്രവർത്തനങ്ങൾ.
സമൂഹം ഇതൊരു അതിമഹത്തായ പുണ്യപ്രവൃത്തിയായി കാണുന്നതിനാൽ ഇത്തരം ഉഡായിപ്പുമായി വരുന്നവർക്കു ധാരാളം പണം ലഭിക്കും. ആ പണത്തിൽ നിന്നും ഒരു പങ്കെടുത്തു ചാരിറ്റിക്കു നീക്കിവെക്കുന്നതോടെ വീണ്ടും പണം ഒഴുകിവരാൻ ഇടയാകും. ഒപ്പം ഈ പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്കു സമൂഹത്തിൽ വലിയ ആദരവും അംഗീകാരവും പ്രചാരണവും ലഭിക്കുന്നു. അവർ പെട്ടെന്നു സെലിബ്രിറ്റികളായി മാറും. സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യാനും സമ്മേളനങ്ങളിൽ മുഖ്യാതിഥികളാകാനും തെരഞ്ഞെടുപ്പിൽ മൽസരിക്കാനും വോട്ടു പിടിക്കാനുമൊക്കെ ഇക്കൂട്ടർ ക്ഷണിക്കപ്പെടും. അതോടെ വലിയ സമ്മാനങ്ങളും ലഭിക്കും. ഇന്നോവയും ലക്ഷങ്ങളുടെ വീടുമൊക്കെ നന്മമരങ്ങൾക്കു വൻ മുതലാളിമാരിൽ നിന്നും പാരിതോഷികങ്ങളായി കിട്ടാൻ തുടങ്ങും. അതോടെ നന്മമരങ്ങളുടെ ജീവിതം കുശാലായി.
വന്നടിയുന്ന പണത്തിൽ നിന്നും ഒരു പങ്കു പിന്നെയും പിന്നെയും ചാരിറ്റിക്കായി നീക്കി വെക്കുന്നതോടെ ഈ വ്യവസായം വളർന്നു നിലവിട്ടനിലയിലേക്കുയരുന്നു.
ഈ പറഞ്ഞതിനർത്ഥം ജീവകാരുണ്യപ്രവർത്തനങ്ങൾ മോശം ഏർപ്പാടാണു എന്നല്ല. എന്നാൽ സമൂഹത്തിൻ്റെ പൊതുബോധത്തെ വളരെ വേഗം ചൂഷണം ചെയ്യാനാവുന്നു എന്നതിനാൽ ഈ രംഗം ഉഡായിപ്പുകളുടെയും തട്ടിപ്പുകളുടെയും ചാകരയാണു എന്നാണു പറഞ്ഞത്.
നമ്മൾ മീൻ തിന്നുമ്പോൾ പൂച്ചയ്ക്കും മുള്ളു കിട്ടും . എന്നാൽ നമ്മൾ മീൻ പിടിക്കുന്നതും തിന്നുന്നതും പൂച്ചയ്ക്കു മുള്ളു കിട്ടാനാണെന്നു വ്യാഖ്യാനിച്ചാൽ അതൊരു ഉഡായിപ്പു പറച്ചിൽ മാത്രമാണു. അതേ പോലെയാണു നന്മ മരങ്ങളും ആൾദൈവങ്ങളുമൊക്കെ സമൂഹത്തിലെ അവശരെയും അശരണരെയും സഹായിക്കാൻ മാത്രമായി നിസ്വാർത്ഥ സേവനമാണു ചെയ്യുന്നത് എന്നു കരുതുന്നതും.
ഇനി ഈ വിഷയത്തിൽ സ്വതന്ത്ര ചിന്തകരായ യുക്തിവാദികളുടെ നിലപാട് എന്താകണം എന്നതു സംബന്ധിച്ച എൻ്റെ അഭിപ്രായം കൂടി പറയാം. പലപ്പോഴും നമ്മുടെ എതിർ പക്ഷത്തുള്ള വിശ്വാസസംരക്ഷകർ ഉന്നയിച്ചു കേൾക്കാറുള്ള ഒരു ചോദ്യമാണു യുക്തന്മാർ ഈ സമൂഹത്തിനു വേണ്ടി എന്തു നന്മയും സേവനവുമാണു ചെയ്യുന്നത്? അവർ എന്തെങ്കിലും കാരുണ്യപ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടോ? എന്നത്.
ചാരിറ്റിക്ക് അർഹതയുള്ള ആളുകൾക്ക് ആവശ്യാനുസാരം സേവനങ്ങളും സഹായങ്ങളും നൽകേണ്ടതു സ്വകാര്യവ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ അല്ല, മറിച്ച് അതു ഒരു വികസിത പരിഷ്കൃത സമൂഹത്തിൻ്റെ പൊതുബാധ്യതയാണു എന്നതാണു ഇക്കാര്യത്തിലുള്ള നമ്മുടെ നിലപാട്. വികസിത രാജ്യങ്ങളിലൊക്കെ സോഷ്യൽ സെക്യൂരിറ്റി സംവിധാനങ്ങൾ വളരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഒരു മേഖലയാണിത്. ആളുകൾ അഴിമതി ഇല്ലാതെ ബാധ്യതപ്പെട്ട നികുതി നൽകുന്നു കൂടാതെ സമ്പന്നർ ചാരിറ്റിക്കായി വലിയ തുക സർക്കാർ സംവിധാനങ്ങൾക്കു നേരിട്ടു നൽകുകയും ചെയ്യുന്നു. ആ പണം ഉപയോഗിച്ച് ഗവണ്മെൻ്റു സംവിധാനങ്ങൾ വഴി ചാരിറ്റി പ്രവർത്തനം നടക്കുന്നു. ഇതാണു ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം. ഇത്തരം സംവിധാനം ഫലപ്രദമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണു വേണ്ടത്. അതു നടപ്പിലാകും വരെ ചാരിറ്റി പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിലും തട്ടിപ്പും ചൂഷണവും ഇല്ലാതെയും സർക്കാർ നിയന്ത്രണത്തോടെ നടപ്പാക്കുന്നതു തുടരാവുന്നതുമാണു.
ഇപ്പറഞ്ഞതിനു മനശാസ്ത്രപരമായ കാരണം കൂടിയുണ്ട്. വ്യക്തികളിൽനിന്നോ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ സഹായം സ്വീകരിക്കുമ്പോൾ ആ ഗുണഭോക്താക്കൾക്കു അതു ഒരു ഔദാര്യമാണെന്ന അപകർഷത തോന്നാനിടയാകും. സഹായിക്കുന്നവർക്കും അതിൻ്റെ പേരിൽ അവരുടെ മേൽ ഒരു അധികാരവും ആധിപത്യവും പുലർത്താനുള്ള സാധ്യതയും നിലനിൽക്കും. എന്നാൽ സർക്കാർ സംവിധാനം വഴി സഹായം കിട്ടുമ്പോൾ അതു തങ്ങളുടെ അവകാശമായി മാത്രമേ ഫീൽ ചെയ്യുകയുള്ളു. അതിനു പണം നൽകുന്നവർക്ക് ഗുണഭോകതാക്കളുമായി നേരിട്ടു ബന്ധമില്ലാത്തതിനാൽ ഈ വക കോമ്പ്ലക്സുകൾക്കു സാധ്യതയില്ല.
ഒരു പാടു അവശരും അശരണരും ഉള്ള സമൂഹം എന്നേടത്തുനിന്നും സാമൂഹ്യ സുരക്ഷയുള്ള ഒരു നല്ല സമൂഹം എന്നേടത്തേക്കു വളരുന്നതിനാവശ്യമായ സാമൂഹ്യ വികസനമായിരിക്കണം നമ്മുടെ ലക്ഷ്യം. അതു സാധ്യമാകണമെങ്കിൽ നാം ഒരു ഉയർന്ന പൗരബോധമുള്ള തുറന്ന ജനാധിപത്യ സമൂഹമായി വികസിക്കേണ്ടതുണ്ട്. അതിനു പാരമ്പര്യ ശീലങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അവികസിത ധാർമ്മിക ബോധങ്ങളുടെയും മാറാലക്കെട്ടുകളിൽനിന്നും ചിന്താപരമായി മോചനം നേടിയ ഒരു സ്വതന്ത്ര ചിന്താ സമൂഹം വികസിക്കേണ്ടതുണ്ട്. അത്തരമൊരു സമൂഹത്തിൻ്റെ സൃഷ്ടിക്കായി ലഭേഛ കൂടാതെ സ്വാർത്ഥ താല്പര്യങ്ങളില്ലാതെ ത്യാഗമനസ്സോടെ പ്രവർത്തിക്കുന്നവരാണു യഥാർത്ഥ യുക്തിവാദികൾ.
പരലോക സ്വർഗ്ഗവും ഇഹലോക ലാഭവും മോഹിക്കാതെ നിസ്വാർത്ഥമായി സാമൂഹ്യ സേവനം ചെയ്യുന്ന യഥാർത്ഥ മനുഷ്യരുടെ നന്മ കാണാൻ കഴിയാത്ത അന്ധത ബാധിച്ച കണ്ണുകളാണു നമുക്കു ചുറ്റുമുള്ളത്. അവർ നമ്മെ സമൂഹ ശത്രുക്കളായും തിന്മയുടെ വക്താക്കളായും തെറ്റിദ്ധരിച്ച് കല്ലെറിയുകയും തെറി വിൾകിക്കുകയും ചെയ്യുന്നു. നമുക്ക് എവിടെയും ആദരവുകളോ സമ്മാനങ്ങളോ ലഭിക്കുന്നില്ല. നാം ചെയ്യുന്ന പ്രവൃത്തികളുടെ ഗുണഫലങ്ങളും നമുക്ക് ജീവിതകാലത്തു കാണാനും അനുഭവിക്കാനും കഴിയുകയുമില്ല. വരും തലമുറകൾക്കു മാത്രം ലഭ്യമാകുന്ന ഗുണഫലങ്ങളെ കുറിച്ചുള്ള വിദൂര സ്വപനം മാത്രമാണു നമുക്ക് പ്രചോദനമായുള്ളത്. അതൊന്നും പക്ഷെ ഒരു അപരിഷ്കൃത പാരമ്പര്യ സമൂഹത്തിനു ബോധ്യമാകുന്ന കാര്യമല്ലല്ലൊ.
യുക്തിവാദികളാരും ആരെയും സഹായിക്കാറില്ല എന്ന ആരോപണവും അടിസ്ഥാനരഹിതമാണു. യുക്തിവാദികൾ പത്തു രൂപയുടെ സഹായം ആർക്കെങ്കിലും ചെയ്താൽ അതിനു പെരുമ്പറകൊട്ടി നൂറു രൂപയുടെ പരസ്യം കൊടുക്കാറില്ല എന്നേയുള്ളു. കാരണം അവർ കച്ചവടക്കാരല്ലല്ലൊ.
Subscribe to:
Post Comments (Atom)
No comments:
Post a Comment