Wednesday, November 13, 2019
കുഞ്ഞുട്ടി തെന്നലയ്ക്ക് ഒരു മറുപടി
അയോധ്യ വിധിയിൽ ഞാനും അസ്വസ്ഥനാണു. തവ്ഹീദിൻ്റെ പള്ളി പൊളിച്ച് ശിർക്കിൻ്റെ അമ്പലം പണിയുന്നു എന്നതല്ല എൻ്റെ അസ്വാസ്ഥ്യം. എൻ്റെ നാടിൻ്റെ മഹത്തായ മതനിരപേക്ഷ ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ സംസ്കൃതിയും പതുക്കെ പതുക്കെ മതരാഷ്ട്ര സങ്കല്പത്തിലേക്കു ചുവടു വെക്കുന്നു എന്ന തിരിച്ചറിവാണു എന്നെ അസ്വസ്ഥനാക്കുന്നത്. അവസാന പ്രതീക്ഷയായിരുന്ന ജുഡീഷ്യറി പോലും സംഘിസത്തിൻ്റെ സ്വാധീനത്തിലമരുന്നു എന്ന വസ്തുതയാണു എന്നെ വേദനിപ്പിക്കുന്നത്. അതു കേവലം മുസ്ലിം ന്യൂനപക്ഷത്തിൻ്റെ പ്രശനമല്ല. മതന്യൂനപക്ഷങ്ങളുടെ മാത്രം വിഷയമല്ല. എന്നെപ്പോലുള്ള മതമില്ലാത്ത മനുഷ്യജീവികളുടെ കൂടി പ്രശ്നമാണു. ഞങ്ങളും ഇവിടെ ന്യൂനപക്ഷമാണു. സംഘികൾ ഇന്ത്യയിൽ കൊന്നു തള്ളുന്നതു മുസ്ലിമ്ങ്ങളെ മാത്രമല്ല, സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക നവോഥാന നായകരുമൊക്കെയാണു അടുത്ത നാളുകളിൽ ഇവിടെ സംഘിയുടെ കൊലക്കത്തിക്കും തോക്കിനും ഇരയായത്. മുസ്ലിമ്ങ്ങളിൽ ഒരു നേതാവും കൊല്ലപ്പെട്ടതായി അറിവില്ല. സാധാരണക്കാരാണു കൊലക്കിരയായിട്ടുള്ളത്. നേതാക്കളുടെയും സാധാരണക്കാരുടെയും ജീവൻ്റെ വില തുല്യമാണെങ്കിലും രണ്ടിൻ്റെയും സന്ദേശം വിഭിന്നമാണു.
കുഞ്ഞുട്ടിയെ പോലുള്ളവർക്ക് പക്ഷെ എല്ലാ മനുഷ്യരുടെയും ജീവൻ ഒരുപോലെയല്ല. അവർക്ക് ഞമ്മൻ്റെ ആൾക്കാർ പീഡിപ്പിക്കപ്പെടുമ്പോൾ മാത്രം എരിച്ചിൽ അനുഭവപെടുന്ന ഒരു പ്രത്യേക തരം മനസ്സാണുള്ളത്. അവരുടെ കോങ്കണ്ണിൽ അത്തരം കാഴ്ചകൾ മാത്രമേ ഇടം പിടിക്കൂ. അയോധ്യയിലേക്കും ബംഗ്ലാദേശിലേക്കും ഏതാണ്ടു ഒരേ ദൂരമാണു നമുക്ക്. സാങ്കേതികമായി മറ്റൊരു രാജ്യമാണെങ്കിലും ഭൂമിശാസ്ത്രപരമായി നമ്മുടെ രാജ്യത്തിനുള്ളിലാണു ബംഗ്ലാദേശ്. ഭാഷയും സംസ്കാരവുമൊക്കെ നമ്മുടെ ബംഗാളിൻ്റേതുമാണു. രാജ്യത്തോടു ഓരം ചേർന്നു കിടക്കുന്ന പാകിസ്ഥാനിലും ഉണ്ട് മനുഷ്യർ. അവിടെയൊക്കെ മതന്യൂനപക്ഷങ്ങളും മതേതര മനുഷ്യരും ഭീകരമായി വേട്ടയാടപ്പെടുന്നു. ഭരണകൂടങ്ങളുടെ ഒത്താശയോടെതന്നെ. ബംഗ്ലാദേശിൽ അടുത്തകാലത്തായി ഇസ്ലാമികഭീകരരുടെ കൊലക്കത്തിക്കിരയായത് ഇരുപതിൽ പരം ചെറുപ്പക്കാരാണു. മതേതരത്വത്തിൻ്റെയും മാനവികതയുടെയും ആശയങ്ങൾ കുറിപ്പുകളായും കമൻ്റുകളായും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു എന്നതായിരുന്നു "കുറ്റം" !
ഇതേ കുറ്റത്തിനു നിരവധി പേർ വധശിക്ഷ കാത്തു ജയിലിൽ കിടക്കുന്നു മറ്റു ചില രാജ്യങ്ങളിൽ. ഈ വക മനുഷ്യാവകാശ പ്രശ്നങ്ങളിലൊന്നും മനസ്സു നീറാത്ത കുഞ്ഞുട്ടിമാർ ഉത്തരേന്ത്യയിലെ മുസ്ലിം വേട്ടയിൽ മാത്രം വ്യാകുലപ്പെടുന്നു. അതാണു കുഞ്ഞുട്ടിക്കാ നമ്മൾ തമ്മിലുള്ള വ്യത്യാസം. നിങ്ങൾ ഇനിയും "മനുഷ്യർ" ആയിട്ടില്ല. ഇപ്പോഴും "മുസ്ലിമ്ങ്ങൾ" മാത്രമായി ജീവിക്കുന്നു. മുസ്ലിം കണ്ണിലൂടെ മാത്രം നോക്കുന്നു. മുസ്ലിം മനസ്സു കൊണ്ടു മാത്രം ചിന്തിക്കുന്നു. മുസ്ലിം ഹൃദയം കൊണ്ടു മാത്രം വേദനിക്കുന്നു. മനുഷ്യരാകൂ എന്നു നിങ്ങളോടു പറയുമ്പോൾ നിങ്ങൾ വല്ലാതെ പ്രകോപിതരാകുന്നു. കാരണം മനുഷ്യരായിട്ടില്ല എന്നു തിരിച്ചറിയാൻ പറ്റാത്ത വിധം നിങ്ങളുടെ മനസ്സുകൾ ഏങ്കോണിച്ചു തന്നെ നിലകൊള്ളുന്നു.
അതുകൊണ്ടു തന്നെയാണു ഞങ്ങൾ സ്വതന്ത്ര ചിന്തകർ നടത്തുന്ന ദ്വിദിന സെമിനാറിലെ 17 വിഷയങ്ങളിൽ ഒരേയൊരു ഇസ്ലാം വിമർശനം മാത്രം നിങ്ങളുടെ മഞ്ഞക്കണ്ണിൽ കാണുന്നത്. മറ്റു വിഷയങ്ങളൊന്നും നിങ്ങൾക്കു "വിഷയം " അല്ലാതാകുന്നതും.
എൻ്റെ വിഷയം ഇന്നും പ്രസക്തമാകുന്നതും അതേ കാരണം കൊണ്ടു തന്നെ.
ഇസ്ലാം വിമർശന വിഷയങ്ങളിൽ ഞാൻ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഭാഗമാണു ഇസ്ലാമിൻ്റെ ചരിത്രം. അതു കൂടി പറഞ്ഞ് ഈ പരിപാടി പതുക്കെ അവസാനിപ്പിക്കാമെന്നായിരുന്നു വിചാരം. പക്ഷെ നാക്കു പൊങ്ങുന്ന കാലം വരെ ഈ ദൗത്യം തുടരേണ്ടതുണ്ട് എന്നു പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുകയാണു കുഞ്ഞുട്ടിമാരും അവരുടെ പ്രതികരണങ്ങളും. ഈ പറഞ്ഞതിൻ്റെ ഒക്കെ പൊരുൾ മനസ്സിലാകണമെങ്കിൽ കുഞ്ഞ്ട്ടി സഖാവേ ആദ്യം "ഇജ്ജ് ഒരു മനുസനാകാൻ നോക്ക് " !
Subscribe to:
Post Comments (Atom)
No comments:
Post a Comment