Tuesday, October 15, 2019

സംവാദത്തിനു തയ്യാറാണു; ഉഡായിപ്പിനില്ല. !

സംവാദത്തിനു തയ്യാറാണു; ഉഡായിപ്പിനില്ല. ! ------ ഞാനുമായി സംവാദത്തിനുണ്ടോ? എന്നും ചോദിച്ച് മതരംഗത്തു തറവാടും മേൽ വിലാസവുമില്ലാത്ത ചില വെറും വ്യക്തികൾ ഇപ്പോൾ രംഗത്തു വരുന്നു. ഏതു സംഘടനയാണെന്നു ചോദിക്കുമ്പോൾ സംഘടനയൊന്നുമില്ല ഞാൻ ഞാൻ മാത്രം എന്ന മറുപടി വരും. അങ്ങനെയുള്ള സംവാദങ്ങൾക്കോ പരിപാടികൾക്കോ താല്പര്യമില്ല എന്നറിയിക്കുന്നതോടെ “തോറ്റോടിയേ” എന്ന നിലവിളിയുമായി പിന്നെ ആഘോഷം. ഇതാണിപ്പോഴത്തെ ഒരു ഇത്. ഇങ്ങനെയുള്ളവർക്കായി ചില കാര്യങ്ങൾ അറിയിക്കനാണു ഈ കുറിപ്പ്. മതസംഘടനകളോ ഉത്തരവാദപ്പെട്ട മേൽവിലാസമോ ഇല്ലാത്ത (ചോദിക്കാനും പറയാനും ആളില്ലാത്ത) സ്വന്തമായി അംഗീകൃത പ്രമാണം പോലും ഇല്ലാത്ത വ്യക്തികൾ അവർക്കു തോന്നുന്നതു വിളിച്ചു പറയുമ്പോൾ അതിനു മറുപടികൾ പറയേണ്ട ബാധ്യതയൊന്നും മതവിമർശകർക്കില്ല. അത്തരം ഉഡായിപ്പുകൾ ഒരു പാടു കണ്ടും അനുഭവിച്ചുമുള്ള പരിചയം കൊണ്ടു തന്നെയാണിങ്ങനെയൊരു നിലപാടു സ്വീകരിക്കേണ്ടി വരുന്നത്. ചില അനുഭവങ്ങൾ പറയാം. പത്തുമുപ്പതു കൊല്ലങ്ങൾക്കു മുമ്പ് തിരൂരങ്ങാടിയിലെ ഒരു പ്രൊഫസർ (അദ്ദേഹം മുജയോ ജമയോ എന്നു നിശ്ചയമില്ല) കുർ ആനിൽ ഏതാണ്ടൊക്കെ കണക്കിൻ്റെ കളികളും അൽഭുതങ്ങളുമുണ്ട് എന്നും പറഞ്ഞു പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുർ ആൻ മുഴുക്കെ 19 കളുടെ അൽഭുതനൃത്തമാണു എന്നൊക്കെയായിരുന്നു കാച്ച് ! ഈ അൽഭുതമൊന്നു പരിശോധിക്കാനായി മക്കരപരമ്പിലുള്ള അധ്യാപകനായ എൻ്റെ സുഹൃത്ത് രണ്ടു മാസം സ്കൂളിൽ നിന്നു ലീവെടുത്ത് കുർ ആനും നോട്ടുബുക്കും മലർത്തി വെച്ചു പഠനം നടത്തി. ഓരോ വരിയും സൂഷ്മതയോടെ വായിച്ച് അക്ഷരങ്ങളും വാക്കുകളും എണ്ണി നോട്ടിൽ കുറിച്ച് കൂട്ടിയും ഗുണിച്ചും വളരെ പണിപ്പെട്ടാണു അദ്ദേഹം 19 ൻ്റെ അൽഭുതക്കണക്കുകൾ ഓരോന്നായി പരിശോധിച്ചത് . രണ്ടു മാസം നീണ്ട ശ്രമകരമായ ബൗദ്ധികാദ്ധ്വാനം. ഒടുവിൽ ഫലം പരിശോധിച്ചപ്പോൾ പ്രൊഫസറുടെ ബുക്കിൽ പറയുന്ന കണക്കുകൾ 100% തെറ്റ്. മരുന്നിനു ഒരെണ്ണം പോലും ശരിയല്ലാത്ത വെറും കള്ളക്കണക്കുകളായിരുന്നു ആ “അൽഭുതം”. ഉടനെ അദ്ദേഹം പ്രൊഫസറെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഒരെണ്ണം പോലും ശരിയല്ലല്ലോ എന്ന് പറഞ്ഞപ്പോൾ അപ്പുറത്തുനിന്നുള്ള പ്രതികരണം അദ്ദേഹത്തെ ഞെട്ടിച്ചു കളഞ്ഞു. “ഞാനത് റഷാദ് കലീഫ എ ന്നൊരാളുടെ പുസ്തകത്തിൽ നിന്നും തർജ്ജമ ചെയ്തതാണു . ഞാൻ എണ്ണി നോക്കി പരിശോധിച്ചിട്ടില്ല” ഈ മറുപടി കേട്ട സുഹൃത്ത് തൻ്റെ രണ്ടു മാസത്തെ അദ്ധ്വാനത്തിൻ്റെ ഫലം ഓർത്തു നെടുവീർപ്പിടുകയും അദ്ദേഹത്തിൻ്റെ ധാർമ്മികതയെ തന്നെ ചോദ്യം ചെയ്യും വിധം സംസാരിക്കാൻ തുടങ്ങുകയും ചെയ്തതോടെ ടിയാൻ ഫോൺ കട്ടാക്കി . ഈ റഷാദ് കലീഫ ഒരു തട്ടിപ്പു വീരനാണെന്നു പിന്നീട് തെളിയിക്കപ്പെട്ടു. ഇനി മറ്റൊരു അനുഭവം . ഇമ്മിണി വലിയ സ്നേഹസംവാദക്കാരായ ചിലർ ഇതുപോലുള്ള കുർ ആൻ ശാസ്ത്ര അൽഭുതകഥകളൂമായി രംഗത്തു വന്ന കാലം തന്നെ. കുർ ആനിലെ ഏഴാകാശങ്ങളെ ശാസ്ത്രമാക്കാനായി ഒരു വ്യാഖ്യാനം പുറത്തിറക്കി. അന്തരീക്ഷവായുവിൻ്റെ ഏഴു പാളികൾ ശാസ്ത്രം കണ്ടെത്തീട്ടുണ്ട് അതാണു ഏഴാകാശം എന്നായിരുന്നു വ്യാഖ്യാനം. ഇത് ആനമണ്ടത്തരമാണെന്നു വിശദീകരിച്ച് ഞാൻ തന്നെ 30 കൊല്ലം മുമ്പ് യുക്തിവാദപ്രസിദ്ധീകരണങ്ങളിൽ എഴുതുകയും ഈ വ്യാഖ്യാതക്കൾക്ക് നേരിട്ട് അയച്ചു കൊടുക്കുകയും ചെയ്തു. ഏറ്റവും താഴത്തെ ഒന്നാം ആകാശത്താണു കോടാനകോടി നക്ഷത്രങ്ങളും പറ്റിച്ചു വെച്ച് അള്ളാഹു ആകാശത്തിനു അലങ്കാരപ്പണി നടത്തീട്ടുള്ളത് എന്നാണു കുർ ആനിലുള്ളത്. അങ്ങനെയെങ്കിൽ ഭൂമിയിൽ നിന്നും 12 കിലോമീറ്റർ വരെ അകലത്തിലുള്ള അന്തരീക്ഷപാളിയിലാകും നക്ഷത്രങ്ങളും ഗ്യാലക്സികളുമെല്ലാം പറ്റിച്ചു വെച്ചിരിക്കുന്നത്. ഇത്രയും വലിയ മരമണ്ടത്തരം പാവം അള്ളാഹുവിൻ്റെ തലയിൽ വെച്ചുകെട്ടണോ എന്നാണു ഞാനന്നു ഇവരോടു ചോദിച്ചത്. ഇതൊന്നും കണ്ട ഭാവം നടിക്കാതെ ഈ ഉഡായിപ്പുവ്യാഖ്യാനം പിന്നെയും കുറെ കാലം ഇവർ ആവർത്തിച്ചുകൊണ്ടിരുന്നു. അടുത്ത കാലത്താണു ഇതിനു പകരം മറ്റു ചില വിശദീകരണവുമായി ഗോൾ പോസ്റ്റു മാറ്റിയത്. ഫിർ ഔൻ ൻ്റെ ഉണക്കജഡവും കൊണ്ടു വന്നു ദൃഷ്ടാന്തം തെളിയിച്ചിരുന്നവർ ഇപ്പോൾ അതും സ്വയം പൊളിച്ചടുക്കിയല്ലൊ. ദുനിയാവിൻ്റെ നടുവിലാണു മക്കയും ക അബയും എന്ന മണ്ടത്തരവും ഇതുപോലെ വളരെ മുമ്പേ ഞങ്ങൾ പൊളിച്ചതാണു. എന്നാൽ ഈയിടെ ഒരു മോല്യാർ ഒരു പുതിയ ന്യായവും കൊണ്ടു വന്നു പിന്നെയും മക്കയെ നടുക്കാക്കിയതു കണ്ടു. ആ ന്യായങ്ങളും തെറ്റാണെന്നു ഞാനൊരു പോസ്റ്റിൽ വിശദമാക്കിയപ്പോൾ താഴെ കമൻ്റിട്ട പല ദീനി സംരക്ഷകരും മോല്യാരെ തള്ളിപ്പറയുന്നതായി കണ്ടു. മോല്യാരു പറയുന്നത് അയാളുടെ മാത്രം അഭിപ്രായമാണു ഇസ്ലാമിനുത്തരവാദിത്തമില്ല . അവിടെയും മറുപടി പറയാൻ മെനക്കെട്ട ഞമ്മളു ശശി! ജമാ അത്തെ ഇസ്ലാമിയുടെ യുവപ്രതിനിധി എന്ന നിലയിൽ വന്ന മുഹമ്മദ് ഷമീമും ഞാനുമായി ഒരു സംവാദം നടന്നിരുന്നു. ആ സംവാദത്തിനിടെ ഞാൻ ജമാ അത്തിനെയും മൗദൂദിയെയും പരാമർശിച്ചു ചില വിമർശനങ്ങൾ ഉന്നയിച്ചതോടെ ഷമീം ജമാ അത്തിനെയും മൗദൂദിയെയും തള്ളി വെറും "ഞാൻ" മാത്രവാദിയായി. ഇതാണു ഇവരുടെ സ്ഥിരം കലാപരിപാടി. നമ്മൾ കുർ ആനും ഹദീസും പ്രമാണങ്ങളും ബന്ധപ്പെട്ട സംഘടനക്കാർ തന്നെ അംഗീകരിക്കുന്ന പണ്ഡിതരെയുമൊക്കെ ഉദ്ധരിച്ചു കാര്യങ്ങൾ പറയുന്നതോടെ ഇവർ ഗോൾ പോസ്റ്റും പറിച്ചുകൊണ്ട് ഓടും. അതിൻ്റെയൊന്നും ആളു ഞമ്മളല്ല എന്നും പറഞ്ഞു തടി സലാമത്താക്കും. ഈ ഉഡായിപ്പിനു ചെലവഴിക്കാൻ ഇനി നമ്മുടെ സമയവും ഊർജ്ജവും പാഴാക്കേണ്ടതില്ല എന്നാണു തീരുമാനം. ഒരു മതത്തെ ആധികാരികമായി പ്രതിനിധാനം ചെയ്യുന്ന ഉത്തരവാദപ്പെട്ട അറിയപ്പെടുന്ന ഏതെങ്കിലും സംഘടനാ പണ്ഡിതന്മാർ വന്നാൽ സംവാദമാവാം. അല്ലാതെ ചോദിക്കാനും പറയാനും ആളില്ലാത്ത ഏതെങ്കിലും അറിയപ്പെടാത്ത പിള്ളാരുമായൊന്നും സംവാദത്തിനു താല്പര്യമില്ല. അങ്ങനെയുള്ളവർക്ക് സംവാദപരിശീലനം നടത്താൻ അതേ വിതാനത്തിലുള്ള പിള്ളാരെ തന്നെ സമീപിക്കാം. . മറ്റൊരു കാരണം കൂടിയുണ്ട്. ഉത്തരവാദപ്പെട്ട മേൽ വിലാസമുള്ള വേദികളിലല്ലാതെ ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ പോകേണ്ടതില്ല എന്നതു സംഘടനാപരമായ ഒരു തീരുമാനവും നിർദേശവും ആണു. സുരക്ഷാ കാരണങ്ങളാൽ പോലീസ് അധികാരികളും അപ്രകാരം നിർദേശിച്ചിട്ടുണ്ട്. അതിനാൽ ഇങ്ങനെ ആരെങ്കിലും വന്ന് എന്നോടു മുട്ടാനുണ്ടോ എന്നു വെല്ലു വിളിക്കേണ്ടതില്ല എന്ന് ഇതിനാൽ ഒരിക്കൽ കൂടി അറിയിച്ചുകൊള്ളുന്നു. നമ്മൾ മതപ്രമാണങ്ങൾ ഉദ്ധരിച്ചു വിമർശിക്കുമ്പോൾ ഇവർക്കു പ്രമാണങ്ങളുടെ ആധികാരികതയൊക്കെ ഫയങ്കര പ്രശ്നമാണു. ഹദീസാണെങ്കിൽ സ്വഹീഹ് ആയാലും പോരാ. സനദ് പരമ്പര മുഴുവനും നമ്മൾ തന്നെ കൊടുക്കണം. കുർ ആനാണെങ്കിൽ ആ പരിഭാഷയും ഈ പരിഭാഷയും പറ്റൂല. നമ്മൾ ഉദ്ദരിക്കുന്ന മുഫസ്സിറുകളെ പറ്റൂല. മാലികി മധബിൽ ഉണ്ട് എന്നു മഹാപണ്ഡിതരോ മഹാമുഫസ്സിറുകളോ പറഞ്ഞിട്ടുണ്ട് എന്നു തെളിവു കൊടുത്താലും പറ്റൂല. മാലിക് തന്നെ പറയണം. അതും കിതാബിൽ പോരാ. ഖബറിൽ നിന്നും എണീറ്റു വന്ന് സ്റ്റേജിൽ ഹാജറായി പറയണം. അങ്ങനെ പലതും പറഞ്ഞു മെഴുകുന്നവർക്ക് പക്ഷെ അവരുടെ ഉഡായിപ്പുകൾക്കും വ്യാഖ്യാന അഭ്യാസങ്ങൾക്കും ഒരു പ്രമാണപിന്തുണയും വേണ്ട. ഇസ്ലാമിൻ്റെയും പ്രവാചകൻ്റെയും മഹത്വവും പോരിശയും പൊക്കിക്കാട്ടാൻ ഇവർക്ക് ഒരു മേൽ വിലാസം പോലുമില്ലാത്ത കള്ളഹദീസുകളും തനി വ്യാജരേഖകളും വരെ ഒട്ടിക്കാം. അതിനൊരു കുഴപ്പവുമില്ല. സന്ദർഭം പോലെ പ്രമാണങ്ങളെയും കിതാബുകളെയും മുഫ്തിമാരെയും ഇവർ തള്ളും. ഇവരുടെ ആധികാരികന്മാരൊക്കെ ഞൊണ്ടി ന്യായം പറഞ്ഞു സംവാദങ്ങളിൽനിന്നും മുങ്ങുകയും ചെയ്യും. ഇപ്പോൾ യുക്തിവാദത്തിനും കുറച്ചു സ്വീകാര്യതയും "മാർക്കറ്റും" വന്നതിനാൽ യുക്തിവാദികളുമായൊക്കെ മുട്ടി ആളായിത്തീരാനും അതുവഴി വയളു മാർക്കറ്റിൽ മൈലേജുണ്ടാക്കാനും റേറ്റ് കൂട്ടാനുമൊക്കെ ചില വിരുതന്മാർ രംഗത്തു വരുന്നതായി കാണുന്നു. . നുണകൾ പറഞ്ഞു വന്ന ചിലർക്കു മറുപടി കൊടുത്തിരുന്നു. പക്ഷെ നുണകൾ പൊളിച്ചു കാണിച്ചിട്ടും അതേ കുറിച്ച് ഒന്നും ഉരിയാടാതെ ഉളുപ്പില്ലാതെ അതേ കള്ളത്തരം തുടരുന്നതായാണു കാണുന്നത്. അതിനാൽ തന്നെ ഇത്തരക്കാർക്കു മാർക്കറ്റ് ഉണ്ടാക്കിക്കൊടുക്കാൻ മാത്രമായി ഇനി മറുപടികളും പറയുന്നതല്ല. സത്യസന്ധരാണെങ്കിൽ ചൂണ്ടിക്കാണിച്ച തെറ്റുകൾ തിരുത്താനും തെറ്റു പറ്റിയെന്നു സമ്മതിക്കാനുമാണു തയ്യാറാകേണ്ടത്. ഞാൻ കഴിഞ്ഞ നാല്പതു വർഷത്തോളമായി ഇസ്ലാമിനെതിരെ കാര്യകാരണ സഹിതം പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ടു നടത്തിയിട്ടുള്ള വിമർശനങ്ങളിൽ ഒരെണ്ണത്തിനു പോലും അതിൻ്റെ മർമ്മം മനസ്സിലാക്കി മറുപടി നൽകാനോ ഖണ്ഡിക്കാനോ ഇന്നു വരെ ആർക്കും സാധിച്ചിട്ടില്ല എന്നത് എൻ്റെ ആത്മവിശ്വാസം പതിന്മടങ്ങായി വർദ്ധിപ്പിച്ചിട്ടുണ്ട്. മൈക്രോസ്കോപ് വെച്ച് ഇവർ എൻ്റെ വരികളെ പരിശോധിച്ചിട്ടുണ്ട് എന്നതും വ്യക്തമാണു. തീർത്തും അപ്രസക്തവും ബാലിശവുമായ ചില ഉണ്ടയില്ലാ വെടികൾ മാത്രമാണു ഇതു വരെ "മറുപടി" ആയി വന്നിട്ടുള്ളത്. എൻ്റെ വിമർശനങ്ങളിൽ മുഖ്യമായതെല്ലാം ഇപ്പോഴും ഹയാതിൽ ഉണ്ട്. ആർക്കും പരിശോധിക്കാം. വസ്തുതാപരമായ എന്തെങ്കിലും തെറ്റുകൾ ബോധ്യപ്പെടുത്തിയാൽ തെറ്റുകൾ തിരുത്താൻ ഇനിയും ഞാൻ തയ്യാറാണു. അന്യമതങ്ങളുമായും യുക്തിവാദി നേതാക്കളുമായുമൊക്കെ സ്നേഹസംവാദങ്ങൾ നടത്തി വിജയഭേരി മുഴക്കി നടക്കുന്ന വീരശൂരപരാക്രമികളായ മഹാപണ്ഡിതന്മാർ സംവാദത്തിനു തയ്യാറാണെങ്കിൽ താഴെ പറയുന്ന വിഷയങ്ങളിൽ പൊതു സ്റ്റേജിൽ പൊതു സദസ്സിനു മുന്നിൽ തുറന്ന സംവാദത്തിനു ഇനിയും തയ്യാറാണു. ഇരു പക്ഷത്തിനും തുല്യ സമയം , ഇരു പക്ഷത്തിനും സ്വീകാര്യരായ മോഡറേറ്റർമാർ എന്ന ഉപാധിയോടെ. സംവദിക്കാവുന്ന വിഷയങ്ങൾ:- *അള്ളാഹു ഉണ്ടോ? ( അള്ളാഹുവല്ലാത്ത ദൈവങ്ങളെ ഹാജറാക്കിയുള്ള സംവാദം മുസ്ലിം പണ്ഡിതന്മാരുമായി സാധ്യമല്ല.) *കുർ ആൻ അമാനുഷിക കൃതിയാണോ? *ഇസ്ലാമോ യുക്തിവാദമോ യുക്തിഭദ്രം? *ഇസ്ലാം, യുക്തി, ധാർമ്മികത. *ഇസ്ലാമും ആധുനിക സമൂഹവും *ഇന്ത്യൻ ഭരണഘടനയോ ഇസ്ലാമിക ഭരണഘടനയോ മികവുറ്റത്? *മാനവികതയും ഇസ്ലാമും. *യുക്തിവാദവും മതവിശ്വാസവും ....... (സംവാദത്തിനുള്ള ഈ ഓഫർ 6 മാസത്തേക്കു മാത്രം. പരമാവധി ഒരു വർഷം)

No comments: