Monday, September 16, 2019
ജീവകാരുണ്യവും യുക്തിവാദികളും
യുക്തിവാദത്തിൻ്റെ നടപ്പു ദീനം ചികിൽസിക്കാൻ വന്ന പ്രബോധനം ഉന്നയിക്കുന്ന ആരോപണങ്ങളിൽ ചിലതിനു കൂടി മറുപടി പറയാം. യുക്തിവാദികൾ പ്രകൃതിദുരന്തമുണ്ടാകുമ്പോൾ ദൈവങ്ങളെ കളിയാക്കുന്നു എന്നതാണു ഒരു കുറ്റം.
പ്രകൃതി ദുരന്തങ്ങളെ ദൈവത്തിൻ്റെ ശിക്ഷകളായും പരീക്ഷണങ്ങളായുമാണു മതം അവതരിപ്പിക്കുന്നത്. ഒരു യുക്തിവാദിക്കു മുള്ളു കുത്തിയാൽ പോലും അതു ദൈവനിഷേധത്തിനു കിട്ടിയ പ്രതിഫലമാണു എന്നു വ്യാഖ്യാനിച്ചു പരിഹസിക്കാൻ വിശ്വാസി സമൂഹം ഒരു മടിയും കാണിക്കാറില്ല. മത ചരിത്രം വിവരിക്കുമ്പോൾ പോലും അത്തരത്തിൽ ദൈവ കോപത്താൽ പുഴുത്തു ചത്തതിൻ്റെയും മുങ്ങിച്ചത്തതിൻ്റെയും ഉണക്കി സൂക്ഷിച്ചതിൻ്റെയുമൊക്കെ ദൃഷ്ടാന്തവിവരണവുമായി വരുന്നതും മതജീവികൾ തന്നെ. ഇതൊക്കെ തങ്ങൾക്കാവാമെങ്കിൽ തിരിച്ച് ദൈവങ്ങൾ തന്നെ മുങ്ങിച്ചാവുന്ന ദൃഷ്ടാന്തങ്ങൾ ദൈവമില്ല എന്നതിൻ്റെ തെളിവായും ചൂണ്ടിക്കാണിക്കാമല്ലൊ. ദുരന്തങ്ങളിൽ മരിക്കുന്ന മനുഷ്യരോട് അനാദരവു കാണിക്കുന്നത് ശരിയല്ല ആരായാലും. അവിശ്വാസികൾക്കു ദുരന്തം സംഭവിച്ചാൽ ആഘോഷിക്കാൻ കാത്തു നിൽക്കുന്ന വിശ്വാസികൾക്കും ഇപ്പറഞ്ഞ മര്യാദയൊക്കെ ബാധകമാണു. അതു കൂടി നിങ്ങളൊക്കെ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ നല്ലത്.
പിന്നെ മറ്റൊരു കാര്യം കൂടി സോഷ്യൽ മീഡിയ എന്നത് ഒരു പരന്ന ചന്തത്തെരുവ് സമാനമായ ഇടമാണു. അവിടെ എല്ലാ നിലവാരത്തിലുമുള്ള ആളുകൾ വന്നു കൂടുകയും അവരവരുടെ നിലവാരമനുസരിച്ചു പ്രതികരിക്കുകയും ചെയ്യും. അതിൻ്റെയൊന്നും ഉത്തരവാദിത്തം ആർക്കും ഏറ്റെടുക്കാനാവില്ല. അവരെയൊന്നും ആർക്കും നിയന്ത്രിക്കാനുമാവില്ല. വിശ്വാസ സംരക്ഷണാർത്ഥം ഓടിക്കൂടുന്നവരുടെ എല്ലാവരുടെയും ഉത്തരവാദിത്തം നിങ്ങൾക്കും തിരിച്ചു പ്രതികരിക്കുന്ന മുഴുവൻ പേരുടെ രക്ഷാകർതൃത്വം ഞങ്ങൾക്കും ഏൽക്കാനാവില്ല. അതിനാൽ തന്നെ ഏതെങ്കിലും ചന്തപ്പിള്ളാർ സോഷ്യൽ മീഡിയയിൽ തെറിയും അശ്ലീലവുമൊക്കെ പറയുന്നുണ്ടെങ്കിൽ അതൊക്കെ അവഗണിക്കുകയാണു പതിവ്. അല്ലാതെ അതിൽ നിന്നൊക്കെ “പ്രമാണം” ഉദ്ധരിച്ചു യുക്തിവാദത്തെ ആക്രമിക്കുന്ന നിങ്ങളുടെ നിലവാരത്തിലേക്കു തരം താഴുന്നില്ല. അധിക്ഷേപങ്ങളും തെറിയും വിഷയം മാറ്റാനുള്ള തറവേലകളുമൊക്കെ ഇവിടെ പതിവായി ആവർത്തിക്കുന്നതു വിശ്വാസപക്ഷത്തുള്ളവർ തന്നെയാണു. അതു അസഹ്യമാവുമ്പോൾ മറുപക്ഷത്തുനിന്നും നിലവാരമില്ലാത്ത പ്രതികരണങ്ങൾ കാണാറുണ്ട്. അതൊക്കെ ഒഴിവാക്കി മാന്യവും ജനാധിപത്യപരവുമായ സംവാദങ്ങൾ തന്നെയാണു ആഗ്രഹിക്കുന്നത്. അതിനു തടസ്സം നിൽക്കുന്നതു ആരാണെന്നു എല്ലാവർക്കും പ്രത്യക്ഷത്തിൽ തന്നെ ബോധ്യമാവുന്നുണ്ട്. ഇതേ പ്രബോധനം എനിക്കെതിരെ മുമ്പൊക്കെ എഴുതി വിട്ടിട്ടുള്ള അശ്ലീലപ്രയോഗങ്ങളും നിലവാരം കുറഞ്ഞ വ്യക്തിഹത്യയുമൊക്കെ എൻ്റെ കയ്യിൽ ഉണ്ട്. ഇതുവരെ യുക്തിവാദത്തെയും യുക്തിവാദികളെയും നേരിടാൻ മാന്യമായ ഭാഷയൊന്നും നിങ്ങൾക്കു പതിവുണ്ടായിരുന്നില്ല എന്നു ഓർമ്മിപ്പിച്ചുവെന്നേയുള്ളു.
ഞാൻ കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇവിടെ ഇസ്ലാമിനെതിരെ ഉന്നയിച്ചിട്ടുള്ള പ്രധാന വിമർശനങ്ങൾ ഇവിടെയൊക്കെ ഇപ്പോഴും ലഭ്യമാണു. അതിനൊന്നും മറുപടിയില്ലാതെ പകരം യുക്തിവാദത്തിനു നേരെ പ്രത്യാരോപണങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ള മിക്കവാറും പ്രസക്തമായ എല്ലാ വാദങ്ങൾക്കും പല തവണ മറുപടിയും നൽകിയിട്ടുണ്ട്. അതും ലഭ്യമാണു. അപ്രകാരം വിശദവും ലളിതവും വ്യക്തവുമായ മറുപടികൾ നൽകിയ അതേ വാദങ്ങളും ചോദ്യങ്ങളും പിന്നെയും മാറ്റമില്ലാതെ ആവർത്തിക്കുന്നുവെങ്കിൽ അതിനർത്ഥം ആവനാഴിയിൽ മരുന്നില്ലാതായി എന്നു മാത്രമാണു. അത്തരം വൃഥാ ആവർത്തനങ്ങളെ അവഗണിക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കിൽ മുമ്പു നൽകിയ മറുപടികളുടെ കോപ്പി പേസ്റ്റ് തരുകയോ ലിങ്ക് പോസ്റ്റു ചെയ്യുകയോ മാത്രമേ വേണ്ടൂ.
ധാർമ്മികത സംബന്ധിച്ചും നാസ്തികത സംബന്ധിച്ചുമൊക്കെയുള്ള വാദകോലാഹലങ്ങൾക്കും മുമ്പു വിശദമായ മറുപടികൾ നൽകിയിട്ടുണ്ട്. ലോകത്തെവിടെയെങ്കിലും ആരെങ്കിലും പറയുന്ന വിഡ്ഢിത്തങ്ങൾക്കോ ഏതെങ്കിലും ചന്തത്തെരുവിൽ ഏതെങ്കിലും പിള്ളാരു പറയുന്ന വൃത്തികേടുകൾക്കോ ഒക്കെ യുക്തിവാദത്തിൻ്റെ മേൽ വിലാസത്തിൽ മറുപടി നൽകേണ്ട യാതൊരു ബാധ്യതയും തൽക്കാലം ഇല്ല. ഇവിടെ കൃത്യമായ തെളിവുകൾ സഹിതം ഉത്തരവാദിത്തത്തോടെ ഉന്നയിച്ചു പോന്നിട്ടുള്ള കാര്യങ്ങൾക്കു മറുവാദമുണ്ടെങ്കിൽ പറയുക. പ്രതികരിക്കാം. നിങ്ങൾ കെട്ടിയുണ്ടാക്കിക്കൊണ്ടു വരുന്ന വൈക്കോലുണ്ടയിൽ തല്ലാൻ തൽക്കാലം നേരമില്ല.
ഇനി പ്രബോധനക്കാരുടെ മറ്റൊരു വിമർശനം യുക്തിവാദികൾക്കു ജീവകാരുണ്യപ്രവർത്തനങ്ങളിലൊന്നും താല്പര്യമില്ല എന്നതാണു. പ്രളയസമയത്ത് ആരെയും വെള്ളത്തിൽ കണ്ടില്ല; മണ്ണിടിഞ്ഞേടത്തും യുക്തിവാദികളെ മണ്ണു മാന്താൻ കണ്ടില്ല ദുരിതാശ്വാസപ്രവർത്തനത്തിലും ജീവകാരുണ്യ രംഗത്തുമൊന്നും യുക്തിവാദികൾ ഇല്ല എന്നൊക്കെയാണു പരാതി. എന്തു ഡാറ്റയുടെ അടിസ്ഥാനത്തിലാണീ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നറിയില്ല.
ഇത്തരം സന്ദർഭങ്ങളിൽ എല്ലാ മനുഷ്യരും ഒരുമിച്ചു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതാണു സാധാരണ കാണാറുള്ളത്. അവിടെയൊക്കെ പോയി സ്വന്തം മതക്കാരുടെയും സ്വന്തം പാർട്ടിക്കാരുടെയും ഒക്കെ കണക്കെടുപ്പു നടത്തുന്നതു തന്നെ അല്പന്മാരുടെ മാത്രം പണിയാണു. ദുരന്തം നടന്നേടത്തേക്കു പരസ്യബാനറുമായി പോകുന്നതു തന്നെ വില കുറഞ്ഞ ഏർപ്പാടാണെന്നാണു എൻ്റെ നിലപാട്. അതാരായാലും. പത്തു രൂപയുടെ കാരുണ്യപ്രവർത്തനത്തിനു നൂറു രൂപയുടെ പരസ്യം നൽകുന്നതു വെറും കച്ചവടമാണു. അതു നന്മയല്ല. അതിനാൽ തന്നെ യുക്തിവാദികൾ എന്നൊരു പ്രത്യേക വിഭാഗം ജീവികളെ ദുരന്തമുഖങ്ങളിൽ തെരഞ്ഞാൽ കണ്ടെന്നു വരില്ല. മതജീവികൾക്കു ബാനറും ബോർഡും ഉള്ളതിനാലും അതൊക്കെ നോക്കി നടക്കാൻ പ്രത്യേകം ആളുകളുള്ളതിനാലും അവരുടെയൊക്കെ സാന്നിധ്യം വിസിബിളായിരിക്കും.
കേരളത്തിൽ കഴിഞ്ഞ രണ്ടു പ്രളയകാലത്തും ദുരിതാശ്വാസപ്രവർത്തനത്തിൽ തങ്ങളാലാകുന്നതൊക്കെ ചെയ്തവരാണു എനിക്കറിയാവുന്ന യുക്തിവാദികളെല്ലാം. കഴിഞ്ഞ പ്രളയകാലത്തു ഞാൻ നാട്ടിലില്ല. അമേരിക്കയിലെ എനിക്കു ബന്ധമുള്ള മലയാളി സംഘടനകളുമായൊക്കെ ബന്ധപ്പെട്ടു ദശലക്ഷക്കണക്കിനു രൂപയുടെ സഹായം ഇങ്ങോട്ടെത്തിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എൻ്റെ സ്വന്തം കുടുംബത്തിൽ നിന്നു ഒരു ലക്ഷത്തിൽ പരം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകിയിരുന്നു. ഇത്തവണ നിലമ്പൂരിൽ മാധ്യമശ്രദ്ധയില്ലാത്തതിനാൽ ഒരു സഹായവും എത്തിപ്പെടാത്ത ചില കുഗ്രാമങ്ങളിൽ പോയി സഹായം അർഹിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി സഹായം നൽകുകയും ചില കുടുംബങ്ങളെ സ്ഥിരമായി ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും പക്ഷെ ഇവിടെയൊക്കെ ഒട്ടിച്ചു പ്രദർശിപ്പിച്ച് ഞങ്ങളും നന്മമരങ്ങളാണേ എന്നൊന്നും വിളിച്ചു കൂവിയിട്ടില്ല. നിലമ്പൂർ മേഖലയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി യുക്തിവാദി സുഹൃത്തുക്കളെ എനിക്കറിയാം. അവരാരും മതജീവികൾ കാണിക്കുന്ന പോലെ പരസ്യം നൽകി അല്പത്തരം കാണിക്കുന്നതും കണ്ടിട്ടില്ല.
ഇത്രയും ഇവിടെ പറയേണ്ടി വന്നത് ഈ ആരോപണം ഇക്കൂട്ടർ നിരന്തരം ഉന്നയിച്ചു യുക്തിവാദികളൊക്കെ എന്തോ തരം മനുഷ്യപ്പറ്റില്ലാത്ത ജന്തുക്കൾ മാത്രമാണെന്നു വരുത്തിത്തീർക്കാനുള്ള തറവേല ആവർത്തിക്കുന്നതുകൊണ്ടു മാത്രമാണു.
ഇനി ഇതാണു ഏറ്റവും വലിയ നന്മ എന്ന വാദം തന്നെ സ്വതന്ത്രചിന്തകർക്കില്ല. ഇക്കാര്യവും പലവട്ടം ആവർത്തിച്ചു വിശദീകരിച്ചിട്ടുള്ളതുമാണു.
ഇതാണു ഏറ്റവും വലിയ നന്മയെങ്കിൽ ആരൊക്കെയാണിവിടെ ഏറ്റവും വലിയ നന്മമരങ്ങൾ ?
ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റു അപകടങ്ങളിലുമൊക്കെ ഏറ്റവും സാഹസികമായ രക്ഷാപ്രവർത്തനങ്ങൾക്കും കാരുണ്യപ്രവർത്തനങ്ങൾക്കും ആദ്യം ഓടിയെത്തുന്നതു ആർ എസ് എസ്സ് കാരാണു. മറ്റൊരു കൂട്ടർ സുഡാപ്പി സ്പീഷീസിൽ പെട്ട ജീവികളുമാണു. ഭൂലോക തട്ടിപ്പുകാരായ ആൾദൈവങ്ങളാണു മറ്റൊരു വിഭാഗം "നന്മമരങ്ങൾ" . സാമർത്ഥ്യമുള്ള കച്ചവടക്കാരും കുറഞ്ഞ ചെലവിൽ കൂടിയ പരസ്യം ലഭിക്കാൻ സ്വീകരിക്കുന്ന മാർഗ്ഗമാണു ജീവകാരുണ്യം.
ചിന്താശീലമില്ലാത്ത വിഡ്ഢി സമൂഹത്തിൽ എളുപ്പത്തിൽ സ്വീകാര്യത ലഭിക്കാനുള്ള ഒരു ചുളുക്കു വിദ്യയാണു കാരുണ്യപ്രവർത്തനം എന്നതിനാൽ ഇത് അത്ര വലിയ സാമൂഹ്യ നന്മയൊന്നുമല്ല. എന്നാൽ ഇത്തരം ദുരന്തങ്ങളിലും മറ്റു സാമൂഹ്യ സുരക്ഷാ കാര്യങ്ങളിലുമൊക്കെ ശാശ്വതവും ശാസ്ത്രീയവുമായി ഉണ്ടാകേണ്ട പരിഹാരമാർഗ്ഗം ഒറ്റപ്പെട്ട വ്യക്തികളുടെയോ ചെറു സംഘടനകളുടെയോ "ഔദാര്യം" കണക്കുള്ള സേവനങ്ങളല്ല. മറിച്ചു സമൂഹമൊന്നാകെ ചേർന്നുള്ള വ്യവസ്ഥാപിത സംവിധാനം വഴിയുള്ള സാമൂഹ്യ സുരക്ഷാ മാർഗ്ഗങ്ങളുടെ ഫലപ്രദമായ നടപടികളാണു. ഇതാണു ശരിയായ നിലപാട്. അതുകൊണ്ടു തന്നെയാണു ഗവണ്മെൻ്റ് സംവിധാനം വഴിയാണു ദുരിതാശ്വാസ പ്രവർത്തനം നടക്കേണ്ടത് എന്നു പറയുന്നതും. അങ്ങനെയാകുമ്പോൾ ആശ്വാസം ലഭിക്കുന്നവർക്ക് അതു മറ്റുള്ളവരുടെ ഔദാര്യമായും ബാധ്യതയും കടപ്പാടുമായും ഫീൽ ചെയ്യാതെ സ്വന്തം അവകാശമെന്ന നിലയ്ക്ക് അപകർഷതബോധമില്ലാതെ സ്വീകരിക്കാനാവും. വ്യക്തികളും സംഘടനകളും സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതു തടയാനുമാവും.
യുക്തിവാദികൾ ഈ സമൂഹത്തിനു വേണ്ടി ചെയ്യുന്ന നന്മകളും സേവനങ്ങളും സമൂഹത്തിനു പ്രത്യക്ഷത്തിൽ നന്മയായി തോന്നുന്നതല്ല എന്നതിനാൽ പ്രത്യക്ഷ ജീവകാരുണ്യം പോലെ സ്വീകാര്യത ലഭിക്കുകയില്ല. മാത്രമല്ല സമൂഹത്തിൻ്റെ വെറുപ്പും എതിർപ്പും പീഢനവും പ്രതിഫലമായി കിട്ടുകയും ചെയ്യും. യാതൊരു പ്രതിഫലവും ലഭിക്കില്ല എന്നുറപ്പുണ്ടായിട്ടും പ്രത്യക്ഷമായി ഫലം കാണാൻ സാധിക്കുകപോലുമില്ല എന്നറിഞ്ഞിട്ടും വരും തലമുറകൾക്കെങ്കിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടാകണമെന്ന ഉന്നത ധാർമ്മിക ചിന്ത ഒന്നുകൊണ്ടു മാത്രം അതിസാഹസികമായ സല്പ്രവൃത്തികളിൽ ഏർപ്പെടുന്നവരാണു ഇന്നത്തെ യുക്തിവാദികൾ.
മനുഷ്യസമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കു ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരം കാണാൻ ശാസ്ത്രബോധവും യാഥാർത്ഥ്യബോധവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതുണ്ടെന്ന ദീർഘവീക്ഷണത്തോടെയുള്ള സാമൂഹ്യ ധാർമ്മികബോധമാണു യുക്തിവാദികളെ നയിക്കുന്നത്. അതു മനസ്സിലാക്കാനൊന്നും ഈ മതം പോലുള്ള ചാണകം ഭക്ഷിച്ചു ജീവിക്കുന്ന അല്പബുദ്ധികൾക്കും മണ്ടന്മാർക്കും കഴിയില്ല.
അവർക്കു ധാർമ്മികത എന്നാൽ വെറും ഭോഗവും സെക്സുമൊക്കെയാണു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹ്യ ബന്ധങ്ങളുടെ സങ്കീർണതകളുമായി ബന്ധപ്പെട്ട ഉയർന്ന ധാർമ്മികതയുടെ മാനങ്ങളും മാനദണ്ഡങ്ങളുമൊന്നും ഒരു ശരാശരി മതജീവിക്ക് ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയില്ല. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളിൽ ഇവർ എഴുന്നള്ളിക്കുന്ന വിവരക്കേടുകളെ അവഗണിക്കുകയും നമുക്കു പറയാനുള്ള കാര്യങ്ങൾ അതു മനസ്സിലാക്കുന്നവർക്കായി പരമാവധി ലളിതമായും വിശദമായും പറഞ്ഞുകൊണ്ടിരിക്കുകയുമാണു ചെയ്യുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment