Monday, September 16, 2019
യുക്തിവാദികൾ മാന്തിപ്പൊളിക്കുന്നേ... !
ഞങ്ങളുടെ മതത്തെ യുക്തിവാദികൾ മാന്തിപ്പൊളിക്കുന്നേ... ! എന്ന ഒരു കൂട്ടക്കരച്ചിലാണിപ്പോൾ കേരളത്തിലെ ഇസ്ലാമിൻ്റെ ദീനീലോകത്തുനിന്നും ഉയർന്നു കേൾക്കുന്നത്. പ്രളയകാലത്ത് എല്ലാം മറന്നു മനുഷ്യർ ഒന്നായപോലെ യുക്തിവാദപ്രളയത്തിൽ ഇസ്ലാം മുങ്ങുമ്പോൾ സുന്നിയും മുജാഹിദും ജമാ അത്തും മറ്റും മറ്റുമായി പരസ്പരം തല തല്ലിയിരുന്നവരെല്ലാം ഒന്നു ചേർന്നാണു കൂട്ടക്കരച്ചിൽ . ജമാ അത്തുകാരുടെ മുഖവാരികയിൽ സുന്നി മോല്യാരു യുക്തിവാദത്തിനെതിരെ പ്രബന്ധമെഴുതുന്ന കാഴ്ചയൊക്കെ പുതുമയും കൗതുകവും ജനിപ്പിക്കുന്ന അപൂർവാനുഭവങ്ങളാണു.
ജമാ അത്തുകാരുടെ പ്രബോധനം പുതിയ ലക്കത്തിൻ്റെ കവർസ്റ്റോറി യുടെ ആദ്യ ഖണ്ഡികയാണു ചിത്രത്തിൽ.
യാതൊരു ദയാവായ്പ്പുമില്ലാതെ യുക്തിവാദികൾ മതത്തെ മാന്തിപ്പൊളിക്കുന്നു എന്നാണു കരച്ചിൽ. അങ്ങനെ മാന്തിപ്പൊളിച്ചിട്ട് പകരം വെക്കാൻ യുക്തിവാദികൾക്കു മറ്റൊന്നും ഇല്ല എന്ന പതിവു നുണയാണു പിന്നീടു പറയുന്നത്. ഇതിനൊക്കെ എത്രയോ വട്ടം വ്യക്തവും വിശദവും ലളിതവുമായ മറുപടികൾ ഇവിടെ നൽകീട്ടുള്ളതാണു. എന്നാൽ ആ മറുപടികളോടൊന്നും കമാ ന്നു പ്രതികരിക്കാതെ പഴകിപ്പുളിച്ച ദുർബല വാദങ്ങൾ വൃഥാ ആവർത്തിക്കേണ്ടി വരുന്നത് ഇക്കൂട്ടരുടെ ഗതിയില്ലായ്മയുടെ ദയനീയ ചിത്രമായാണു വായിക്കാനാവുന്നത്.
കേരളത്തിലെ സാമൂഹ്യ നവോഥാനത്തിൻ്റെ നേരവകാശികൾ എന്ന നിലയ്ക്കാണു യുക്തിവാദിപ്രസ്ഥാനം ഇവിടെ ഇന്നു വരെ നിലകൊണ്ടിട്ടുള്ളതും പ്രവർത്തിച്ചു പോന്നിട്ടുള്ളതും. കാലഹരണപ്പെട്ടതും ജീർണിച്ചു ദ്രവിച്ചതും പുഴുത്തു നാറുന്നതുമായ മതമൂല്യങ്ങളെ "മാന്തിപ്പൊളിച്ചു" കളഞ്ഞ ശേഷം തൽസ്ഥാനത്തു നവീനമായ മാനവിക മൂല്യങ്ങളെയും ആധുനിക സാമൂഹ്യ ധാർമ്മികതയെയും മാറ്റിസ്ഥാപിക്കുക എന്ന കിറു കൃത്യമായ ദിശാബോധമാണു സ്വതന്ത്രചിന്താപ്രസ്ഥാനത്തിനുള്ളത്.
മാന്തിപ്പൊളിക്കുന്നു എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ തന്നെ അംഗീകരിക്കുന്നു. എന്നാൽ പകരം ഒന്നുമില്ല, കുത്തഴിഞ്ഞ അധാർമ്മികതയിലേക്കാണു നയിക്കുന്നത് തുടങ്ങിയ ദുരാരോപണങ്ങളെ ആരോപിക്കുന്നവരുടെ ഒരു ഗതികേടിനാൽ അവതരിപ്പിക്കുന്ന മുട്ടുന്യായം എന്ന നിലയ്ക്കു തള്ളിക്കളയുന്നു.
മതം കാലഹരണപ്പെട്ട മൂല്യങ്ങളുടെ ചീഞ്ഞ മാറാപ്പാണു പേറുന്നത് എന്നു ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകും വിധം കാര്യകാരണസഹിതം പ്രമാണത്തെളിവുകളുടെ അകമ്പടിയോടെ വ്യക്തമാക്കിക്കൊണ്ടിരിക്കുമ്പോൾ ആ വിമർശനത്തെ ഖണ്ഡിക്കാൻ ഒരായുധവുമില്ലാതെ ഒഴിഞ്ഞ ആവനാഴി നോക്കി നെടുവീർപ്പിടുകയാണിന്നു മതസംരക്ഷകർ. ഈ നിസ്സഹായാവസ്ഥയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള എന്തെങ്കിലും ഗൗളിസൂത്രം കണ്ടെത്താനുള്ള നെട്ടോട്ടത്തിൻ്റെ ഭാഗം മാത്രമാണീ വക ആരോപണങ്ങളുടെ ആവർത്തനം.
സ്വതന്ത്ര ചിന്തകർ ആധുനിക ലോകം അംഗീകരിക്കുന്ന മാനവികതയുടെ മൂല്യങ്ങളെ ഉയർത്തിക്കാണിച്ചു കൊണ്ടും അതുമായി തുലനം ചെയ്തുകൊണ്ടുമാണു മതധാർമ്മികതയുടെ ജീർണതയും പൊള്ളത്തരങ്ങളും വിശദീകരിക്കുന്നത്.തീർത്തും പ്രതിരോധത്തിലായ മതജീവികൾ സ്വന്തം മതപ്രമാണവെളിപാടുകളെ പോലും കണ്ണടച്ചു നിഷേധിച്ചും പുത്തൻ മാനവിക മൂല്യങ്ങളെ പുറത്തുനിന്നും കട്ടെടുത്തു മതവെളിപാടുകളിൽ ഒട്ടിച്ചു ചേർത്തു വ്യാഖ്യാനക്കസർത്തു കാട്ടിയും മനസാക്ഷിക്കുത്തില്ലാതെ കള്ളം പറഞ്ഞും യഥാർത്ഥ ചർച്ചാവിഷയങ്ങളിൽ നിന്നു തെന്നി മാറിയും വ്യക്തി അധിക്ഷേപങ്ങളും പുലഭ്യം പറച്ചിലുമായി അലങ്കോലങ്ങൾ സൃഷ്ടിച്ചും അപ്രസക്തമായ ചോദ്യങ്ങളുയർത്തിയും ഇല്ലാക്കഥകൾ മെനഞ്ഞും യുക്തിവാദത്തിനും സ്വതന്ത്രചിന്തക്കും സ്വന്തമായ നിർവ്വചനങ്ങളും വിശദീകരണങ്ങളും ചേർത്തു സ്വന്തം വക വൈക്കൊലുണ്ടയാക്കി അതിൽ തല്ലി ആശ്വാസം കൊണ്ടും നിൽക്കക്കള്ളിയില്ലാതെ നെട്ടോട്ടമോടുകയാണിപ്പോൾ. ആസ്ഥാന ബുദ്ധിജീവികളെല്ലാം മാളത്തിലേക്കു വലിഞ്ഞിരിക്കുന്നു. പകരം അവർ അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "കൊച്ചു പിള്ളേരെ തള്ളിക്കയറ്റി" പുലഭ്യം പറയിപ്പിച്ചും വ്യക്തിയധിക്ഷേപം നടത്തിയും അലമ്പുണ്ടാക്കിക്കുകയാണു. ഈ പിള്ളാർക്കു വേണ്ടി പ്രബന്ധങ്ങൾ തയ്യാറാക്കി കൊടുത്തും ചീഞ്ഞ തന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തും അതുമായി അവരെ "തള്ളിക്കേറ്റി" വിട്ടും സ്വയം പരിഹാസ്യരാവുകയാണു.
മതത്തിനെതിരെ ഞങ്ങൾ ഉന്നയിച്ചു പോന്നിട്ടുള്ള പ്രസക്തവും പ്രധാനവുമായ ഒരു വിമർശനത്തിനും യുക്തിസഹമായ ഒരു മറുന്യായം പോലും പറയാനില്ലാതെ തീർത്തും കാറ്റു പോയ അവസ്ഥയിലാണിക്കൂട്ടർ ഈ വക കോപ്രായങ്ങളിൽ അഭയം തേടുന്നത്. (തുടരും)..
Subscribe to:
Post Comments (Atom)
No comments:
Post a Comment