Sunday, July 7, 2019

ബഹുസ്വര സമൂഹത്തിലെ മതധാർമ്മികത.

മതങ്ങളെ തമ്മിലടിപ്പിക്കുക മത ഗ്രന്ഥങ്ങളെയും പ്രവാചകൻമാരെയും പരിഹസിക്കുക സഭ്യമല്ലാത്ത ഭാഷകൾ ധാരാളമായി ഉപയോഗിക്കുക. ധാർമിക മൂല്യങ്ങൾക്ക് ഒരു നിലയും വിലയും കൽപിക്കാതിരിക്കുക കാര്യമായി ഇസ്ലാമിനെ കൈകാര്യം ചെയ്യുക എന്നതാണ് കണ്ട് വരുന്നത് വ്യാജ ഐഡികളാണ് കാര്യമായ സംബാധ്യം സമൂഹത്തിൽ അരാചകത്തവും വെറുപ്പും പരസ്പര ശത്രുതയും പരമത വിദ്വേഷവും വളർത്തുന്നതിൽ ഈ ഗ്രൂപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അൽപ ജ്ഞാനമുണ്ടായിരുന്ന വിശ്വാസികൾ ഇസ് ലാമിനെ ആഴത്തിൽ പഠിക്കാനും യാഥാർഥ്യങ്ങൾ തിരിച്ചറിയാനും പലർക്കും സാധിച്ചു എന്നത് നേട്ടം തന്നെയാണ്. ---------------- ബഹുസ്വര സമൂഹത്തിലെ മതധാർമ്മികത. സ്വതന്ത്രചിന്തകർ മതാന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയ ചിന്തകൾക്കും എതിരായി ആശയപ്രചാരണം നടത്തി വരുന്ന ഈ ഗ്രൂപ്പിനെ കുറിച്ച് മതസംരക്ഷകർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളുടെ രത്നച്ചുരുക്കമാണു മുകളിലെ കമൻ്റ്. സമൂഹത്തിൽ വെറുപ്പും പരസ്പര ശത്രുതയും പരമത വിദ്വേഷവും വളർത്തുന്നതിൽ ഈ ഗ്രൂപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതാണു മുഖ്യ ആരോപണം. ആരാണു കേരള സമൂഹത്തിൽ ഈ പറഞ്ഞ പണി ചെയ്തു വന്നത് എന്ന കാര്യം അല്പം അനുഭവസ്മരണകളിലൂടെ ഒന്നു വിശദമാക്കാം. എൻ്റെ ബാല്യകാലത്തും യവ്വനാരംഭകാലത്തും മുസ്ലിം സമൂഹം അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും മുഴുകിയാണു ജീവിച്ചിരുന്നതെങ്കിലും ഇന്നത്തെ പോലെ അന്യമതവിദ്വേഷം പ്രസരിപ്പിക്കുന്ന രീതിയിൽ മതപ്രചാരണം നടത്തിയിരുന്നില്ല. നിഷ്കളങ്കരായ സുന്നി വിശ്വാസികൾ മതപരമായ വഷളത്തരങ്ങൾ പറയുമായിരുന്നെങ്കിലും അന്യ മതങ്ങളുടെ വിശ്വാസാചാരങ്ങൾക്കു നേരെ അധിക്ഷേപവും പരിഹാസവും ചൊരിഞ്ഞു സഹോദര സമൂഹത്തെ വെറുപ്പിക്കാനോ പ്രകോപിക്കാനോ അധികമൊന്നും മുതിർന്നിരൂന്നില്ല. മാത്രമല്ല നേർച്ചകളും താലപ്പൊലിയും പോലുള്ള ഉൽസവങ്ങളിൽ എല്ലാവരും പങ്കെടുക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്തിരുന്നു. മലപ്പുറം കൊണ്ടോട്ടി നേർച്ചകളൊക്കെ അക്കാലത്തെ പ്രധാന സാംസ്കാരിക ഉൽസവങ്ങളായിരുന്നു. ഇതിലെല്ലാം അന്യമതക്കാരുടെ പെട്ടിവരവു പോലുള്ള ആചാരങ്ങൾ പോലും ഉണ്ടായിരുന്നു. മമ്പുറം മഖാം പോലുള്ള പല ആരാധനാ സ്ഥലത്തും ധാരാളം ഹിന്ദുക്കൾ യാറം മൂടാനും പ്രാർത്ഥിക്കാനും വന്നിരുന്നു. പാടത്തും പറമ്പിലും വിത്തിടാനും ഞാറു പറിക്കാനും നടാനും കൊയ്യാനും കറ്റ മെതിക്കാനുമൊക്കെ പാത്തുമ്മയും ആമിനയും ചക്കിയും കല്യാണിയും മുഹമ്മദും രാമന്നായരും ചാത്തനും ചക്കിയുമൊക്കെ ഇടകലർന്നാണു പണിയെടുത്തിരുന്നത്. ഞാറ്റുപാട്ടും കൊയ്തുപാട്ടും അവരൊരുമിച്ചാണു പാടിയിരുന്നത്. അവരുടെ മക്കളും ഒരേ വിദ്യാലയത്തിൽ പഠിക്കുകയും ഒരേ മുറ്റത്തു കൊത്തക്കല്ലു കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നിലയിൽ നിന്നും മുസ്ലിം സമൂഹത്തെ വകച്ചു മാറ്റി വേർപെടുത്തി അവരിൽ അന്യമതവിദ്വേഷത്തിൻ്റെ വിഷവിത്തു പാകി ഈ കോലത്തിലേക്കു നയിച്ചത് മൗദൂദി വഹാബി ഇസ്ലാമിൻ്റെ വിഷലിപ്തമായ സലഫിസമല്ലാതെ മറ്റൊന്നുമല്ല. സ്വസമുദായത്തെ സങ്കുചിതമായ ഗെറ്റോസംസ്കാരത്തിലേക്കു ചുരുക്കുക മാത്രമല്ല ഇവർ ചെയ്തത്. അന്യമതങ്ങളുടെ വിശ്വാസങ്ങളെയും ആരാധനകളെയും ആചാരാനുഷ്ഠാനങ്ങളെയുമെല്ലാം പരസ്യമായി മൈക്കു കെട്ടി അവഹേളിക്കുകയും "സ്നേഹ സംവാദം" എന്ന ഓമൻപ്പേരിൽ അന്യമത അവഹേളനങ്ങളുടെ പൂരപ്പറമ്പായി കേരളത്തിൻ്റെ തെരുവുകളെ വിഷമയമാക്കിക്കൊണ്ട് മതവർഗീയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. ജമാ അത്തെ ഇസ്ലാമിക്കാരാണു ഈ കലാപരിപാടി ആദ്യം തുടങ്ങിയത്. പിന്നീട് മുജാഹിദുകൾ ഏറ്റെടുത്തു. അന്യമതക്കാരെ നേരിട്ടു വിളിച്ചു വരുത്തി അവരുടെ മതം മ്ലേഛമാണെന്നും തങ്ങളുടെ മതമാണു മേത്തരമെന്നും സ്ഥാപിച്ച് അവഹേളിക്കുന്ന പരിപാടികൾക്ക് ഞാൻ നേരിട്ടു പലതവണ സാക്ഷിയായിട്ടുണ്ട്. അതിനോട് ആവും വിധമൊക്കെ പ്രതികരിക്കാനും ശ്രമിച്ചിരുന്നു. ഇസ്ലാമിനെതിരെ ഇത്രയും രൂക്ഷമായ വിമർശനങ്ങൾ അഴിച്ചു വിട്ടു പ്രതികരിക്കാനുള്ള മുഖ്യ കാരണം പോലും ഈ അനുഭവങ്ങളാണു. ഒരു ബഹുസ്വര സമൂഹത്തിൽ അങ്ങേയറ്റം മ്ലേഛവും മര്യാദ കെട്ടതുമായ ഈ തരം മതപ്രചാരണാഭാസമാണു സത്യത്തിൽ എൻ്റെ മനസ്സിൽ ഈ മതത്തോടു തന്നെ ഇത്രയും ജുഗുപ്സ ഉളവാക്കിയത്. ഇപ്പോൾ യുക്തിവാദികൾക്കെതിരെ വിദ്വേഷപ്രചാരണ ആരോപണവുമായി വരുന്ന മാന്യന്മാർ ആദ്യം ഒന്നു മുഖം കഴുകി കണ്ണാടി നോക്കുക. അന്യമതക്കാരുടെ ഉൽസവങ്ങൾക്കു സംഭാവന നൽകുന്നതു വേശ്യാലയങ്ങൾക്കു പണം നൽകുന്ന പോലെയാണെന്നും ഗുരുവായൂരപ്പനെ വിളിക്കുന്നവർ എത്ര പുണ്യാത്മാക്കളായാലും നരകത്തിലെ വിറകായിരിക്കുമെന്നും മുസ്ലിം സ്ത്രീകൾ മുസ്ലിം ഡോക്ടർമാരെ മാത്രമേ സമീപിക്കാവൂ എന്നുമൊക്കെ ഉച്ചഭാഷിണി കെട്ടി ഈ പൊതുസമൂഹത്തോടു വിളിച്ചു കൂവുന്നവരാണോ അതോ ഈ മര്യാദകേടുകളെ തുറന്നെതിർക്കുന്ന യുക്തിവാദികളാണോ സമൂഹത്തിൽ വിദ്വേഷം പ്രസരിപ്പിക്കുന്നത് എന്ന് സാമാന്യ ബുദ്ധിയുപയോഗിച്ചു ചിന്തിക്കുക. നിങ്ങൾ തുടർന്നു പോന്ന ഈ ഏർപ്പാടിൻ്റെ മര്യാദകേടും അയുക്തികതയും നിങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങളുടെ വിശ്വാസകഥകളെ ഈ വിധം പോസ്റ്റുമോർട്ടം ചെയ്തു കാണിക്കുക എന്ന വഴി മാത്രമേ ഉള്ളു എന്ന തിരിച്ചറിവാണു ഞങ്ങളെ ഇത്തരമൊരു സംവാദ വേദി ഒരുക്കാൻ പ്രേരിപ്പിച്ചത് എന്നാദ്യം മനസ്സിലാക്കുക. ഇവിടെ ഇസ്ലാമിൻ്റെ അടിസ്ഥാനവിശ്വാസങ്ങളുടെ തന്നെ അയുക്തികതയെ തുറന്നു കാട്ടുന്ന വിമർശനങ്ങളാണു പലരും ഉന്നയിച്ചിട്ടുള്ളത്. അതിനോന്നിനു പോലും യുക്തിസഹമോ ആശയപരമോ ആയ മറുവാദങ്ങൾ നിരത്തി നേരിടാൻ നിങ്ങൾക്കാവുന്നില്ല. അതിനാൽ നിങ്ങൾ വ്യക്തി അധിക്ഷേപങ്ങളും തെറിവിളികളുമായി പ്രതിരോധം തീർത്തുകൊണ്ടിരുന്നു. സ്വാഭാവികമായും മറുവിഭാഗവും സമാനമായ രീതിയിൽ പ്രതികരിക്കുകയും ഗ്രൂപ്പിൻ്റെ പൊതു നിലവാരം മോശമാക്കാനിട വരുത്തുകയും ചെയ്തു. നേരിൽ പരിജയമില്ലാത്ത ആയിരക്കണക്കിനാളുകൾ അണി നിരന്ന ഒരു മീഡിയാ കൂട്ടായ്മയിൽ അമിതമായ നിയന്ത്രണമോ അച്ചടക്കമോ പ്രായോഗികമാവുന്നില്ല എന്നതൊരു പരിമിതിയാണു. ആശയപരമായ വിമർശനങ്ങളെ ആശയപരമായി നേരിടാൻ എല്ലാവരും പരിശീലിക്കേണ്ടതുണ്ട്. സ്വന്തം തെറ്റുകളും മര്യാദകേടുകളും മനസ്സിലാക്കി ഇനിയെങ്കിലും മര്യാദയില്ലാത്ത മതപ്രചാരണ രീതികൾ ഉപേക്ഷിക്കാൻ മുസ്ലിം മതസമൂഹം തയ്യാറാവുകയാണു വേണ്ടത്. ഞങ്ങൾ യുക്തിവാദികൾക്കു മതങ്ങളെ തമ്മിൽ തല്ലിക്കുന്ന പണിയില്ല. മതങ്ങളിലെ അയുക്തികതകളെ തുറന്നു വിമർശിക്കുകയാണു ഞങ്ങൾ ചെയ്യുന്നത്. അവിടെ വന്ന് സ്വമതമഹിമയും അന്യമതദ്വേഷവും പറയുന്ന വിശ്വാസികൾ പരസ്പരം അനാരോഗ്യകരമായി ഏറ്റുമുട്ടുന്നുണ്ടെങ്കിൽ അതിനു ഞങ്ങൾ ഉത്തരവാദികളല്ല, മതസംരക്ഷകർ സ്വയം മര്യാദ പാലിച്ചാൽ ആരോഗ്യകരമായ സംവാദങ്ങൾ നടക്കും.

No comments: