Saturday, July 20, 2019

സ്റ്റ്രോമാൻ ഫാലസി !

വൈക്കോലുണ്ടയുമായി വീണ്ടും ! പലവുരു വിശദീകരിച്ചിട്ടും പഴയ ചവറു ചോദ്യങ്ങളുമായി പിന്നെയും ചർവ്വിതചർവ്വണം നടത്തുന്ന സംവാദക്കാർ തങ്ങളുടെ മരുന്നില്ലായ്മയുടെയും വിഷയദാരിദ്രത്തിൻ്റെയും പടുകുഴിയിൽ കിടന്നു നിലവിളിക്കുകയാണു . യുക്തിവാദവും സ്വതന്ത്രചിന്തയും മാനവികതയുമൊക്കെ അവർ കൂട്ടിക്കെട്ടി നാസ്തികത എന്ന വൈക്കോലുണ്ടക്കുള്ളിലാക്കി ഒളിപ്പിച്ചു വെച്ചാണു പുതിയ നിലവിളി. ഞാൻ പല തവണ വിശദമാക്കിയ കാര്യമാണു നാസ്തികത എന്ന കേവലാശയമല്ല സ്വതന്ത്ര ചിന്തയുടെ ആകെ സത്ത . ദൈവം ഉണ്ടോ ഇല്ലേ എന്നതല്ല മനുഷ്യൻ്റെ ചിന്താവിഷയം. കേരളത്തിലെ യുക്തിചിന്താപ്രസ്ഥാനം രൂപം കൊണ്ടതു തന്നെ നവോഥാനപ്രസ്ഥാനത്തിൻ്റെ ഭാഗമെന്ന നിലയിലാണു. മനുഷ്യനെ മനുഷ്യനായി കാണാൻ പരിശീലിപ്പിക്കുകയും അതിനു വിഘാതമായി നിൽക്കുന്ന മൂഡവിശ്വാസങ്ങളെയും പാരമ്പര്യ മൂല്യങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടാണു ഈ പ്രസ്ഥാനം വന്നത്. പട്ടിക്കും പൂച്ചക്കുമുള്ള അവകാശങ്ങൾ പോലും മനുഷ്യരിൽ ഒരു വിഭാഗത്തിനു നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്തു മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിൻ്റെ ഭാഗമായാണു നവോഥാനവും സ്വതന്ത്ര ചിന്തയുമൊക്കെ കേരളസമൂഹത്തിലേക്കു കടന്നു വരുന്നത്. അതിൻ്റെ ഭാഗമായാണു ഞങ്ങളൊക്കെ ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമാകുന്നതും. ഞാൻ ജനിച്ചുവളർന്ന സമുദായത്തിൽ മതാന്ധവിശ്വാസം മൂലം ഒരു സമൂഹം സാമൂഹ്യമായും ധാർമ്മികമായും പിന്നാക്കാവസ്ഥയുടെ ചളിക്കുണ്ടിലാണ്ടു കിടക്കുന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് ആ സമൂഹത്തിലും വിശ്വാസമുക്തമായ സ്വതന്ത്ര ചിന്തയുടെ കാറ്റും വെളിച്ചവും കടത്താനുള്ള ഒരു എളിയ ശ്രമം എന്ന നിലയിലാണു ഞാനും ഈ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ചു തുടങ്ങിയത്. എൻ്റെ മതനിരാസം തന്നെ കേവലം ദൈവാസ്തിക്യവുമായി ബന്ധപ്പെട്ട കാര്യമേയല്ല. ദൈവം ഒരു കാലത്തും ഞാനൊരു മുഖ്യ ചർച്ചാവിഷയമായി എടുത്തിട്ടുമില്ല. മറിച്ച് മാനവിക ധാർമ്മികതയ്ക്കും മനുഷ്യപുരോഗതിക്കും ഇസ്ലാം എന്ന അന്ധവിശ്വാസം എത്രമാത്രം വിഘാതമാകുന്നു എന്നതിലായിരുന്നു എൻ്റെ ശ്രദ്ധ. കുർ ആനിലും ഹദീസിലും മറ്റു മതപ്രമാണങ്ങളിലുമുള്ള മനുഷ്യത്വവിരുദ്ധവും പ്രാകൃതവും അധാർമ്മികവുമായ കാര്യങ്ങളെ എടുത്തു കാണിച്ചു ഈ മതം ദൈവനിർമ്മിതമല്ല എന്നും ഇതു അപരിഷ്കൃത മനുഷ്യൻ്റെ വികലവും വികൃതവുമായ ഭാവനയിൽ ഉരുവം കൊണ്ട കെട്ടുകഥയാണു എന്നുമാണു ഞാൻ ഇതുവരെയും പറയാൻ ശ്രമിച്ചിട്ടുള്ളത്. ഇവിടെയാണു നമ്മുടെ സംവാദക്കാരുടെ സ്റ്റ്രോമാൻ എഴുന്നള്ളിപ്പിലെ കാപട്യവും കുടികൊള്ളുന്നത്. മാനവികതയിലൂന്നിയുള്ള മതവിമർശനങ്ങളെ വൈക്കോലുണ്ടയ്ക്കുള്ളിൽ ഒളിപ്പിച്ച് കേവലമായ നാസ്തികത എന്ന ഒരു നോക്കുകുത്തിയെ പൊക്കിക്കാട്ടിയുള്ള കസർത്താണിത്. മതത്തിനെതിരെ പ്രമാണങ്ങളും രേഖകളും തെളിവുകളും നിരത്തി നടത്തി വന്നിട്ടുള്ള ഒരൊറ്റ വിമർശനത്തിനും മറുവാദമില്ലാതെ കുഴയുമ്പോൾ മറ്റു മാർഗ്ഗമില്ലാതെ വിഷമിക്കുകയാണിവർ. ഇനി സംവാദകൻ്റെ ചില ചർവ്വിതചർവ്വണ ചോദ്യങ്ങൾ ഒരിക്കൽ കൂടി പരിശോധിക്കാം. “.... നാസ്തികനായാല്‍ മാനവികതയുണ്ടാകുമെന്നു പറയാന്‍ നിരീശ്വര വിശ്വാസത്തില്‍ എവിടെയാണ് മാനവികതയ്ക്കും ധാര്‍മികതയ്ക്കുമൊക്കെ അടിത്തറ? കേവലം പദാര്‍ത്ഥമിശ്രിതമായ കുരങ്ങന്‍ പരിണമിച്ചുണ്ടായ മറ്റൊരു മൃഗമായ മനുഷ്യന്‍ ഇവിടെ ആരുടെ നിയമങ്ങള്‍ അനുസരിക്കണം? തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വിഘാതമായി നിലനില്‍ക്കുന്ന കേവലം മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ക്ക് എന്തിനു വഴങ്ങണം? ഓരോ മനുഷ്യന്റെയും യുക്തി വ്യത്യസ്തമാണ്. ആരുടെ യുക്തിക്ക് തോന്നുന്ന നന്മയാണ് ഇവിടെ നന്മ? ആരുടെ യുക്തിക്ക് തോന്നുന്ന തിന്മയാണ് തിന്മ? ഭൗതികവാദത്തിന്റെ കാഴ്ചപ്പാടില്‍ വളരെ യാദൃശ്ചികമായി കിട്ടിയതും മരിച്ചാല്‍ മറ്റൊരിക്കല്‍ ലഭിക്കാത്തതുമായ ഈ ജീവിതത്തെ പരമാവധി മുതലാക്കുക എന്നതാണ് സ്വാര്‍ത്ഥമായ മനുഷ്യന്റെ യുക്തിയെന്നിരിക്കെ മറ്റൊരാള്‍ക്ക് തിന്മയായി ഭവിക്കുമെന്നതുകൊണ്ടുമാത്രം തനിക്ക് സുഖം നല്‍കുന്ന ഒന്നിനെ മനുഷ്യന്‍ എന്തിന് ഉപേക്ഷിക്കണം?...” മാനവികതയ്ക്കും ധാർമ്മികതയ്ക്കും “നിരീശ്വരവിശ്വാസത്തിൽ” എവിടെയാണു അടിത്തറ എന്ന ചോദ്യം തന്നെ വൈക്കോലുണ്ടയാണു. നിരീശ്വരവിശ്വാസം എന്നൊന്നില്ല. ഈശ്വരവിശ്വാസം എന്നതിനു തെളിവില്ലാത്തതിനാൽ ആ വിശ്വാസത്തെ നിരാകരിക്കുക മാത്രമാണു നാസ്തികർ ചെയ്യുന്നത്. അതൊരു “വിശ്വാസ”മല്ല. വിശ്വാസമില്ലായ്മയാണു. മാനവികതയും ധാർമ്മികതയും വിശ്വാസമോ വിശ്വാസമില്ലായ്മയോ ആയി ബന്ധപ്പെട്ട കാര്യമേയല്ല. അതു സാമൂഹ്യബോധവുമായി ബന്ധപ്പെട്ടതാണു. നാസ്തികരായാലും ആസ്തികരായാലും സന്ദേഹികളായാലും പ്രകൃതിവാദികളായാലും മറ്റേതു ആശയക്കാരായാലും മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണു. അതായതു സംഘജീവിതം മാത്രം സാധ്യമായ ഒരു ജീവിവർഗ്ഗം. മനുഷ്യൻ എന്ന ജീവി പദാർത്ഥം പരിണമിച്ചുണ്ടായതായാലും കുരങ്ങു പരിണമിച്ചുണ്ടായതായാലും കളിമണ്ണുകൊണ്ടു ഉരുട്ടിക്കുഴച്ചുണ്ടാക്കിയതായാലും ഇന്നു മനുഷ്യൻ ഒരു ജീവിയായി ജീവിക്കുന്നു എന്നതും മനുഷ്യൻ ഒരു സംഘജീവിയായാണു ജീവിക്കുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണല്ലോ. അതാർക്കും നിഷൃധിക്കാനുമാവില്ല. ഈ സമൂഹ ജീവിതം എന്ന യാഥാർഥ്യത്തിനുള്ളിൽ മാത്രമാണു മാനവികത, ധാർമ്മികത, മനുഷ്യത്വം നന്മ തിന്മ തുടങ്ങിയ സങ്കല്പങ്ങൾക്കെല്ലാം സാംഗത്യം ഉള്ളത്. ഇന്ന് പരിഷ്കൃത മനുഷ്യർ പ്രകൃതിയിലെ അന്യ ജീവിവർഗ്ഗങ്ങളോടും എമ്പതി കാണിക്കുന്ന വിധം ധാർമ്മികതയെ വികസിപ്പിച്ചുകൊണ്ടും ഇരിക്കുന്നു. സാമൂഹ്യ ജീവിതം സുഗമവും സന്തോഷകരവും സമാധാനപരവും ആകണമെങ്കിൽ സമൂഹത്തിലെ അംഗങ്ങളായ വ്യക്തികൾ പരസ്പരം ചില ചട്ടങ്ങളും മര്യാദകളും നിയമങ്ങളുമൊക്കെ പാലിക്കേണ്ടതുണ്ട് എന്നതു ഒരു ഉയർന്ന സാമൂഹ്യ ബോധത്തിൻ്റെ ഭാഗമായി ഉണ്ടാകേണ്ട തിരിച്ചറിവാണു. അവിടെ ദൈവത്തിനു യാതൊരു പങ്കും ഇല്ല. ധാർമ്മികതയും മാനവികതയും ഒന്നും ദൈവത്തിൻ്റെ ആവശ്യമല്ല, മനുഷ്യൻ്റെ ആവശ്യമാണു. അതൊന്നും ഇല്ലാതെ ഓരോ വ്യക്തിയും അവരവർക്കു തോന്നിയപോലെ പ്രവർത്തിച്ചാൽ ആ പ്രവർത്തിക്കുന്നവർക്കു പോലും സുഖമായും സമാധാനമായും സന്തോഷമായും ജീവിതം ആസ്വദിക്കാനാവില്ല എന്നതു മനസ്സിലാക്കാൻ ഒരു ദൈവത്തിൻ്റെയും വെളിപാടോ തിട്ടൂരമോ ആവശ്യമില്ല. സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യർക്കാണു ഏറ്റവും ഉയർന്ന നിലയിൽ സാമൂഹ്യ ചിന്തയും മാനവബോധവും ഉൾക്കൊള്ളാനാവുക. അന്ധവിശ്വാസികൾക്ക് ആ വിശ്വാസം രൂപം കൊണ്ട പ്രാകൃത ഗോത്രകാല ചിന്തയിൽ അള്ളിപ്പിടിച്ചിരിക്കാൻ മാത്രമേ കഴിയൂ. അതുകൊണ്ടു തന്നെയാണു മതവാദി ഇപ്പോഴും അപരിഷ്കൃതത്വം മുറുകെ പിടിക്കുന്നതും മര്യാദയുള്ള ഒരു ഭാഷ പോലും ഉപയോഗിക്കാതെ ഉറഞ്ഞു തുള്ളുന്നതും. സ്വാർഥ ചിന്ത എല്ലാ ജീവികളിലുമെന്ന പോലെ മനുഷ്യനിലും സഹജമായി ഉണ്ട്. പരിണാമം സമ്മാനിച്ച അതിജീവന ഉപായങ്ങളിലൊന്നാണത്. എന്നാൽ സംഘ ജീവിതത്തിൽ സ്വാർത്ഥതയെ മറി കടന്നു സംഘബോധം ഉയർന്ന ധാർമ്മികതയിലേക്കു വളർത്തിയെടുക്കേണ്ടതുണ്ട്. അതു പരിശീലനങ്ങളിലൂടെയും അനുഭവജ്ഞാനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമൊക്കെ ആർജ്ജിക്കേണ്ട ഗുണമാണു. സ്വാർത്ഥതയും സാമൂഹികതയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണു ഓരോ മനുഷ്യൻ്റെ ഉള്ളിലും നടക്കുന്ന ധാർമ്മിക സംഘർഷം. അവിടെ സ്വാർത്ഥതയെ നിയന്ത്രിക്കുകയും പരമാവധി വയക്തിസ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്തുകൊണ്ടുള്ള ഒരു സന്തുലിത ജീവിതമാണു പരിഷ്കൃത സമൂഹം വിഭാവനം ചെയ്യുന്നത്. അപരിഷ്കൃത ഗോത്ര സമൂഹങ്ങളിൽ വ്യക്തികളെ ഗോത്ര സംഘ ജീവിതം പരിശീലിപ്പിക്കാൻ കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ സ്വയം തിരിച്ചറിവിലൂടെ ഉയർന്ന സാമൂഹ്യബോധം കൈവരിക്കാൻ കഴിയുന്ന ഒരു പരിഷ്കൃത ലോകത്തു ഈ കോത്താമ്പിക്കഥകൾക്കു പ്രസക്തിയില്ല. മാത്രമല്ല ആ കഥകൾ തന്നെ ഇക്കാലത്തു വലിയ അധാർമ്മികതയായി പരിണമിച്ചിട്ടുമുണ്ട്. അതിൻ്റെ ഉദാഹരണങ്ങളാണു മതവിമർശകർ നിരന്തരം ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ആരുടെ യുക്തിക്കു തോന്നുന്നതാണു ശരി എന്ന ചോദ്യത്തിനുള്ള ഏറ്റവും ഫലപ്രദമായ ഉത്തരമാണു ആധുനിക ജനാധിപത്യം എന്ന സംസ്കാരം. മതങ്ങളും മറ്റു ഗോത്ര ആശയങ്ങളും ജനാധിപത്യം ഉൾക്കൊള്ളുന്നില്ല. പകരം ഏകാധിപധികളായ ഫാസിസ്റ്റുകളുടെ അടിമകളായി ജീവിക്കാൻ ഉപദേശിക്കുകയാണു ചെയ്യുന്നത്. ഇല്ലാത്ത ദൈവം ഈ ഫാസിസ്റ്റുകളുടെ ഡമ്മികളായി പ്രജകളെ കബളിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യർക്കു വേണ്ട നിയമങ്ങളെല്ലാം മനുഷ്യർ തന്നെയാണു നിർമ്മിക്കുന്നത്. ദൈവത്തിൻ്റെ പേരിൽ വെളിപാടുകളായി ഉണ്ടാക്കിയതും മനുഷ്യർ തന്നെയാണു. ദൈവം "ഇറക്കി"ത്തന്ന വെളിപാടു നിയമങ്ങൾ പത്തു പേർക്കു പതിനെട്ടു കോലത്തിലാണു മനസ്സിലാക്കാൻ പറ്റുന്നത് എന്നതു കൊണ്ടാണല്ലോ മതം കാക്കത്തൊള്ളായിരം ഗ്രൂപ്പുകളായി പരസപരം പൊട്ടിത്തെറിച്ചു ചാവുകയും കൊല്ലുകയും ചെയ്യുന്നത്. ആരുടെ യുക്തിക്കു തോന്നുന്നതാണു ശരി എന്ന ചോദ്യം ആരുടെ യുക്തിയനുസരിച്ചു വ്യാഖ്യാനിക്കുന്നതാണു ശരി എന്നു കൂടി ചോദിക്കേണ്ടി വരുന്നു. ജനാധിപത്യത്തിൻ്റെ ബാലപാഠം പോലും ഉൾക്കൊള്ളാൻ മതം പഠിപ്പിക്കുന്നില്ല എന്നതിൻ്റെ ദുരന്തമാണത്. സ്വതന്ത്ര ചിന്തകരായ ജനാധിപത്യ വാദികൾക്ക് ഇതൊരു വലിയ പ്രശ്നമൊന്നുമല്ല. ഏതു കാര്യത്തിലും പരസ്പരസ്നേഹത്തോടെ ആശയസംവാദങ്ങൾ നടത്തി തീരുമാനത്തിലെത്താൻ ഉയർന്ന സാമൂഹ്യധാർമ്മിക ബോധമുള്ള പരിഷ്കൃത മനുഷ്യർക്കു കഴിയും. അതുകൊണ്ടു തന്നെയാണു ലോകം ഇന്നു മുൻ കാലങ്ങളെ അപേക്ഷിച്ചു സമാധാനവും സന്തോഷവും നിറഞ്ഞ ഒന്നായി മാറിയിട്ടുള്ളതും. ജീവിക്കാൻ കിട്ടിയ അവസരം മുതലാക്കുകയും തിന്മ ചെയ്യുകയും വേണം എന്നതു ഒരു വിഡ്ഢിയുടെ ഉപദേശം മാത്രമാണു. കാരണം തിന്മ ചെയ്തു ജീവിതം "മുതലാക്കാൻ" ശ്രമിക്കുന്നവർക്കു ജീവിതം അത്ര സുഖകരമൊന്നും ആവില്ല എന്നും സഹജീവികളുടെ സ്നേഹവും സഹകരണവും ആദരവും കിട്ടിയുള്ള ജീവിതമാണു തിനമ ചെയ്തുള്ള ഒളിജീവിതത്തെക്കാൾ സന്തോഷകരമാവുക എന്നും യുക്തിയുള്ളവർക്കൊക്കെ തിരിച്ചറിയാൻ കഴിയും. അത്തരം തിനമകൾ ചെയ്തു സഹജീവികളെ വഞ്ചിക്കാൻ ശ്രമിച്ച്ഗവർക്കു ഇവിടെ തന്നെ എന്തു സംഭവിച്ചു എന്നു ചിന്തിച്ചു നോക്കുക. അത്തരം ആളുകൾ സമൂഹത്തിൽ തീർത്തും അദൃശ്യരായും വെറുക്കപ്പെട്ടവരായും ഒറ്റപ്പെടുന്നു എന്നതിനു ഇവിടെ തന്നെ ഉദാഹരണങ്ങളുണ്ടല്ലൊ. അതു തന്നെയാണു തിനം ചെയ്യുന്നവർക്കുള്ള "ശിക്ഷ" ! കൂടുതൽ വിശദമായ മറുപടി നൽകാൻ ആവശ്യമായതിനാൽ ഇനി ഏതാനും മറുചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കാം:- ദൈവത്തിനു മനുഷ്യർ ധാർമ്മികതയോടെ ജീവിക്കുന്നതുകൊണ്ട് എന്താണു പ്രയോജനം? മനുഷ്യർക്കു പ്രയോജനമുള്ളതുകൊണ്ടാണു മനുഷ്യർ ധാർമ്മികത വികസിപ്പിച്ചിട്ടുള്ളത് എങ്കിൽ അതു തിരിച്ചറിയാൻ ദൈവത്തിൻ്റെ തിട്ടൂരം ആവശ്യമില്ലല്ലൊ. മനുഷ്യൻ ദൈവം നിർമ്മിച്ച നിയമങ്ങളാണു അനുസരിക്കേണ്ടതെങ്കിൽ ഏതു ദൈവം ഏതു കിതാബിൽ പറയുന്നതാണു അനുസരിക്കേണ്ടത്? അതിൻ്റെ യുക്തിയെന്ത്? കാക്കത്തൊള്ളായിരം "ദൈവീക" പ്രമാണങ്ങൾ ഉള്ളതിൽ ഒറിജിനൽ ഏതെന്നു കണ്ടെത്താനുള്ള മാനദൺഡമെന്ത്? എല്ലാ നന്മ കളും തിന്മകളും ദൈവം തന്നെയാണു സൃഷ്ടിച്ചതെന്നും തിന്മകളും ദൈവത്തിൽ നിന്നാണു വരുന്നതെന്നും പിശാചിനെ ദൈവമാണു സൃഷ്ടിച്ചു കയറൂരി വിട്ടതെന്നും മതം പറയുന്നു. എങ്കിൽ ഈ ദൈവത്തിനു സ്വയം ധാർമ്മികത ഉപദേശിക്കാൻ എന്തു യോഗ്യതയാണുള്ളത്? സ്വന്തം സൃഷ്ടികളെ പരീക്ഷണമൃഗങ്ങളാക്കി ചതിക്കുഴിയിൽ വീഴ്ത്തി അതിൻ്റെ പേരിൽ ആ ഗിനിപ്പന്നികളെ ശിക്ഷിക്കുമെന്നു ആക്രോശിക്കുന്ന ദൈവം നാളെ നീതി നടപ്പിലാക്കും എന്നു പറയുന്ന കഥയിൽ എന്തു യുക്തി? എന്തു ധാർമ്മികത? അടിമത്തം പോലുള്ള അതിനീചമായ സാമൂഹ്യ തിനമകളെ പ്പോലും യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുകയും തൻ്റെ അന്ത്യപ്രവാചകൻ ഉൾപ്പെടെ സകല ദൂതരെയും അടിമത്തത്തിൻ്റെ ഗുണഭോഗ്താക്കളാക്കി അവതരിപ്പിച്ചു "മാതൃക" കാട്ടുകയും ചെയ്ത ദൈവങ്ങൾക്കു മനുഷ്യരോടു ധാർമ്മികത ഉപദേശിക്കാൻ എന്തു യോഗ്യതയാണുള്ളത്? മനുഷ്യൻ എഴുതിപ്പടച്ച ഇമ്മാതിരി അധാർമ്മികതകളെയും മണ്ടത്തരങ്ങളെയും ഇല്ലാത്ത ദൈവങ്ങളുടെ പിരടിക്കു കെട്ടി ആ സങ്കല്പങ്ങളെ പോലും അവഹെളിക്കുകയല്ലേ മതം ചെയ്യുന്നത്? ??

No comments: