Sunday, July 21, 2019
മതവും ധാർമ്മികതയും...!
ഒറ്റയ്ക്കു ജീവിക്കാൻ കഴിയാത്ത , സംഘമായി മാത്രം അതിജീവനം സാധ്യമാകുന്ന ഒരു ജീവിവർഗ്ഗമാണു മനുഷ്യൻ. ഓരോ വ്യക്തിയുടെയും ജീവിതവും അതിജീവനവും ആസ്വാദനവുമെല്ലാം അന്യ വ്യക്തികളുടെ കൂടി സഹകരണത്തോടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവാണു മനുഷ്യർക്കുണ്ടാകേണ്ട പ്രാഥകമികമായ സാമൂഹ്യ പാഠം. തന്നോടു മറ്റുള്ളവർ എപ്രകാരം പെരുമാറണമെന്നു താൻ ആഗ്രഹിക്കുന്നുവോ അപ്രകാരം താൻ മറ്റുള്ളവരോടും പെരുമാറേണ്ടതുണ്ട് എന്ന തിരിച്ചറിവിൻ്റെ ഏറ്റവും വിസ്തൃതമായ മാനങ്ങൾ തന്നെയാണു മനുഷ്യൻ്റെ ധാർമ്മികതയുടെയും മാനങ്ങൾ. കുഞ്ഞുങ്ങളെ നർചർ ചെയ്തു വളർത്തുന്നതോടൊപ്പം അവർക്കു പകർന്നു നൽകേണ്ടതും ഈ പാഠങ്ങളാണു. സാമൂഹ്യ വിദ്യാഭ്യാസത്തിൻ്റെ മുഖ്യ ലക്ഷ്യവും ഇത്തരം ധാർമ്മിക പരിശീലനമായിരിക്കണം.
എന്താണു സമൂഹം? അതിൻ്റെ ഘടനയും സ്വഭാവവും എല്ലാ കാലത്തും ഒരുപോലെയായിരുന്നോ?
അല്പം ചരിത്രബോധത്തോടെ അന്യേഷിക്കേണ്ട വിഷയമാണിത്. പരസ്പരം നേരിട്ടറിയാവുന്ന ഏതാനും വ്യക്തികളുൾക്കൊള്ളുന്ന ചെറു വേട്ട സംഘങ്ങൾ മാത്രമായിരുന്നു ആദിമ സമൂഹങ്ങൾ. അത്തരം പ്രിമിറ്റീവ് ഗണങ്ങളിൽ ആ ഗണത്തിലെ വ്യക്തികൾ തമ്മിൽ മാത്രമേ സഹകരണവും സ്നേഹവും മറ്റു വൈകാരിക ബന്ധങ്ങളും വ്യാവഹാരിക പാരസ്പര്യങ്ങളും ഉണ്ടായിരുന്നുള്ളു. ആ കാലങ്ങളിൽ അന്യ ഗണങ്ങൾ വെറും ശത്രുക്കൾ മാത്രമായിരുന്നു. അന്യജീവികളെക്കാൾ മനുഷ്യൻ്റെ അതിജീവനത്തിനു ഭീഷണിയായിരുന്നത് അന്യ ഗണങ്ങളിലെ മനുഷ്യർ തന്നെയായിരുന്നു. അതിനാൽ ഒരു കൂട്ടം സദാ അന്യ കൂട്ടങ്ങളുടെ നേരെ ആക്രമണം നടത്താനും അവരെ നശിപ്പിക്കാനുമാണു ശ്രമിച്ചിരുന്നത്. മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു മനുഷ്യൻ തന്നെയായിരുന്നു. ഈ നില ഏറ്റവും അടുത്ത കാലം വരെയും തുടർന്നു പോന്നു എന്നതാണു ചരിത്രം. ഇന്നും മനുഷ്യമസ്തിഷ്കം ഈ നിലയിൽ തന്നെയാണു പ്രവർത്തിക്കുന്നത്.
വേട്ടഗണങ്ങൾ പിന്നീടു വലിയ ഗോത്രങ്ങളായി വളർന്നപ്പോഴും മനുഷ്യൻ്റെ പ്രധാന വ്യവഹാരം യുദ്ധം തന്നെയായിരുന്നു. യുദ്ധം ചെയ്തു ജയിക്കുന്നവർ അതിജീവിക്കുക തോൽക്കുന്നവർ ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ കീഴടക്കിയ ഗോത്രത്തിൻ്റെ അടിമകളായി തുടരുകയും പിന്നീട് ആ ഗോത്രത്തിൻ്റെ ഭാഗമാവുകയും ചെയ്യുക. ഇതായിരുന്നു പതിവ്.
ഗോത്രങ്ങൾ പിന്നീടു രാജ്യങ്ങളായും സാമ്രാജ്യങ്ങളായും വളർന്നു. എല്ലാം യുദ്ധങ്ങളിലൂടെ കടന്നാക്രമങ്ങളിലൂടെ അധിനിവേശങ്ങളിലൂടെ . ഈ ചരിത്രത്തിൻ്റെ ഒഴുക്കിൽ മനുഷ്യൻ്റെ ധാർമ്മിക സങ്കല്പങ്ങൾ മാറ്റങ്ങൾക്കു വിധേയമായി.
ഗോത്രകാലത്തെ മനുഷ്യർക്ക് സ്വഗോത്രസഹജീവികൾ മാത്രം മനുഷ്യരും അന്യഗോത്രജീവികൾ വെറും ശത്രുജീവികളുമായിരുന്നു. അന്യ ഗോത്ര ശത്രുവിനെ എങ്ങനെയൊക്കെ കീഴ്പെടുത്തി തോൽപ്പിക്കാം എന്നതു മാത്രമായിരുന്നു അക്കാലത്തെ മനുഷ്യൻ്റെ ഏറ്റവും പ്രധാന സാമൂഹ്യ അഭ്യാസങ്ങൾ. അതനുസരിച്ചായിരുന്നു അക്കാലത്തെ ധാർമ്മികപാഠങ്ങളും. അത്തരം ധാർമ്മികതയുടെ രേഖാശേഷിപ്പുകളാണു മതങ്ങൾ. കാരണം മതങ്ങളുണ്ടായ കാലം ഗോത്ര സമൂഹങ്ങളുടെ കാലമാണു. ഈ ചരിത്ര ബോധത്തോടെ ബൈബിളും കുർ ആനും മറ്റു മതകഥാപുസ്തകങ്ങളും വായിക്കാൻ ശ്രമിച്ചാൽ മതം മനുഷ്യനിർമ്മിതമാണു എന്ന പച്ചപ്പരമാർത്ഥം ഏതു ശരാശരിക്കാർക്കും ബോധ്യമാകും. അന്ധമായ വിശ്വാസവും മുൻ വിധിയും തൽക്കാലത്തേക്കെങ്കിലും മാറ്റി വെക്കണമെന്നു മാത്രം.
ഗോത്ര മനുഷ്യർക്കെല്ലാം ഗോത്ര ദൈവങ്ങളും ഉണ്ടായിരുന്നു. ചില ഗോത്രങ്ങൾക്കു ബഹു ദൈവങ്ങൾ. മറ്റു ചിലർക്കു അവരുടെ മാത്രം ഏകദൈവങ്ങളും. മിസ്രയീം ദേശത്തുനിന്നും ഇസ്രയേൽ ഗോത്രക്കാരെ കാനാൻ ദേശത്തേക്കു കടത്തിക്കൊണ്ടു പോകുന്ന ലക്ഷണമൊത്ത ഒരു ഗോത്ര ദൈവമാണു ബൈബിളിലെ യഹോവ. അന്യദൈവങ്ങളെ ആരാധിക്കുന്നവരെ അപ്പക്കപ്പളേ ശിക്ഷിക്കുന്ന ഒരു ക്ഷിപ്രകോപി ദൈവമാണത്. ഏതു നിസാര കാര്യത്തിനും "ഊനമില്ലാത്ത ആട്ടിൻ കൊട്ടനെയും" ഊനമില്ലാത്ത കോലാടിനെയും പാപയാഗമായും ഹോമയാഗമായും ചുട്ടുതരണം എന്ന് ആജ് ഞാപിക്കുന്ന ഒരു പ്രാകൃത ദൈവം.
ഇതേ ദൈവത്തിൻ്റെ മറ്റൊരു അനുകരണമാണു മുഹമ്മദിൻ്റെ അള്ളായും. യുദ്ധവും കൊള്ളയുമായിരുന്നല്ലോ മുഹമ്മദിൻ്റെ മുഖ്യ തൊഴിൽ. ആ തൊഴിലിൽ മുഹമ്മദിനു വേണ്ട സ്പിരിറ്റും സഹായവും നിർലോഭം ചൊരിഞ്ഞുകൊടുക്കുന്നുണ്ട് ഈ ഗോത്രദൈവം. നിങ്ങൾ കഴുത്തു നോക്കി വെട്ടിക്കോ, ഞാൻ വെട്ടു കൊള്ളിച്ചോളാം എന്നാണു ഈ ദൈവം യുദ്ധവേളകളിൽ ആക്രോശിക്കുന്നത്.
യുദ്ധത്തിൽ സ്ത്രീകളെയും കുട്ടികളെയുമൊക്കെ തടവുകാരായി പിടിച്ചോ
ളൂ അവരെ യുദ്ധപ്പറമ്പിലിട്ടു ഭർതാക്കന്മാരുടെ മുന്നിൽ തന്നെ ബലാൽസംഗം ചെയ്തോളൂ ഒരാക്ഷേപവുമില്ല എന്നൊക്കെ ഉളുപ്പില്ലാതെ ഈ ദൈവം പറയുന്നുണ്ട്.
അയല്പക്കത്തുള്ള എല്ലാ ഗോത്രങ്ങളെയും കടന്നാക്രമിച്ചു കൊള്ള ചെയ്യൂ കൊള്ളമുതൽ കൊണ്ട് ഉപജീവനം കഴിച്ചോളൂ അഞ്ചിലൊന്ന് കമ്മീഷൻ എനിക്കും തന്നാൽ മതി എന്നൊക്കെയാണു ഈ ദൈവം നൽകുന്ന "ധാർമ്മികോപദേശങ്ങൾ " !
എല്ലാ നെറികേടുകൾക്കും ഞാനുണ്ട് കൂടെ എന്ന് ഈ ദൈവം സ്വഗോത്രക്കാർക്ക് ഉറപ്പു നൽകുന്നു.
അന്യമതക്കാരെ (അന്യ ഗോത്രങ്ങളെ) ശത്രുക്കളായി മാത്രം കണ്ടു പെരുമാറാനും ഈ ദൈവം ഉപദേശിക്കുന്നു. അവരോടു പരുഷമായി മാത്രം പെരുമാറിയാൽ മതി എന്നാണു ആജ്ഞ. സ്ത്രീകളെ അടിച്ചും പീഢിപ്പിച്ചും നിലക്കു നിർത്താനും ഈ ദൈവം പുരുഷന്മാരെ ഉപദേശിക്കുന്നു. അടിമകളായി പിടിക്കപ്പെടുന്നവരെയും പാരമ്പര്യ അടിമകളെയും വിൽക്കാനും വാങ്ങാനും ചൂഷണം ചെയ്യാനും വേണ്ട ശർത്തും ഫർളുമൊക്കെ ഈ ദൈവം പഠിപ്പിക്കുന്നുണ്ട്.
ഇനി നാം ജീവിക്കുന്ന കാലവും ഈ കാലത്തെ സമൂഹഘടനയും ഈ കാലത്തിൻ്റെ സാമൂഹ്യ ധാർമ്മിക മൂല്യങ്ങളും എന്താണെന്നു കൂടി നാം അറിയണം. നമുക്കിന്നു ഗോത്രങ്ങളില്ല. രാജ്യങ്ങളുണ്ടെങ്കിലും രാജ്യാന്തര വ്യവഹാരങ്ങളിലൂടെ ഒരു ആഗോള മാനവ സമൂഹമായി നാം വികസിച്ചിട്ടുണ്ട്. ബഹുസ്വരതയുടെ മഴവിൽ സംസ്കാരമാണു നാമിന്നു മാനിക്കുന്നത്. ലോകമാകെയുള്ള മുഴുവൻ മനുഷ്യരെയും സ്വഗോത്ര സഹജീവികളായി കാണുന്ന ഒരു നവ സംസ്കൃതിയിലേക്കാണു നാം വികസിക്കുന്നത്.
ഇവിടെയാണു നമ്മുടെ പുത്തൻ ധാർമ്മിക സങ്കല്പങ്ങളും പ്രസക്തമാകുന്നത്. തീർത്തും കാലഹരണപ്പെട്ടു ജീർണിച്ചു പോയ മതധാർമ്മികത നമുക്കിന്നു അപര്യാപ്തവും അപ്രസക്തവുമായി മാറിയിട്ടുണ്ട്. ഇതാണു ഇന്നിൻ്റെ ധാർമ്മികതയിലേക്കുള്ള പ്രാഥമികമായ തിരിച്ചറിവ്. ജാതി മത ഗോത്ര വംശ ദേശ ലിംഗ ഭിന്നതയില്ലാതെ മനുഷ്യരെ മുഴുവൻ ഒരേ ഡിഗ്നിറ്റിയും ഒരേ അവകാശങ്ങളുമുള്ള സഹജീവികളായി കാണാനാണു ഇന്നിൻ്റെ ധാർമ്മികത നമ്മെ പഠിപ്പിക്കുന്നത്. ഇവിടെയാണു മതം ഒരു വിഘാതമായി വിലങ്ങു നിൽക്കുന്നത്.
ഇതര വിശ്വാസങ്ങളെയോ സംസ്കാരങ്ങളെയോ ഉൾക്കൊള്ളാനും അംഗീകരിക്കാനും അവരുടെ കൂടി നന്മ കാംക്ഷിച്ചുകൊണ്ടു സഹകരിക്കാനും ശ്രമിക്കുന്നതിനു പകരം അവരെക്കൂടി തങ്ങളുടെ ഗോത്രത്തിലേക്കു മാർക്കം കൂട്ടി മാത്രം അവരെ മനുഷ്യരായി അംഗീകരിക്കുക എന്ന സ്ങ്കുചിത വർഗീയ മനോഭാവം ഇന്നിൻ്റെ ധാർമ്മികതയുമായി പൊരുത്തപ്പെടുന്ന ഒന്നല്ല. തങ്ങളുടെ ഗോത്രദൈവത്തെ തന്നെ എല്ലാവരും അംഗീകരിച്ച് ആരാധിച്ചു കഴിയണമെന്ന ശാഠ്യവും അധാർമ്മികമാണു. എല്ലാ വിഭാഗങ്ങളെയും അവർ എന്താണോ അതായിത്തന്നെ അംഗീകരിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന വിശാല സംസ്കാരമാണു ഇന്നിൻ്റെ ധാർമ്മികത. ലോകമാകെ തങ്ങളുടെ മതത്തിനു കീഴിലാക്കാൻ വാളും ബോംബുമായി നെട്ടോട്ടമോടുന്ന മനോരോഗികളെ സൃഷ്ടിക്കുന്നതു മതം എന്ന സങ്കുചിത മൂഡവിശ്വാസമാണു. അതുകൊണ്ടു തന്നെ മനുഷ്യരാശിയുടെ ശാന്തിയും സ്വസ്ഥതയും നശിപ്പിക്കുന്ന ഇത്തരം മൂഡവിശ്വാസങ്ങളെ വേരറുക്കുക എന്നതു ഈ കാലത്തിൻ്റെ ഏറ്റവും വലിയ നന്മകളിൽ ഒന്നാണു.
ഇതു മതജീവികൾക്കും ഏറെക്കുറെ മനസ്സിലാകുന്നുണ്ട്. പക്ഷെ വിശ്വാസം കൊണ്ടു തുപ്പാനും ധാർമ്മികതകൊണ്ട് ഇറക്കാനും പറ്റാതെ പ്രതിസന്ധിയിലായി ഉഴലുകയാണു വിശ്വാസിക്കൂട്ടം. മതം ഉപേക്ഷിച്ചു മനുഷ്യരാവൂ എന്നു നാം പറയുമ്പോൾ വ്യാഖ്യാനം കൊണ്ടു പെയിൻ്റു പൂശി മതത്തെ മിനുക്കിയെടുക്കാമെന്നവർ വ്യാമോഹിക്കുന്നു. മതത്തിൽ തന്നെ ഇന്നിൻ്റെ ധാർമ്മികതയെ വ്യാഖ്യാന ഫാക്റ്ററിയിൽ ഉരുട്ടിയെടുക്കാനവർ ശ്രമിക്കുന്നു.
എന്താണു മതം എന്നു ചരിത്രബോധത്തോടെയും യുക്തിബോധത്തോടെയും മനസ്സിലാക്കാൻ വിശ്വാസമെന്ന മനോരോഗം വിശ്വാസിയെ അനുവദിക്കുന്നില്ല.
ധാർമ്മികത എന്നു കേൾക്കുമ്പോഴേക്കും ലൈംഗികത എന്നു മാത്രം ചിന്തിക്കുന്ന ഒരു വികൃത മനോഭാവമാണു മതജീവികൾക്കുള്ളത്. ജീവിതം ആസ്വദിക്കൂ എന്ന് പറഞ്ഞാൽ കാണുന്നവരെയൊക്കെ ചാടിപ്പിടിച്ചു ഭോഗിക്കൂ എന്നാണിക്കൂട്ടർ അർത്ഥമാക്കുന്നത്. ആധുനിക ലോകത്തു ജീവിതാസ്വാദനത്തിനുള്ള വൈവിദ്ധ്യമാർന്ന ഉപാധികളും മാനങ്ങളും സങ്കേതങ്ങളും കേവലം ഗോത്രകാല കഥാപുസ്തകം മാത്രം തിന്നു പൊട്ടക്കിണറ്റിനടിയിലെ കൂരിരുട്ടിൽ കഴിയുന്ന ഈ പാവങ്ങൾക്കു കാണാനാവുന്നില എന്നതു സ്വാഭാവികമാണു. അവരുടെ പ്രവാചകന്മാരുടെ ചര്യയിലൂടെ മാത്രമാണല്ലൊ അവർ ജീവിതം കാണുന്നത്.
കളിയും കലയും വിനോദങ്ങളുമൊന്നുമില്ലാത്ത ഒരു വരണ്ട ഭോഗശാലയാണല്ലോ അവരുടെ ആത്യന്തിക മോക്ഷലക്ഷ്യം തന്നെ. അതിനപ്പുറം ലക്ഷോപലക്ഷം വിനോദോപാധികളുള്ള ഒരു പരിഷ്കൃത ജീവിതം അവർക്കന്യമാണല്ലൊ.
Subscribe to:
Post Comments (Atom)
No comments:
Post a Comment