Friday, June 7, 2019
നിരവധി തവണ പല വേദികളിലായും പല പല കുറിപ്പുകളായും മറുപടി പറഞ്ഞ ആരോപണങ്ങൾ, ആ മറുപടികളിൽ ഒന്നു പോലും കണ്ട ഭാവം നടിക്കാതെ ചർവ്വിതചർവ്വണമായി ആവർത്തിക്കുന്നത് സ്വന്തം ആശയ പാപ്പരത്തത്തിൻ്റെ ആഴവും ഗതികേടും വ്യക്തമാക്കുകയല്ലേ സുഹൃത്തേ?
മനുഷ്യർ ദെവത്തെയും ദൈവത്തിൻ്റെ നരകവും അടുപ്പും പേടിച്ചും ദൈവത്തിൻ്റെ സമ്മാനമായ കള്ളും പെണ്ണും മോഹിച്ചുമാണോ നന്മകൾ പ്രവർത്തിക്കേണ്ടതും തിന്മകൾ വർജ്ജിക്കേണ്ടതും?
ദൈവം ഇല്ല എന്നു വന്നാലുടൻ മനുഷ്യരെല്ലാം തോന്നും പോലെ ജീവിക്കും എന്ന് എന്തു പഠനത്തിൻ്റെ അടിസ്ഥാനത്തിലാണു ആവർത്തിച്ചു കൊണ്ടിരിക്കുന്നത്? മതവിശ്വാസവും ദൈവവിശ്വാസവും ഇല്ലാത്ത സമൂഹങ്ങളിൽ മനുഷ്യർ ഉയർന്ന സാമൂഹ്യ ധാർമ്മിക ജീവിതം നയിക്കുമ്പോൾ മതഭ്രാന്തുകൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത നമ്മുടെ നാടുൾപ്പെടെ എല്ലാ നാടുകളിലും ധാർമ്മികത പൂത്തുലയുന്നുണ്ടോ? മൊല്ലാക്കമാരും ഇമാമുകളും കുട്ടികളെ പീഡിപ്പിക്കുന്ന വാർത്തയില്ലാത്ത ഒരു പത്രം പോലും ഇറങ്ങുന്നില്ല. അവരൊക്കെ ദൈവം ഇല്ലാത്തവരാണോ? എങ്കിൽ ഇത്രയേറെ മതജീവികൾക്ക് ദൈവം ഇല്ലാതാകുന്നതിൻ്റെ കാരണം?
മനുഷ്യരെല്ലാം "തോന്നും പോലെ" അങ്ങു ജീവിക്കാൻ തുടങ്ങിയാൽ എന്താണു കുഴപ്പം? അതൊന്നു വിശദമാക്കാമോ? ആ കുഴപ്പം നിങ്ങൾ മതജീവികൾക്കു മാത്രമേ മനസ്സിലാകൂ എന്നുണ്ടോ? റോഡിൽ വാഹനമോടിക്കുന്ന നിരീശ്വരവാദികളൊക്കെ അവരവർക്കു തോന്നിയപോലെയാണോ വണ്ടി ഓടിക്കുക? അതോ ട്രാഫിക് നിയമങ്ങൾ പാലിക്കുമോ? ദൈവം അടുപ്പു കൂട്ടി കാത്തിരിക്കുന്നില്ലെങ്കിൽ പിന്നെ നമ്മൾ എന്തിനാ ട്രാഫിക് നിയമം അനുസരിച്ചൊക്കെ വണ്ടി ഓടിക്കുന്നത്? നമുക്ക് തോന്നുമ്പോലെ അങ്ങ് ഓടിച്ചാൽ എന്താ കൊയപ്പം ?
പ്രാകൃത ഗോത്ര കാലത്തെ സാമൂഹ്യ നിയമങ്ങളും ധാർമ്മിക സങ്കല്പങ്ങളുമാണു മതം പേറിക്കൊണ്ടു നടക്കുന്നത്. അവയെല്ലാം ഇന്നു കാലഹരണപ്പെട്ടു ജീർണിച്ചു നാറുന്നുമുണ്ട്. അതൊക്കെ വലിച്ചെറിഞ്ഞു ആധുനിക കാലത്തെ പരിഷ്കൃത മനുഷ്യർ അംഗീകരിക്കുന്ന ധാർമ്മിക സങ്കല്പങ്ങളെ സ്വീകരിക്കണം എന്നാണു ഞങ്ങളൊക്കെ കാര്യകാരണ സഹിതം പറഞ്ഞു കൊണ്ടിരിക്കുന്നത്. ആ പറഞ്ഞ കാര്യങ്ങളോടു പ്രതികരിക്കാൻ തയ്യാറുണ്ടോ?
കുമ്മായവും ബ്രഷുമായി ഓടി നടന്നു വെളുപ്പിക്കാൻ വ്യാഖ്യാനഫാക്റ്ററികൾ തുറക്കേണ്ടി വരുന്നതു തന്നെ മതം ജീർണിച്ചു കാലഹരണം വന്നു എന്ന ബോധ്യം കൊണ്ടാണല്ലോ?
ദൈവഭയം ഇല്ലാതാകുന്നതോടെ മനുഷ്യരെല്ലാം തോന്നിയപോലെ പ്രവർത്തിക്കും എന്നാണല്ലോ ആരോപണം. അങ്ങനെ ആയാൽ എന്താണു കുഴപ്പം ? അതു വിശദമാക്കുക. മതവിശ്വാസികൾക്കു മാത്രം മനസ്സിലാകുന്നതും അവിശ്വാസികൾക്കു മനസ്സിലാകാത്തതുമായ കുഴപ്പമാണു വ്യക്തമാക്കേണ്ടത്.
ഞാൻ നാടിൻ്റെ പൊതു നിയമങ്ങൾ അനുസരിക്കുന്നത് അതിൻ്റെ സാമൂഹികമായ അനിവാര്യതയും ഗുണഫലങ്ങളും തിരിച്ചറിയുന്നതുകൊണ്ടാണു. അല്ലാതെ മരണാനന്തരം കള്ളും പെണ്ണും കിട്ടാനല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment