Wednesday, May 29, 2019

ഇസ്രയേലിലെ സോഷ്യലിസ്റ്റ് ഗ്രാമങ്ങൾ !

ഇസ്രയേലിലെ സോഷ്യലിസ്റ്റ് ഗ്രാമങ്ങൾ ! മാർക്സിൻ്റെ സോഷ്യലിസവും ഹെർസലിൻ്റെ സിയോണിസവും ഒന്നിച്ചപ്പോൾ ജന്മം കൊണ്ടതാണു ഇസ്രയേലിലെ കിബൂസ് വില്ലേജുകൾ. പ്രായോഗിക സിയോണിസത്തിൻ്റെ ആരംഭഘട്ടമായ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിൽ റഷ്യയിൽ നിന്നും കിഴക്കൻ യൂറോപിൽ നിന്നും "വാഗ്ദത്തഭൂമി"യിലേക്കു കുടിയേറിയ ജൂതരാണു കിബൂസ് ഗ്രാമങ്ങളുടെ തുടക്കക്കാർ. ജൂതവംശത്തിനെതിരെ കൊടിയ പീഢനങ്ങൾ അരങ്ങേറിയ നാടുകളിൽനിന്നും അതിജീവനം തേടി പലായനം ചെയ്ത ഇക്കൂട്ടരില് മഹാഭൂരിപക്ഷം പേരും ജൂതമതയാഥാസ്ഥിതികരോ മതവിശ്വാസികൾ പോലുമോ ആയിരുന്നില്ല എന്നതാണു കൗതുകകരമായ ഒരു വസ്തുത. അങ്ങിങ്ങായി തലപൊക്കി നിൽക്കുന്ന ഒലിവ് മരങ്ങളൊഴിച്ചാൽ കാര്യമായ പച്ചപ്പോ ആർദ്രതയോ ഇല്ലാത്ത കൽക്കൂനകൾ നിറഞ്ഞ വരണ്ട മരുഭൂമിയായിരുന്നു അക്കാലത്തു 'കാനാൻ ദേശം' . കഠിനമായ അധ്വാനവും അനിതര സാധാരണമായ നിശ്ചയദാർഡ്യവും കൊണ്ട് ആ ഊഷരതയെ സമൃദ്ധിയുടെ വിളനിലമാക്കി മാറ്റിയതും ഇസ്രയേൽ എന്ന ആധുനിക വിസ്മയരാഷ്ടരത്തിനു തറക്കല്ലു പാകിയതും മുഖ്യമായും ഈ അസാധാരണ സംഘജീവിതത്തിൻ്റെ ഉൽപ്പന്നങ്ങളായ മനുഷ്യവിഭവങ്ങൾ ആയിരുന്നു എന്നാണു ഇസ്രയേൽ ചരിത്രം വ്യക്തമാക്കുന്നത്. ലോകത്തെ വിസ്മയിപ്പിച്ച ആദ്യകാല യുദ്ധ അതിജീവനത്തിനും ഇസ്രയേലിനെ ഏറെ സഹായിച്ചത് ഈ സോഷ്യലിസ്റ്റ് ഗോത്രങ്ങളിലെ സാഹസികയോദ്ധാക്കൾ തന്നെയായിരുന്നു. ആഗോളവൽക്കരണത്തിൻ്റെയും ആധുനികജീവിതവ്യവഹാര സങ്കേതങ്ങളുടെയുമെല്ലാം കടന്നാക്രമങ്ങളിൽ ആടിയുലയുകയും ഒരുപാടു പരിവർത്തനങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇരുനൂറിൽ പരം കിബൂസ് വില്ലേജുകൾ ഇന്നും ഇസ്രയേലിൽ അവശേഷിക്കുന്നുണ്ട്. കാർഷികവൃത്തിക്കായി സംഘജീവിതം തുടങ്ങിയ ഈ ഗ്രാമങ്ങളിൽ ഇന്നു ചെറുകിടവ്യവസായങ്ങൾ തൊട്ട് വൻകിട മിലിട്ടറി വ്യവസായയൂണിറ്റുകൾ വരെ പ്രവർത്തിക്കുന്നു. പല കിബൂസ് ഗ്രാമങ്ങളും വിനോദ സഞ്ചാരികൾക്കായും രൂപാന്തരപ്പെടുത്തീട്ടുണ്ട്. ഇസ്രയേൽ സഞ്ചാരത്തിനിടെ സന്ദർശിച്ച ഒരു കിബൂസ് ഗ്രാമത്തിൽ ഞങ്ങളോടു സംവദിച്ച ഗ്രാമവാസികളായ ചില വയോധികർ തങ്ങളുടെ "പ്രതാപകാല"ത്തെ ഗൃഹാതുരത മുറ്റുന്ന അനുഭവങ്ങൾ പങ്കു വെക്കുകയുണ്ടായി. "സോഷ്യലിസ്റ്റ്" രീതിയിൽ കുട്ടികൾ എങ്ങനെയാണു വളർത്തപ്പെട്ടിരുന്നത് എന്നു സ്വാനുഭവങ്ങൾ പങ്കുവെച്ച്കൊണ്ട് അവർ വിവരിക്കുകയുണ്ടായി. അമ്മമാർ പ്രസവിച്ച് അധികം താമസിയാതെത്തന്നെ കുഞ്ഞുങ്ങളെ ഗ്രാമത്തിലെ പൊതുശിശു സംരക്ഷണ സ്ഥാപനത്തിൽ ഏൽപ്പിക്കും. പ്രത്യേകം പരിശീലനം ലഭിച്ച നെഴ്സുമാരാണു കുഞ്ഞുങ്ങളെ അവിടെ ശുശ്രൂഷിക്കുക. അമ്മമാർ ദിവസത്തിൽ മൂന്നോ നാലോ തവണ അവിടെ വന്നു മുലകൊടുക്കും. രാത്രി കുഞ്ഞുങ്ങൾ ഉറങ്ങുന്നതും അവിടെത്തന്നെ ! സ്ത്രീകളും പുരുഷന്മാരും എല്ലാ മേഖലയിലും ഒരേ പോലെ അധ്വാനിക്കുന്നതിനാലും സ്ത്രീകൾ പാരമ്പര്യരീതിയിൽ ഗൃഹപരിപാലനവും ശിശുപരിപാലനവുമായി ഒതുങ്ങിപ്പോകാതിരിക്കാനുമാണു അപ്രകാരം ചെയ്യുന്നത്. നെഴ്സറിയിൽ വളരുന്ന കുഞ്ഞുങ്ങൾക്ക് വളർച്ചയ്ക്കനുസൃതമായി വിദ്യാഭ്യാസവും സംഘപരിശീലനങ്ങളും ലഭ്യമാക്കും. പട്ടാളസേവനത്തിനുള്ള പ്രായമാകുന്നതോടെ അവർ ജോലി ആരംഭിക്കുന്നു. അധ്വാനത്തിനു ലഭിക്കുന്ന പ്രതിഫലം ഗ്രാമത്തിൻ്റെ പൊതു ഫണ്ടിൽ നിക്ഷേപിക്കണം. സ്വകാര്യസ്വത്തുക്കൾ സമ്പാദിച്ചുകൂടാ. ഉടുക്കാനുള്ള വസ്ത്രങ്ങൾ പോലും വ്യവസ്ഥാപിതമായ കണക്കുകൾ പ്രകാരം കമ്യൂണിറ്റിയുടെ പൊതുമുതൽ ആയിരിക്കും. ഗ്രാമത്തിൻ്റെ പൊതുസമ്പദ് ഘടന വളരുന്നതിനനുസരിച്ചു മാത്രം എല്ലാവരുടെയും ജീവിതനിലവാരവും വികസിക്കും. വീടുകൾ പൊതുവായിരിക്കും. പള്ളിക്കൂടം, സിനഗോഗ്, കളിസ്ഥലങ്ങൾ, ചികിൽസാ കേന്ദ്രം, തുടങ്ങി എല്ലാ പൊതു സൗകര്യങ്ങളും ഒരു ഗ്രാമത്തിൽ ഉണ്ടാകും. പൊതുഭോജനശാലയിലാണു എല്ലാവർക്കുമുള്ള മുഖ്യാഹാരം. റേഡിയോ ടെലിവിഷൻ, തൊട്ട് ചായ ഉണ്ടാക്കാനുള്ള കെറ്റിൽ പോലും ആരും സ്വന്തമായി സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആദ്യകാലത്തു അനുവദിച്ചിരുന്നില്ലത്രേ ! അതൊക്കെ ആളുകളെ "സ്വന്തം വീട്ടിൽ" ഒതുങ്ങാനും ചുരുങ്ങാനും പ്രേരിപ്പിക്കാം എന്നതിനാലാണത്. കാർഷികവൃത്തി മാത്രമായിരുന്ന കാലത്ത് ഒരു ഗ്രാമത്തിലെ എല്ലാവരും അതേ ഗ്രാമത്തിൽ തന്നെയാണു ജോലി ചെയ്തിരുന്നത്. പിന്നീട് രാജ്യത്ത് വ്യവസായ മേഖലയും മറ്റും അഭിവൃദ്ധി പ്രാപിച്ചതോടെ വിദഗ്ദ്ധ ജോലിക്കായി പലരും പുറത്തേക്കു പോകാൻ തുടങ്ങി. എഞ്ചിനിയർമാരും ഡോക്ടർമാരും മറ്റുമായി പുറം ജോലിക്കു പോയാൽ ലഭിക്കുന്ന അധികവേതനവും കിബൂസിൻ്റെ പൊതു ഖജനാവിലേക്കു തന്നെ നൽകണമായിരുന്നു. ഇന്നു പക്ഷെ കാര്യങ്ങൾ വളരെയേറെ മാറിക്കഴിഞ്ഞു. വരുമാനത്തിൽ വലിയ ഏറ്റക്കുറച്ചിലുള്ളതിനാൽ അവരവരുടെ ആസ്തികൾ സ്വന്തമാക്കാനും സ്വകാര്യ വാഹനങ്ങൾ വീടുകൾ മറ്റു സൗകര്യങ്ങൾ എന്നിവയൊക്കെ സ്വീകരിക്കാനും അനുവാദമുണ്ട്. സ്വന്തം കുട്ടികളെ വീട്ടിൽ വളർത്താനും അനുവദിക്കുന്നു. സെറ്റില്മെൻ്റിനുള്ളിലോ പുറത്തോ സ്വന്തം വീടു വെച്ചു കഴിയാനും സൗകര്യം നൽകപ്പെടുന്നു. ഗ്രാമം വിട്ടു പോകാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ആകാം. എങ്കിലും കൃഷിയും വ്യവസായവും മറ്റും പൊതുവായി തന്നെ ഇന്നും നിലനിർത്തിപ്പോരുന്നുണ്ട്. ആദ്യകാലത്ത് ഒറ്റയ്ക്കുള്ള അതിജീവനം സാധ്യമായിരുന്നില്ല എന്ന ഒരനിവാര്യത ഈ "സോഷ്യലിസ്റ്റ്" ജീവിതത്തെ സഹായിച്ചിരുന്നു. ജൂത സെറ്റില്മെൻ്റുകൾക്കും കൃഷിയിടങ്ങൾക്കും നേരെ അറബികളുടെയും ബെദൂവിനുകളുടെയും ആക്രമണം പതിവായിരുന്നതിനാൽ കിബൂസ് വില്ലേജുകൾക്കെല്ലാം സ്വന്തമായി സൈനിക സംരക്ഷണസംവിധാനവും അത്യാവശ്യമായിരുന്നു. പരിശീലനം ലഭിച്ച സൈനികരും സ്വന്തമായി പടക്കോപ്പുനിർമാണ യൂണിറ്റുകളും ഒക്കെ ആദ്യകാലം തൊട്ടെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. ഇത്തരം ചെറു യൂണിറ്റുകളാണു പിന്നീട് ഇസ്രായേലിൻ്റെ വൻ കിട ആയുധനിർമ്മാണഫാക്റ്ററികളായി വികസിച്ചത്. കിബൂസിൻ്റെ ചെറു സൈനിക സംഘങ്ങളാണു 48ൽ രാഷ്ട്രം പിറന്നയുടനെ നടന്ന അറബ് രാജ്യങ്ങളുടെ സംയുക്താക്രമത്തിൽ നിന്നും ഇസ്രായേലിനെ അൽഭുതകരമായി രക്ഷപ്പെടുത്താനും ഏറെ സഹായകമായത്. കിബൂസ് സംഘജീവിതം കൗതുകകരമാണു. ഇതിനെ അവലംബമാക്കി നിരവധി നരവംശ പഠനങ്ങൾ അടുത്ത കാലത്തു നടന്നിട്ടുണ്ട്. സോഷ്യലിസവും മനുഷ്യപ്രകൃതവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും അനാവരണം ചെയ്യപ്പെട്ട അത്തരം പഠനങ്ങളും ഇന്നു പൊതു വിജ് ഞാനശാഖയിൽ ലഭ്യമാണു. സ്ത്രീപുരുഷ സമത്വം എന്ന ആശയം പ്രായോഗികമായി പരീക്ഷിക്കപ്പെട്ട ഒരു രംഗം കൂടിയാണു കിബൂസിസം. ഏറെകുറെ ഇന്ന് ഇസ്രായേലിലെ എല്ലാ പൊതു മണ്ഡലങ്ങളിലും സ്ത്രീയും പുരുഷനും തുല്യപങ്കാളിത്തം വഹിക്കുന്നുണ്ട്. എങ്കിലും തൊഴിലിൻ്റെയും സേവനങ്ങളുടെയും തെരഞ്ഞെടുപ്പിൽ ചില അസമത്വങ്ങൾ ഉണ്ടെന്നാണു കണക്കുകൾ. നഴ്സിങ്, അധ്യാപനം, പാചകം, ശിശുപരിപാലനം തുടങ്ങിയ മേഖലകളിൽ പുരുഷൻ കടന്നു വരാൻ മടിക്കുന്നതായും അക്കാരണത്താൽ ഇത്തരം പാരമ്പര്യ സ്ത്രീ മേഖലകളിൽ സ്ത്രീകൾ തന്നെ ഇപ്പോഴും മുന്നിട്ടു നിൽക്കുന്നതായുമാണു കാണുന്നത്. സൈനിക സേവനം ആണിനും പെണ്ണിനും നിർബന്ധമാണു ഇസ്രയേലിൽ. കൗമാരപ്രായത്തിൽ തന്നെ കുട്ടികൾക്കു സൈനിക പരിശീലനം ലഭിക്കുന്നു. പോലീസിലും പട്ടാളത്തിലും പകുതി പെണ്ണുങ്ങളുണ്ട്.

No comments: