Wednesday, March 20, 2019
മതം ഉപേക്ഷിച്ച് മനുഷ്യരായവർ
ന്യൂസിലാൻഡിലെ മുസ്ലിം പള്ളിയിൽ നടന്ന കൂട്ടക്കുരുതിയുടെ ഞെട്ടലിൽനിന്നും ലോകമനസാക്ഷി മോചനം നേടുന്നതേയുള്ളു.
എന്നാൽ ഇന്ന് ലോകമാകെ ശ്രദ്ധിക്കുന്നത് ആ രാജ്യം എപ്രകാരമാണു ഈ വംശീയവെറിക്കിരയായവരെ ഒപ്പം നിർത്തി ആശ്വസിപ്പിക്കുന്നത് എന്നതാണു. ഇന്നു ലോകമാകെ വാനോളം പുകഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഭരണാധികാരിയായി മാറിയിരിക്കുന്നു 38 കാരിയായ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ. പാർളമെൻ്റിൽ അവർ നടത്തിയ പ്രസംഗം ജനശ്രദ്ധ നേടി. മുസ്ലിം സമൂഹത്തെ ചേർത്തു നിർത്തി ആശ്വസിപ്പിക്കുന്നതിനായി അവർ സ്വീകരിച്ച നടപടികളും സമീപനവും ഏറെ അനുമോദനങ്ങൾ ഏറ്റു വാങ്ങുകയുണ്ടായി.
ഇവിടെ നമ്മുടെ ചില മുസ്ലിം സുഹൃത്തുക്കളും ഈ "സഹോദരി"യുടെ നിലപാടുകളെ വാനോളം വാഴ്ത്തുന്നതായി കണ്ടു. അവർ തട്ടം ധരിച്ചതും സലാം ചൊല്ലിയതും കുർ ആൻ ഓതിയതുമൊക്കെ അവരെ വല്ലാതെ അൽഭുതപ്പെടുത്തുന്നതായും കണ്ടു. ഒരു മതമില്ലാത്ത രാജ്യത്തെ മതമില്ലാത്ത ഭരണാധികാരിയുടെ ഈ ചെയ്തികൾ കണ്ടു പുളകം കൊള്ളുന്ന മതവാദികളോട് ഈ അവസരത്തിൽ വിനയത്തോടെ പറയാനുള്ളത് സ്വന്തം ഉള്ളിലേക്കു കൂടി ഈ സന്ദർഭത്തിൽ ഒന്നു ചുഴിഞ്ഞു നോക്കൂ എന്നാണു. നിങ്ങൾ വിശ്വസിച്ചാരാധിക്കുന്ന വെറുപ്പിൻ്റെ മതം ഈ മതമില്ലാത്തവരുടെ മാനവിക മതത്തിൽ നിന്നും എത്ര മാത്രം ഭിന്നമാണെന്ന് ഒരു നിമിഷമൊന്നാലോചിച്ചു നോക്കൂ.
പാകിസ്ഥാനിൽ നിങ്ങളുടെ മതത്തിൻ്റെ തന്നെ അവാന്തരവിഭാഗമായ ഒരു ന്യൂനപക്ഷത്തെ വംശനാശം വരുത്തിക്കൊണ്ട് മൗദൂദിയൻ ഭീകരത അഴിഞ്ഞാടിയപ്പോൾ ആ ഇരകളെ മനുഷ്യരെന്ന നിലയിൽ ചേർത്തു നിർത്താൻ മുസ്ലിം ലോകത്തെവിടെയെങ്കിലും ഒരാൾ എങ്കിലും ഉണ്ടായിരുന്നോ? സുന്നിപള്ളിയിൽ ഷിയാഭീകരനും ഷിയാ പള്ളിയിൽ സുന്നി ഭീകരനും പൊട്ടിത്തെറിച്ച് ഇതേ പോലെ നിരപരാധികളായ വിശ്വാസികൾ കൂട്ടക്കൊലക്കിരയാകുമ്പോൾ ആ ഇരകളോടല്പം എമ്പതി കാണിക്കാൻ മുസ്ലിം ലോകത്താരെയെങ്കിലും കാണാറുണ്ടോ? എത്ര നിസ്സംഗമായാണു ലോകമാകെ നടമാടുന്ന ഇസ്ലാമിക ഭീകരവാദികളുടെ അതി പ്രാകൃതമായ മനുഷ്യ ഹത്യകളെ ഈ മതസമൂഹം നോക്കിക്കാണുന്നതും കൈകാര്യം ചെയ്യുന്നതും.
അമേരിക്കയെയും ഇസ്രയേലിനെയും സയണിസ്റ്റുകളെയും മറ്റും മറ്റും കുറ്റപ്പെടുത്തി ഓരോ ഭീകര താണ്ഡവത്തെയും ന്യായീകരിക്കുന്നതാണു കാണാറുള്ളത്. ന്യൂസിലാൻഡിൽ അക്രമം നടത്തിയവരെ അപ്രകാരം ആ രാജ്യം ന്യായീകരിക്കുന്നതു കണ്ടുവോ?
"ഈ രാജ്യം അക്രമികൾക്കുള്ളതല്ല, മത്ഭ്രാന്തർക്കുള്ളതല്ല, വംശവെറിയന്മാർക്കുള്ളതല്ല, ഇതു മനുഷ്യരുടെ നാടാണു. ഇവിടെ ക്രിസ്ത്യാനിക്കും മുസ്ലിമിനും നാസ്തികനുമൊക്കെ ശാന്തമായും സ്വസ്ഥമായും ജീവിക്കാം ." എന്നാണു ന്യൂസിലാൻഡ് പറയുന്നത്. അങ്ങനെ പറയാൻ നിങ്ങളുടെ "ദൈവീക" മതം നിങ്ങളെ അനുവദിക്കുന്നുണ്ടോ?
ഞാൻ മുമ്പ് ന്യൂസിലാൻഡിലെ ഹോണസ്റ്റി ബോക്സ് സമ്പ്രദായത്തെ പരിജയപ്പെടുത്തുന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. മതമില്ലാത്ത നാടുകളിൽ മനുഷ്യർ എത്ര സത്യ സന്ധവും ധാർമ്മികവുമായാണു ജീവിക്കുന്നത് എന്നു ചൂണ്ടിക്കാണിക്കാൻ. അന്ന് എന്നെ തെറി വിളിക്കാൻ ഒരു പാടു പേർ ഓടിക്കൂടിയിരുന്നു.
മതം എന്ന മാലിന്യം മസ്തിഷ്കത്തിൽ നിന്നും കഴുകിക്കളഞ്ഞാൽ മനുഷ്യൻ മനുഷ്യനായിത്തീരും എന്നതിൻ്റെ മറ്റൊരു ദൃഷ്ടാന്തമാണു ന്യൂസിലാൻഡ് ഭരണാധികാരിയായ ഈ ചെറുപ്പക്കാരിയുടെ അവസരോചിതമായ നടപടികൾ.
മതമില്ലാത്തവരൊക്കെ അരാജകജീവിതം നയിക്കുന്നവരും അമ്മയെ ഭോഗിക്കുന്നവരും അപ്പനെ കൊന്നു തിന്നുന്നവരുമൊക്കെയാണെന്നു പറകൊട്ടി പ്രചരിപ്പിക്കുന്നവർക്ക് ജീവനുള്ള മറുപടിയാണിതൊക്കെ.
ഉള്ളിൽ ഏതെങ്കിലും മതത്തിൻ്റെ ചാണകം പേറുന്ന ഒരു സ്ത്രീയായിരുന്നു ജസിന്ത എങ്കിൽ അവരിൽ നിന്നും ഈ വിധമുള്ള ഒരു മനുഷ്യത്വ സമീപനം ഉണ്ടാകുമായിരുന്നോ? നൂറു വട്ടം ആലോചിക്കുക. മതം ഉപേക്ഷിച്ചു മനുഷ്യരാകുന്നവർ ഇങ്ങനെയാണു പെരുമാറുക !
Subscribe to:
Post Comments (Atom)
No comments:
Post a Comment