മാറിയ കാലത്തിൻ്റെ പെരുമാറ്റച്ചട്ടം !
തെരഞ്ഞെടുപ്പായി.
തെരുവുകളാകെ പരസ്യമാലിന്യങ്ങൾ നിറയുകയായി.
പോസ്റ്ററുകൾ ചുമരെഴുത്തുകൾ ഫ്ലക്സ് ബോർഡുകൾ തോരണങ്ങൾ കൊടികൾ അങ്ങനെയങ്ങനെ മണ്ണിനു താങ്ങാവുന്നതിലധികം മാലിന്യങ്ങൾ പരസ്യത്തിനായി നിരത്തപ്പെടുന്നു.
ഉച്ചഭാഷിണികളിലൂടെയുള്ള ധോരണികൾ , തെരുവു പ്രസംഗങ്ങൾ, ജാഥകൾ ,മഹാസമ്മേളനങ്ങൾ, പലജാതി "യാത്രകൾ" . വായുവിനും കാതുകൾക്കും താങ്ങാവുന്നതിലധികം ശബ്ദസുനാമിതരംഗങ്ങൾ...!
റാലികൾ, ജാഥകൾ, സമ്മേളനങ്ങൾ, ഘോഷയാത്രകൾ... റോഡുകൾ സ്തംഭിപ്പിക്കുന്ന നിരവധി നിരവധി ആൾക്കൂട്ട ഘോഷങ്ങൾ !
സാധാരണ യാത്രകൾക്കു പോലും പര്യാപ്തമല്ലാത്ത വിധം പാതകൾ വാഹനപൂരിതമായി ഗതി മുട്ടുന്ന അവസ്ഥയിലേക്കാണു ഇനി ഈ റോഡുപരോധങ്ങൾ കൂടി കടന്നു വരുന്നത്.
ഇനിയുള്ള കാലം ഇതൊക്കെ ആവാശ്യമുണ്ടോ?
വിവര സാങ്കേതിക വിദ്യകളുടെ മഹാവിപ്ലവം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ആളുകളെ വിവരമറിയിക്കാനും ആളുകളുമായി ആശയവിനിമയം നടത്താനും ഇത്രയും സാമൂഹ്യ വിരുദ്ധവും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും ആരോഗ്യഹാനിക്കിടവരുത്തുന്നതുമായ കാലഹരണപ്പെട്ട ശീലങ്ങൾ ഒഴിവാക്കിക്കൂടേ?
അതിനായി ഒരു സർവ്വക്ഷി തീരുമാനം ആയിക്കൂടേ ?
ഇഷ്ടം പോലെ വാർത്താചാനലുകളുണ്ട്. അവയിലൂടെ പരസ്യം നൽകാം. പാർട്ടികൾക്കെല്ലാം സ്വന്തമായി ചാനലുകളുണ്ട് അതിലൂടെ പ്രചാരണമാവാം. തെരഞ്ഞെടുപ്പുകാലത്തേക്കായി സ്പെഷ്യൽ ചാനലുകളും എൽ ഇ ഡി പരസ്യ ബോർഡുകളും സ്ഥാപിക്കാം. മൊബൈൽ ആപ്പുകൾ വ്യാപകമായി ഉപയോഗിക്കാം. എഫ് എം റേഡിയോ ഉപയോഗിക്കാം.
ചെറിയ സ്കോഡുകളായി വീടുകൾ സന്ദർശിച്ച് ജനസമ്പർക്കമാവാം. എട്ടോ പത്തോ വീടുകളിലുള്ളവരെ ഒരു വീട്ടുമുറ്റത്തു വരുത്തി കുടുംബ സദസ്സുകൾ സംഘടിപ്പിക്കാം.
ഇതൊക്കെ മതിയാകും തെരഞ്ഞെടുപ്പു ജയിക്കാൻ.
മഹാസമ്മേളനങ്ങളും ശക്തിപ്രകടനങ്ങളും നടത്തി ജനജീവിതം ദുസ്സഹമാക്കുന്ന പാരമ്പര്യശീലം ഇനി വേണ്ടെന്നു വെക്കാം.
ഉച്ചഭാഷിണികളിലുടെ വായുവിൽ തരംഗമാലിന്യം സൃഷ്ടിക്കുന്ന കർണ കഠോരത ഇനി ഒഴിവാക്കാം. തെരുവുകൾ മലിനമാക്കുന്ന ഒട്ടിപ്പു പരസ്യങ്ങളും വേണ്ടെന്നു വെക്കാം.
ഇത് ഒരു നിർദേശമാണു.
സ്വതന്ത്രമായി ചിന്തിക്കുക.
കാര്യമുണ്ടെന്നു തോന്നുന്നുവെങ്കിൽ പങ്കുവെക്കുക.
ചർച്ച ചെയ്യുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment