അനുഭവങ്ങളുടെ ആപേക്ഷികത
----------------------
പണ്ടു പറയാറുള്ള അതേ ഉദാഹരണം കൊണ്ടു തുടങ്ങാം. തെക്കുനിന്നു കോഴിക്കോട്ടേക്കു ബസ്സിൽ പോകുമ്പോൾ ടൗണെത്തും മുമ്പൊരു സ്ഥലമുണ്ട്. ഞെളിയം പറമ്പ്. നഗരത്തിൻ്റെ മാലിന്യസംസ്കരണ സ്ഥലം. ബസ് ആ ഭാഗമെത്തുമ്പോഴേക്കും യാത്രക്കാർ മൂക്കു പൊത്തുന്നതു കാണാം. എന്നാൽ പുറത്തു രോഡിലൂടെ നടക്കുന്നവരോ കടകളിൽ ഇരിക്കുന്നവരോ ഒന്നുമറിയാത്ത പോലെ സാധാരണ ജീവിതം നയിക്കുന്നതും കാണാം. അവർക്കാർക്കും തോന്നാത്ത ഒരു വാട ബസിലിരിക്കുന്നവർക്കു മാത്രം അനുഭവപ്പെടുന്നതെന്തുകൊണ്ടാ?
അവർ ആ വാട മുഴുവൻ സമയവും അനുഭവിക്കുന്നതിനാൽ അതൊരു അനുഭവമേയല്ലാതാവുകയും അവരുടെ സംവേദന സംവിധാനങ്ങൾ അതിനോടു താദാത്മ്യം പ്രാപിക്കുകയും ചെയ്തതാണു കാരണം. നമ്മൾ അവിടെ ബസ്സിറങ്ങി രണ്ടു ദിവസം അവിടെയൊരു വീട്ടിൽ വിരുന്നു പാർത്താൽ നമ്മുടെ മൂക്കിൽനിന്നും ദുർഗന്ധം പടിയിറങ്ങും !
ഇതു മൂക്കിൻ്റെ സംവേദനനാഡികൾക്കു മാത്രം സംഭവിക്കുന്ന അൽഭുതമൊന്നുമല്ല. നമ്മുടെ ജീവിതത്തിൻ്റെ സമഗ്രമേഖലയിലും ഈ ആപേക്ഷികാനുഭവങ്ങൾ പതിവാണു.
നമ്മുടെ നീതിബോധം പോലും വ്യത്യസ്ഥമല്ല.
ഗാന്ധിജിക്കു ദക്ഷിണാഫ്രിക്കയിലെ അപാർതീഡ് കൊടിയ അനീതിയായി അനുഭവപ്പെടുകയും അദ്ദേഹം അവിടെ പോയി അതിനെതിരെ സമരം നയിക്കുകയുമൊക്കെ ചെയ്തു. എന്നാൽ സ്വന്തം മൂക്കിനു കീഴെ സ്വന്തം സമൂഹത്തിൽ അതിലും കൊടിയ വർണ വിവേചനം നിലനിന്നിട്ടും അതു വേണ്ട ഗൗരവത്തിൽ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ അദ്ദേഹത്തിനായില്ല. ഒരുവേള ചാതുർവർണ്യത്തിനു താത്വിക ന്യായം വരെ ചമയ്ക്കാനും അദ്ദേഹം ശ്രമിച്ചു. "ഹരിജനങ്ങൾ" സഹതാപം അർഹിക്കുന്നവരാണു എന്ന ഔദാര്യത്തിനപ്പുറം എല്ലാ മനുഷ്യരും തുല്യരാണു എന്നേടത്തേക്കു വ്യവഹരിക്കാൻ അദ്ദേഹത്തിൻ്റെ നീതിബോധം വികസിച്ചിരുന്നില്ല.
സ്ത്രീകളെ മനുഷ്യരായി പോലും അദ്ദേഹം പരിഗണിച്ചിരുന്നതായും കാണുന്നില്ല. ഈ പറഞ്ഞതിനർത്ഥാം ഗാന്ധിജി ഒരു മഹാനൊന്നും ആയിരുന്നില്ല എന്നല്ല. അദ്ദേഹത്തിനും സ്വന്തം പ്രിവിലേജുകൾക്കപ്പുറം സ്വതന്ത്രമായി ചിന്തിക്കാനുള്ള സവിശേഷ യുക്തിയോ സിദ്ധിയോ ഉണ്ടായിരുന്നില്ല എന്ന സ്വാഭാവിക ദൗർബല്യം സൂചിപ്പിച്ചുവെന്നു മാത്രം.
ഗാന്ധിജിയെപ്പോലെ ഒരു മഹാമനുഷ്യൻ്റെ സ്ഥിതി ഇതാണെങ്കിൽ നമ്മൾ വെറും സാധാരണക്കാർക്കും അമാനുഷിക സിദ്ധികളൊന്നും ഉണ്ടാകാവതല്ലല്ലൊ.
സാമൂഹ്യ നീതിയുടെ വികാസവും പരിണാമവുമൊക്കെ വളരെ സാവകാശം മാത്രം സംഭവിക്കുന്നത് മനുഷ്യ സഹജമായ ഈ പരിമിതി മൂലമാണു. ഒരു ശരിയിൽ നിന്നും മെച്ചപ്പെട്ട മറ്റൊരു ശരിയിലേക്കു സമൂഹത്തിൻ്റെ പൊതുബോധം വികാസം പ്രാപിക്കുന്നത് നിരവധി തലമുറകളിലൂടെയുള്ള ക്രമാനുഗതപരിണാമത്തിലൂടെയായിരിക്കും. ചരിത്രത്തെ ഒരു വലിയ നീണ്ട ഫ്രെയിമിലൂടെ നിരീക്ഷിക്കുന്നവർക്കേ ഇന്നലെയുടെ അവസ്ഥയും ഇന്നിൻ്റെ മാറ്റവും നാളെയുടെ സ്വപ്നങ്ങളും ശരിയായി വിഭാവനം ചെയ്യാൻ കഴിയൂ.
ഇന്ന് തീർത്തും ശരിയാണു ഇന്നലെ അല്പം ശരികേടുണ്ടായിരുന്നു നാളെ ഈ ഉള്ള ശരികളും നഷ്ടമാകും .. ഇങ്ങനെയുള്ള വ്യാകുലതയാണു ബഹുഭൂരിഭാഗം ആളുകൾക്കുമുള്ളത്.
ഇന്നലെ വളരെ മോശമായിരുന്നു, ഇന്ന് അല്പമൊക്കെ ശരിയായിട്ടുണ്ട് നാളെ ഇതിനെക്കാൾ ശരിയിലേക്കു മുന്നേറും എന്ന ശുഭവിശ്വാസമുള്ളവരാണു സ്വതന്ത്ര ചിന്തകർ. ഇന്നിൻ്റെ ശരികേടുകളെ തിരിച്ചറിയുക എന്നതാണു വളരെ ശ്രമകരമായ ഒരു കാര്യം. അത്തരം തിരിച്ചറിവു നേടിയവർ അവരുടെ അറിവും അനുഭവവും സമൂഹത്തിനു പകർന്നു നൽകി പൊതുബോധം മാറ്റിപ്പണിയാൻശ്രമിക്കുമ്പോൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഞെളിയൻപറമ്പു വാസികൾ അവർക്കെതിരെ കുറ്റമാരോപിക്കുന്നു. ഞങ്ങൾക്കാർക്കും അനുഭവപ്പെടാത്ത ഒരു ഇത് ഇവർക്കു മാത്രം അനുഭവമാകുന്നു എന്നു പറയുന്നതു മറ്റെന്തോ സൂക്കേടുകൊണ്ടാണു എന്നവർ ആരോപിക്കുന്നു. ...!
Subscribe to:
Post Comments (Atom)
No comments:
Post a Comment