Friday, February 15, 2019

ബാങ്കുവിളി ഇനിയും തുടരണോ?



ബാങ്കുവിളി ഇനിയും തുടരണോ? 
----------------------------------------------------
നിത്യവും അഞ്ചു നേരം പള്ളികളിൽനിന്നും ഉച്ചഭാഷിണി കോളാമ്പിയിലൂടെയുള്ള ബാങ്ക് വിളി യഥാർത്ഥത്തിൽ ഒരു മതാചാരമാണോ? അല്ലെന്നാണു ചരിത്രം. സ്വതന്ത്ര ചിന്തകനായിരുന്ന ചേകനൂർ മൗലവി പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹത്തെ കല്ലെറിഞ്ഞവരും കൂകിവിളിച്ചവരും ഇന്ന് അക്കാര്യത്തിൽ സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസകരമാണു.
ബാങ്കുവിളി പ്രവാചകൻ്റെയോ “അള്ളാഹു”വിൻ്റെയോ നിർദേശപ്രകാരം ആരംഭിച്ച ഒരു ആചാരമൊന്നുമല്ല. നബി മദീനയിൽ സംഘനമസ്കാരം ആരംഭിച്ച കാലത്ത് നബിയോടൊപ്പം വന്നു നിസ്കരിച്ചിരുന്ന സ്വഹാബികൾ പരസ്പരം ചർച്ച ചെയ്ത് വികസിപ്പിച്ചെടുത്ത ഒരു സമ്പ്രദായം മാത്രമാണു ബാങ്ക്. 
ആദ്യമൊക്കെ നബി നിസ്കരിക്കുന്ന നേരമാകുന്നതും കാത്തു ആളുകൾ നബിക്കൊപ്പം വന്നു കൂടുകയായിരുന്നു. പിന്നീട് നിസ്കാരസമയമാകുമ്പോൾ മാത്രം വന്നു ചേരുന്നതിനായി ആ സമയം എല്ലാവരെയും അറിയിക്കാനുള്ള മാർഗ്ഗം എന്ത് എന്നവർ ചർച്ച ചെയ്തു. പല നിർദേശങ്ങളും ഉയർന്നു വരുകയും പരീക്ഷിക്കുകയും ചെയ്തു. 
കൊടി ഉയർത്തിക്കാട്ടുക, പന്തം കത്തിച്ച് പൊന്തിക്കുക, ഒരു തരം ചെണ്ട -പെരുമ്പറ- കൊട്ടിക്കേൾപ്പിക്കുക, കാഹളം ഊതുക തുടങ്ങിയവയാണു ആദ്യം വന്ന നിർദേശങ്ങൾ. അതൊന്നും വേണ്ട ഒരാൾ പോയി എല്ലാവരെയും വിളിച്ചുകൊണ്ടു വന്നാൽ മതി എന്നതായിരുന്നു ഉമറിൻ്റെ നിർദേശം. അതാണു കുറെ കാലം നടപ്പിലാക്കിയതും. ആളെ വിളിച്ചു കൂട്ടാൻ ബിലാൽ എന്ന അടിമയെ ചുമതലപ്പെടുത്തി. അങ്ങനെ ബിലാൽ ഓരോ വീട്ടിലും പോയി ആളുകളെ വിളിച്ചു കൊണ്ടു വന്നു. വിളിക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്ന വാക്യം “അസ്വലാതു ജാമി അ” എന്നായിരുന്നു. ഇതാണു ബാങ്കിൻ്റെ ആദ്യരൂപം. !
അങ്ങനെയിരിക്കെ മറ്റൊരു സ്വഹാബിയായ അബ്ദുല്ലാഹിബ്നു സെയ്ദ് ഒരു സ്വപനം കണ്ടു. ആ സ്വപനത്തിലാണു “ഹയ്യ അലസ്വലാത്, ഹയ്യ അലൽ ഫലാഹ് …” എന്ന വിളി ഉൾവിളിയായി വരുന്നത്. ഒപ്പം അള്ളാഹു അക്ബർ മുഹമ്മദുൻ റസൂലുള്ളാ ലാ ഇലാഹ ഇല്ലള്ളാ.. തുടങ്ങിയ ഈമാൻ വാക്യങ്ങളും കൂടി ഉൾപ്പെടുത്തി വികസിപ്പിച്ചുണ്ടാക്കിയതാണു ഇന്നത്തെ ബാങ്ക്. ഇതിൽ നബി നേരിട്ടു നിർദേശിച്ചത് സുബഹ് ബാങ്കിലെ “അസ്വലാതു ഖൈറുൻ മിനന്നൗം..” ( ഉറക്കത്തെക്കാൾ നല്ലതു നിസ്കാരമാണു) എന്ന മണ്ടത്തരം മാത്രമാണു.
അതായത് സമയം അറിയിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഇതിനുണ്ടായിരുന്നുള്ളു, അത് അന്നത്തെ സാങ്കേതിക വിദ്യ എന്ന നിലയിൽ സാധ്യമായ ഒരു സമ്പ്രദായം തുടങ്ങിയതു മാത്രമാണു. അങ്ങനെയെങ്കിൽ ഇന്ന് ഈ ശബ്ദമലിനീകരണം തുടരേണ്ടതുണ്ടോ ? 
കലണ്ടറുകളിലെല്ലാം കൃത്യമായ നിസ്കാര സമയം ഉണ്ട്. വാച്ചും ക്ലോക്കും ഇല്ലാത്ത വീടുകൾ ഇല്ല. മൊബൈൽ ഫോണുകളിൽ നിസ്കാര സമയം സെറ്റ് ചെയ്തു വെച്ചാൽ ഫോണിൽ നിന്നു തന്നെ ബാങ്കുവിളി കേൾക്കാൻ ഇന്നു സാധ്യമാണു. പലരും അങ്ങനെ ചെയ്യുന്നുമുണ്ട്. അതൊക്കെ ധാരാളം മതിയാകുമെന്നിരിക്കെ പള്ളികളിൽനിന്നുള്ള ഈ കൂട്ടവിളി ഒഴിവാക്കാവുന്നതല്ലേ?
ഇനി നമ്മുടെ നാട്ടിലെ ബാങ്കുവിളിയുടെ ചരിത്രമെന്താണു? എൻ്റെ കുട്ടിക്കാലത്തൊക്കെ ഒരു പള്ളിയുടെ അനേകം കിലോമീറ്റർ ദൂരത്തായാണു മഹല്ലിലെ വീടുകൾ. പള്ളിയിൽനിന്നും ഒരാൾ എത്ര ഉച്ചത്തിൽ ബാങ്കു വിളിച്ചാലും ഞങ്ങളുടെയൊന്നും വീട്ടിൽ കേൾക്കുകയില്ല. അതിനാൽ ബാങ്കിനൊപ്പം പെരുമ്പറ മുട്ടും ഉണ്ടായിരുന്നു. എൻ്റെ മുജാഹിദമ്മാവൻ വീട്ടിൽ വന്നാൽ ആ മുട്ടു കേൾക്കുമ്പോൾ നെറ്റി ചുളിക്കുകയും ബിദ് അത്ത്.. ബിദ് അത്ത്... കുറാഫാത്ത് കുറാഫാത്ത് എന്നൊക്കെ പിറുപിറുക്കുകയും ചെയ്തിരുന്നത് ഓർമ്മ വരുന്നു.
ഉച്ചഭാഷിണി രംഗത്തു വന്ന സമയത്ത് യാഥാസ്ഥിതിക സുന്നികൾ അതു ചെകുത്താൻ്റെ ഒച്ചയാണു നമുക്കതു ഹറാമാണു എന്നു പറഞ്ഞു നിഷേധിച്ചിരുന്നു. പിന്നെ പിന്നെ പതുക്കെ അന്തിക്കു വഷളു പറയാൻ അതുപയോഗിച്ചു തുടങ്ങി. പള്ളികളിൽ അതു ഫിറ്റ് ചെയ്തു ബാങ്കു വിളിക്കാൻ തുടങ്ങിയതു പിന്നെയും കുറെ കഴിഞ്ഞാണു. 
ഇപ്പോൾ ഒരു കിലോ മീറ്റർ ചുറ്റളവിൽ തന്നെ കാക്കത്തൊള്ളായിരം പള്ളികളുണ്ട്. എല്ലാ പള്ളികളിലും ഈ “ചെകുത്താൻ്റെ ഒച്ച “ പുറപ്പെടുവിക്കുന്ന കോളാമ്പികളും . ഒരു പള്ളിയിൽ നിന്നും ബാങ്കു തുടങ്ങിയാൽ പിന്നെ കുറെ നേരത്തേക്കു കൂട്ട നിലവിളി പോലെ ഈ അരോചകശബ്ദം നാനാഭാഗത്തുനിന്നും മുഴങ്ങുന്നു.
എന്തുദ്ദേശ്യത്തോടെ ആരംഭിച്ചുവോ അതൊന്നും പരിഗണിക്കാതെ ഇതൊരു ദീനിയായ ആചാരമാണെന്നു തെറ്റിദ്ധരിച്ചു അനുകരിക്കുകയാണു വിശ്വാസികൾ. 
സ്വതന്ത്ര ചിന്തയുടെ തരിമ്പെങ്കിലും പ്രയോഗിച്ചാൽ തീർത്തും അപ്രസക്തവും അനാവശ്യവുമായ ഈ ഒച്ചപ്പാടുണ്ടാക്കൽ നിർത്താവുന്നതേയുള്ളു.
മതാന്ധവിശ്വാസം മനുഷ്യൻ്റെ ചിന്താശേഷിയെ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല എന്നതിനാലുള്ള അനേകം ദുരന്തങ്ങൾക്ക് ഉദാഹരണമാണിത്. മറ്റു ആചാരങ്ങളുടെ കാര്യവും ചരിത്രബോധത്തോടെ പരിശോധിച്ചാൽ ഇതു പോലെ കാലഹരണപ്പെട്ട ദുശ്ശീലങ്ങൾ മാത്രമാണെന്നു ബോധ്യമാകും. എല്ലാ മതങ്ങളിലും ഇതു തന്നെയാണവസ്ഥ.

No comments: