Tuesday, September 3, 2019

ധാർമ്മികതയുടെ കോയാസിദ്ധാന്തം !

മുറ്റത്തു തെങ്ങിൻ ചുവട്ടിൽ കൾക്കവെ കുട്ടിയുടെ തലയിൽ തേങ്ങ വീണു. കുട്ടി മരിച്ചു എന്നു കരുതുക. ഈ സംഭവത്തെ പല നിലയിലും വിശകലനം ചെയ്യാം. പൊതുവെ വിധി വിശ്വാസികളായ ആളുകൾക്ക് ഇതു ദൈവ വിധി മാത്രമാണു. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ മനോവിഷമത്തിനു ആശ്വാസമെന്ന നിലയിൽ പലരും ഈ സന്ദർഭത്തിൽ വിധിയിൽ അഭയം തേടും. ഇവിടെ ശാസ്ത്രബോധവും യുക്തിബോധവുമുള്ള സ്വതന്ത്ര ചിന്തകർ ഈ സംഭവത്തെ കാര്യകാരണ ബന്ധിതമായാണു വിശകലനം ചെയ്യുക. കുട്ടി മരിക്കാനിയായതിനു അനേകായിരം കാരണങ്ങൾ കണ്ടെത്താം . തേങ്ങ വീണു എന്നതാണു മരണകാരണമെങ്കിലും ആ തേങ്ങ ആ സമയത്തു ആസ്ഥലത്തു തന്നെ വീഴാനും കുട്ടിയുടെ തലയിൽ തന്നെ പതിക്കാനുമുള്ള കാരണങ്ങളും കാരണങ്ങളുടെ കാരണങ്ങളും മൊത്തമായി സമഗ്രമായി പരിശോധിക്കാൻ ശ്രമിച്ചാൽ അനന്തമായ കാര്യകാരണ ശൃംഖലയിലെ ഒരു സാധ്യത മാത്രമായിരുന്നു അതെന്നു മനസ്സിലാക്കാം. എന്നാൽ മരമണ്ടനായ ഒരു വിശ്വാസി പറയുന്നു: “ ന്യൂട്ടൻ്റെ ഗുരുത്വാകർഷണ സിദ്ധാന്തമാണു ആ കുട്ടി മരിക്കാൻ കാരണം” അതിനാൽ ശാസ്ത്രമാണു കുറ്റക്കാരൻ. ഈ വാദം ഒരു തമാശയായി എടുക്കാം. പക്ഷെ ഇതേ വാദം ഇക്കൂട്ടർ ഇന്നു മറ്റൊരു വിഷയത്തിൽ ആവർത്തിക്കുന്നു. ഡാർവ്വിൻ്റെ പരിണാമ സിദ്ധാന്തം കാരണമാണു മനുഷ്യർക്ക് ധാർമ്മികത ഇല്ലാതാകുന്നത് എന്നതാണാ വാദം. മനുഷ്യൻ ഇതര ജന്തുക്കളെ പോലെ പരിണമിച്ചുണ്ടായ ഒരു ജന്തു മാത്രമാണു എന്ന “വിശ്വാസം” മൂലം മനുഷ്യർ ജന്തുക്കളെ പോലെ ജീവിക്കില്ലേ? എന്നാണിവർ ചോദിക്കുന്നത്. കുട്ടിയുടെ തലയിൽ തേങ്ങ വീഴാൻ ന്യൂട്ടൺ കാരണക്കാരനാണു എന്നു പറയുന്നതും മനുഷ്യൻ അധാർമ്മിക പ്രവൃത്തികൾ ചെയ്യാൻ കാരണം ഡാർവ്വിനും പരിണാമവാദികളുമാണു എന്നു പറയുന്നതും ഒരേ വിഡ്ഢിത്തമാണു. ശാസ്ത്രം ചുറ്റുമുള്ള വസ്തുതകളെ ശരിയായ രീതിയിൽ വിശദീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു. പ്രകൃതിയിൽ മനുഷ്യനുൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന ജീവി സമൂഹങ്ങൾ എങ്ങനെ പരന്നു എന്ന പ്രശ്നത്തിനുള്ള ഏറ്റവും പ്രബലമായ വിശദീകരണം മാത്രമാണു പരിണാമം. അതു മനുഷ്യൻ്റെ സാമൂഹ്യ ധാർമ്മിക ജീവിത വ്യവസ്ഥകളെയൊന്നും പരാമർശിക്കുന്ന വിഷയമേയല്ല. ഭാരമുള്ള വസ്തുക്കൾ ഭൂമിയിലേക്കു കുത്തനെ വീഴുന്നതെന്തുകൊണ്ട് എന്ന പ്രശ്നത്തിൻ്റെയും മറ്റും ശാസ്ത്രീയ വിശദീകരണത്തിൻ്റെ ഭാഗം മാത്രമാണു ന്യൂട്ടൻ്റെ ഭൂഗുരുത്വ സിദ്ധാന്തം. തേങ്ങ കുട്ടികളുടെ തലയിൽ വീഴുന്നതിനു ശാസ്ത്രം കുറ്റക്കാരനല്ല, അതിനു മുൻ കരുതലുകൾ എടുക്കേണ്ടതു നമ്മുടെ കടമയാണു. ഈ സിദ്ധാന്തങ്ങളെ അറിയുന്നതു മനുഷ്യർക്ക് അവരുടെ ജീവിതപ്രശനങ്ങളെ നിർദ്ധാരണം ചെയ്യുന്നതിനു പ്രയോജനപ്പെടുത്താം എന്നല്ലാതെ ഈ സിദ്ധാന്തങ്ങൾക്കു മറ്റു ഉത്തരവാദിത്തമൊന്നും ഇല്ല. മുറ്റത്തു കുട്ടികൾ കളിക്കുമെന്നും തെങ്ങു മുറ്റത്തേക്കു ചാഞ്ഞാണു നിൽക്കുന്നതെന്നും തെങ്ങിൽ തേങ്ങയും പട്ടയുമൊക്കെ ഉണങ്ങി വീഴാറായി നിൽപ്പുണ്ടെന്നുമൊക്കെ നാം മുതിർന്നവർ യഥാ സമയം ശ്രദ്ധിക്കേണ്ടതും മുൻ കരുതലോടെ പരിഹാരം കാണേണ്ടതുമായ കാര്യങ്ങളാണു. അങ്ങനെ പരിഹാരം കാണുമ്പോൾ നമുക്ക് ന്യൂട്ടൻ്റെ തത്വം കൂടി സഹായകമാകുമെന്നു മാത്രം. തേങ്ങയുടെ സ്ഥാനവും മുറ്റത്തു കുട്ടികൾ കളിക്കുന്ന സ്ഥാനവുമൊക്കെ നിരീക്ഷിച്ച് അപകട സാധ്യതയുള്ള ഭാഗത്തു നിന്നും കുട്ടികളെ മാറ്റി നിർത്താം. ഈ സ്ഥാന നിർണയത്തിനു ന്യൂട്ടൻ്റെ തത്വം കൂടി നമുക്കു ഉപകാരപ്പെടും. ഇതേ പോലെ മനുഷ്യൻ്റെ ചില അധാർമ്മിക പ്രവൃത്തികളും കുറ്റകൃത്യങ്ങളും പരിഹരിക്കുന്നതിനുള്ള അന്യേഷണത്തിൽ , കുറ്റകൃത്യങ്ങളുടെ കാരണം തേടുമ്പോൾ അതിൽ മനുഷ്യൻ്റെ ജന്തുത എത്രത്തോളം പങ്കു വഹിക്കുന്നു എന്നു കണ്ടെത്താനും മറ്റും പരിണാമ ശാസ്ത്രം സഹായകമാകും. അല്ലാതെ കുറ്റകൃത്യങ്ങൾക്കെല്ലാം ന്യായീകരണമായി ആരും പരിണാമത്തെ അവതരിപ്പിക്കാറില്ല. ഒരു ജന്തു നിലയിലുള്ള സഹജമായ അതിജീവന സ്വാർത്ഥത മനുഷ്യൻ്റെ സാമൂഹ്യ ധാർമ്മികതാബോധവുമായി പലപ്പോഴു നേർക്കു നേർ ഏറ്റുമുട്ടും. അതു സാമൂഹ്യ ജീവിതത്തിലെ ഒരു വൈരുദ്ധ്യം തന്നെയാണു. സാമൂഹ്യ ധാർമ്മികത പലപ്പോഴും സഹജമായ വ്യക്തി പ്രകൃതത്തെ തന്നെ നിയന്ത്രിച്ചു കൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നാണു. ഇണ ചേരാനുള്ള ചോദന ജൈവികവും ജന്തുപരവും പരിണാമപരവുമാണു. ഈ ചോദനയെ യഥേഷ്ടം കെട്ടഴിച്ചു വിടാൻ സാമൂഹ്യ ധാർമ്മികത അനുവദിക്കുന്നില്ല. കാരണം അതു വ്യക്തികൾ തമ്മിലുള്ള സംഘസഹകരണ വ്യവഹാരങ്ങൾ അസാധ്യമാക്കും എന്നതിനാലാണു നിയന്ത്രണങ്ങൾ വേണ്ടി വരുന്നത്. ലൈംഗിക വികാരങ്ങളെ ആവശ്യമായ അളവിൽ നിയന്ത്രിച്ചുകൊണ്ടേ മനുഷ്യർക്കു സാമൂഹ്യ ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടു പോകാനാവൂ. ലൈംഗികത മാത്രമല്ല എല്ലാ സ്വാർത്ഥ വികാരങ്ങളെയും നാം നിയന്ത്രിക്കേണ്ടി വരും. അത്തരം നിയന്ത്രണങ്ങളുടെ തന്നെ ആകെതുകയാാണു മനുഷ്യൻ്റെ ധാർമ്മികത. സംഘജീവിയായ മനുഷ്യനു ഒറ്റയ്ക്കുള്ള ജന്തു ജീവിതത്തിൽ നിന്നും വ്യത്യസ്ഥമായി ആർജ്ജിക്കേണ്ടി വന്ന ഒരു സവിശേഷ അവസ്ഥയാണിത്. ഈ അവസ്ഥ സംഘ ഘടനയും അതിൻ്റെ വികാസവും അനുസരിച്ചു ക്രമേണ വികസിക്കുകയും പരിണമിക്കുകയും ചെയ്യുന്നു. ഗോത്രകാല ധാർമ്മിക സങ്കല്പങ്ങൾ മിക്കതും ഇന്നത്തെ ആഗോള- സങ്കീർണ സാമൂഹ്യ ജീവിതവുമായി പൊരുത്തം ഇല്ലാതായതുകൊണ്ടാണു കാലഹരണപ്പെട്ടു ജീർണിച്ചു പോയത്. ഈ ജീർണിച്ച ധാർമ്മികതയും പേറി നിൽക്കുന്നതുകൊണ്ടാണു മതം ഇന്നു ധാർമ്മികപ്രതിസന്ധിയിൽ അകപ്പെട്ടതും. ഇത്രയും ഇപ്പോൾ ആവർത്തിക്കാൻ കാരണം ഇസ്ലാമിൻ്റെ സംരക്ഷകർ ആകെ കാറ്റു പോയി പരക്കം പായുന്നതിനിടെ എല്ലായിടത്തും ഒരു പഴയ ഡോക്യുമെൻ്റിൽ നിന്നു കഷ്ണം മുറിച്ച് ഒട്ടിക്കുകയും മേൽ പറഞ്ഞ മണ്ടത്തരം വിളിച്ചു പറയുകയും ചെയ്യുന്നതു കണ്ടതുകൊണ്ടാണു. ധാർമ്മികത എന്ന വിഷയത്തെ മാത്രം കേന്ദ്രീകരിച്ച് യുക്തിയുഗം മാസിക ഒരു സ്പെഷ്യൽ പതിപ്പ് ഇറക്കിയിരുന്നു. അതിൽ അരുൺ മംഗലത്തിൻ്റെ ‘ബലാൽസംഗത്തിൻ്റെ ജൈവിക സിദ്ധാന്തം’ എന്ന ലേഖനത്തിൻ്റെ ഒരു മൂല മുറിച്ചാണു ഇവർ ഒട്ടിക്കുന്നത്. ഇവർ ഉന്നയിക്കുന്ന ആരോപണത്തിനു മുൻ കൂറായി ആ ലേഖനത്തിൽ തന്നെ വ്യക്തമായ മറുപടി ഉണ്ട്. ആവർത്തിച്ചു കൊടുത്തിരുന്ന ആ മറുപടി ഞാൻ തന്നെയാണു എഡിറ്റ് ചെയ്തിരുന്നത്. ലേഖകൻ അനേകം തവണ ആവർത്തിച്ച കാര്യം കുറെ വെട്ടി ഒഴിവാക്കിയതും ഞാനാണു . മറുപടിയുടെ ഒരു ഭാഗം മുകളിൽ ചിത്രം തുറന്നാൽ വായിക്കാം. ബലാൽസംഗം പോലുള്ള അതി നീചമായ ഒരു കുറ്റകൃത്യത്തെ ഇല്ലാതാക്കാൻ ദീർഘ വീക്ഷണത്തോടെ പരിഹാരം തേടുമ്പോൾ ബലാൽസംഗത്തിനു ലൈംഗികതയുമായി ബന്ധമേയില്ല എന്നതു പോലുള്ള വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അതിനു മറ്റു കാരണങ്ങൾക്കൊപ്പം പുരുഷ ലൈംഗിതയുമായി ജൈവബന്ധം ഉണ്ട് എന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട് എന്നും വിശദീകരിക്കുകയായിരുന്നു പ്രസ്തുത ലേഖനം. അതേ സ്പെഷ്യൽ ലക്കത്തിൽ ധാർമ്മികതയുടെയും പരിണാമപരവും ജൈവികവും ജനിതകപരവും മറ്റുമായ ഘടകങ്ങൾ എപ്രകാരം എത്ര അളവിൽ ഉൾച്ചേർന്നിട്ടുണ്ട് എന്നു ശാസ്ത്രീയമായി വിവരിക്കുന്ന മറ്റു പ്രബന്ധങ്ങളും ഉണ്ട്. ധാർമ്മികത എന്ന വിഷയത്തിൽ സ്വതന്ത്ര ചിന്തകരുടെ നിലപാടുകളും അറിവും ആ ലക്കത്തിൽ ഏറെക്കുറെ സമഗ്രമായി തന്നെ കൈകാര്യം ചെയ്തിരുന്നു. അറിയാൻ വേണ്ടി ചോദ്യങ്ങളും വാദങ്ങളും ഉന്നയിക്കുന്നവർക്ക് അതു റഫർ ചെയ്യാം. ചൊറിയുന്നവർക്കുള്ള മറുപടിയും അതിൽ ഉണ്ട്. അതിൻ്റെ മുഴുവൻ പേജുകളും സ്ക്രീൻ ചെയ്തു ഇവിടെ പരസ്യപ്പെടുത്താവുന്നതുമാണു. പി ഡി എഫും കിട്ടുമായിരിക്കും. മുറ്റത്തെ തെങ്ങിൻ ചോട്ടിൽ കളിക്കുന്ന കുട്ടിയുടെ തലയിൽ തേങ്ങ വീഴാനുള്ള പോസിബിലിറ്റി വളരെ കുറവാണെങ്കിലും അപൂർവമായി അത്തരം അപകടങ്ങൾ ഉണ്ടാകാറുണ്ട്. അപൂർവ്വ സാധ്യതയേയുള്ളു എങ്കിൽ പോലും ഒരു യുക്തിവാദിയുടെ വീടാണെങ്കിൽ ആ സാധ്യത മുൻ കൂട്ടി കണ്ടു പരിഹാരം തേടാൻ യുക്തിവാദി ശ്രദ്ധിച്ചിരിക്കും. കാരണം “തെങ്ങു ചതിക്കില്ല” എന്ന അന്ധവിശ്വാസം യുക്തിവാദിക്കില്ലല്ലൊ. വിധിയാണു മരണ സമയം നിശ്ചയിക്കുന്നത് എന്ന മൂഢത്വവും നമുക്കില്ല. അതിനാൽ അപകട സാധ്യതകളെ പരമാവധി ഒഴിവാക്കാൻ ശാസ്ത്രബോധത്തിൻ്റെ സഹായത്തോടെ ശ്രമിക്കും. ധാർമികതയുടെ കാര്യത്തിലും യുക്തിവാദിക്ക് ഈ ശാസ്ത്രീയ മനോഭാവം തന്നെയാണുള്ളത്. നമ്മുടെ ആവാസവ്യവസ്ഥ എന്നതു ചുറ്റുമുള്ള സമൂഹം കൂടി ഉൾപ്പെടുന്ന ഒന്നാണു. അതിനാൽ അതിജീവനത്തിനു - സുഖകരവും സമാധാനപരവും സുഗമവുമായ ജീവിതത്തിനു -സാമൂഹ്യ ധാർമ്മികത അനിവാര്യമാനെന്നു ദീർഘവീക്ഷണത്തോടെ ഉൾക്കൊണ്ടു പെരുമാരാൻ യുക്തിയുള്ളവർ ശ്രമിക്കും. അല്ലാതെ താൽകാലികമായ വ്യക്തി സ്വാർഥ സുഖത്തിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കു പിന്നീടു സാമൂഹ്യ ജീവിതം തന്നെ ദുഷ്കരമായിത്തീരും എന്നു തിരിച്ചറിയാൻ ഏറെ ബുദ്ധിയൊന്നും വേണ്ട. സഹപ്രവർത്തകരെ തന്നെ കബളിപ്പിച്ചു സാമ്പത്തികവും ലൈംഗികവുമായ ചൂഷണത്തിനു ശ്രമിച്ച ചില “സ്വതന്ത്ര ചിന്ത്കർ “ പിന്നീട് സമൂഹത്തിലാകെയും അദൃശ്യരാകേണ്ടി വന്നതിൻ്റെ ഉദാഹരണം നമുക്കു മുന്നിൽ തന്നെ ഉണ്ടല്ലൊ. ചിന്തിക്കുന്നവർക്കാണു ദൃഷ്ടാന്തമായി !

No comments: