Thursday, August 29, 2019

വീണ്ടും ധാർമ്മികത !

കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും വരുന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും വ്യക്തിപരമായ ചില അനുഭവങ്ങളും പലരുടെയും ഫോൺ വിളികളും മറ്റും കൂട്ടി വായിക്കുമ്പോൾ മനസ്സിലാകുന്ന കാര്യമാണു പറയാൻ പോകുന്നത്. കേരളത്തിലെ ഇസ്ലാം സംരക്ഷകസമൂഹം ആകെ ബേജാറിലായിരിക്കുന്നു. ഇസ്ലാമിനു നേരെ ഇപ്പോൾ നടക്കുന്ന വിമർശന സുനാമിയിൽ അതിജീവനം അസാധ്യമാകുമോ എന്ന ഭയം അവരെ പിടി കൂടിയിട്ടുണ്ട്. എങ്ങനെ പ്രതിരോധിക്കും എന്നറിയാതെ നെട്ടോട്ടമോടുകയാണു. ഗ്രൂപ്പു ഭിന്നത മറന്നു പലേടത്തും മുജ, ജമ, സുന്നി സംയുക്തയോഗങ്ങൾ വരെ ഈ കാര്യത്തിൽ നടക്കുന്നു. എല്ലാ വിഭാഗവും സ്പെഷ്യലിസ്റ്റുകളെ ട്രെയിൻ ചെയ്തെടുക്കുന്നു. രൂപീകരിച്ചിട്ടിന്നു വരെ ഇസ്ലാമോ മതമോ യുക്തിവാദമോ ഒന്നും അജണ്ടയിൽ കൊണ്ടു വരാത്ത സോളിഡാരിറ്റിക്കാർ പോലും അവരുടെ മറ്റു ഉഡായിപ്പുകളൊക്കെ നിർത്തി വെച്ച് ജില്ലകൾ തോറും പ്രവർത്തകർക്കു യുക്തിവാദപ്രതിരോധ പരിശീലന ക്ലാസു തുടങ്ങിയിരിക്കുന്നു. ബഹുമുഖ പരിപാടികളാണു ഇപ്പോൾ ഇവർ ആസൂത്രണം ചെയ്യുന്നത്. പ്രലോഭനം വഴി പിന്തിരിപ്പിക്കാൻ പറ്റുന്നവരെ അങ്ങനെ. ഭീഷണി പറ്റുന്നേടത്ത് അത്. ഊരുവിലാക്കാൻ സാധ്യമാകുന്നേടത്ത് അത്. അങ്ങനെ വ്യക്തികളെ നേരിട്ടു കൈകാര്യം ചെയ്യാനുള്ള സംഘടിത ശ്രമങ്ങൾ . അതിനു പുറമെ സോഷ്യൽ മീഡിയയിൽ "മറുപടി"കൾ പറഞ്ഞുള്ള പ്രതിരോധം അതിനുള്ള ആശയ പരിശീലനം . ഊന്നൽ മേഖലകൾ കണ്ടെത്താനുള്ള ബൗദ്ധിക ഗവേഷണം. ( ഇവിടെയാണു മഹാ കോമടി. കുർ ആൻ, ദൈവം ദൈവാസ്തിത്വം , പരിണാമവിരുദ്ധ പ്രചാരണം , ഇതൊന്നും ഏശുന്നില്ല എന്നു തിരിച്ചറിഞ്ഞതിനാൽ )ഇപ്പോൾ ഒടുവിൽ കണ്ടെത്തിയതാണു യുക്തിവാദികൾക്കു ധാർമ്മികതയില്ല, പ്രവാചകനും കിതാബും ഫിഖ് ഹും ഇല്ല.. അതിനാൽ അവർ സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കും എന്ന ഒരു വാദത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രതിരോധം മതി എന്നത് . അതിനായി എല്ലാ വിഭാഗവും പരമാവധി ഡാറ്റകൾ ശേഖരിച്ചു പഠിച്ച് അവതരിപ്പിക്കുക . ഇതാണു ഇപ്പോൾ നാം ഫീൽഡിൽ കാണൂന്നത്. ഇതിൻ്റെ ഭാഗമായി യുറ്റ്യൂബിലും മറ്റും മതപണ്ഡിതന്മാരുടെ പുതിയ വീഡിയോകളും വരുന്നുണ്ട്. എനിക്ക് കഴിഞ്ഞ രണ്ടാഴചയ്ക്കുള്ളിൽ പല മതപണ്ഡിതന്മാരുടെയും നേരീട്ടുള്ള ഫോൺ കാളുകളും വാട്സപ് സന്ദേശങ്ങളും വന്നു. നേരിട്ടു സംസാരിക്കാൻ താല്പര്യമുണ്ട് എന്നും ഞാൻ കുർ ആൻ പഠിച്ചതു ശരിയായിട്ടില്ലെന്നും പരിഭാഷകളാണു ആകെ കുഴപ്പമെന്നും അറബി സാഹിത്യവും ഗ്രാമറുമൊക്കെ നന്നായി പഠിച്ചാൽ അസുഖം മാറുമെന്നുമൊക്കെയാണു സന്ദേശങ്ങളുടെ ഉള്ളടക്കം !. ധാർമ്മികതയുമായി ബന്ധപ്പെട്ട "വായടപ്പൻ" ചോദ്യങ്ങളും പ്രവഹിക്കുന്നുണ്ട്. കോഴിക്കോട്ടെ ഏതോ കോളെജ് പ്രിൻസിപ്പൽ ആണെന്നു പരിചയപ്പെടുത്തിക്കൊണ്ടു വിളിച്ച ഒരു സകാഫി പിന്നീട് വാട്സപ്പിൽ തന്ന ചോദ്യങ്ങളിൽ ചിലതാണു സ്ക്രീൻ ഷോട്ടിൽ. സ്വകാര്യ സംവാദങ്ങൾ നടത്താൻ എനിക്കു താല്പര്യമില്ല എന്നും പൊതു വേദികളിലോ മാധ്യമങ്ങളിലോ ചെറു ഗ്രൂപ്പുകളിലോ ഒക്കെയാണെങ്കിൽ ആവാം എന്നുമാണു ഞാൻ ഇങ്ങനെ വരുന്നവരോടൊക്കെ പറയാറുള്ളത്. അതനുസരിച്ചു സകാഫിയുടെ ചോദ്യങ്ങൾക്കുള്ള എൻ്റെ മറുപടി ഇവിടെ പോസ്റ്റ് ചെയ്യാം. തൃശൂർ എഫ് ടി മീറ്റിലെ വിഷയാവതരണത്തിലും ഈ കാര്യങ്ങൾ ഉൾപ്പെടുത്താനും ശ്രമിക്കാം. ഒന്നാമത്തെ ചോദ്യം പല തവണ നമ്മൾ വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണു. സ്വതന്ത്ര ചിന്തയിൽ തെറ്റു ശരികളുടെ മാനദണ്ഡം സാമൂഹികത യാണു. മറ്റുള്ളവർ നമ്മോട് എപ്രകാരം പെരുമാറണം എന്നു നാം ആഗ്രഹിക്കുന്നുവോ അപ്രകാരം നമ്മൾ മറ്റുള്ളവരോടും പെരുമാറുക എന്നതാണു സിമ്പിളായി പറയാവുന്ന കാര്യം . അതാരു ജഡ്ജ് ചെയ്യും? നാം ജീവിക്കുന്നത് ഏതു സാമൂഹ്യ ആവാസവ്യവസ്ഥയിലാണോ ആ സമൂഹം തന്നെയാണു നമ്മുടെ ചെയ്തികളെ ജഡ്ജ് ചെയ്യുന്നത്. എനിക്കു മാത്രം ശരിയെന്നും സമൂഹത്തിനു പൊതുവിൽ തെറ്റ് എന്നും തോന്നുന്ന കാര്യം ഞാൻ ചെയ്താൽ സമൂഹം എന്നെ തെറ്റുകാരനായാണു വിധിയെഴുതുക. അതു കൂടി തിരിച്ചറിഞ്ഞു പെരുമാറാനുള്ള യുക്തി നമുക്കുണ്ടാകണം. സമൂഹം മൊത്തം തെറ്റെന്നു കരുതുന്ന കാര്യം ഒരാൾക്കു മാത്രം ശരിയെന്നു തോന്നിയാൽ അപ്രകാരം അയാൾ പ്രവർത്തിച്ചാൽ ആ സമൂഹത്തിൽ അയാളുടെ അതിജീവനം തന്നെ അസാധ്യമാകും. അത് അയാൾക്കു തന്നെ തിരിച്ചറിയാനായില്ലെങ്കിൽ അയാൾ സമൂഹത്തിൽ ഒറ്റപ്പെട്ടവനും വെറുക്കപ്പെട്ടവനും ആയി തീരും. അതായതു വ്യക്തിയുടെ യുക്തിയും സമൂഹത്തിൻ്റെ പൊതു യുക്തിയും പൊരുത്തപ്പെടുത്തിക്കൊണ്ടു ജീവിക്കാനും പെരുമാറാനുമുള്ള യുക്തി കൂടി ഉൾക്കൊള്ളുന്നതാകണം സ്വതന്ത്ര യുക്തി. ഒരു വലിയ സമൂഹത്തിൽ ഇതൊരു പ്രശ്നമായി മാറുമ്പോൾ അതിനുള്ള പരിഹാരമാണു നാം വിഭാവനം ചെയ്യുന്ന മാനവിക ജനാധിപത്യ മൂല്യങ്ങൾ . അതു പിന്നീടു വിശദീകരിക്കാം . ഈ പ്രശ്നം നിർദ്ധാരണം ചെയ്യാനായി സകാഫിയുടെ ഉദാഹരണം തന്നെ വിശകലനം ചെയ്യാം. കളഞ്ഞു കിട്ടിയ മുതൽ ഉടമസ്ഥർക്കു തിരിച്ചു നൽകുന്നതിൻ്റെ യുക്തി ആണല്ലോ വിഷയം. ഇങ്ങനെയുള്ള അനുഭവങ്ങൾ നമുക്കൊക്കെ ഉണ്ടായിട്ടുണ്ടാകാം. എനിക്കു പല തവണ കളഞ്ഞു കിട്ടുകയും കളഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. സി സി ടിവി വരും മുമ്പ് ആകാശപ്പോലീസിലുള്ള വിശ്വാസം പോയ ശേഷവും വിലപിടിപ്പുള്ള സാധനങ്ങൾ കളഞ്ഞു കിട്ടീട്ടുണ്ട്. അങ്ങനെയൊന്നു കിട്ടിയാൽ പിന്നെ അതു ഉടമസ്ഥരെ കണ്ടു പിടിച്ചു തിരികെ ഏൽപ്പിക്കാതെ ഇരിക്കപ്പൊറുതി കിട്ടാത്ത ഒരു മാനസികാവസ്ഥയാണു ഞാൻ അനുഭവിച്ചിട്ടുള്ളത്. എൻ്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിന്ത ആ മുതൽ കൊണ്ടു എത്രമാത്രം പുട്ടടിക്കാം എന്നല്ല, മറിച്ച് അതിൻ്റെ ഉടമ എത്രമാത്രം വിഷമിക്കുന്നുണ്ടാകും എന്നതാണു. ഈ അവസ്ഥയ്ക്കാണു നാം എമ്പതി എന്നു പറയുന്നത്. ഇതു സഹജവും നൈസർഗികവുമായി മനുഷ്യനിലും ഒരു അളവുവരെ മറ്റു ജന്തുക്കളിലും കാണപ്പെടുന്നു. ഏറ്റക്കുറച്ചിലോടെ എല്ലാവരിലും എമ്പതി ഉണ്ടെങ്കിലും ചിലരിൽ കൂടിയ അളവിലും മറ്റു ചിലരിൽ വളരെ കുറഞ്ഞ അളവിലുമാണു എമ്പതി ലെവൽ കണ്ടു വരുന്നത്. ന്യൂറോ സയൻസിൽ ഇതിനു കാരണം മിറർ ന്യൂറോണുകളുടെ അളവിലുള്ള എറ്റക്കുറച്ചിലാണെന്നും പറയപ്പെടുന്നു. ആ സാങ്കേതികത്വത്തിലേക്കു ഇപ്പോൾ കടക്കുന്നില്ല. കളഞ്ഞു കിട്ടിയ മുതൽ നമുക്ക് സ്വന്തമാക്കി പുട്ടടിക്കാം, അല്ലെങ്കിൽ ഉടമസ്ഥരെ കണ്ടെത്തി തിരികെ കൊടുക്കാം. ഇതിൽ ഏതു ഓപ്ഷനാണു നമുക്കു കൂടുതൽ ലാഭകരം? എൻ്റെ അനുഭവത്തിൽ ഉടമയ്ക്കു തിരിച്ചു കൊടുക്കലാണു പുട്ടടിക്കുന്നതിനെക്കാൾ ആയിരം മടങ്ങു ലാഭകരം. കാരണം അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നതിലൂടെ ആ സാധനം തിരികെ ലഭിച്ച ആൾക്ക് മറ്റേ ആളോടുണ്ടാകുന്ന ഇഷ്ടവും സ്നേഹവും നന്ദിയും അയാളുടെ തുടർന്നുള്ള ജീവിതകാലത്തേയ്ക്കു വലിയ ഒരു സമ്പാദ്യമായും വിലയേറിയ ഒരു മുതൽക്കൂട്ടായും അനുഭവപ്പെടും. എനിക്കനുഭവപ്പെട്ടിട്ടുണ്ട്. എന്താണു ആ സമ്പാദ്യം സത്യസന്ധൻ വിശ്വസ്ഥൻ എന്നീ സൽപ്പേരു തന്നെ. ഈ സത്യസന്ധതയുടെ ഗുണഭോക്താക്കൾ തന്നെയാകും സ്വാഭാവികമായും ഇതിൻ്റെ പ്രചാരകർ ആയി മാറുക. ആ കുട്ടി വിശ്വസിക്കാൻ പറ്റുന്ന നല്ല കുട്ടിയാണു എന്ന് അവർ നാടാകെ പ്രചരിപ്പിക്കും. അതു ആ കുട്ടിയുടെ ഭാവിജീവിതത്തിനു വളരെ ഗുണകരമായി ഭവിക്കും. കിട്ടിയ മുതൽ കൊണ്ടു പുട്ടടിച്ചിരുന്നെങ്കിലോ? ആ പുട്ടിനു പോലും ഒരു രുചിയുണ്ടാവില്ല. കാരണം കുറ്റബോധം ഉള്ളിൽനിന്നു കുത്തി രുചിയെ കുറയ്ക്കും. അതു തിരികെ ഏല്പിച്ചതിലൂടെ നേടിയ സത്യസന്ധതയുടെ സൽകീർത്തി മൂലം ജീവിതത്തിൽ പിന്നീടുണ്ടാകുന്ന നേട്ടങ്ങളുമായി തുലനം ചെയ്താൽ പുട്ടടി വളരെ നിസാരമായ സുഖവും സന്തോഷവും മാത്രമേ നൽകൂ. ഈ വിശാലമായ തിരിച്ചറിവാണു സ്വതന്ത്ര ചിന്തകർക്കുള്ളത്, ഉണ്ടാകേണ്ടത്. നമ്മുടെ വസ്തുക്കൾ കളഞ്ഞു പോകുമ്പോൾ നാം ആഗ്രഹിക്കുന്നതു അതു എങ്ങനെയെങ്കിലും തിരികെ കിട്ടിയെങ്കിൽ എന്നായിരിക്കുമല്ലൊ. അതാരെങ്കിലും തിരികെ കൊണ്ടു തരുമ്പോൾ നമുക്ക് അയാളോടുണ്ടാകുന്ന ഇഷ്ടവും നന്ദിയും നമുക്കൂഹിക്കാം. അതേ അവസ്ഥ നഷ്ടപ്പെട്ടവർക്കുമുണ്ടെന്നു നമുക്കു സങ്കല്പിക്കാനാവും. അതു തന്നെയാണു സാമൂഹ്യമാനദണ്ഡം എന്നു പറയുന്നത്. ചുരുക്കത്തിൽ രണ്ടു പ്രധാന ഘടകങ്ങളാണു നമ്മുടെ ധാർമ്മികതയ്ക്കു നിദാനമായി ഉള്ളത്. ഒന്നു നൈസർഗികവും സഹജവുമായ ജന്മവാസന. രണ്ട് ഉയർന്ന വിശാലമായ സാമൂഹ്യബോധവും തിരിച്ചറിവും. ഇനി ആകാശമാമനെയും സി സി ടിവിയെയും മാത്രം പേടിച്ചു തിരിച്ചു നൽകുന്നവരുണ്ടോ? ഉണ്ടെങ്കിൽ അവർ നല്ല മനുഷ്യരേയല്ല. നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രം ശരി ചെയ്യുന്ന കുറ്റവാളികൾ മാത്രമാണു. വിശ്വാസം കൊണ്ടു മാത്രം ശരി ചെയ്യുകയും തെറ്റു ചെയ്യാതിരിക്കുകയും ചെയ്യുന്നവരുണ്ടോ? വളരെ ദുർലഭമേ ഉള്ളു എന്നതാണു ലോകമാകെയുള്ള അനുഭവം. എമ്പതിയും സാമൂഹ്യബോധവും ഇല്ലാത്ത ഒരാൾ ദൈവഭയം കൊണ്ടു മാത്രം കളഞ്ഞു കിട്ടിയ മുതൽ തിരികെ നൽകുമോ? ഇല്ലെന്നു മാത്രമല്ല അയാൾ കിട്ടിയ മുതലിൽ നിന്നു ഒരു ചെറിയ പങ്കു പിടിക്കപ്പെടാതിരിക്കാനുള്ള കൈക്കൂലിയായി ദൈവത്തിനു കൊടുത്തു ബാക്കി കൊണ്ടു പുട്ടടിക്കും. ശ്രീകോവിലിൽ നിന്ന് ദൈവത്തെ പൂജാരി തന്നെ കട്ടുകൊണ്ടു പോകുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. പോലീസ് പിടിക്കാതിരിക്കാൻ തൊണ്ടിദൈവത്തിൻ്റെ തിരുവാഭരണങ്ങളിൽ ഒന്നെടുത്തു മറ്റൊരു ദൈവത്തിൻ്റെ ഭണ്ഡാരത്തിൽ കാണിക്കയിട്ട അനുഭവം പോലും കേരളത്തിലുണ്ടായിട്ടുണ്ട്. യതീം ഖാനയിൽ നിന്നും കോടികൾ കട്ടു മുടിച്ച് ആ കുറ്റം പൊറുക്കാൻ നാല്പതു വട്ടം ഹജ്ജു ചെയ്ത ഹാജിയും നമുക്കു പരിചിതം. അതേ സമയം ഏറ്റവും വിലപ്പെട്ട സ്വന്തം ജീവൻ പോലും സമൂഹത്തിൻ്റെ നന്മക്കായി ത്യജിച്ച ഭഗത്സിങിനെപോലുള്ള ഭൗതികവാദികളും ചരിത്രത്തിലുണ്ട്. ലോകമാാകെ നോക്കിയാലോ? മതവിശ്വാസവും ദൈവവിശ്വാസവുമൊക്കെ ഇല്ലാതായ സമൂഹങ്ങളിലാണു ഏറ്റവും ഉയർന്ന സാമൂഹ്യ ധാർമ്മികത കളിയാടുന്നത് എന്നും ദൈവങ്ങളെക്കൊണ്ടു പൊറുതിമുട്ടുന്ന നാടുകളിൽ ധാർമ്മികത കണികാണാനില്ല എന്നതും നാം കാണുന്ന യാഥാർത്ഥ്യമാണു. ഇനി ശത്രുവിനെ ആരുമറിയാതെ കൊല്ലാൻ കിട്ടിയാൽ കൊല്ലുമോ? എന്നതാണു മറ്റൊരു ചോദ്യം. ഒരു ശത്രുതയും ഇല്ലാത്ത നിരപരാധികളായ ലക്ഷോപലക്ഷം മനുഷ്യരെ മതം എന്ന ഭീകര വിശ്വാസത്തിൻ്റെ പേരിൽ മാത്രം കൊന്നു തള്ളുകയും കൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്ത ഗോത്ര നേതാവിനെ മാനവരിൽ മഹോന്നതനായി ഉത്തമ മാതൃകയായി കരളിൽ പേറി നടക്കുന്ന മതജീവികളുടേതാണു ചോദ്യം. ഇതിനും എൻ്റെ സ്വാനുഭവം വെച്ചു തന്നെ മറുപടി പറയാം. എന്നെ വധിക്കാൻ മൂന്നുനാലു തവണ ശ്രമം നടന്നിട്ടുണ്ട്. തലനാരിഴയ്ക്കാണു ഞാൻ പലപ്പോഴും രക്ഷപ്പെട്ടു പോന്നത്. അന്നു വധിക്കാൻ വന്നവരെ പോലീസ് പിടിക്കുകയും വധശ്രമത്തിനു കേസെടുക്കുകയും ചെയ്തിരുന്നു. എല്ലാ കേസിലും ശിക്ഷ ഉറപ്പായ സന്ദർഭത്തിൽ പ്രതികൾ വന്നു മാപ്പു പറഞ്ഞു കേസിൽ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ടു. പലരും അങ്ങനെ ചെയ്യരൂതെന്നുപദേശിച്ചിട്ടും ഞാൻ അവർക്കു മാപ്പു നൽകുകയും ശിക്ഷ ഒഴിവാക്കിക്കൊടുക്കുകയുമാണു ചെയ്തത്. കാരണം അവരൊന്നും യഥാർത്ഥത്തിൽ എൻ്റെ ശത്രുക്കളല്ല എന്നും അവരുടെ അന്ധവിശ്വാസത്തിൻ്റെയും അജ്ഞതയുടെയും സ്വയം വിക്റ്റിംസ് മാത്രമാണെന്നുമാണു ഞാൻ മനസ്സിലാക്കുന്നത്. അതിനാൽ ഈ വിഷയത്തിൽ എനിക്കു പറയാനുള്ളത് "ശത്രു" എന്ന ചിന്തപോലും സ്വതന്ത്ര ചിന്തകർക്കുണ്ടാവരുത് എന്നാണു. വികാരമല്ല വിവേകമാണു ഈ വക സന്ദർഭങ്ങളിൽ ഉണർന്നു വരേണ്ടത്. വധശിക്ഷ പോലും പാടില്ല എന്നേടത്താണു ഇന്നു ലോകമാകെയുള്ള മനുഷ്യസ്നേഹികളായ സ്വതന്ത്ര ചിന്തകർ. അടുത്ത ചോദ്യം മറ്റു ജീവികളെ കൊന്നു തിന്നുന്നതു ശരിയാണോ എന്നാണു. അതു "ശരി"യും ന്യായവും ആണെന്നഭിപ്രായം ഇല്ല. പക്ഷെ പ്രകൃതിയിലെ ജീവ ചക്രം പ്രവർത്തിക്കുന്നത് ഒരു ജീവി മറ്റൊരു ജീവിക്ക് ആഹാരം എന്ന നിലയിലാണു. നമ്മൾ സസ്യാഹാരികൾ ആയാൽ പോലും സസ്യവും ജീവി തന്നെയാണല്ലൊ. വേദന കൊണ്ടു പിടയുന്നില്ല എന്നതുകൊണ്ടാണു നമുക്ക് ഒരു സസ്യത്തെ കൊല്ലുമ്പോൾ ഫീലിങ് ഇല്ലാത്തത്. ലോകമാകെയുള്ള സ്വതന്ത്ര ചിന്തകരിൽ നല്ലൊരു വിഭാഗം ഇന്നു വീഗൻ സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു എന്നതു കൂടി അറിയണം. ഇന്നു മനുഷ്യരോടൊപ്പമുള്ള വളർത്തു ജന്തുക്കൾ മനുഷ്യൻ തന്നെ വൻ തോതിൽ ജനിപ്പിച്ചു പെരുപ്പിച്ചവയാണു. മനുഷ്യൻ ഇറച്ചിക്കും പാലിനും മുട്ടക്കുമൊക്കെയായി കൂടെ കൂട്ടി വളർത്തിയില്ലായിരുന്നെങ്കിൽ ഇപ്പോൾ ഉള്ള ഈ ഡൊമസ്റ്റികുകളിൽ 99% വും ജനിക്കുക പോലും ഇല്ലായിരുന്നു. എങ്കിൽ പോലും വേദന അനുഭവിക്കുന്ന ജന്തുക്കളെ നാം കൊല്ലുന്നതു ശരിയല്ല എന്നു തന്നെയാണു അഭിപ്റായം. കൊല്ലാതെ തന്നെ കൃത്രിമമായി മാംസവും പാലുമൊക്കെ ഉല്പാദിപ്പിക്കാനുള്ള ജൈവസാങ്കേതിക വിദ്യ അധികം താമസിയാതെ മനുഷ്യൻ വികസിപ്പിക്കും. അതോടെ നമുക്ക് ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനുമാകും. അതു വരെ പ്രകൃതിയുടെ വികൃതി എന്ന നിലയിൽ അനിവാര്യമായ അളവിൽ ഈ തിന്മ ചെയ്തേ പറ്റൂ. സസ്യങ്ങളെ ആഹരിക്കുന്നതും തിനമ തന്നെയാണു . ഒരു പക്ഷെ തിന്മയില്ലാത്ത ആഹാരം പഴങ്ങൾ മാത്രമാകും. കാരുണ്യവാനും ബുദ്ധിമാനുമായ ഒരാസൂത്രകൻ ദൈവം പ്രകൃതിക്കു പിന്നിൽ ഇല്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണു പ്രകൃതിയിലെ ജീവിതചക്രം എന്ന ഈ ക്രൂരവിനോദം എന്നു കൂടി മനസ്സിലാക്കാം.

No comments: