Friday, August 16, 2019

അന് വറിൻ്റെ ക്വാറിയും നിലമ്പൂരിലെ പ്രളയവും !

അന് വറിൻ്റെ ക്വാറിയും നിലമ്പൂരിലെ പ്രളയവും ! പ്രളയമുണ്ടാകാനുള്ള കാരണങ്ങൾ നമ്മുടെ ചില പരിസ്ഥിതി "വിദഗ്ദ്ധരും" രാഷ്ട്രീയ നിരീക്ഷകരും ചാനൽ തൊഴിലാളികളുമൊക്കെ ചർച്ച ചെയ്യുന്നതു കേട്ടാൽ നല്ല കോമഡിയാണു. യുക്തിയോ ശാസ്ത്രബോധമോ മിനിമം യാഥാർത്ഥ്യബോധമോ ഇല്ലാത്ത ഉപരിപ്ലവജീവികളുടെ ഇത്തരം വായാടിത്തങ്ങളാണു സമൂഹം പൊതുബോധമായി ഉൾക്കൊള്ളുന്നത്. കാര്യങ്ങൾക്കു കാരണം കണ്ടെത്തുന്നതിൽ അല്പം പോലും ശാസ്ത്രബോധമോ യാഥാർത്ഥ്യബോധമോ ഇല്ലാത്ത വിവരദോഷികളാണു നമ്മുടെ മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും ഉള്ള നല്ലൊരു വിഭാഗം. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർത്തിലുള്ള ഒരു പ്രദേശമാകെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം ഏതെങ്കിലും നാലു കോറികളോ കല്ലുവെട്ടുകുഴികളോ ഒന്നുമല്ല. മൂന്നു മാസക്കാലം കൊണ്ടു പെയ്തിറങ്ങേണ്ട അളവിലുള്ള മഴ ഒറ്റ ദിവസം കൊണ്ടു പേമാരിയായി കോരിയൊഴിക്കപ്പെട്ട അത്യപൂർവ്വമായ പ്രകൃതിപ്രതിഭാസമാണു ഈ പ്രളയത്തിനു കാരണം. പ്രളയം മൂലം ഉണ്ടായ ദുരന്തങ്ങൾക്ക് മറ്റനേകം കാരണങ്ങളുണ്ട്. അശാസ്ത്രീയമായ വീടുനിർമ്മാണവും മണ്ണിടിക്കലും പാറപൊട്ടിക്കലും വനനശീകരണവും കൃഷിയും ഉദ്യോഗസ്ഥരുടെ അഴിമതിയും വിധിവിശ്വാസം പോലുള്ള അന്ധവിശ്വാസങ്ങളുമെല്ലാം ദുരന്തം വർദ്ധിക്കാൻ കാരണമായിട്ടുള്ള അനേക കാര്യങ്ങളിൽ ചിലതാണു. കൂട്ടത്തിൽ അൻവറിൻ്റെ ക്വാറിയും ഉണ്ടാകാം. അൻവറും മറ്റു ക്വാറിക്കാരുമൊക്കെ പാറ പൊട്ടിക്കുന്നതു പ്രകൃതിയെ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല. മറിച്ച് വീടും റോഡും പാലവും പള്ളിയും കടലോരഭിത്തിയുമൊക്കെ ഉണ്ടാക്കാൻ മെറ്റലും മണലും ആവശ്യമുള്ളതുകൊണ്ടാണു. പുഴകളിലെ മണൽ തീർന്നതോടെ മണലിനു പകരം പാറ പൊടിക്കേണ്ടി വന്നതാണു ക്വാറികൾ പെരുകാൻ കാരണം. നിർമ്മാണങ്ങൾ നിർത്താതെ ക്വാറികൾ മാത്രം നിർത്തനാവില്ല. പാറ പൊട്ടിക്കാതെ മണലു വാരാതെ റോഡും വീടും പാലവും പണിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടോ ഇത്തരം നിർമ്മാണങ്ങളെല്ലാം നിർത്തി പകരം സംവിധാനം കണ്ടെത്താതെയോ പാറക്കോറികളെ മാത്രം എതിർക്കുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇനി അസാധാരണമായ അളവിൽ മഴ വർഷിക്കാനുള്ള കാരണമന്യേഷിച്ചാലോ? പശ്ചിമഘട്ടത്തിലെ ലോലപ്രദേശങ്ങൾ സംരക്ഷിക്കാതിരുന്നതാണോ അപൂർവ അളവിൽ മഴയുണ്ടാകാൻ കാരണം? ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാധാരണ ന്യൂനമർദ്ദമാണു ഈ അതിവർഷപ്പേമാരിക്കു കാരണമെന്നാണു കാലാവസ്ഥാ ശാസ്ത്രം പറയുന്നത്. എങ്കിൽ അത്തരം മർദ്ദവ്യതിയാനങ്ങളുടെ കാരണങ്ങളാണന്യേഷിക്കേണ്ടത്. പൊതുവിൽ കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്നതു ആഗോള താപനമാണെന്നാണു എന്നു പറയപ്പെടുന്നു. താപവ്യതിയാനം സൃഷ്ടിക്കുന്നതു പല കാരണങ്ങളാലാണു. മനുഷ്യൻ്റെ പ്രവൃത്തികൾ അതിൽ മുഖ്യ കാരണമായുണ്ട്. ഭൂമിക്കടിയിലെ പെട്രോളിയം ഇന്ധനം മുഴുവൻ കുഴിച്ചെടുത്ത് പലതരം യന്ത്രങ്ങളിലായി കത്തിക്കുന്നതാണു അന്ധരീക്ഷവായുവിൻ്റെ താപനിലയിൽ ക്രമമായ വർദ്ധന ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. എങ്കിൽ നാം ആദ്യം നിയന്ത്രിക്കേണ്ടത് ഇന്ധനം കത്തിക്കുന്ന പണികളാണു. അതായതു വാഹനങ്ങൾ ഉപയോഗിച്ചുള്ള യാത്രയും യന്ത്രങ്ങളുപയോഗിച്ചുള്ള എല്ലാ പ്രവൃത്തിയും നിർത്തി പഴയ കാലത്തെ പോലെ ഒട്ടകങ്ങളെയും കഴുതകളെയും പോത്തുകളെയും വാഹനങ്ങളായും "യന്ത്രങ്ങൾ"ആയും ഉപയോഗിക്കേണ്ടി വരും. റോഡുകൾക്കു പകരം മൺ പാതകൾ മതിയെന്നു വെക്കണം. വീടുകൾക്കു പകരം പാറപ്പൊത്തുകളും മരച്ചുവടും മതി എന്നു വെക്കണം. പറഞ്ഞു വരുന്നത് ആധുനിക നാഗരിക ജീവിതത്തിനായി മനുഷ്യൻ തുടർന്നു പോരുന്ന "പ്രകൃതി വിരുദ്ധ" പ്രവർത്തന്ങ്ങളെല്ലാം ഇതുപോലുള്ള പാർശ്വഫലങ്ങൾ ഉളവാക്കുന്ന കാര്യങ്ങളാണു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. ഏതൊരു കാര്യത്തിനും ഒറ്റക്കാരണമല്ല ഉള്ളതെന്ന യാഥാർത്ഥ്യവും നാം മനസ്സിലാക്കണം. കാരണങ്ങൾക്കും കാരണങ്ങളുണ്ടെന്നും അവയും പലതാണെന്നും മനസ്സിലാക്കണം. ഈ രീതിയിലുള്ള ഒരു സമഗ്ര ശാസ്ത്രീയ ചിന്തയുടെ അഭാവമാണു വികലമായ പല പൊതുബോധങ്ങൾക്കും കാരണമായി ഭവിക്കുന്നത്. വികസനവും നിർമ്മാണങ്ങളും ആധുനിക ജീവിതവുമെല്ലാം പ്രകൃതിയുടെ സ്വാഭാവിക സന്തുലനം തകർക്കുന്ന കാര്യങ്ങളാണു. അതിനാൽ ഈ രണ്ടു കാര്യങ്ങളെയും ആകാവുന്ന അളവിൽ പരസ്പരം സമന്വയിപ്പിച്ചുകൊണ്ട് ആഘാതം കുറയ്ക്കാൻ ശ്രമിക്കുക എന്നതു മാത്രമേ മനുഷ്യസാധ്യമാകൂ. ഇതൊന്നും മനസ്സിലാക്കാതെ കോൺക്രീറ്റു വീട്ടിൽ നിന്നിറങ്ങി ഏ സി കാറിൽ വന്നിറങ്ങി മൊബൈലിൽ സംസാരിച്ച് പാറക്കോറിക്കെതിരെയും മൊബൈൽ ടവറിനെതിരെയും പരിസ്ഥിതി സമരം നടത്തുന്നതു പരിഹാസ്യമായ കോമഡിയാണു. പത്തു പേർക്കുള്ള സൗകര്യങ്ങൾക്കായി നൂറു പേർ തിക്കിത്തിരക്കുന്ന ഒരു സാമൂഹ്യ സാഹചര്യമാണു നമ്മുടെ നാട്ടിലുള്ളത്. അതുകൊണ്ടു തന്നെ കയ്യൂക്കും സാമർത്ഥ്യവുമുള്ളവർ കാര്യം നേടുകയും അതില്ലാത്തവർ അതിജീവനത്തിനായി കഷ്ടപ്പെടുകയും ചെയ്യുന്നു. അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവുമൊക്കെ ഈ സാഹചര്യത്തിൻ്റെ കൂടി സൃഷ്ടിയാണു. കേരളത്തിലൊക്കെ അപകടകരമായ ഇടങ്ങളിൽ ആളുകൾ വീടു വെച്ചു താമസിക്കേണ്ടി വരുന്നതിനു കാരണം ദാരിദ്ര്യവും ജനസംഖ്യ സ്ഫോടനവുമാണു. ജനസംഖ്യ ക്രമമായി കുറച്ചു കൊണ്ടു വരേണ്ടത് ഏറ്റവും ബെയ്സിക് ആയ ഒരു പരിഹാരമാർഗ്ഗമാണു. പരിസ്ത്ഥിതി ആഘാതം പരമാവധി കുറച്ചു കൊണ്ടുള്ള വികസനം സാധ്യമാക്കാനുള്ള ശാസ്ത്രീയ അന്യേഷണമാണു ഇന്നു നമുക്കു വേണ്ടത്. അല്ലാതെ ഒരു ദുരന്തം ഉണ്ടാകുമ്പോൾ കല്ലു പൊട്ടിക്കുന്നതിനെയും മണ്ണു കോരുന്നതിനെയും മാത്രം കുറ്റപ്പെടുത്തീട്ട് ഒരു കാര്യവുമില്ല.

No comments: