Saturday, September 4, 2010

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ പോലീസ് സംരക്ഷണം !
കോഴിക്കോട്: കാസര്‍കോട് സ്വദേശി റയാന ഖാസിയുടെ അവകാശ സംരക്ഷണ പോരാട്ടത്തെ ജനാധിപത്യ വിശ്വാസികള്‍ പിന്തുണയ്ക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇഷ്ടപ്പെട്ട വേഷം ധരിച്ചതിന് വധഭീഷണി നേരിട്ടതിനെത്തുടര്‍ന്ന് റയാനയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. കേരളംപോലുള്ള സംസ്ഥാനത്ത് എന്‍ജിനീയറിങ് ബിരുദധാരിയായ ഒരു പെണ്‍കുട്ടിക്ക് ഇഷ്ടവേഷം ധരിക്കാന്‍ പോലീസ് സംരക്ഷണം തേടേണ്ടിവരുന്നത് ഗൗരവമായി കാണണമെന്ന് എഴുത്തുകാരായ എന്‍.പി. ഹാഫിസ് മുഹമ്മദ്, സി.എസ്. ചന്ദ്രിക, ഖദീജാ മുംതാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എയ്‌റോനോട്ടിക് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ 22-കാരിയായ റയാന പര്‍ദയും മഖനയും ധരിക്കാത്തതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. ആദ്യം എതിര്‍പ്പുകളും തുടര്‍ന്ന് വധഭീഷണിയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് റയാന ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് സംരക്ഷണം നല്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാറോ സാംസ്‌കാരിക, പുരോഗമന, മനുഷ്യാവകാശ, സ്ത്രീവിമോചന സംഘടനകളോ ഈ പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിന്‍േറതുള്‍പ്പെടെ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.

മതവിശ്വാസം മനസ്സിലാണെന്നും അത് വസ്ത്രധാരണത്തില്‍ ആരെങ്കിലും അടിച്ചേല്പിക്കേണ്ടതല്ലെന്നും റയാന പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മതനിന്ദ നടത്തിയിട്ടുമില്ല. പരമ്പരാഗത ഖാസി കുടുംബമാണ് തന്‍േറത്. അവരും തങ്ങളുടെ പള്ളിക്കമ്മിറ്റിയും തന്നെ മനസ്സിലാക്കി കൂടെ നില്‍ക്കുന്നുണ്ട്. സംരക്ഷണം നല്കുന്ന പോലീസുകാരില്‍ ചിലര്‍പോലും വസ്ത്രധാരണത്തില്‍ അനുസരണ കാണിച്ചുകൂടേ എന്നാണ് ചോദിക്കുന്നത്. തെറ്റൊന്നും ചെയ്യാത്തതുകൊണ്ടുതന്നെ പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് റയാന പറഞ്ഞു. മകള്‍ക്ക് പൂര്‍ണ പിന്തുണ നല്കുമെന്ന് ഉമ്മ സുഹ്‌റ റഹ്മാനും പത്രസമ്മേളനത്തില്‍ പറഞ്ഞു.

പോലീസ് സംരക്ഷണം കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, റയാനയുടെ ജീവന്‍ ഭീഷണിയിലാണെന്ന ആശങ്കയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
mathrubhumi- 4-9-2010

4 comments:

ea jabbar said...

മതഭീകരവാദത്തിന് മറ്റൊരു ഇര കൂടി.
നാളെ നിലംബൂരില്‍ ഈ കുട്ടിയുള്‍പ്പെടെ മതഭീകരവാദത്തിന്റെ ഇരകള്‍ ഒത്തു ചേരുന്നു. യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇരകളുടെ സംഗമം
5-9-2010
1മണിക്ക്
നിലംബൂര്‍ പീവീസ് ഓഡിറ്റോറിയം
ഉദ്ഘാടനം പി എം ആന്റണി.

ea jabbar said...

ഇറാന്‍ യുവതിക്ക് കല്ലേറിനു പുറമേ ചാട്ടയടിയും
mathrubhumi

Posted on: 06 Sep 2010


ടെഹ്‌റാന്‍: അവിഹിത ബന്ധത്തിന്റെ പേരില്‍ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെട്ട ഇറാനിയന്‍ സ്ത്രീക്ക് 99 ചാട്ടയടികൂടി നല്കാന്‍ അധികൃതരുടെ ഉത്തരവ്. തട്ടമിടാത്ത ചിത്രം പ്രസിദ്ധീകരണത്തിനു നല്കുകവഴി അസഭ്യമായി പെരുമാറിയെന്ന കുറ്റത്തിനാണ് പുതിയ ശിക്ഷ.

വിധവയായ സക്കിന മുഹമ്മദി അഷ്തിയാനിക്ക് രണ്ടു പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് ഇറാന്‍ അധികൃതര്‍ വധശിക്ഷ വിധിച്ചത്. മനുഷ്യാവകാശ സംഘടനകള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കല്ലെറിഞ്ഞ് കൊല്ലല്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയ്‌ക്കൊപ്പം ലണ്ടനിലെ ടൈംസ് ദിനപത്രമാണ് തട്ടമില്ലാത്ത ചിത്രം പ്രസിദ്ധീകരിച്ചത്. ഈ ചിത്രം സക്കിനയുടേതല്ലെന്നും വേറൊരു ഇറാന്‍ യുവതിയുടേതാണെന്നും 'ടൈംസ്' പിന്നീട് വിശദീകരിച്ചിരുന്നു.

എന്നാല്‍ തട്ടമിടാതെ പരസ്യമായി പ്രത്യക്ഷപ്പെട്ടതിനു സക്കിനയെ ചാട്ടയടിക്ക് വിധേയമാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതായി അവരുടെ മകള്‍ പറഞ്ഞു. അമ്മയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് അധികൃതര്‍ പുതിയ കുറ്റങ്ങള്‍ ചുമത്തുന്നതെന്ന് മകന്‍ പഞ്ഞു. ജയിലിലുള്ള സക്കിനയെ കാണാന്‍ കുടുംബങ്ങളെ അനുവദിക്കുന്നില്ല.

ea jabbar said...

ഇറാന്‍ മാധ്യമപ്രവര്‍ത്തകയുടെ വിചാരണ പൂര്‍ത്തിയായി
madhyamam
Sunday, September 5, 2010
തെഹ്‌റാന്‍: ദൈവവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതിയുടെ വിചാരണ പൂര്‍ത്തിയായതായി അല്‍ജസീറ. ഷീവ നാസര്‍ അഹാരി എന്ന 26കാരിയാണ് ദൈവവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ക്രമസമാധാന നിലതകര്‍ക്കല്‍, ഭരണകൂട അട്ടിമറി ശ്രമം തുടങ്ങിയ ആരോപണില്‍ വിചാരണ നേരിട്ടത്. ഇറാനിലെ നിയമമനുസരിച്ച് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണിത്. 2009 ജൂണിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷമാണ് ഇവര്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വിധി അശുഭകരമാകില്ലെന്ന് പ്രതീക്ഷിക്കാമെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു.

ea jabbar said...

ഈ പത്രപ്രവര്‍ത്തക ചെയ്ത ദൈവവിരുദ്ധത എന്തെന്നോ? അവള്‍ തലയില്‍ തട്ടമിടാതെ നടന്നു !!