Saturday, July 17, 2010

സഹോദരന്‍ അയ്യപ്പന്റെ കവിത തിരുത്തിയതിനെപ്പറ്റി

തിരുത്ത്‌ -ധാരണപ്പിശകോ രാഷ്ട്രീയ തന്ത്രമോ ?

[വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം ശാസ്ത്രമല്ല !]




ഡോ. സി വിശ്വനാഥന്‍



"യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാന രാശിയില്‍."


സാമാന്യഭാഷാ പരിചയമുള്ള ആര്‍ക്കും ഈ വരികളുടെ അര്‍ഥം വ്യക്തമാണ്.
"മനുഷ്യന്റെ ബുദ്ധിശക്തി" എന്നത് ആദ്യ പാദത്തിലെ 'കര്‍ത്താവ്‌' ആണ്.
"ഖനിക്കുക" എന്നത് 'ക്രിയ' യും. സംശയാത്മാകള്‍ക്ക് വേണമെങ്കില്‍ വാക്കുകള്‍
മാത്രം മാറ്റി, ശ്ലോകത്തിന്റെ ഘടന അതേപടി നിലനിര്‍ത്തി ഒരു പാരഡി
എഴുതിനോക്കി, അര്‍ഥം ഇളക്കിവെച്ചുറപ്പിക്കുക'യുമാവാം :

"കൈക്കോട്ടേന്തി മനുഷ്യന്റെ
കയ്യ് മാന്തിയെടുത്തതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ചേന വില്‍പ്പന ശാലയില്‍ "



ഇനി ആദ്യ ശ്ലോകത്തിന്റെ അര്‍ഥം പരിശോധിക്കാം.പൂര്‍വാചാര്യന്മാര്‍ക്കു
സിദ്ധിച്ച സനാതനമായ സത്യങ്ങള്‍ അല്ല മനുഷ്യ വിജ്ഞാനത്തിന്റെ കലവറ
എന്നതാണ് സഹോദരന്‍ അയ്യപ്പന്റെ ശ്ലോകത്തിന്റെ താല്പര്യം. മനുഷ്യന്റെ
ബുദ്ധിശക്തി, യുക്തിയെന്ന ആയുധമുപയോഗിച്ച്, പ്രകൃതിപ്രതിഭാസങ്ങളെ
'ഖനിച്ചതില്‍' നിന്നാണ് അവന്റെ/അവളുടെ അറിവ് വര്‍ധിച്ചത് എന്നാണ്
ഉദ്ദേശം. അതങ്ങനെയിരിക്കെ , "മേല്‍ക്കൊടുത്ത വരികളില്‍
സൂചിപ്പിക്കുന്നത് 'വിജ്ഞാന രാശി' യുടെ ഉറവിടം 'മനുഷ്യന്റെ ബുദ്ധിശക്തി'
യില്‍ നടക്കുന്ന യുക്തിപ്രയോഗമാണ് എന്നാണല്ലോ." എന്ന് ഒരാള്‍
പറഞ്ഞുവെന്നു കരുതുക. എങ്കില്‍, രണ്ടാമത്തെ ശ്ലോകത്തിന്റെ അര്‍ഥം
സൂചിപ്പിക്കുന്നത്, " ചേനകളുടെ ഉറവിടം 'മനുഷ്യന്റെ കയ്യില്‍' നടക്കുന്ന
കൈക്കോട്ടു പ്രയോഗമാണ് " എന്നായല്ലേ പറ്റൂ ! ബുദ്ധിമാനായ ഒരാളാണ്
ഇപ്രകാരം ശ്ലോകാര്‍ഥത്തെ വികൃതമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതെങ്കില്‍,
ഒന്നുകില്‍ അദ്ദേഹത്തിന് താല്‍ക്കാലികമായി ഒരു ധാരണപ്പിശക് സംഭവിച്ചു
വെന്നോ, അതല്ലെങ്കില്‍ മനപ്പൂര്‍വം കേള്‍വിക്കാരെ തെറ്റിധരിപ്പിച്ചു
എന്നോ കരുതാം.


അത്ഭുതപ്പെടരുത്, സഹോദരന്‍ അയ്യപ്പന്റെ മേല്‍ക്കൊടുത്ത വരികള്‍ക്ക്
അയുക്തികമായ ഈ വ്യാഖ്യാനം നല്‍കിയത്, ബഹുമാന്യനായ ഇ. എം. എസ്. ആണ്! (
'യുക്തിവാദികളും കമ്മുണിസ്റ്റുകാരും' എന്ന പുസ്തകം) ഒന്നുകൂടി
അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കുക. ""മേല്‍ ക്കൊടുത്ത വരികളില്‍
സൂചിപ്പിക്കുന്നത് 'വിജ്ഞാന രാശി' യുടെ ഉറവിടം 'മനുഷ്യന്റെ ബുദ്ധിശക്തി'
യില്‍ നടക്കുന്ന യുക്തിപ്രയോഗമാണ് എന്നാണല്ലോ. ഇത് യഥാര്‍ത്ഥത്തില്‍ ആശയ
വാദത്തിന്റെ സമീപനമാണ്, ഭൌതിക വാദത്തിന്റെതല്ല." സംഗതി ശരിയാണ്.
"'വിജ്ഞാന രാശി' യുടെ ഉറവിടം 'മനുഷ്യന്റെ ബുദ്ധിശക്തി' യില്‍ നടക്കുന്ന
യുക്തിപ്രയോഗമാണ്" എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് ആശയവാദം തന്നെയാണ്,
ഭൌതിക വാദം അല്ല. പക്ഷെ അയ്യപ്പനും കൂട്ടരും ഒരിക്കലും അങ്ങനെ
വാദിച്ചിട്ടില്ല. "നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള
യുക്ത്യധിഷ്ടിതമായ ചിന്തനവും മാത്രമാണ് " വിജ്ഞാനത്തിനുള്ള ഉപാധി എന്നാണ്
അവര്‍ വാദിച്ചിട്ടുള്ളത്.


ഇ.എം.എസ് ഇവിടെ അവലംബിച്ചത്, 'straw man argument' എന്ന കുതര്‍ക്ക
രീതിയാണ്. എതിരാളിയുടെ വാദത്തെ തെറ്റായ രീതിയില്‍ അവതരിപ്പിച്ച ശേഷം , ആ
അവതാരത്തെ ആക്രമിച്ചു നിലം പരിശാക്കുക എന്നതാണ് ഈ രീതി. വൈക്കോല്‍ രൂപം
പൊളിഞ്ഞുവീഴുംപോള്‍ അനുയായികള്‍ക്ക് കൈയടിക്കുകയുമാവാം.
പക്ഷെ, നിഷ്പക്ഷരായ നിരീക്ഷകര്‍ക്ക്, പ്രതിവാദത്തിന്റെ അര്‍ത്ഥശൂന്യത
മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല.


വിജ്ഞാനത്തിന്റെ ഉറവിടം, "'മനുഷ്യന്റെ ബുദ്ധിശക്തി' യില്‍ നടക്കുന്ന
യുക്തിപ്രയോഗമാണ്" എന്ന ദാര്‍ശനിക സമീപനം ലോകവ്യാപകവും അതിപുരാതനമാണ്.
മനനം ആയിരുന്നുവല്ലോ മുനിമാരുടെ ജ്ഞാന മാര്‍ഗം.പൂര്‍വസൂരികള്‍
കണ്ടെത്തിയിട്ടുള്ള, നിര്‍വിവാദമെന്നെണ്ണിപ്പോരുന്ന നിത്യസത്യങ്ങള്‍
('ബ്രഹ്മം മാത്രമാണ് സത്യം' അതല്ലെങ്കില്‍ " ഓരോ ഭൌതികപദാര്‍ഥത്തിലും
സാമൂഹ്യസ്ഥാപനത്തിലും ക്രിയാത്മകവും നിഷേധാത്മകവുമായ രണ്ടു
വിരുദ്ധശക്തികള്‍ പ്രവര്‍തിച്ചുകൊണ്ടിരിക്കുന്നു" ഇത്യാദി ) ആണ് ഇവരുടെ
'ചിന്താ പ്രക്രിയയുടെ' അടിസ്ഥാനം. ആദിശങ്കരന്റെ so called യുക്തിവാദവും
എംഗല്‍സിന്റെ വൈരുദ്ധ്യാത്മക ഭൌതികവാദവും അടിസ്ഥാനപരമായി ഒരേ തരം
ചിന്താപദ്ധതി കളാണ്. ഹിമാലയ സാനുക്കളില്‍, ജനനം/ മരണം ,വിധി/ പൌരുഷം ,
വ്യക്തി/ സമൂഹം, ഇത്യാദി വൈരുധ്യങ്ങളെ മനനം ചെയ്തു പോന്ന ആര്‍ഷ
ചിന്താപാരമ്പര്യ(1) ത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ അവകാശികള്‍, ഏതൊരു
അവസ്ഥയെക്കുറിച്ചും- അതൊരു സാമൂഹ്യാവസ്ഥയാകട്ടെ, ഭൌതിക പ്രതിഭാസമാകട്ടെ-
"ഇതിലെ മുഖ്യ വൈരുധ്യമെന്ത് " ? എന്ന ചോദ്യമുപയോഗിച്ച് പ്രശ്ന ചിന്ത
നടത്താന്‍ ശ്രമിക്കുന്ന വൈരുദ്ധ്യാത്മക ഭൌതിക വാദികളാണ് എന്ന്
തോന്നുന്നു.

ഇപ്പറഞ്ഞ മുനിമാര്‍ഗത്തില്‍ നിന്നുള്ള വ്യക്തമായ വഴി പിരിയലാണ് ജ്ഞാനോദയ
ത്തോടെ സംഭവിച്ചത്. 'നിര്‍വിവാദ'മായ ആദിധാരണകളുടെ (a priori beliefs)
അടിസ്ഥാനത്തിലുള്ള മനനം, നിര്‍ധാരണം ഇവയല്ല ജ്നാനതിനുള്ള മാര്‍ഗമെന്നു
ജ്ഞാനോദയ കാലത്തോടെ വെളിവായി. വാസ്തവത്തില്‍, കുറെ വിവരങ്ങളുടെ
വിസ്ഫോടനമല്ല ജ്ഞാനോദയത്തിന്റെ യഥാര്‍ത്ഥ സ്വരൂപം. മറിച്ചു,
ചിന്താരീതിയിലുള്ള ഈ വമ്പിച്ച മാറ്റമാണ്. പ്രകൃതി
പ്രതിഭാസങ്ങളെക്കുറിച്ചുള്ള ഏതൊരു അവകാശ വാദവും യഥാര്‍ത്ഥ നിരീക്ഷണങ്ങളെ
ആശ്രയിച്ചാവണമെന്നും, ആദിധാരണകളുടെ അടിസ്ഥാനത്തിലുള്ള ന്യായവാദങ്ങളുടെ
പൊയ്ക്കാലുകളിന്‍ മേലാവരുതെന്നും ഇക്കാലത്ത് സമ്മതമായിതീര്‍ന്നു.(2 )
ജ്ഞാനോദയ ബൌദ്ധിക പാരമ്പര്യത്തിന്റെ പതാകാവാഹകരാകയാലാണ് ,"യുക്തിവാദം
ഒരു മതമല്ല.അത് അനുഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം
സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ് " എന്നും,"യുക്തി അനുസരിച്ച് ശരിയെന്നു
കണ്ട് ഒരിക്കല്‍ പറയുന്നത് പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി
തെറ്റെന്നു കണ്ടാല്‍ തെറ്റെന്നും മുന്‍പ് തെറ്റെന്നു കണ്ടത് അപ്രകാരം
പിന്നെ ശരിയെന്നു കണ്ടാല്‍ ശരിയെന്നും സമ്മതിക്കുവാന്‍ യുക്തിവാദിക്ക്
വിരോധമില്ല" എന്നുമൊക്കെ അയ്യപ്പനും കൂട്ടുകാരും
പറഞ്ഞത്‌.ജീവശാസ്ത്രത്തെക്കുറിച്ചുള്ള പരമ്പരാഗത "വൈരുദ്ധ്യാത്മക ഭൌതിക
വാദ" ധാരണകള്‍ വീസ്മാന്‍, മെന്‍ഡല്‍ , മോര്‍ഗന്‍ തുടങ്ങിയവരുടെ അന്വേഷണ
ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍, ഈ വക ആധുനിക
വിജ്ഞാനങ്ങളൊക്കെയും കപടമാണെന്ന് മുദ്രയടിച്ച് സിദ്ധാന്ത രക്ഷ
ചെയ്തവരാണ് ചില വൈ.ഭൌ ആചാര്യന്മാര്‍ എന്ന് കൂടി ഓര്‍ക്കുക!
ഉപസംഹാരം: അറിവിനെക്കുറിച്ചുള്ള കേവല വാദപരമായ നിലപാടല്ല, സഹോദരന്‍
അയ്യപ്പന്റെ വിഖ്യാതമായ ശ്ലോകം പ്രതിഫലിപ്പിക്കുന്നത്- മറിച്ച്‌,
ജ്ഞാനോദയ ബൌദ്ധിക പാരമ്പര്യത്തിന്റെ (ഇക്കാലത്തും പ്രസക്തമായ)
ജ്ഞാനമാര്‍ഗ സിദ്ധാന്തത്തെയാണ്. വൈരുദ്ധ്യാത്മക ഭൌതികവാദം ആധുനിക
വിജ്ഞാനമാണ്‌ എന്നത് കേവലം അടിസ്ഥാനരഹിതമായ ഒരുതെറ്റിദ്ധാരണ മാത്രമാണ്.
ജ്ഞാനോദയ പാരമ്പര്യത്തിന്റെ ചുവടു പിടിച്ചു, വൈരുദ്ധ്യാത്മക ഭൌതികവാദ
മെന്ന പ്രാക്തന ചിന്താരീതിയെ പിന്തള്ളി മുന്നോട്ടുപോവുകയാണ് കേരളത്തിലെ
ഭൌതികവാദി സമൂഹം ഇനിയെങ്കിലും ചെയ്യേണ്ടത്.

-----------------------------------------------------------------------
കുറിപ്പുകള്‍:

(1 )-"ഇതിങ്കലൊരു വാനപ്രസ്ഥനായ്, ജനി/മൃതി, വിധി/ പൌരുഷ, വ്യഷ്ടി/
സമഷ്ടി, ദ്വന്ദ്വങ്ങളെ നിതിധ്യാസം ചെയ്തു നിത്യ തൃപ്തനായ്‌, സര്‍വ
നിരപേക്ഷനായ് വാഴ്വതെന്‍ പ്രജ്ഞ തേടും ലക്‌ഷ്യം. ആയിരം തലമുറ
യായിട്ടെന്‍ പിതാമഹര്‍ താലോലിച്ചിരുന്നതീ യരുമക്കിനാവല്ലോ "-എന്‍. വി.
കൃഷ്ണവാര്യര്‍. "അവസാനത്തെ ആസ്പത്രി " എന്ന ഹിമാലയത്തെക്കുറിച്ചുള്ള
കവിത.


(2 )-"The purpose", wrote Diderot,the author of the encyclopedia, the
remarkable compendium of the European enlightenment, "is not only to
provide a certain body of knowledge but also to bring about a change
in the mode of thinking". This "change in the mode of thinking" lay
broadly in a change from contemplative , deductive reasoning from
intuitively grasped, god and tradition sanctioned a priori beliefs to
an insistence on deriving any claim regarding nature's order from the
data of experience alone.Knowledge was no longer to proceed from
concepts and axioms to phenomenon, but vice versa.At its core, the
Enlightenment was an attempt to popularize and institutionalize modest
procedural principles of knowledge that insisted on breaking apart
all existing claims of cause and effect derived from earlier
metaphysical systems and rationalist schemes and to test them against
observation and experiment..If there was a dogma of enlightenment, it
was that there were to be no dogmas, no a priori truths and no
privileged sources of affirmation.All dogmas could be queried by
private citizens, who have the right to come together in the public
sphere, as equals, to pursue truth through open critical debate."(
Meera Nanda- " Breaking the spell of Dharma")

11 comments:

ea jabbar said...

ഇ എം എസ് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല എന്നു കരുതുന്ന ചില യുക്തിവാദി നേതാക്കളുണ്ട് കേരളത്തില്‍. അവരുടെ ബാലിശയുക്തിയില്‍ നിന്നുണ്ടായ ചില പ്രശ്നങ്ങളാണിവിടെ ചര്‍ച്ച ചെയ്യുന്നത്.

Anonymous said...

[വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം ശാസ്ത്രമല്ല !]

അടിയൊപ്പ്!

Nothing in the world of human is absolute. In other words, all human knowledge, without any exception, is temporary.

സുശീല്‍ കുമാര്‍ said...

ഇ എം എസ്സിന്റെ 'യുക്തിവാദികളും കമ്മ്യൂണിസ്റ്റുകാരും' വര്‍ഷങ്ങള്‍ക്കു മുമ്പേ വായിച്ചിരുന്നു; വായിച്ചത് ഒരു 'കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി' എന്ന നിലയിലും. സഹോദരന്റെ പ്രസ്ഥാവ്യ ശ്ലോകത്തിന്റെ വ്യാഖ്യാനം വായിച്ചപ്പോള്‍ ആ വ്യാഖാനത്തില്‍ അന്നേ ചില കല്ല് കടികള്‍ തോന്നിയിരുന്നു. അതിനാല്‍ ഞാന്‍ സ്വന്തമായി മനസ്സില്‍ തിരുത്തി- ഇങ്ങനെ-
"യുക്തിയേന്തി മനുഷ്യന്‍ തന്റെ
ബുദ്ധിശക്തിയാന്‍ ഈ പ്രപഞ്ചത്തെ ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാന രാശിയില്‍."

അത് ഞാന്‍ ബ്ലോഗ് തുടങ്ങിയപ്പോല്‍ അതില്‍ പൂശുകയും ചെയ്തു.

യുക്തിവാദത്തെ താറടിക്കാന്‍ ഇ എം എസ്സിന്‌ മറ്റൊരു പോയിന്റും കിട്ടാഞ്ഞതുകൊണ്ടാകും ഇങ്ങനെയൊരു ദുര്‍വ്യാഖാനം അദേഹം നല്‍കിയത്. ഈ ശീലം അദ്ദേഹത്തിന്റെ പല ലെഖനങ്ങളിലും പില്‍കാലത്ത്‌ കണ്ടിട്ടുണ്ട്. അല്ലെങ്കിലും യുക്തിവാദത്തൊടുള്ള വിരോധം കൊണ്ടോ അതെന്താണെന്ന് ധാരണയില്ലത്തതുകൊണ്ടൊ ഒന്നുമല്ല അദ്ദേഹം അതു ചെയ്തതെന്ന് നമുക്കേവര്‍ക്കും അറിയാം. ചിലരെ പ്രീണിപ്പിക്കാന്‍ വേണ്ടത് വേണ്ട വിധം പ്രയോഗിക്കാന്‍ അദ്ദേഹത്തിനറിയാമായിരുന്നു. അല്ലെങ്കിലും ജമാ അത്തെ ഇസ്ലാമിയുടെ മൗദൂദിസത്തിന്റെ കുഴപ്പം തിരിച്ചറിയാന്‍ ചിലര്‍ക്കൊക്കെ എത്ര കാത്തിരിക്കേണ്ടി വന്നു? അത് വോട്ട് രാഷ്ട്രീയം. ഏറെ ഗുണങ്ങളുള്ള ജനധിപത്യത്തിന്‌ അങ്ങനെയൊരു കുഴപ്പമുണ്ട്. അവിടെ വോട്ടു കൂടുതലുള്ള മത വിശ്വാസിയുടെയും കുറവുള്ള യുക്തിവാദിയുടെയും വോട്ടിന്‌ ഒരേ വിലയാണ്‌.

harish kumar said...

yukthi thiruthi yukhivadam parayunnavar yukthivadikalo?

Anonymous said...

സുശീൽകുമാർ, ഇ.എം.എസിന്റെ പുസ്തകം ‘യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും’ അല്ല ‘യുക്തിവാദവും കമ്മ്യൂണിസ്റ്റുകളും’ആണ്.
ഇ.എം.എസ് അതിൽ യുക്തിവാദികൾക്കെതിരെ ഉന്നയിക്കുന്ന രസകരമായ വാദഗതികൾ ഇങ്ങനെ - 1.“ഒരു വസ്തുതക്കും നിരക്കാത്ത സാമ്രാജ്യത്വശക്തികളുടെ കുപ്രചാരണങ്ങളെ അതേപടി ആവർത്തിക്കുകയാണ്, ഒരു വശത്ത്, അവർ(യുക്തിവാദികൾ) ചെയ്യുന്നത്. മറുവശത്താകട്ടെ, അനുഭവങ്ങൾ ശരിയെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുള്ള എല്ലാ മാർക്സിയൻ തത്വങ്ങളേയും അവർ നിരാകരിക്കുന്നു”.ഏതാണാവോ ഈ അനുഭവത്തിലൂടെ തെളിയിച്ചു കഴിഞ്ഞിട്ടുള്ള മാർക്സിയൻ തത്വങ്ങൾ?
2.“യുക്തിവാദത്തിൽ പുരോഗമനപരമായി, വിപ്ലവകരമായി എന്തെല്ലാം ഉണ്ടായിരുന്നുവോ അതെല്ലാം മാർക്സിസം ഉൾക്കൊണ്ടിട്ടുണ്ട്”.ഏറ്റവും അത്യാവശ്യ ഘടകമായ സ്വതന്ത്ര ചിന്ത ഒഴികെ.
3.“വിത്തുനശിച്ച് മരമുണ്ടാവുന്നു(നിഷേധം),മരത്തിൽ നിന്ന് വിത്തുണ്ടാകുന്നു,മരം നശിക്കുന്നു(നിഷേധത്തിന്റെ നിഷേധം) ഫ്യൂഡലിസം നശിച്ച് മുതലാളിത്തമുണ്ടാവുന്നു(നിഷേധം)മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസമുണ്ടാവുന്നു (നിഷേധത്തിന്റെ നിഷേധം) മതചിന്തയിൽ നിന്ന് യുക്തിവാദമുണ്ടാകുന്നു(നിഷേധം),യുക്തിവാദത്തിൽ നിന്ന് മാർക്സിസം ഉണ്ടാവുന്നു(നിഷേധത്തിന്റെ നിഷേധം)” വിരോധം തോന്നുന്ന ഏതിനും ഇ.എം.എസ്. ഇങ്ങനെ മാർക്സിസ്റ്റു വ്യാഖ്യാനം നൽകും.

Anonymous said...

4.
"യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാന രാശിയില്‍..... എന്നതിൽ അടങ്ങിയ ദാർശനിക സമീപനം തെറ്റാണെന്ന് മാർക്സിസം-ലെനിനിസം സൈദ്ധാന്തികമായി പഠിക്കാൻ തുടങ്ങിയപ്പോൾ അവർക്ക്(ഇ.എം.എസ് തുടങ്ങിയ 1930 കളിലെ യുക്തിവാദികളായിരുന്ന യുവതലമുറക്ക്) ബോധ്യപ്പെട്ടു.മേൽ കൊടുത്ത വരികളിൽ സൂചിപ്പിക്കുന്നത് വിജ്ഞാനരാശിയുടെ ഉറവിടം ‘മനുഷ്യന്റെ ബുദ്ധിശക്തി‘യിൽ നടക്കുന്ന യുക്തിപ്രയോഗമാണെന്നാണല്ലോ. ഇത് യഥാർഥത്തിൽ ആശയവാദത്തിന്റെ സമീപനമാണ്, ഭൌതിക വാദത്തിന്റേതല്ല“.
മാർക്സിസ്റ്റ്ഭക്തരായ യുക്തിവാദി നേതാക്കന്മാർക്ക് ഇത് മനസ്സിലാക്കാൻ യുക്തിദർശനത്തിന്റെ ഒന്നാം പതിപ്പ് ഇറക്കിയപ്പോൾ കഴിഞ്ഞില്ലല്ലോ. മേൽ‌പ്പറഞ്ഞ ഇ.എം.എസിന്റെ പുസ്തകം വയിച്ചപ്പോഴായിരിക്കും യുക്തിദർശനത്തിന്റെ രണ്ടാം പതിപ്പിൽ സഹോദരൻ അയ്യപ്പന്റെ വരികൾ തിരുത്താൻ തോന്നിയത്. മാർക്സിസം ശാസ്ത്രമാണെന്നും, വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ പ്രപഞ്ചവീക്ഷണം വച്ചുപുലർത്തുകയാണ് യുക്തിവാദികളുടെ കടമയെന്നും പറയുന്ന ഈ ‘യുക്തിവാദികൾ’സഹോദരന്റെ വരികൾ തിരുത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

NEETHIVISESHAM said...

വിശ്വനാഥന്‍ ഡോക്ടര്‍ ഇ.എം.എസിനെ തിരുത്തുന്നത് ന്യായം. അത് വളരെ ആവശ്യവുമാണ്. പക്ഷേ തിരുത്തി, തിരുത്തി വൈരുദ്ധ്യാത്മക ഭൌതികവാദത്തെയും തിരുത്തിയത് കടന്നകൈയ്യായിപ്പോയി...അതും ഒരു തരം 'straw man argument' തന്നെയായിപ്പോയി. ഇ.എം.എസ് സഹോദരനെപ്പറ്റി പറഞ്ഞത് ശരിയല്ല, അതുകൊണ്ട് അദ്ദേഹം പറഞ്ഞ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദവും ശരിയല്ല എന്ന ന്യായവും അര്‍ത്ഥ ശൂന്യമാണ്.

"ജ്ഞാനോദയ പാരമ്പര്യത്തിന്റെ ചുവടു പിടിച്ചു, വൈരുദ്ധയാത്മക ഭൌതികവാദ
മെന്ന പ്രാക്തന ചിന്താരീതിയെ പിന്തള്ളി മുന്നോട്ടുപോവുകയാണ് കേരളത്തിലെ
ഭൌതികവാദി സമൂഹം ഇനിയെങ്കിലും ചെയ്യേണ്ടത്." എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തെ തള്ളിപ്പറഞ്ഞ് ലേഖനം ചുരുക്കുന്ന ഡോക്ടറുടെ വിദ്യ, അവിദ്യ തന്നെയാണ്.... വൈ.ഭൌ വാദം പ്രധാനമായും രീതി ശാസ്ത്രം ആണെന്നും അതില്‍ പദാര്‍ത്ഥമാണ് പ്രാഥമികം എന്ന അക്കാലത്തെയും ഇക്കാലത്തെയും ഭൌതികവാദികളുടെ 'നിര്‍വിവാദ'മായ ആദിധാരണ (a priori belief) മാത്രമേ അത്തരത്തിലുള്ളൂ എന്ന് ഡോക്ടര്‍ മനസ്സിലാക്കാഞ്ഞിട്ടാണോ എന്നറിയില്ല.

എല്ലാം പരീക്ഷണശാലയില്‍ ടെസ്റ്റ് ട്യൂബിലിട്ട് ചൂടാക്കി നോക്കി പറയുന്നത് മാത്രമാണ് ജ്ഞാനമന്നതും മറ്റൊരു തെറ്റിദ്ധാരണയാണ്. ബുദ്ധിമാന്മാരായ മാര്‍ക്സും എംഗത്സം കസേരയിലിരുന്ന് ചിന്തിച്ചുണ്ടാക്കിയതല്ല വൈ.ഭൌ വാദം. അന്നത്തെ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ -ഡോക്ടറുടെ ഭാഷയില്‍ അനുഭവത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടെത്തലുകള്‍- സ്വാംശീകരിച്ച് തന്നെയാണ് നിഗമനങ്ങളിലെത്തിയിട്ടുള്ളത്. ആ ശാസ്ത്ര കണ്ടുപിടുത്തങ്ങളില്‍ ചിലത് പില്‍ക്കാലത്ത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടാകാം. അതാണ് ശാസ്ത്രത്തിന്റെ രീതി. പക്ഷേ, അതുകൊണ്ട് പദാര്‍ത്ഥമാണ് പ്രാഥമികമെന്ന നിലപാടോ, വൈരുദ്ധ്യങ്ങളാണ് വളര്‍ച്ചയുടെ അടിസ്ഥാനം എന്ന നിലപാടോ എങ്ങനെയാണ് കാലഹരണപ്പെടുക ?

എനിക്ക് ഡോക്ടറെ അറിയില്ല. ഞാന്‍ ഊഹിക്കുന്നത് ഡോക്ടര്‍ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധനാവാം എന്നാണ്. അങ്ങനെയെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷേ അതുകൊണ്ട് വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന ശാസ്ത്രീയമായ ചിന്താപാദ്ധതിയെ താങ്കള്‍ തള്ളിക്കളേയേണ്ടതില്ല. അതില്‍ ആകെയുള്ള രാഷ്ട്രീയം ആത്മീയവാദത്തിനെതിരായ രാഷ്ട്രീയമാണ്. മാര്‍ക്സിന്റെ സാമ്പത്തിക, രാഷ്ട്രീയ വിശകലനത്തെ താങ്കള്‍ ഒരു കാലത്തും സ്വീകരിക്കേണ്ടതില്ല. ഇനി വൈ. ഭൌ. വാദം താങ്കള്‍ അംഗീകരിക്കണമെന്നും നിര്‍ബന്ധമില്ല. കാരണം അത് പ്രപഞ്ചത്തിന്റെ ചലന നിയമമാണ്. മാര്‍ക്സം എംഗത്സും അതിനെ തിരിച്ചറിഞ്ഞു, രേഖപ്പെടുത്തി, എന്നുമാത്രമേ ഉള്ളൂ. അവരെടെ കണ്ടുപിടുത്തമല്ല അത്. ഡോക്ടര്‍ വിശ്വനാഥന്‍ അംഗീകരിച്ചാലുമില്ലെങ്കിലും അത് പ്രപഞ്ചത്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും :)

NEETHIVISESHAM said...

വിശ്വനാഥന്‍ ഡോക്ടര്‍ ഇ.എം.എസിനെ തിരുത്തുന്നത് ന്യായം. അത് വളരെ ആവശ്യവുമാണ്. പക്ഷേ തിരുത്തി, തിരുത്തി വൈരുദ്ധ്യാത്മക ഭൌതികവാദത്തെയും തിരുത്തിയത് കടന്നകൈയ്യായിപ്പോയി...അതും ഒരു തരം 'straw man argument' തന്നെയായിപ്പോയി. ഇ.എം.എസ് സഹോദരനെപ്പറ്റി പറഞ്ഞത് ശരിയല്ല, അതുകൊണ്ട് അദ്ദേഹം പറഞ്ഞ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദവും ശരിയല്ല എന്ന ന്യായവും അര്‍ത്ഥ ശൂന്യമാണ്.

ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തെ തള്ളിപ്പറഞ്ഞ് ലേഖനം ചുരുക്കുന്ന ഡോക്ടറുടെ വിദ്യ, അവിദ്യ തന്നെയാണ്.വൈ.ഭൌ വാദം പ്രധാനമായും രീതി ശാസ്ത്രം ആണെന്നും അതില്‍ പദാര്‍ത്ഥമാണ് പ്രാഥമികം എന്ന അക്കാലത്തെയും ഇക്കാലത്തെയും ഭൌതികവാദികളുടെ 'നിര്‍വിവാദ'മായ ആദിധാരണ മാത്രമേ അത്തരത്തിലുള്ളൂ എന്ന് ഡോക്ടര്‍ മനസ്സിലാക്കാഞ്ഞിട്ടാണോ എന്നറിയില്ല.
എല്ലാം പരീക്ഷണശാലയില്‍ ടെസ്റ്റ് ട്യൂബിലിട്ട് ചൂടാക്കി നോക്കി പറയുന്നത് മാത്രമാണ് ജ്ഞാനമന്നതും മറ്റൊരു തെറ്റിദ്ധാരണയാണ്.മാര്‍ക്സും എംഗത്സം കസേരയിലിരുന്ന് ചിന്തിച്ചുണ്ടാക്കിയതല്ല വൈ.ഭൌ വാദം. അന്നത്തെ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ -ഡോക്ടറുടെ ഭാഷയില്‍ അനുഭവത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടെത്തലുകള്‍- സ്വാംശീകരിച്ച് തന്നെയാണ് നിഗമനങ്ങളിലെത്തിയിട്ടുള്ളത്. ആ കണ്ടുപിടുത്തങ്ങളില്‍ ചിലത് പില്‍ക്കാലത്ത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടാകാം. അതാണ് ശാസ്ത്രത്തിന്റെ രീതി. പക്ഷേ, അതുകൊണ്ട് പദാര്‍ത്ഥമാണ് പ്രാഥമികമെന്ന നിലപാടോ, വൈരുദ്ധ്യങ്ങളാണ് വളര്‍ച്ചയുടെ അടിസ്ഥാനം എന്ന നിലപാടോ എങ്ങനെയാണ് കാലഹരണപ്പെടുക ?

NEETHIVISESHAM said...

ഡോക്ടര്‍ ഇ.എം.എസിനെ തിരുത്തുന്നത് ന്യായം. അത് വളരെ ആവശ്യവുമാണ്. പക്ഷേ തിരുത്തി, തിരുത്തി വൈരുദ്ധ്യാത്മക ഭൌതികവാദത്തെയും തിരുത്തിയത് കടന്നകൈയ്യായിപ്പോയി.അതും ഒരു തരം 'straw man argument' തന്നെയായി.ഇ.എം.എസ് സഹോദരനെപ്പറ്റി പറഞ്ഞത് ശരിയല്ല, അതുകൊണ്ട് അദ്ദേഹം പറഞ്ഞ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദവും ശരിയല്ല എന്ന ന്യായവും അര്‍ത്ഥ ശൂന്യമാണ്.

ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തെ തള്ളിപ്പറഞ്ഞ് ലേഖനം ചുരുക്കുന്ന ഡോക്ടറുടെ വിദ്യ, അവിദ്യ തന്നെയാണ്.വൈ.ഭൌ വാദം പ്രധാനമായും രീതി ശാസ്ത്രം ആണെന്നും അതില്‍ പദാര്‍ത്ഥമാണ് പ്രാഥമികം എന്ന അക്കാലത്തെയും ഇക്കാലത്തെയും ഭൌതികവാദികളുടെ 'നിര്‍വിവാദ'മായ ആദിധാരണ മാത്രമേ അത്തരത്തിലുള്ളൂ എന്ന് ഡോക്ടര്‍ മനസ്സിലാക്കാഞ്ഞിട്ടാണോ എന്നറിയില്ല.

NEETHIVISESHAM said...

എല്ലാം പരീക്ഷണശാലയില്‍ ടെസ്റ്റ് ട്യൂബിലിട്ട് ചൂടാക്കി നോക്കി പറയുന്നത് മാത്രമാണ് ജ്ഞാനമന്നതും മറ്റൊരു തെറ്റിദ്ധാരണയാണ്.മാര്‍ക്സും എംഗത്സം കസേരയിലിരുന്ന് ചിന്തിച്ചുണ്ടാക്കിയതല്ല വൈ.ഭൌ വാദം. അന്നത്തെ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ -ഡോക്ടറുടെ ഭാഷയില്‍ അനുഭവത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടെത്തലുകള്‍- സ്വാംശീകരിച്ച് തന്നെയാണ് നിഗമനങ്ങളിലെത്തിയിട്ടുള്ളത്. ആ കണ്ടുപിടുത്തങ്ങളില്‍ ചിലത് പില്‍ക്കാലത്ത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടാകാം. അതാണ് ശാസ്ത്രത്തിന്റെ രീതി. പക്ഷേ, അതുകൊണ്ട് പദാര്‍ത്ഥമാണ് പ്രാഥമികമെന്ന നിലപാടോ, വൈരുദ്ധ്യങ്ങളാണ് വളര്‍ച്ചയുടെ അടിസ്ഥാനം എന്ന നിലപാടോ എങ്ങനെയാണ് കാലഹരണപ്പെടുക ?

NEETHIVISESHAM said...

എനിക്ക് ഡോക്ടറെ അറിയില്ല. ഞാന്‍ ഊഹിക്കുന്നത് ഡോക്ടര്‍ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധനാവാം എന്നാണ്. അങ്ങനെയെങ്കില്‍ അത് താങ്കളുടെ സ്വാതന്ത്ര്യം. പക്ഷേ അതുകൊണ്ട് വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന ശാസ്ത്രീയമായ ചിന്താപാദ്ധതിയെ താങ്കള്‍ തള്ളിക്കളേയേണ്ടതില്ല. അതില്‍ ആകെയുള്ള രാഷ്ട്രീയം ആത്മീയവാദത്തിനെതിരായ രാഷ്ട്രീയമാണ്. എന്നാല്‍ മാര്‍ക്സിന്റെ സാമ്പത്തിക, രാഷ്ട്രീയ വിശകലനത്തെ താങ്കള്‍ ഒരു കാലത്തും സ്വീകരിക്കേണ്ടതില്ല, അവയില്‍ കൃത്യമായ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഉണ്ട്. ഇനി വൈ. ഭൌ. വാദം താങ്കള്‍ അംഗീകരിക്കണമെന്നും നിര്‍ബന്ധമില്ല. കാരണം അത് പ്രപഞ്ചത്തിന്റെ ചലന നിയമമാണ്. മാര്‍ക്സം എംഗത്സും അതിനെ തിരിച്ചറിഞ്ഞു, രേഖപ്പെടുത്തി, എന്നുമാത്രമേ ഉള്ളൂ. അവരെടെ കണ്ടുപിടുത്തമല്ല അത്. ഡോക്ടര്‍ വിശ്വനാഥന്‍ അംഗീകരിച്ചാലുമില്ലെങ്കിലും അത് പ്രപഞ്ചത്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും :)