അതു പറയാനായി അവർ യുക്തിവാദത്തിനു സ്വന്തമായി നിർവ്വചനവും വിശദീകരണവും നൽകുന്നു. തങ്ങൾക്കു തല്ലാൻ പാകത്തിൽ ഒരു വൈക്കോലുണ്ടയുണ്ടാക്കി വെച്ച് അതാണു യുക്തിവാദം എന്നു പറഞ്ഞുകൊണ്ട് വൈക്കോലുണ്ടയിൽ തല തല്ലി ക്കരയുന്നു. യുക്തിവാദത്തിനും യുക്തിയില്ല, അതും വിശ്വാസമാണു. അതിലും നീതിയില്ല. അതിൻ്റെ ധാർമ്മികത ഇന്നതൊക്കെയാണു എന്നൊക്കെ സ്വയം നിർവ്വചിക്കുകയാണു.. യുക്തിവാദം മറ്റൊരു മതമാണെന്നു സ്വയം പ്രഖ്യാപിക്കുകയും ആ മതത്തിൻ്റെ സുന്നത്തും ഫർളും കള്ളുകുടിയും വ്യഭിചാരവും തോന്നിവാസങ്ങളുമാണു എന്നൊക്കെയാണു ഇക്കൂട്ടരുടെ നിലവിളി.
യുക്തിവാദമെന്നാൽ ഒരു കിതാബും ഒരു പ്രവാചകനും ഒരു ഫിക് ഹുസംഹിതയും ഒരു നിയമാവലിയും ഒക്കെയുള്ള ജീവിതപ്രത്യയശാസ്ത്രമല്ല, മറിച്ച് അതൊരു ചിന്താരീതിയുടെ പേരു മാത്രമാണു. മുൻ വിധികളിൽ കെട്ടിയിടാതെ ഏതു കാര്യത്തിലും സ്വതന്ത്രമായും ശാസ്ത്ര രീതി അവലംബിച്ചും ചിന്തിച്ചു തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഒരു ചിന്താസമീപന രീതി മാത്രമാണു യുക്തിവാദം. ശരി തെറ്റുകൾ നിർണയിക്കാൻ സാമൂഹിക മാനങ്ങളെയാണു യുക്തിവാദികൾ അവലംബിക്കുന്നത്. കാലഹരണപ്പെട്ട ഗോത്രീയ വിശ്വാസങ്ങളും നിയമങ്ങളും ഞങ്ങൾ തള്ളിക്കളയുന്നു. പകരം കാലോചിതവും യുക്തിസഹവും മാനവനീതിക്കു അനുയോജ്യവുമായ ആധുനിക മാനവ മൂല്യങ്ങളെയാണു ഞങ്ങൾ സ്വീകരിക്കുന്നത്.
ഏതു പ്രത്യയശാസ്ത്രമായാലും സ്വതന്ത്രമായി ചിന്തിച്ചു ശരികളെ സ്വീകരിക്കുക, കാലഹരണപ്പെട്ട നീതിസങ്കല്പങ്ങളെ തള്ളിക്കളയുക, പുതിയ കാലത്തിനനുയോജ്യമായ നവീന മൂല്യ സങ്കൽപ്പങ്ങളെ സൃഷ്ടിക്കുക എന്നതൊക്കെയാണു യുക്തിവാദത്തിൻ്റെ രീതികൾ.
No comments:
Post a Comment