Friday, February 25, 2011

ചക്ക വീണാല്‍ മുയലു ചാകും




മലപ്പുറത്തു നടന്ന മതേതര കുടുംബോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത നടന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസംഗത്തില്‍ യുക്തിവാദികള്‍ക്കു “ദഹിക്കാത്ത ” ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ചില “നംബറുകള്‍ ” എടുത്തിടുകയായിരുന്നു. തന്റെ അനുഭവങ്ങള്‍ എന്ന നിലയില്‍ അദ്ദേഹം അവതരിപ്പിച്ച ഒന്നു രണ്ടു കാര്യങ്ങള്‍ യുക്തിക്കു നിരക്കുന്നതല്ലെങ്കിലും സദസ്സിലുള്ള യുക്തിവാദികള്‍ക്ക് ചിന്തിക്കാന്‍ വക നല്‍കുന്നതായിരുന്നു.

കൊല്ലത്ത് മുമ്പൊരിക്കല്‍ എം എസ് സുബ്ബലക്ഷ്മിയുടെ കച്ചേരി നടക്കുകയായിരുന്നു. നിറഞ്ഞ സദസ്സിനു മുമ്പില്‍ കച്ചേരി തുടങ്ങാനിരിക്കെ മഴ വന്നു . മഴ പെയ്താല്‍ പരിപാടി അലങ്കോലമാകുമെന്ന സ്ഥിതിയായിരുന്നതിനാല്‍ സംഘാടകര്‍ വിഷമിച്ചു. ആ സന്ദര്‍ഭത്തില്‍ സുബ്ബലക്ഷ്മി അവരെ ആശ്വസിപ്പിക്കുകയും മഴ നീങ്ങിപ്പോകാനായി മുരുകനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. “മുരുഹാ... മുരുഹാ... !! ”എന്നു രണ്ടു വിളി വിളിച്ചപ്പോഴേക്കും മഴ തുടങ്ങി. ആ മഴ പിന്നെ മൂന്നു ദിവസം കഴിഞ്ഞാണു നിന്നത് ! ഇതായിരുന്നു ശ്രീനിവാസന്റെ ആദ്യത്തെ നംബര്‍ . അതു കേട്ട് സദസ്സ് ഒന്നാകെ കയ്യടിക്കുകയും ചിരിക്കുകയും ചെയ്തു. ഉടനെ ശ്രീ നിവാസന്റെ അടുത്ത കമന്റ്: “ നിങ്ങള്‍ ഇങ്ങനെ ചിരിക്കാനും കയ്യടിക്കാനും വേണ്ടി ഞാന്‍ പറഞ്ഞ ഒരു നുണയായിരുന്നു അത്. അങ്ങനെയൊരു കച്ചേരി നടന്നിട്ടുമില്ല; മഴ പെയ്തിട്ടുമില്ല ..!!” വീണ്ടും സദസ്സിന്റെ കരഘോഷം .

തുടര്‍ന്ന് അടുത്ത നംബര്‍ :-

“ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. കമ്യൂണീസ്റ്റു കാരനായ കുമാരന്‍ മാസ്റ്റര്‍ എന്നെ ഒരു ഹസ്തരേഖക്കാരനെ കാണിക്കാന്‍ കൂട്ടിക്കൊണ്ടു പോയി. അയാള്‍ കൈരേഖ നോക്കി പറഞ്ഞു : സിനിമയുമായി ബന്ധപ്പെട്ടാണു ഭാവി ജീവിതം. സിനിമയില്‍ തന്നെ ഒന്നിലധികം രംഗത്തു ശോഭിക്കും . ”

ഇതു കേട്ട് അന്ന് ആ കൈരേഖക്കാരനെ പുച്ഛിക്കുകയും കുമാരന്മാഷെ കളിയാക്കുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അതു വഴി കടന്നു പോകുമ്പോള്‍ ആ കൈരേഖക്കാരന്റെ പ്രവചനം ഓര്‍ത്തു അല്‍ഭുതപെടുകയുണ്ടായി. ആ പ്രവചനമല്ല, പ്രശ്നം , എന്റെ ഭാവി ഇത്ര കൃത്യമായി പ്രവചിക്കാന്‍ പറ്റും വിധം രേഖപ്പെടുത്തിയ എന്തോ ഒരു ശക്തിയില്ലേ ? ... ”

ഒരു മതവിശ്വാസിയാകാന്‍ ഒരാള്‍ക്കു ഒന്നും പ്രത്യേകിച്ചു അറിയാനില്ല. എന്നാല്‍ യുക്തിവാദിയും നിരീശ്വരവാദിയുമൊക്കെ ആകണമെങ്കില്‍ ഒരു പാടു കാര്യങ്ങള്‍ അറിയേണ്ടതുണ്ട്, താന്‍ ഈ കാര്യങ്ങളിലെല്ലാം അജ്ഞനായതിനാല്‍ ഒരു യുക്തിവാദിയാണെന്നു അവകാശപ്പെടുന്നില്ല എന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മനുഷ്യര്‍ക്കു ജീവിക്കാന്‍ മതം ആവശ്യമില്ലെന്നും എല്ലാവരുടെയും രക്തം ഒന്നാണെന്നും തനിക്കു മതമില്ലെന്നും കൂടി അദ്ദേഹം പറയുകയുണ്ടായി.

കൈനോട്ടക്കാരന്റെ പ്രവചനം സംബന്ധിച്ച ശ്രീനിവാസന്റെ അനുഭവസാക്ഷ്യം സത്യമായിരിക്കാന്‍ സാധ്യതയുണ്ടോ ? എങ്കില്‍ എന്തുകൊണ്ട് അതു സാധ്യമായി ? ഓരോരുത്തരുടെയും ഭാവി മുന്‍ കൂട്ടി നിശ്ചയിച്ച് ഉള്ളന്‍ കയ്യില്‍ ആലേഖനം ചെയ്തു വെച്ചിട്ടുണ്ടോ?

ഇതു പോലുള്ള അനുഭവവിവരണങ്ങള്‍ നാം ധാരാളമായി കേള്‍ക്കാറുണ്ട്. പറയുന്നവര്‍ പ്രശസ്തരും പ്രഗല്‍ഭരുമാകുമ്പോള്‍ അനുഭവങ്ങളുടെ ആധികാരികതക്കു മാറ്റു കൂടും !

സ്വയം ഇത്തരം അനുഭവങ്ങളുണ്ടായവര്‍ നമുക്കിടയിലൊക്കെയുണ്ട്. അവരാരും വെറുതെ പുളു പറയുന്നവരുമല്ല. പിന്നെയോ ?

ശ്രീനിവാസന്‍ പറഞ്ഞതു വെറും നുണയാണെന്നു കരുതേണ്ടതില്ല. അങ്ങനെ സംഭവിച്ചിരിക്കാം. അതിനു പല കാരണങ്ങളുണ്ട്. അനേകം സാധ്യതകളുണ്ട്. നമുക്കു നീണ്ട ജീവിതകാലത്തിനിടയ്ക്ക് അനേകം അനുഭവങ്ങള്‍ ഉണ്ടാകും. അതില്‍ നമ്മെ അല്‍ഭുതപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായി വന്നു ചേരാം. എന്നാല്‍ ഇതിനു വിപരീതമായ അനുഭവങ്ങളായിരിക്കും അതിന്റെ നൂറിരട്ടിയും സംഭവിച്ചിട്ടുണ്ടാവുക. അതെല്ലാം വിസ്മൃതിയിലേക്കു തള്ളപ്പെടുകയും അല്‍ഭുതകരമായ അനുഭവങ്ങള്‍ ആയിരം മടങ്ങായി പൊലിപ്പിച്ച് പൊടിപ്പും തുങ്ങലും ചാര്‍ത്തി മഹാല്‍ഭുതമായി കൊട്ടി ഘോഷിക്കപ്പെടുകയും ചെയ്യുന്നു. ശ്രീനിവാസന്റെ കാര്യത്തില്‍‍ സംഭവിച്ചതെന്താണെന്നു ഞാനും ജോണ്‍സണ്‍ അയിരൂരും അല്‍പം ആ വേദിയില്‍ തന്നെ വിശദീകരിച്ചിരുന്നു. പിന്നീട് മലയത്തും ജോണ്‍സണും ഒരു ദിവസം മുഴുവന്‍ സ്വകാര്യമായി അദ്ദേഹത്തിനു ക്ലാസെടുത്തു കൊടുക്കുകയും കാര്യം അദ്ദേഹത്തിനു ബോധ്യമാവുകയും ചെയ്തു.

ഞാന്‍ ശ്രീനിവാസനോടു പറഞ്ഞ ഒരു ഉദാഹരണം ഇതായിരുന്നു:- ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഒരു പഴയ ക്ലോക്ക് പ്രവര്‍ത്തന രഹിതമാണെങ്കിലും അതു കൃത്യമായ സമയമാണു കാണിക്കുന്നതെന്ന് കുറേ പേരെങ്കിലും തെറ്റിദ്ധരിക്കാനിടയുണ്ട്. ആ ക്ലോക്കിന്റെ സൂചികള്‍ കാണിക്കുന്ന സമയം ദിവസത്തില്‍ രണ്ടു തവണ കൃത്യമായും ശരിയായിരിക്കും. . ആ സമയത്തു മ്യൂസിയത്തിലൂടെ കടന്നു പോകുന്നവര്‍ ആ ക്ലോക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നു തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ദിവസത്തില്‍ മറ്റെല്ലാ സമയത്തും അതു തെറ്റായ സമയമാണു കാണിക്കുന്നത്. ഇതു പോലെ ചില അനുഭവങ്ങള്‍ നമ്മെ തെറ്റിദ്ധരിപ്പിക്കാനിടയുണ്ട്. സ്വന്തം അനുഭവത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു നിഗമനം രൂപീകരിക്കുന്നത് ശാസ്ത്രീയ സമീപനമല്ല.

ശ്രീനിവാസന്റെ കൈരേഖാപ്രവചനം തന്നെ പരിശോധിക്കാം. പ്രീഡിഗ്രി പ്രായത്തില്‍ താന്‍ ഭാവിയില്‍ ആരാകുമെന്നോ എന്താകുമെന്നോ തീരുമാനിക്കപ്പെട്ടിട്ടുണ്ടാവില്ല. അക്കാര്യത്തില്‍ ആകാംക്ഷയുള്ളവരാകും എല്ലാവരും. ആ പ്രായത്തിലുള്ള ഏതൊരു ചെറുപ്പക്കാരനും സിനിമയിലൂടെ പ്രശസ്തനാകാന്‍ ആഗ്രഹിക്കും. സ്വന്തം ഭാവി ജീവിതത്തെ കുറിച്ചു സ്വപ്നങ്ങള്‍ മെനയുന്ന പ്രായത്തില്‍ അവരോട് സിനിമയില്‍ ശോഭിക്കും എന്നു തട്ടി വിട്ടാല്‍ കൈരേഖക്കാരനു നഷ്ടമൊന്നും വരാനില്ല. കൈ നോക്കാന്‍ വരുന്ന അനേകം പേരോട് , അവരുടെ ഏകദേശ രൂപവും മട്ടും നോക്കി ഇപ്രകാരം പലതും ഇക്കൂട്ടര്‍ പ്രവചിക്കും. പിന്നീടതൊന്നും ആരും ഓര്‍ക്കുകയുമില്ല. ശ്രീനിവാസന്റെ കൈ നോക്കിയ ആള്‍ എത്ര ചെറുപ്പക്കാരോട് ഇതേ പ്രവചനം തട്ടിവിട്ടിട്ടുണ്ട് എന്നതിന്റെ കണക്കും അതില്‍ എത്രയെണ്ണം യാഥാര്‍ത്ഥ്യമായി എന്ന കണക്കും കൃത്യമായി ലഭിച്ചാല്‍ മാത്രമേ അയാളുടെ പ്രവചനശേഷിയുടേ ആഴം കണ്ടെത്താനാകൂ. ഇവിടേ ശ്രീനിവാസന്റെ കാര്യത്തില്‍ അതു യാഥാര്‍ത്ഥ്യമായി എന്നതു ശ്രീനിവാസനില്‍ അല്‍ഭുതം ഉളവാക്കിയതു സ്വാഭാവികം. എന്നാല്‍ ആയിരക്കണക്കിനു ചെറുപ്പക്കാരെ ഇയാള്‍ ഇതേ പ്രവചനം പറഞ്ഞു പറ്റിച്ചിരിക്കാമെങ്കിലും അവരാരും തന്നെ അതോര്‍ക്കുകയോ പറ്റിയ അമളി മറ്റാരോടെങ്കിലും പറയുകയോ ചെയ്തിട്ടുണ്ടാവില്ല. എന്റെ കൈ നോക്കി ഞാന്‍ ഉടനെ വിദേശത്തു പോകുമെന്നും ജോലി കിട്ടുമെന്നും പരമഭക്തിമാര്‍ഗ്ഗത്തിലാണു ജീവിക്കുക എന്നുമൊക്കെ പ്രവചിച്ചത് ഞാന്‍ ഓര്‍ക്കുന്നു. പതിനേഴോ പതിനെട്ടോ വയസ്സു പ്രായമുള്ളപ്പോള്‍ തന്നെയായിരുന്നു ഈ പ്രവചനങ്ങളും നടന്നത്. 55 വയസ്സായ ഞാന്‍ ഇന്നു വരെ ഒരു വിദേശ രാജ്യം സന്ദര്‍ശിച്ചിട്ടു പോലുമില്ല. . എന്റെ “:ഭകതി മാര്‍ഗ്ഗ”വും പ്രസിദ്ധമാണല്ലോ ! എന്നാല്‍ എന്റെ പ്രായത്തിലുള്ള മറ്റനേകം ചെറുപ്പക്കാരോട് ഇതേ പ്രവചനം ഇയാള്‍ പറഞ്ഞിട്ടുണ്ടാകും. അതില്‍ നല്ല പങ്കും ശരിയായി ഭവിച്ചിട്ടുമുണ്ടാകും. കാരണം അന്നത്തെ ചെറുപ്പക്കാര്‍ അധികവും ഗള്‍ഫില്‍ പോയി ജോലി നോക്കുകയും ഭക്തി മാര്‍ഗ്ഗത്തില്‍ ജീവിക്കുകയും ചെയ്തിരിക്കാനാണു സാധ്യത !

മറ്റൊരു കാര്യം കൂടി പരിശോധിക്കണം. ശ്രീനിവാസന്‍ വേറെയും ഹസ്തരേഖക്കാരെ സമീപിച്ചിട്ടുണ്ടോ? അവരൊക്കെ കൈ നോക്കി ഇതേ കാര്യം തന്നെ പറഞ്ഞിട്ടുണ്ടോ ?

ജോണ്‍‍സണ്‍ അദ്ദേഹത്തോട് പറഞ്ഞതു മറ്റൊരു കാര്യമാണ്. ആ ജ്യോത്സ്യന്‍ ശ്രീനിവാസന്റെ സിനിമാപ്രവേശനത്തിനു തന്നെ കാരണക്കാരനായി എന്നു പറയാവുന്നതാണ്. അതിന്റെ മനശ്ശാസ്ത്രപരമായ സാധ്യത അദ്ധേഹം വിശദീകരിച്ചു. തന്റെ ജീവിതഭാഗധേയം നിര്‍ണയിക്കപ്പെടുന്നതിനു മുമ്പ് പല വഴികളെ കുറിച്ചും ആലോചിക്കുന്ന പ്രായത്തില്‍ കൈരേഖക്കാരന്റെ പ്രവചനം ശ്രീനിവാസനില്‍ ഒരു പ്രതീക്ഷയും ആത്മവിശ്വാസവും സിനിമയില്‍ ഒരു കൈ നോക്കിയാലെന്താ എന്ന ചിന്തയും വളര്‍ത്തിയിട്ടുണ്ടാകാം. പൂനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി അഭിനയം പഠിച്ച ശേഷം വളരെ ബോധപൂര്‍വ്വമാണ് ശ്രീനിവാസന്‍ സിനിമയിലേക്കു വരുന്നതെന്ന കാര്യം കൂടി ഇവിടെ സ്മരണീയമാണ്. ആ കൈരേഖക്കാരനെയും പ്രവചനത്തെയും അദ്ദേഹം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു എന്നതും ഈ പറഞ്ഞതിന്റെ തെളിവാണ്.

ഇന്ദ്രിയാനുഭവങ്ങള്‍ പോലും പലപ്പോഴും തെറ്റായ അറിവു നല്‍കുന്നു. തെറ്റായ അനുഭവങ്ങള്‍ തെറ്റായ നിഗമനങ്ങളിലേക്കു നയിക്കുന്നു. ഇതാണ് പല അന്ധവിശ്വാസങ്ങളുടെയും ഉറവിടം.

11 comments:

ടോട്ടോചാന്‍ said...

ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഒരു പഴയ ക്ലോക്ക് പ്രവര്‍ത്തന രഹിതമാണെങ്കിലും അതു കൃത്യമായ സമയമാണു കാണിക്കുന്നതെന്ന് കുറേ പേരെങ്കിലും തെറ്റിദ്ധരിക്കാനിടയുണ്ട്. ആ ക്ലോക്കിന്റെ സൂചികള്‍ കാണിക്കുന്ന സമയം ദിവസത്തില്‍ രണ്ടു തവണ കൃത്യമായും ശരിയായിരിക്കും. . ആ സമയത്തു മ്യൂസിയത്തിലൂടെ കടന്നു പോകുന്നവര്‍ ആ ക്ലോക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നു തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ദിവസത്തില്‍ മറ്റെല്ലാ സമയത്തും അതു തെറ്റായ സമയമാണു കാണിക്കുന്നത്.

vijayakumarblathur said...

nalla nireekshanam

ശ്രീജിത് കൊണ്ടോട്ടി. said...

ആശംസകള്‍..

ശ്രീജിത് കൊണ്ടോട്ടി. said...

മാഷെ, വ്യക്തമായ വിശദീകരണം തന്നെ.. പോസ്റ് നന്നായിരിക്കുന്നു... ആശംസകള്‍..

ravi said...

ശ്രീനിവാസന്റെ അനുഭവം വായിച്ചപ്പോള്‍ എനിക്കും അത്ഭുതം തോന്നിയിരുന്നു. പക്ഷെ താങ്കളുടെ വിശദീകരണം സംശയം ഇല്ലാതാക്കി. നന്ദി

സുശീല്‍ കുമാര്‍ said...

"ശ്രീനിവാസന്റെ കൈ നോക്കിയ ആള്‍ എത്ര ചെറുപ്പക്കാരോട് ഇതേ പ്രവചനം തട്ടിവിട്ടിട്ടുണ്ട് എന്നതിന്റെ കണക്കും അതില്‍ എത്രയെണ്ണം യാഥാര്‍ത്ഥ്യമായി എന്ന കണക്കും കൃത്യമായി ലഭിച്ചാല്‍ മാത്രമേ അയാളുടെ പ്രവചനശേഷിയുടേ ആഴം കണ്ടെത്താനാകൂ"

>>> അതാണ്‌ സത്യം. പക്ഷേ, അത് ശ്രീനിവാസനായതുകൊണ്ട് ഇതുകൊണ്ടവസാനിച്ചു. വല്ല സുരേഷ്ഗോപിയോ മറ്റോ ആയിരുന്നെങ്കിൽ ഇപ്പോൾ ആ ജ്യോൽസ്യൻ ആരായേനെ!

ea jabbar said...

എന്റെ മറ്റൊരനുഭവം പറയാം. എന്നെ എല്‍ പി സ്കൂളില്‍ പഠിപ്പിച്ച ഒരധ്യാപകന്‍ മരിച്ചത് ഞാന്‍ സ്വപ്നം കണ്ടു. ആ സ്വപനം കണ്ട് ഒരാഴച കഴിയുമ്പോഴേക്കും ആ സ്വപനം യാഥാര്‍ത്ഥ്യമായി . സ്വപ്നം കണ്ട കാര്യം ഞാന്‍ എന്റെ ഭാര്യയോടു പറഞ്ഞിരുന്നു. അവള്‍ക്കും അല്‍ഭുതം തോന്നി. ഇതെങ്ങനെ സംഭവിച്ചു ? ഈ അല്‍ഭുതസ്വപ്നം പക്ഷെ എന്റെ യുക്തിബോധത്തെ തെല്ലും നെഗറ്റീവായി സ്വാധീനിച്ചില്ല. കാരണം ഞാന്‍ അങ്ങനെയുള്ള നൂറുകണക്കിനു സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. അതിലൊന്നു മാത്രമാണ് യാഥാര്‍ത്ഥ്യമായി ഭവിച്ചത്. ഞാന്‍ തന്നെ മരിക്കുന്നത് പല തവണ സ്വപ്നം കണ്ടിട്ടുണ്ട്. എന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മരിക്കുന്നതും വലിയ ആപത്തില്‍ പെടുന്നതുമൊക്കെ കണ്ടിട്ടുണ്ട്. അതൊന്നും നടന്നിട്ടില്ല. ഹൃദ്രോഗം നേരത്തെ ഉള്ള ആ അധ്യാപകന്‍ മരിച്ചത് തികച്ചും സംഭവ്യമായ ഒരു കാര്യം മാത്രമായിരുന്നു. ഇത്രയും ചിന്തിക്കാന്‍ എനിക്കു കഴിഞ്ഞതിനാല്‍ ഞാന്‍ ഈ അല്‍ഭുതം കൊട്ടിഘോഷിക്കാനോ സ്വപ്നം വ്യാഖ്യാനിക്കാനോ പോയില്ല . അത്രേയുള്ളു.

ശങ്കരനാരായണന്‍ മലപ്പുറം said...

ഇതേക്കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കറിഞ്ഞുകൂടാ. 1975 ല്‍ എനിക്കുണ്ടായൊരു കൈനോട്ട അനുഭവം പറയാം. ഞാന്‍ മുവാറ്റുപുഴ അങ്ങാടിയിലേക്ക് പോവുകയായിലുന്നു. പാലത്തിന്റെ അടുത്തെത്തിയപ്പോള്‍ ഒരാള്‍ എന്റെ കയ്യില്‍ പിടിക്കുകയും രേഖ നോക്കി 'കേരളം വിടാന്‍ സാധ്യതയുണ്ട്'എന്നു പറയുകയും ചെയ്തു. 'അതെ നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. ഞാനിപ്പോള്‍ത്തന്നെ കേരളം വിടുകയാണ്' എന്ന് പറയുകയും കൈ സ്വതന്ത്രമാക്കി വുഡ്‌ലാന്റ് ഹോട്ടലിലേക്ക് പോവുകയും ചെയ്തു.

Anonymous said...

വളരെ കൃത്യമായ വിശദീകരണം.

JALAKAM said...

visadeekaranam nannayirikkunnu.pakshe ithum krithyamaaya kandethalaanennathu clock nte udaharanam vachu thanne nishedikkavunnathaanu.vasthudakal naam kandethiyedathu theernnu ennathum andaviswaasamalle? orupaadu kaalathe gaveshanam kondu sthireekaricha kaaryangal valarecheriya karyangalal maatimarichittille?sreenivasan sammadichu ennath orunirnayaka ghadakamallallo.

umaid said...

thank you sir