Sunday, June 28, 2009

കമലസുരയ്യയുടെ ഖബറടക്കം സംബന്ധിച്ച്

മാധ്യമം പത്രത്തിലെ പ്രതികരണക്കോളത്തിലേക്കായി എഴുതിയ കുറിപ്പ്


കമലസുരയ്യയുടെ ഖബറടക്കം സംബന്ധിച്ച് ഇങ്ങനെയൊരു വിവാദം ‘മാധ്യമം’ ഏറ്റു പിടിച്ചു നടത്തുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല. യുക്തിവാദികളായ അബ്ദുൽ അലിയുടെയും ശ്രീനിയുടെയും അഭിപ്രായത്തിനു പിന്തുണ നല്കാനല്ല; ആ ഖബറടക്കച്ചടങ്ങുകൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയ വികാരങ്ങളും ചിന്തകളും പങ്കുവെക്കാനാണ് ഈ കുറിപ്പ്. ആ സംഭവത്തെ മറ്റൊരു കോണിലൂടെയാണു ഞാൻ കാണുന്നത്.

ജയിൽ മോചിതനായ മ അദനിക്ക് കേരളത്തിന്റെ “മതേതര”ഭരണകൂടം നേരിട്ടേർപ്പെടുത്തിയ സ്വീകരണച്ചടങ്ങ്- ജീവിതത്തിൽ കാണേണ്ടി വന്ന ഏറ്റവും വലിയ അശ്ലീലക്കാഴ്ച്ച-കണ്ടു മരവിച്ചുപോയ എന്റെ മതേതരമനസ്സിന് അൽപ്പമെങ്കിലും കുളിരും ആർദ്രതയും പകർന്ന ഒരു കാഴ്ച്ചയായിരുന്നു ആ പള്ളിപ്പറമ്പിൽ നടന്ന മതേതരഖബറടക്കം! മുസ്ലിംങ്ങളും ഹിന്ദുക്കളും മതമില്ലാത്തവരും പുരുഷന്മാരോടൊപ്പം സ്ത്രീകളും എല്ലാം ചേർന്ന് ഒരു മുസ്ലിം സ്മശാനത്തിൽ ഇങ്ങനെയൊരു കാഴ്ച അത്യപൂർവ്വവും ഹൃദ്യവുമായിരുന്നു. മതം മാറിയ അമ്മയുടെ ഖബറിലേക്ക് മക്കളും പേരമക്കളുമായ പെൺകുട്ടികൾ മണ്ണു വാരിയിടുന്ന ഉപചാരം ഇതിനു മുമ്പ് കാണാൻ ഇടവന്നിട്ടില്ല. മതം തീർത്തുവെച്ച മതിലുകളും വേലികളും അപ്രസക്തമാകുന്ന ,ഇങ്ങനെയൊരു കാഴ്ച്ചക്ക് തീർച്ചയായും നമ്മുടെ ബഹു സംസ്കാരത്തിൽ പോസിറ്റീവായ ഫലങ്ങളുണ്ട് എന്നാണു ഞാൻ കരുതുന്നത്. പള്ളിപ്പറമ്പിലെ ഖബറടക്കച്ചടങ്ങിൽ പെണ്ണുങ്ങൾക്കും പങ്കെടുക്കാം എന്നു വരുന്നത് ലിംഗ നീതിയുടെ പുതിയ കാഴ്ചപ്പാടിനു വഴിവെച്ചേക്കാം.

ഇതോടൊപ്പം മുസ്ലിം സമൂഹത്തെ ചിന്താപരമായി -വികാരപരമായല്ല-പ്രകോപിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കട്ടെ.


അന്ത്യനിമിഷത്തിൽ മക്കളോട് ഹരിനാമകീർത്തനം ചൊല്ലാനാവശ്യപ്പെട്ട ; പർദ്ദയ്ക്കുള്ളിൽ തന്റെ ഇഷ്ടദേവനായ കൃഷ്ണനെയും ഒളിപ്പിച്ചുവെച്ചുകൊണ്ട് ഇസ്ലാമിലേക്കു വന്ന ഈ എഴുത്തുകാരിയുടെ സ്ഥാനത്ത് ഒരു സാധാരണ ദരിദ്രകുടുംബത്തിലെ ദളിതനായിരുന്നു ദീൻ ആശ്ലേഷിച്ചു വന്നിരുന്നതെങ്കിൽ സമുദായം ഇങ്ങനെയൊക്കെ പെരുമാറുമായിരുന്നോ? അവരുടെ കൂടെപ്പിറപ്പുകളെയും ബന്ധുക്കളെയും പള്ളിപ്പറമ്പിൽ പ്രവേശിപ്പിക്കുമായിരുന്നോ? സ്ത്രീകൾ വന്നു ഖബറിൽ മണ്ണിടുമായിരുന്നോ? മൃതദേഹം പൊതു ദർശനത്തിനായി മുഖം തുറന്നു വെക്കുമായിരുന്നോ? ആരെങ്കിലും റീത്തുമായി വന്നാൽ അതു വെക്കാൻ അനുവദിക്കുമായിരുന്നോ?
എനിക്കീ ചടങ്ങ് കണ്ടപ്പോൾ ഏറ്റവും ആദരവു തോന്നിയത് കമലയുടെ രക്തബന്ധുക്കളോടാണ്. ഇവിടെ കമല സുരയ്യയായതിനു പകരം ഒരു സുരയ്യ കമലയായി അങ്ങോട്ടാണു മതപരിവർത്തനം നടത്തിയിരുന്നതെങ്കിൽ അവരുടെ ബന്ധുക്കളും സമുദായവും എങ്ങനെ പെരുമാറുമായിരുന്നു എന്ന ചോദ്യവും ഉയരേണ്ടതുണ്ട്.

ഹിന്ദു മതം, മതപരിത്യാഗം വധശിക്ഷയർഹിക്കുന്ന ക്രിമിനൽ കുറ്റമായി കാണുന്ന ഒരു മതമല്ലാതിരുന്നതുകൊണ്ടും മതം മാറുന്നവരുമായി രക്തബന്ധവും കുടുംബബന്ധവും സൌഹൃദബന്ധങ്ങളും ഉപേക്ഷിച്ച് അവരെ ഊരുവിലക്കി ഓടിച്ചു പിടിച്ചു കൊല്ലണമെന്ന ദൈവീകനിയമം ആ ദീനിന്റെ വേദപുസ്തകങ്ങളിൽ ഇല്ലാത്തതുകൊണ്ടും നാലപ്പാടുകുടുംബത്തിനോ കമലയെ സ്നേഹിച്ച പരശതം മലയാളികൾക്കോ കാര്യമായ് ഉപദ്രവമൊന്നുമൊല്ലാതെ ജീവിക്കാൻ സാധിച്ചു. താലിബാൻ മനോഭാവമുള്ള അൽപം ചിലരെങ്കിലും അവരെ ചെറിയ തോതിൽ ഉപദ്രവിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.

ഇ എ ജബ്ബാർ,
വൈസ്പ്രസിഡന്റ്, കേരള യുക്തിവാദിസംഘം.

5 comments:

ea jabbar said...

മാധ്യമം ഈ കുറിപ്പു പ്രദ്ധീകരിക്കുമോ?

vipin said...

എവിടെ മാഷെ, അത്രയൊക്കെ നമുക്ക് പ്രതീക്ഷിക്കാന്‍‌ കഴിയുമോ??

അനില്‍@ബ്ലോഗ് said...

ആരുടേയും അനുവാദത്തിനു കാക്കേണ്ടാത്ത ഈ മീഡിയം ഉണ്ടല്ലോ തത്ക്കാലം.വരും നാളുകളില്‍ ബ്ലോഗുകള്‍ സാര്‍വ്വത്രികമാവും എന്നും പ്രതീക്ഷിക്കാം.

ഡൊക്ടര്‍.എന്‍.എം.മുഹമ്മദലിയുടെ ബ്ലോഗ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. മാഷ് ഭയങ്കരമായി ഒറ്റപ്പെടുത്തപ്പെടുന്നു എന്നൊരു തോന്നലുണ്ടായ ഈ സമയത്ത് പ്രത്യേകിച്ചും.

V.B.Rajan said...

സുന്നി, മുജാഹിദ്‌ വിഭാഗങ്ങളും ജമാഅത്തെയും കൂടി അവരുടെ മൃതദേഹത്തിനു വേണ്ടി കടിപിടി കൂട്ടിയിരുന്നു. അതില്‍ വിജയിച്ചത് ജമാഅത്തെയാണെന്നെയുള്ളു . എന്തായാലും കമലസുരയ്യയുടെ ബന്ധുക്കളുടെ വിശാലമനസസ്കത അഭിനന്ദനാര്‍ഹമാണ്.

നിസ്സഹായന്‍Nissahayan said...

മാഷേ,
ഹിന്ദുമതം ഒരു സുസംഘടിതമതമല്ലാത്തതു കൊണ്ടും ജാതിവിവേചനം എന്ന അതിന്റെ ആഭ്യന്തരവൈരുദ്ധ്യം അതിലെ ജനതയെ ഒറ്റക്കെട്ടാക്കി നിറുത്താത്തതുകൊണ്ടും മാത്രമാണ് അതിന്റെ അക്രമസ്വഭാവം ഇസ്ലമിനേയും ക്രൈസ്തീയതയും പോലെ കൂടുതല്‍ അപകടകാരിയാകാത്തത്.
അതിനെ സംഘടിതമാക്കാന്‍ ശ്രമിക്കുന്ന സവര്‍ണ്ണ വിഭാഗത്തില്‍ നിന്നാണ് താങ്കള്‍ പറഞ്ഞ ചെറിയ ഉപദ്രവങ്ങളുണ്ടാക്കുന്നതും