Monday, March 9, 2009
വെളിപാടുകള്‍ ഉണ്ടാകുന്നത്.
വെളിച്ചപ്പാടുകളും വെളിപാടുകളും
എന്റെ വീടിനടുത്തുള്ള പുലയക്കോളനിയില്‍ എല്ലാ വര്‍ഷവും മുത്തപ്പന്‍ ദൈവത്തിന്റെ ആറാട്ടുത്സവം നടക്കാറുണ്ട്. കുട്ടിക്കാലത്ത് ഈ ഉത്സവം എനിക്ക് ഒരു വല്ലാത്ത ഹരം തരുന്ന അനുഭവമായിരുന്നു. ചെണ്ടമേളവും ചവിട്ടുകളിയും കാളയെഴുന്നള്ളിപ്പും പാലക്കൊമ്പ് എഴുന്നള്ളിപ്പും അങ്ങനെ പലതും ഉത്സവത്തിന്റെ ചടങ്ങുകളായിരുന്നു. എന്നാല്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നത് മുഖ്യ ഇനമായ വെളിച്ചപ്പാടു തന്നെ. പള്ളിവാളുമായി ഉറഞ്ഞു തുള്ളി മുത്തപ്പന്‍ ദൈവത്തിന്റെ വെളിപാടുകള്‍ ഉരുവിട്ടു കേള്‍പ്പിക്കുന്നത് കോളനിയിലെ മൂപ്പന്‍ വെളിച്ചപ്പാടായ ചാത്തനായിരുന്നു. ചാത്തന്‍ സാധാരണ സംസാരിക്കാറുള്ള ഭാഷയും ശൈലിയുമല്ല ‘ദൈവവചന’ങ്ങള്‍ ഉരുവിടാന്‍ ഉപയോഗിക്കുക. അതൊരു പ്രത്യേക തരം താളാത്മകമായ ഗദ്യമായിരിക്കും. എങ്കിലും ശ്രദ്ധിച്ചു കേട്ടാല്‍ ആശയം ഏറെക്കുറെ മനസ്സിലാകും. ദൈവമാണ് ഇപ്രകാരം വെളിച്ചപ്പാടിന്റെ നാക്കിലൂടെ സംസാരിക്കുന്നത് എന്നു തന്നെയാണു ഭക്തരായ കോളനി വാസികള്‍ ഉറച്ചു വിശ്വസിച്ചിരുന്നത്.
ഒരു ഉറച്ച ഇസ്ലാം വിശ്വാസിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ വെളിപാടുകള്‍ ദൈവത്തിന്റേതല്ല എന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ അങ്ങിനെ വിശ്വസിക്കുന്ന ആ പാവം “വിശ്വാസികളോട്” , അവരുടെ വെളിച്ചപ്പാട് പറയുന്നതൊന്നും ദൈവികവെളിപാടല്ല എന്നു പറയാന്‍ കഴിയുമായിരുന്നില്ല. കാരണം ചാത്തന്‍ വെളിച്ചപ്പാടിന്റെ ആ സമയത്തുള്ള ചേഷ്ഠകളും അംഗ ചലനങ്ങളും ആ പ്രത്യേകതരം ഭാഷയും , സര്‍വ്വോപരി തുള്ളിയുറയുമ്പോള്‍ ഉണ്ടാകുന്ന മോഹാലസ്യവും വിയര്‍ത്തൊഴുകലും നെറ്റിയില്‍ വെട്ടി മുറിവേല്‍പ്പിക്കലും എല്ലാം നേരില്‍ കണ്ട് വിശ്വസിക്കുന്ന ഭക്തരായ ആ മനുഷ്യരുടെ വിശ്വാസം വെറും തട്ടിപ്പാണെന്നോ വ്യാജമാണെന്നോ പറഞ്ഞു മനസ്സിലാക്കുക പ്രയാസമായിരുന്നു. അതേ സമയം ഈ വെളിച്ചപ്പാടുറയുന്നതിന്റെ യഥാര്‍ത്ഥ കാരണം -മനശ്ശാസ്ത്രവിശദീകരണം- അന്നെനിക്കും അറിയുമായിരുന്നില്ല.
എങ്കിലും വളരെ ശ്രദ്ധയോടെ ‘വെളിപാടുക’ളുടെ ആശയം ഗ്രഹിക്കാന്‍ ശ്രമിച്ചതില്‍ നിന്നും അതിന്റെ ഉറവിടം ചാത്തന്റെ മനസ്സു തന്നെയാണെന്നു ഊഹിക്കാന്‍ എനിക്കായി. അതു മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും!
കോളനിയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ആ വര്‍ഷത്തെ ഉറഞ്ഞു തുള്ളലില്‍ മരണകാരണവും മുത്തപ്പന്‍ ദൈവം വെളിപ്പെടുത്താറുണ്ട്. ഒരിക്കല്‍ കോളനിയിലെ 90 വയസ്സുള്ള മുത്തശ്ശി മരിച്ചു. അക്കൊല്ലത്തെ ഉത്സവത്തിനു ഞാനും പോയി. ചാത്തന്‍ വെളിച്ചപ്പാടു ഉറഞ്ഞു തുള്ളി ചെള്ളിച്ചി മുത്തശ്ശിയെ മുത്തപ്പന്‍ “കൊണ്ടുപോകാന്‍” കാരണം ഇങ്ങനെയാണു വെളിപ്പെടുത്തിയത്: -
“നിങ്ങള്‍ക്കിപ്പോള്‍ എന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലാതായിരിക്കുന്നു. എന്നെ വല്ലാതെ അവഗണിക്കുകയാണു നിങ്ങള്‍ . ഉദാഹരണത്തിന് കഴിഞ്ഞ ഉത്സവത്തിനു നിങ്ങള്‍ എനിക്കു നിവേദിച്ച ആ കള്ളില്‍ എത്ര ഉറുമ്പും ഈച്ചയുമൊക്കെയാണുണ്ടായിരുന്നത്. അന്നു നിങ്ങള്‍ വെട്ടിയ ആ കോഴി കുരിപ്പു രോഗം വന്ന കോഴിയായിരുന്നില്ലേ?.....”
ഇതായിരുന്നു ഏകദേശം ആ വെളിപാടിന്റെ ഉള്ളടക്കം.
ദൈവത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലാതായാല്‍ ദൈവം കോപിക്കുമെന്നും ആളുകളെ മൂപ്പര്‍ “കൊണ്ടു പോകും”എന്നുമുള്ള ഭീഷണിയായിരുന്നു !
ഈ വെളിപാടിന്റെ ഉറവിടം മുത്തപ്പന്‍ എന്ന ദൈവമായിരിക്കാനിടയില്ല എന്നും അതു ചാത്തന്‍ വെളിച്ചപ്പാടിന്റെ മനസ്സിലെ തോന്നല്‍ മാത്രമാകാനേ വഴിയുള്ളു എന്നും അന്നു ഞാന്‍ കരുതി. എങ്കിലും അസാധാരണമായ ഈ മാനസികാവസ്ഥയുടെ ശാസ്ത്രം വിശദീകരിക്കാന്‍ അന്നെനിക്കു കഴിയുമായിരുന്നില്ല.
പക്ഷെ ഇന്ന് ഇതിന്റെ മനശ്ശാസ്ത്രം ഏറെക്കുറെ വിശദീകരിക്കാന്‍ കഴിയും. മനുഷ്യമനസ്സിന്റെ നിഗൂഡമായ ഒട്ടേറെ സവിശേഷതകളെ ആധുനിക മനശ്ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ താരതമ്യേന ലളിതമായ ഒരു മനോവ്യാപാരമാണ് മേല്‍ പറഞ്ഞതുപോലുള്ള “വെളിപാടു”കള്‍.
ഭക്തിസാന്ദ്രമായ അന്തരീകഷത്തില്‍, വാദ്യമേളങ്ങളുടെ താളസാന്നിധ്യത്തില്‍, ഉറച്ച വിശ്വാസികളായ വെളിച്ചപ്പാടുകള്‍ക്കും ,ചിലപ്പോള്‍ അതു വീക്ഷിച്ചുകൊണ്ടിരിക്കുന്ന സാധാരണ ഭക്തര്‍ക്കും ഒരു തരം മോഹനിദ്രാവസ്ഥ സൃഷ്ടിക്കപ്പെടന്നതു കാണാം. തുടര്‍ന്ന് അവര്‍ അസാധാരണമാംവിധം തുള്ളി ഉറയുകയും വെളിപാടുകളും ‘കല്‍പ്പന’കളും പറയുകയും ചെയ്യുന്നു. ഈ അവസ്ഥയുടെ ക്ലൈമാക്സില്‍ വെളിച്ചപ്പാട് മോഹാലസ്യപ്പെട്ടു വീഴുകയും അല്‍പ്പസമയത്തിനു ശേഷം സാധാരണ നില കൈവരിക്കുകയും ചെയ്യുന്നു.
വ്യതിരിക്ത ബോധാവസ്ഥ [altered state of consciousness] എന്നു മനശ്ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഒരു തരം അവസ്ഥയിലാണ് ഇത്തരം ‘ദിവ്യാനുഭവങ്ങള്‍’ ഉണ്ടാകുന്നത്. മനസ്സിനെ ഒരു പ്രത്യേക കാര്യത്തിലേക്കു മാത്രമായി കേന്ദ്രീക്കുമ്പോള്‍ ഇന്ദ്രിയാതീതമെന്നു തോന്നാവുന്ന അനുഭൂതികള്‍ അനുഭവപ്പെടുന്നു. തന്റെ ദൈവം വെളിപാടായി അറിയിക്കാനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തന്റെ നാവിലൂടെ പുറത്തു വിടും എന്ന ഉറച്ച വിശ്വാസത്തോടെ ആ കാര്യത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വെളിച്ചപ്പാടു ചെയ്യുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയും മറ്റും ഈ പ്രക്രിയയില്‍ വെളിച്ചപ്പാടിന്റെ മനസ്സിനെ സഹായിക്കുന്നു.
പുറത്തുനിന്നുള്ള നിരന്തര നിര്‍ദ്ദേശങ്ങള്‍[suggestions] മുഖേന ഒരാളെ നമുക്കു ഹിപ്നോടിക് നിദ്രയിലേക്കു നയിക്കാനാവും. അതുപോലെത്തന്നെ ധ്യാനത്തിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും മറ്റും ഒരാള്‍ക്കു സ്വയം മോഹനിദ്രാവസ്ഥയിലെത്താനും കഴിയും. ഇതിനു സമാനമായ ഒരു മാനസികപ്രതിഭാസം മാത്രമാണീ വെളിപാടു പറച്ചിലും.
ഇപ്രകാരം ദൈവങ്ങളുടെ ഇംഗിതങ്ങള്‍ വെളിപ്പെടുത്തുന്ന വെളിച്ചപ്പാടുകളെയും “പ്രവാചകന്മാരെ”യും നമുക്കു വെറും വ്യാജന്മാരോ കള്ളന്മാരോ ആയി ചിത്രീകരിക്കാനാവില്ല. കാരണം അവര്‍ തന്നെ തങ്ങള്‍ ദൈവത്തിന്റെ പ്രവാചകരാണെന്നു വിശ്വസിച്ചുകൊണ്ടാണ് ഇത്തരമൊരു മാനസികാവസ്ഥയില്‍ എത്തിപ്പെടുന്നത്. ഇങ്ങനെ പുറത്തു വരുന്ന വെളിപാടുകള്‍ തങ്ങളുടെ മനസ്സില്‍ തന്നെ ബോധപൂര്‍വ്വമല്ലാതെ രൂപപ്പെടുത്തിയതാണെന്ന സത്യം അവര്‍ തിരിച്ചറിയണമെന്നില്ല.
അടുത്ത ഭാഗം : “മുഹമ്മദിന്റെ ദിവ്യാനുഭവങ്ങള്‍”
Subscribe to:
Post Comments (Atom)
3 comments:
ചിന്തകന്റെ ബ്ലോഗില്‍ മുഹമ്മദ് നബിയുടെ പ്രവാചകത്വം സംബന്ധിച്ചുള്ള ഒരു ലേഖന പരമ്പര ആരംഭിച്ചിട്ടുണ്ട്. അവിടെ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളും ഈ കുറിപ്പും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ച പ്രതീക്ഷിക്കുന്നു.
Can we also say that the Aethism is also a hallucination which is emerged from individual.
:-)
Post a Comment