Monday, July 21, 2008

മതമുള്ളവരുടെ ധാര്‍മ്മികത!

21 Jul, 2008
വഴി പിഴയ്‌ക്കാത്തവര്‍

വിശേഷാല്‍പ്രതി

ഇന്ദ്രന്‍

ഏഴാം ക്ലാസ്സിലെ പാഠം പഠിച്ചാല്‍ വിദ്യാര്‍ഥികള്‍ വഴിപിഴച്ചുപോകുമെന്നാണ്‌ വിഷയത്തില്‍ അറിവുള്ളവര്‍ പറയുന്നത്‌. ജീവന്‍പോയാലും അത്‌ അനുവദിച്ചുകൂടാ. വഴിപിഴയ്‌ക്കുക എന്നതിന്‌ അര്‍ഥം ഒന്നേ ഉള്ളൂ. കുട്ടികള്‍ മതമില്ലാത്തവരായിപ്പോകും. മതമാണ്‌ സകലനന്മകളുടെയും ആധാരകേന്ദ്രം. മതമില്ലാത്ത മനുഷ്യന്‍ മൃഗതുല്യന്‍ എന്നുവരെ മതമേലധ്യക്ഷന്മാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
ആ മഹാവിപത്തില്‍നിന്ന്‌ മാനവരാശിയെ രക്ഷിക്കുന്നതിനാണ്‌, വിശ്വാസികളുടെ സംഘടനകള്‍ കേരളത്തില്‍ കുറെ ദിവസമായി കൊടും സമരം നടത്തിവരുന്നത്‌. യു.ഡി.എഫിനെ മൊത്തത്തില്‍ എടുത്തുകൂടാ. നിരീശ്വരത്വത്തിന്റെ അംശങ്ങള്‍ ബാക്കിയുള്ള ചില കൂട്ടര്‍ അതില്‍ ഇപ്പോഴുമുണ്ട്‌. എം.വി.രാഘവന്‍ ഇപ്പോഴും ഗുരുവായൂരില്‍പോയിത്തുടങ്ങിയിട്ടില്ല. കെ.ആര്‍.ഗൗരിയമ്മ വല്ലപ്പോഴുംപോയി തുലാഭാരം തൂക്കാറുണ്ടെങ്കിലും മിശ്രവിവാഹത്തെത്തള്ളിപ്പറയില്ല. ബാക്കി യു.ഡി.എഫ്‌. ഒറ്റക്കെട്ടായി മതവിശ്വാസിപക്ഷത്താണ്‌. മതേതരസര്‍ക്കാറിന്റെ സ്‌കൂളില്‍പോകുന്നതിന്‌ മുമ്പ്‌ മദ്രസ്സ വകയും ചര്‍ച്ച്‌ വകയും ആധ്യാത്മികകേന്ദ്രംവകയുമുള്ള മൂല്യബോധനത്തില്‍ പങ്കെടുത്തവര്‍ മാത്രമാണ്‌ യു.ഡി.എഫിന്റെയും സഭകളുടെയും സംഘപരിവാറിന്റെയും സമരങ്ങളില്‍ പങ്കെടുക്കുന്നത്‌. വഴിപിഴച്ച ആരും അക്കൂട്ടത്തിലില്ല എന്നര്‍ഥം.
അതുകൊണ്ട്‌ മതാനുശാസനകള്‍ക്ക്‌ വിധേയമായേ സമരം നടത്താറുള്ളൂ. വെളുക്കുമ്പോള്‍ ഉണര്‍ന്ന്‌ വെള്ളമുണ്ടെടുത്ത്‌ വിശ്വാസത്തിനനുസരിച്ച്‌ ദൈവത്തെ വണങ്ങി പുറപ്പെടുകയായി സമരത്തിന്‌. വഴിനീളെയുള്ള സര്‍വ ആരാധനാലയങ്ങളെയും വണങ്ങും. മതവിശ്വാസികള്‍ മാത്രമല്ല ഭരണഘടനയനുസരിച്ചുള്ള മതേതരവിശ്വാസികള്‍ കൂടിയാണല്ലോ എല്ലാവരും. ജാഥയില്‍ എം.എ.ബേബിയെ തെറിവിളിക്കുകയൊന്നുമില്ല. ദൈവവചനങ്ങള്‍, സ്‌തോത്രങ്ങള്‍, വേദപുസ്‌തകസൂക്തങ്ങള്‍, ഈശ്വര ഹള്ള തേരേ നാം സബ്‌കോ സമ്മതി ദേ ഭഗവാന്‍ തുടങ്ങിയവയാണ്‌ ആലപിക്കാറ്‌. ബസ്സിന്‌ കല്ലെറിയുക, പോലീസുകാരെ വെറുതെചെന്ന്‌ ഇടിക്കുക, ചാനല്‍ക്യാമറക്കാര്‍ക്ക്‌ വേണ്ടി വഴിയില്‍ക്കാണുന്നതെല്ലാം തല്ലിത്തകര്‍ക്കുക തുടങ്ങിയ കുത്സിതവൃത്തികളൊന്നും ചെയ്യുകയില്ല. അതെല്ലാം ഏഴാംതരം പാഠംപോലുള്ള ദൈവനിഷേധങ്ങള്‍ പഠിച്ച വഴിപിഴച്ച സന്തതികള്‍ക്കും നിരീശ്വരര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും പറഞ്ഞിട്ടുള്ളതാണ്‌. ഞങ്ങള്‍ വിശ്വാസികള്‍, മൂല്യബോധമുള്ളവര്‍, നേരേവാ നേരേപോ മട്ടുകാര്‍, ഇടതുചെകിട്ടത്ത്‌ അടികിട്ടിയാല്‍ വലതുചെകിട്‌കൂടി കാട്ടിക്കൊടുക്കുന്നവര്‍.
വിശ്വാസികളുടെ മനംനൊന്ത പ്രാര്‍ഥന ഏതുകഠിനഹൃദയനെയാണ്‌ ഇളക്കാതിരിക്കുക. കൊടുംപാപിയും ദൈവനിഷേധിയുമായ എം.എ.ബേബിയുടെ പോലും മനമിളകി. ഏഴാംതരം പാഠത്തില്‍ യുക്തിയുടെ ഡോസ്‌ കുറയ്‌ക്കാനും ഭക്തിയുടേത്‌ കൂട്ടാനും ഉത്തരവായിട്ടുണ്ട്‌. ഒരു വിധപ്പെട്ട ദൈവവിശ്വാസികളെല്ലാം തൃപ്‌തരായെങ്കിലും യൂത്ത്‌ ലീഗ്‌-യൂത്ത്‌ കോണ്‍ഗ്രസ്സാദി വിശ്വാസികള്‍ വഴങ്ങിയില്ല. അവരാണല്ലോ യഥാര്‍ഥ ദൈവസന്തതികള്‍. അവര്‍ രണ്ടാംഘട്ടത്തിലേക്ക്‌ കടന്നിട്ട്‌ കുറച്ചുദിവസമായി. പാട്ടിന്റെ മട്ടുമാറിയിരിക്കുന്നു. ഒന്നാം ഘട്ടത്തില്‍ സ്‌കൂള്‍ പാഠപുസ്‌തകങ്ങള്‍ ലോറിയില്‍നിന്നിറക്കി തീകൊളുത്തിയിട്ടേ ഉള്ളൂ. ഒട്ടും അധാര്‍മികമല്ല അത്‌. അഗ്‌നനിദേവന്‌ സമര്‍പ്പിക്കുകയായിരുന്നു ഇഷ്‌ടസാധനങ്ങള്‍ തീര്‍ത്തും മതേതരം. ക്ലസ്റ്റര്‍ മീറ്റിങ്ങിന്‌ വന്ന ഗുരുവന്ദ്യന്റെ നെഞ്ചത്ത്‌ ചവിട്ടുകയെന്ന ഗുരുത്വമുള്ള പ്രവൃത്തിയാണ്‌ ഒടുവില്‍ പരീക്ഷിച്ചത്‌. വന്‍വിജയമായിരുന്നു അത്‌. പാഠപുസ്‌തകം മൂല്യവത്താക്കാന്‍ നടത്തുന്ന സമരത്തിനിടയ്‌ക്കല്ലെങ്കില്‍ പിന്നെയെപ്പോഴാണ്‌ ഇങ്ങനെയൊരു പുണ്യം ചെയ്യാന്‍ കഴിയുക?
അടുത്തഘട്ടം ഇതിലും കേമമാക്കും. അതുംകൂടി കഴിഞ്ഞാല്‍ പാഠപുസ്‌തകവുമായി അധ്യാപകരൊന്നും സ്‌കൂളിലേക്ക്‌ വരില്ല. സ്‌കൂളുകളൊന്നും ബാക്കിയില്ല എന്നുറപ്പുവരുത്തും. എല്ലാം അഗ്‌നനിക്കിരയാക്കാം; അധ്യാപകരെയും. പള്ളിവേണ്ടെങ്കില്‍ പള്ളിക്കൂടവും വേണ്ട. വഴി പിഴയ്‌ക്കാതിരിക്കാന്‍ വേറെ വഴിയില്ല.

മാതൃഭൂമി യോട് കടപ്പാട്.

5 comments:

കിനാവ് said...

ഒരു ഗ്ലോറിയെ സൃഷ്ടിച്ചെടുക്കാനാണ് പാവങ്ങളെല്ലാം കൂടി ശ്രമിച്ചത്. ബലി നല്‍കപ്പെട്ടത് ജെയിംസ് അഗസ്റ്റിന്‍ എന്ന അദ്ധ്യാപനും. മതങ്ങളില്‍ നിന്ന് ആരു വിമോചിപ്പിക്കും നമ്മുടെ സമൂഹത്തെ?

റഫീക്ക് കിഴാറ്റൂര്‍ said...

പോളിട്രിക്സില്‍ പറഞ്ഞപോലെ.

msf കാര്‍ പാഠപുസ്തകം കത്തിച്ചു.
യൂത്ത് ലീഗുകാര്‍ അധ്യാപകനെ കൊലപെടുത്തി.
ഇനി യഥാര്‍ത്ത ലീഗുകാര്‍ എന്തു ചെയ്യാനുള്ള പുറപ്പാടിലാണ്?
റബ്ഭുലാലമീനായ തബുരാനെ......... കാത്തോളണേ.....

ടോട്ടോചാന്‍ (edukeralam) said...

ഇപ്പോള്‍ ഇവിടെ എല്ലാവര്‍ക്കും മതമേയുള്ളൂ ജീവനില്ല.

ഇതും കൂടി നോക്കുമല്ലോ..

മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങള്‍

പിന്നെ


പ്രശാന്തിയുടെ സമുദ്രത്തില്‍ നിന്നും അശാന്തിയുടെ സമുദ്രത്തിലേക്ക്...

chithrakaran:ചിത്രകാരന്‍ said...

മതവിശ്വാസികള്‍ പിശാചിന്റെ അടിമകളാണെന്ന സത്യം വിശ്വാസികള്‍ അറിയുന്നില്ലാല്ലോ പടച്ചോനേ !!!

ea jabbar said...

‘ഭഗത്തിന്റെ ഗതി’ ഇന്ന് 10 മണിക്ക് ഇന്‍ഡ്യാവിഷനില്‍ ‘വാസ്തവം’ പരിപാടിയില്‍.