Sunday, June 29, 2008

കമ്യൂണിസവും നിരീശ്വരത്വവും എന്നു തുടങ്ങിയതാ?

വിദ്യാഭ്യാസം വ്യഭിചാരക്കച്ചവടമാക്കിയ പള്ളിപട്ടക്കാരെയും ആത്മീയത വിറ്റു സ്വര്‍ഗ്ഗജീവിതം നയിക്കുന്ന ആള്‍ദൈവങ്ങളെയും ഒന്നു നിയന്ത്രിക്കാന്‍ നടന്ന ശ്രമങ്ങളെ വേണ്ട വിധം ചെറുക്കാന്‍ കഴിയാതെ നിരാശരായ മത ജാതി വൈതാളികരും ; അവരോടൊപ്പം കൂടിയാല്‍ അല്‍പ്പം മൈലേജുണ്ടാക്കാമെന്നു പാഴ്കിനാവു കാണുന്ന ചെന്നിത്തല കുഞ്ഞാലിക്കുട്ടിമാരും ബോധപൂര്‍വ്വം തട്ടിപ്പടച്ചുണ്ടാക്കിയതാണീ പാഠ വിവാദം.
ഇപ്പോള്‍ ഇവര്‍ വ്യാഖ്യാനിച്ചുണ്ടാക്കുന്നതുപോലെ നിരീശ്വരത്വവും കമ്മ്യൂണിസവും വ്യാഖ്യാനിക്കാന്‍ പറ്റുന്ന നിരവധി പാഠഭാഗങ്ങള്‍ ഇതിനു തൊട്ടു മുന്‍പത്തെ പുസ്തകങ്ങളിലും കണ്ടെത്താവുന്നതാണ്.

ഏഴാംക്ലാസിലെ തന്നെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തില്‍ ഈ പാഠത്തിനു പകരമുണ്ടായിരുന്ന ‘അടുക്കളയില്‍ നിന്ന് അരംഗത്തേയ്ക്ക്’ എന്ന പാഠത്തില്‍ വിവിധ തരം വിവാഹച്ചടങ്ങുകളെ പരിചയപ്പെടുത്തിക്കൊണ്ട് ,ഏറ്റവും ശരിയായ ചടങ്ങ് റജിസ്റ്റര്‍ ആഫീസില്‍ വെച്ചു നടക്കുന്ന ലളിതമായ വിവാഹറജിസ്ട്രേഷന്‍ ആണെന്നു പഠിപ്പിച്ചിരുന്നു.
തുടര്‍ന്ന് ആ പാഠത്തില്‍ സ്ത്രീയും പുരുഷനും എല്ലാ മേഖലയിലും തുല്യരായിരിക്കണമെന്ന് ചര്‍ച്ച ചെയ്യുന്നു. ഈക്കാര്യത്തില്‍ ഗാന്ധിജിയുടെ ഉദ്ധരണിയുമുണ്ട് അനുബന്ധമായി.

സ്ത്രീയ്ക്കു പുരുഷന്റെ പകുതി അവകാശം മാത്രമേയുള്ളു എന്നു ശഠിക്കുന്ന ഇസ്ലാം മതത്തിനെതിരല്ലേ ഈ പാഠം? മതചടങ്ങുകളെക്കാള്‍ നല്ലത് മതേതരമായ റജിസ്റ്റര്‍ വിവാഹമാണെന്ന സന്ദേശം കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുന്ന പാഠം മതവിരുദ്ധമല്ലേ?

ഇതൊന്നും സൂപ്പിയും ബഷീറും കാണാതിരുന്നതെന്തേ?

പാഠഭാഗത്തോടൊപ്പം അധികവായനക്കുവേണ്ടി നിര്‍ദ്ദേശിക്കുന്ന റഫറന്‍സുകളില്‍ മതനിരാസവും കമ്മ്യൂണിസവും കണ്ടെത്തുന്ന തിരക്കിലാണിപ്പോള്‍ യു ഡി എഫ് രാഷ്ട്രീയക്കാര്‍ . ഏ കെ ജി യുടെയും കെ ദാമോദരന്റെയും ബുക്കുകള്‍ റഫറന്‍സാക്കിയെന്നു പരാതിപ്പെടുന്നവര്‍ കഴിഞ്ഞകാലത്തെ പുസ്തകങ്ങളില്‍ ഇ എം എസിന്റെയും ചെറുകാടിന്റെയും മറ്റനേകം കമ്യൂണിസ്റ്റ് എഴുത്തുകാരുടെയും പുസ്തകങ്ങള്‍ റഫറന്‍സിനു നല്‍കിയിരുന്ന കാര്യം എന്തിനു കാണാതിരുന്നു? ഈ വിവാദത്തിലെ രാഷ്ട്രീയ പാപ്പരത്വം മനസ്സിലാക്കണമെങ്കില്‍ ഇപ്പോഴത്തെ പാഠപുസ്തകത്തോടൊപ്പം തൊട്ടു മുന്‍പത്തെ( സൂപ്പിയും ബഷീറും പഠിപ്പിച്ച)പാഠപുസ്തകങ്ങളും അനുബന്ധമായി റഫറന്‍സിനു നിര്‍ദ്ദേശിച്ച പുസ്തകങ്ങളും നിരത്തിവെച്ച് ഒരു താരതമ്യം നടത്തിയാല്‍ മതിയാകും.

ഏ കെജിയുടെ ബുക്ക് റഫര്‍ ചെയ്താല്‍ കുട്ടികള്‍ നിരീശ്വരവാദികളാകുമെന്ന് ഇപ്പോള്‍ വേവലാതി പറയുന്നവര്‍ , കേരളത്തിലെ നിരീശ്വരപ്രസ്ഥാനത്തിന്റെ സ്ഥാപക ആചാര്യന്മാരായ സഹോദരന്‍ അയ്യപ്പനെയും വിടി യെയും നേരിട്ടു പാഠപുസ്തകത്തില്‍ പരിചയപ്പെടുത്തിയിരുന്നത് എന്തേ കാണാതെ പോയത്? അഞ്ചാം ക്ലാസിലെ സാമൂഹ്യപാഠത്തില്‍ പഠിപ്പിച്ചിരുന്ന ‘പുതിയ സാമൂഹ്യ സൃഷ്ടിക്കായ്’ എന്ന പാഠം നോക്കുക. “ജാതി വേണ്ട , മതം വേണ്ട ,ദൈവം വേണ്ട മനുഷ്യന്”; എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ യുക്തിവാദിപ്രസ്ഥാനത്തിനു തുടക്കം കുറിച്ച മഹാനാണ് സഹോദരന്‍ അയ്യപ്പന്‍ .അദ്ദേഹം 1917ല്‍ നടത്തിയ ‘മിശ്രഭോജനം’ ഈ പാഠത്തില്‍ പരിചയപ്പെടുത്തുന്നു. മിശ്രഭോജനത്തിന്റെ അടുത്ത പടിയായ മിശ്രവിവാഹം കൂടി ഏഴാം ക്ലാസിലും ഉള്‍പ്പെടുത്തി. നവോഥാനചരിത്രം നാലാം ക്ലാസില്‍തന്നെ തുടങ്ങുന്നു. അവിടെ അയ്യങ്കാളിയെയും നാരായണഗുരുവിനെയുമൊക്കെ കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ഈ പാഠം ഉയര്‍ന്ന ക്ലാസുകളില്‍ കൂടുതല്‍ വിപുലീകരിച്ചു നല്‍കുകയാണു ചെയ്യുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു ക്ലാസിലെ ഒരു പാഠം മാത്രം വായിച്ച് അതില്‍ ഇന്നകാര്യങ്ങള്‍ ഇല്ല, എന്നും മറ്റും പരാതിപ്പെടുന്നത് വിവരക്കേടാണ്. ചെറിയ ക്ലാസില്‍ നല്‍കുന്നതിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഉയര്‍ന്ന ക്ലാസുകളില്‍ കൊടുക്കുന്നത് എന്നര്‍ത്ഥം.

ഇതൊക്കെ ജാതി സ്പര്‍ദ്ധ സൃഷ്ടിക്കാനാണെന്നു പറയുന്ന കേപീസീസി പ്രസിഡന്റിന്റെ നിലവാരമോര്‍ത്തു നമുക്കു ലജ്ജിക്കാം!

40 കൊല്ലം മുന്‍പ് നമ്മുടെ എട്ടാംക്ലാസ് സാമൂഹ്യപാഠത്തില്‍ അക്ബര്‍ചക്രവര്‍ത്തി ഒരു ഹിന്ദു സ്ത്രീയെ കല്യാണം കഴിച്ചതും ‘ദീനിലാഹി’ എന്ന പേരില്‍ ഹിന്ദു മുസ്ലിം സമന്വയം ലക്ഷ്യമാക്കി ഒരു മതം സ്ഥാപിച്ചതുമൊക്കെ പഠിപ്പിച്ചിരുന്നു. അന്നൊന്നും സ്കൂളില്‍ മതനിരാസം പഠിപ്പിക്കുന്നു എന്ന വിമര്‍ശനം ആരും ഉന്നയിച്ചതായി അറിവില്ല.

10 comments:

Unknown said...

40 കൊല്ലത്തിനു് മുന്‍‌പത്തെ കേരളമല്ല ഇന്നത്തെ കേരളം. കേരളം ഇന്നു് വളരെ വളര്‍ന്നുകഴിഞ്ഞു - തലകീഴായി!

Harold said...

പഠിപ്പിക്കാന്‍പണ്ടേ തുടങ്ങിയതാ..പക്ഷെ അന്നത്തെ ആള്‍ക്കാര്‍ക്ക് (മത ജാതി നേതാക്കന്മാര്‍ക്കുപോലും)കുറച്ചുകൂടി വകതിരിവുണ്ടായിരുന്നു.

ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി പ്രതീക്ഷിക്കേണ്ട...
നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍

അരൂപിക്കുട്ടന്‍/aroopikkuttan said...

ente "varnavivechanam" enna post koodi onnu nokkane!!

ithum athumaayitt entho bandhamulla pole!!

പാമരന്‍ said...

trckng

Anil said...

മാഷേ ഇതു കണ്ടിരുന്നോ? നമ്മുടെ ദേശീയ പതാകയെ കൂടി ഇവന്മാര്‍ വെറുതെ വിടുന്നില്ല!!!!

http://www.youtube.com/watch?v=lpVQedvO5sM

ടോട്ടോചാന്‍ said...

പൂച്ചയുടെ ചെവി കാണിച്ച് ഇത് കൊമ്പാണേ.. കൊമ്പാണേ.. എന്ന് എത്ര തവണ പറഞ്ഞാലും സത്യം സത്യമല്ലാതാകുമോ?
കുരുടര്‍ ആനയെ കണ്ട പോലെ പുസ്തകവിവാദം കേൊഴുക്കുന്നുണ്ട് എന്നാണ് നമ്മുടെ വിശ്വാസം.
പക്ഷേ പുസ്തകത്തെ എതിര്‍ക്കുന്നവര്‍ കുരുടരാണോ? അതാവാന്‍ വഴിയില്ല. പക്ഷേ എന്നിട്ടും വിവാദമുണ്ടാകുമ്പോള്‍ എന്താണ് അതിനു പിന്നിലെ വികാരം?
അതു തിരിച്ചറിയാന്‍ നമുക്ക് കണ്ണുണ്ടായേ തീരൂ.

നല്ല പോസ്റ്റ് മാഷേ, അവരും ഇത് വായിക്കും മനസ്സിലാക്കുകയും ചെയ്യും..
കേരളത്തിലെ അഞ്ച് ശതമാനത്തില്‍ താഴെ ആള്‍ക്കാര്‍ പോലും ഈ പാഠപുസ്തകത്തെ എതിര്‍ക്കില്ല.
അതു കൊണ്ട് ഈ ഉമ്മാക്കി കണ്ട് ആരും ഭയപ്പെടേണ്ട..

അണയാന്‍ പോകുന്ന തീ ആളിക്കത്തുന്ന പോലെ..മാത്രം..

ea jabbar said...
This comment has been removed by the author.
ea jabbar said...

Jose said...
Friday, June 27, 2008
മതമില്ലാത്ത 'ജീവനും' ജീവനില്ലാത്ത മതവും
ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച്‌ തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ്‌ ചോദ്യം.

അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട്‌ മീശക്കാരും എല്ലാം ഒത്തൊരുമിച്ച്‌ ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത്‌ ഏഴാം ക്ലാസിലെ പാഠപുസ്‌്‌തകം കത്തിച്ചുകിട്ടുന്ന ചൂടാണ്‌ ഏകരക്ഷ.

ലോകത്തെവിടെയും തെരുവുപിള്ളേര്‍ കൂടി ഒരു പുസ്‌തകം റോഡില്‍ കണ്ടാല്‍ അതെടുത്തൊന്നു വായിച്ചുനോക്കുകയാണ്‌ പതിവ്‌. റോഡിലെ പുസ്‌തകവണ്ടി പിടിച്ചുവച്ച്‌ അതെല്ലാം വാരിവലിച്ച്‌ ചവുട്ടിക്കൊരട്ടി തീവെക്കാന്‍ കഴിയുന്ന യോഗ്യര്‍ താലിബാനികള്‍മാത്രമാണെന്നാണ്‌ നിത്യന്‍ കരുതിയത്‌. അതേ ജനുസ്സില്‍ പെട്ട സുമനസ്സുകളുടെ ഉടമകള്‍ മലബാറിലും ഉണ്ടെന്ന്‌ കടലാസുകാര്‍ കാട്ടിത്തന്നു.

എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നവന്റെ തലതല്ലിപ്പൊളിക്കാന്‍ ഉയരുന്ന ഏമാന്‍മാരുടെ ലാത്തികളൊന്നും അന്നവറ്റകളുടെ കാലുതല്ലിയൊടിക്കാന്‍ ഉയരാത്തത്‌ മതനിരാസ (സെക്യുലാറിസം) ത്തിനുള്ള ശരിയായ ഭീഷണിയാണ്‌.

സകല മതഭ്രാന്തന്‍മാരും ഇപ്പോള്‍ 'മതമില്ലാത്ത ജീവനെ' തല്ലിക്കൊല്ലാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. കയ്യുംകെട്ടി ഇരിക്കാന്‍ പറ്റുമോ? എഴാംക്ലാസിലെ ഈ പാഠത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയങ്ങോട്ട്‌ കൃസ്‌തുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം ഭാവി.

ഇന്നലെ വരെയെന്തായിരുന്നു പാഠപുസ്‌തം കൊണ്ടുണ്ടായ നേട്ടം എന്നാലോചിക്കണമാദ്യം. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിക്കുന്നതോടുകൂടി കുട്ടികള്‍ ഒന്നടങ്കം പലായനം ചെയ്‌ത്‌ പൊന്നാനിയിലോ ചങ്ങനാശ്ശേരിയിലോ എത്തും. തെക്കോട്ടുപോയവര്‍ പിന്നീട്‌ ഒരു കവിളും പൊത്തിപ്പിടിച്ച്‌ മറ്റേക്കവിളത്തടിക്കാന്‍ പറ്റിയ ആളെയും നോക്കി തിരിച്ചുനടക്കും. വടക്കോട്ടുപോയവര്‍ നല്ലൊരു തലേക്കെട്ടും കെട്ടി തിരിച്ചുവന്ന്‌ എല്ലാം വിറ്റുപെറുക്കി ദരിദ്രര്‍ക്ക്‌ സക്കാത്തും കൊടുത്ത്‌ ഹജ്ജിന്‌ പോകാന്‍ പറ്റിയ പത്തേമാരിയും കാത്ത്‌ മാനം നോക്കി കിടക്കും.

നാളെയോ? ഏഴാം ക്ലാസിലെ പാഠം പഠിക്കുന്നതോടുകൂടി പിള്ളേരുടെ തലയില്‍നിന്നും മതം അപ്രത്യക്ഷമാവും. ദൈവവിചാരം നേര്‍ത്തുനേര്‍ത്തുവന്ന്‌ തീരെ ഇല്ലാതാകുന്ന ശുഭമുഹൂര്‍ത്തമാവും വര്‍ഷാന്തപരീക്ഷ. ദൈവവിചാരം ഡീലീറ്റായ സ്ഥലത്താണെങ്കില്‍ ശെയ്‌ത്താനായ വൈരുദ്ധ്യാത്മക ഭൗതീകവാദം ഇരമ്പിക്കയറും. അതോടെ പള്ളിക്കൂടം വിടുന്ന പിള്ളാര്‍ പള്ളിക്കെതിരെ തിരിയും. തെക്കോട്ടു പോകുന്നവര്‍ കോട്ടയം അതിരൂപതലക്ഷ്യം വച്ചും വടക്കോട്ട്‌ തിരിഞ്ഞവര്‍ പൊന്നാനിയിലേക്കും കുതിക്കും. പൊന്നാനിയിലെ വിശ്വാസത്തിന്റെ മാറ്റക്കച്ചടവും ചങ്ങനാശ്ശേരിയിലെ മാമോദീസയും അതോടെ അകാലചരമമടയും.

ഭൂമി ഉരുണ്ടതാണെന്ന സത്യം വിളിച്ചുപറഞ്ഞപ്പോള്‍ കത്തോലിക്കാസഭ ജേര്‍ഡനോ ബ്രൂണോയെ ചുട്ടുകൊന്നു. ബൈബിളിലെ പരന്ന ഭൂമി ഉരുണ്ടാല്‍ അരമനകള്‍ നിലം പൊത്തി അച്ചന്‍മാര്‍ പെരുവഴിയാധാരമാവും എന്നായിരുന്നു വിചാരം. ശാസ്‌ത്രത്തിന്റെ തേര്‌ അതിനുശേഷവും പ്രകാശവേഗത്തില്‍ ഉരുണ്ടപ്പോള്‍, കളവുകള്‍ ഒന്നൊന്നായി നിലം പൊത്തിയപ്പോഴും അരമനകള്‍ വിലങ്ങനെ വളര്‍ന്നുവെന്നതാണ്‌ സത്യം.

ഭൂമി ഉരുണ്ടതാണെന്നതിലും വലിയ കണ്ടുപിടുത്തമൊന്നുമല്ലല്ലോ 'മതമില്ലാത്ത ജീവന്‍'. അതുകൊണ്ട്‌ മതമില്ലാത്ത ജീവന്‍ വായിക്കുന്നതോടുകൂടി കണ്‍ട്രോളുവിടുന്ന പിള്ളേര്‍ വിശ്വാസത്തിന്റ അന്ത്യകൂദാശയും ജനാസനമസ്‌കാരവും കഴിഞ്ഞേ എട്ടാം ക്ലാസില്‍ കയറൂ എന്നുപദേശിച്ചു കൊടുത്ത വിഡ്ഡിയാണ്‌ എക്കാലത്തെയും മുന്തിയ പ്രവാചകന്‍.

മനനം കൊണ്ടല്ലാതെ പഠനം കൊണ്ട്‌ മനുഷ്യന്‍ നല്ലവനാവുമെന്നൊരു തെറ്റിദ്ധാരണ ഏതായാലും നിത്യനില്ല. അങ്ങിനെയാണെങ്കില്‍ സമൂഹത്തിന്‌ ഏറ്റവും ഭീഷണിയായ ക്രിമിനലുകളായി ഐ.പി.എസുകാരും ഐ.എ.എസ്സുകാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും മാറുകയില്ലല്ലോ.

ഒരു യഥാര്‍ത്ഥ ഭക്തനും ഒന്നാം തരം അവിശ്വാസിയും ഋഷിതുല്യരായിരിക്കും എന്നാണ്‌ നിത്യന്റെ ധാരണ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ ശ്രീനാരായണഗുരു ബോധവല്‌ക്കരിച്ചപ്പോള്‍ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ബോധവല്‌ക്കരിച്ചത്‌ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌ എന്നായിരുന്നു. ബോധവല്‌ക്കരണത്തിന്റെ ഗുണമെത്താന്‍ വൈകിയില്ല. അയ്യപ്പന്റെ തല വെളിച്ചം കണ്ടാല്‍ അടി പുറത്തുവീഴുന്ന അവസ്ഥ.

അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു - നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌. ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

പണ്ട്‌ മുകുന്ദനെഴുതിയത്‌ വായിച്ച്‌ ഒരു തലമുറ വഴിതെറ്റിപ്പോയിയെന്ന്‌ ഏതോ വിഡ്‌ഢി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. മുകുന്ദന്റെ വരികള്‍ക്ക്‌ ഒരു തലമുറയെ വഴിതെറ്റിക്കാനാവുമെങ്കില്‍ ബൂദ്ധന്റെ പേരുകേട്ടാല്‍ തന്നെ ലോകത്തിന്റെ തന്നെ വഴി നേര്‍ക്കായിപ്പോവണമല്ലോ.

കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടായി എന്നു ഡാര്‍വിന്‍ പറഞ്ഞയുടനെ ജീസസും മുഹമ്മദ്‌ നബിയും അന്ത്യശ്വാസം വലിച്ചിട്ടില്ല. ശാസ്‌ത്രം പുരോഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ കൊട്ടകൊത്തളങ്ങള്‍ നിലം പൊത്തുമെന്നത്‌ മന്ദബുദ്ധികളുടെ ഒരന്ധവിശ്വാസമാണ്‌. അതിന്റെ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ്‌ ബ്രൂണോ.

പോത്തുപെറ്റെന്നു കേട്ടപ്പോള്‍ പണിക്കര്‍ കയറെടുത്തതിന്റെ കാരണമാണ്‌ ഒരു സമസ്യയായി അവശേഷിക്കുന്നത്‌. അദ്ധ്യാത്മികതയുടെ നാലയലത്ത്‌ പണ്ട്‌ അടുപ്പിച്ചുകൂടാത്ത സംഗതിയായിരുന്നു സെക്‌സ്‌. അക്കാലത്ത്‌ കാമശാസ്ര്‌തം വിരചിച്ച വാത്സ്യായന്‌ മഹര്‍ഷിപദം നല്‌കിയ സംസ്‌കാരമാണ്‌ ഹൈന്ദവസംസ്‌കാരം.

ബലികൊടുക്കപ്പെട്ട മൃഗം സ്വര്‍ഗത്തില്‍ പോവുമെങ്കില്‍ നിന്റെ മാതാപിതാക്കളെ വെട്ടി ബലി കൊടുക്ക്‌. അവര്‍ വഴിതെറ്റി നരകത്തിലെത്തിപ്പോകേണ്ട്‌ സ്വര്‍ഗത്തില്‍ തന്നെയാവട്ടെ എന്നു കളിയാക്കിയ ലോകത്തിലെ ആദ്യത്തെ യുക്തിവാദിയായ ചര്‍വ്വാകനും അവിടെ മഹര്‍ഷിപദവിയുണ്ട്‌. അങ്ങിനെ എത്രയോ പേര്‍. യവനനായ അലക്‌സാണ്ടര്‍ തൊട്ടിങ്ങോട്ട്‌ ശീമസായ്‌പ്‌ വരെ ഉഴുതുമറിച്ചിട്ടും ആ ചിന്താധാരയുടെ ഉറവവറ്റാതിരുന്നത്‌ ഇതെല്ലാം കൊണ്ടാണ്‌.

സ്വച്ഛന്ദമൃത്യുവാണ്‌ അത്തരം ആശയങ്ങള്‍. അവയുടെ സംരക്ഷണത്തിന്‌ തത്‌ക്കാലം പണിക്കരുടെയോ കാവികെട്ടിയ കുന്തത്തിന്റെയോ യാതൊരാവശ്യവുമില്ല. അവരുള്ളതാണാപത്ത്‌. ലോകം ഇവറ്റകളെനോക്കി ഹിന്ദുമതത്തെ വിലയിരുത്തിക്കളയും.

ബുദ്ധമതത്തില്‍ ചേരാന്‍പോയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട്‌ ബുദ്ധസന്ന്യാസി താന്‍ ബുദ്ധനുവേണ്ടി എന്തുചെയ്യും എന്നുചോദിച്ചിരുന്നുപോലും. അപ്പോ ഘനഗംഭീര ശബ്ദത്തില്‍ നീണ്ടു നിവര്‍ന്നു നിന്ന്‌ സീരിയല്‍ നായകനെപ്പോലെ ചുള്ളിക്കാട്‌ പറഞ്ഞു "ഞാന്‍ പ്രതിരോധിക്കും. ബുദ്ധനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കും". സന്ന്യാസി പ്രതിവചിച്ചത്‌ നിന്റെ സഹായമില്ലാതെ തന്നെ രണ്ടായിരം കൊല്ലമായി ബുദ്ധന്‍ ജീവിക്കുന്നുണ്ട്‌ എന്നായിരുന്നു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ നശിപ്പിക്കാനേ താലിബാനികള്‍ക്കാവുകയുള്ളൂ. ബുദ്ധനെ തകര്‍ക്കാന്‍ പ്രതിമതകര്‍ത്തവന്‍ ഒരായിരം ജന്‍മം ജനിച്ചാലും നടക്കുമെന്ന്‌ തോന്നുന്നില്ല.

സാക്ഷാല്‍ ഇ.എം.എസ്സിനും നായനാര്‍ക്കും മരണം വരെ നിഴലുപോലെ കൂടെ നടന്ന ആര്യാ അന്തര്‍ജനത്തിന്റെയും ശാരദടീച്ചറുടെയും വിശ്വാസം മാറ്റിയെടുക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ പിന്നെ ബാക്കി മാനവരുടെ കാര്യത്തെ പറ്റി ആരും ബേജാറാവേണ്ടതേയില്ല. കിത്താബിന്റെ അണിയറ പ്രവര്‍ത്തകനായ ബേബിസഖാവിന്റെ ഭാര്യ ബെറ്റിക്ക്‌ സഖാവിലുള്ളതിലും വിശ്വാസം കര്‍ത്താവിലുള്ളതുകൊണ്ടാണല്ലോ പരിശുദ്ധപിതാവിന്റെ കൈ മുത്തിയത്‌.

Unknown said...

അതിന്പ്പൊ ഞങ്ങള് ഈ പുത്തകം തന്നെ നേര്ക്ക്
കണ്ട്ട്ടില്ല
ന്ന്..ട്ടാ..പ്പൊ പയേ പുത്തകം.

അഭിമന്യു said...

ദൈവം മനുഷ്യനെ രക്ഷിക്കുമെന്ന് മതഗ്രന്ഥങ്ങളും പ്രവാചകരും ഓരോ മതത്തിന്‍െറ സ്ഥാപകരും പറ‍ഞ്ഞിരുന്നെങ്കിലും മനുഷ്യന്‍ ദൈവങ്ങളെ രക്ഷിക്കാന്‍വേണ്ടി ബോം
ബും വാളുമായിട്ട് തെരുവിലിറങ്ങുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.
ദൈവങ്ങള്‍ ആരെയെങ്കിലും രക്ഷിക്കുന്നുണ്ടെങ്കില്‍ അത് ആത്മീയ വ്യാപാരികളേയും
അവരുടെ വാലാട്ടികളായ ചണ്ടി ചെളിത്തലയന്‍ മാരേയും മാത്രമാണ്.ഇത് മനസ്സിലാക്കാന്‍ കഴിവില്ലാത്ത ചിന്താശൂന്യരായ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഇവരുടെ
പുറകേ ഉണ്ടെന്നതാണ് ഇവരുടെ ബലം.
സഹോദരന്‍








ി