ഏഴാംക്ലാസിലെ വിവാദപാഠം
അടുത്ത പേജ്
പത്രങ്ങളില്‍ വന്ന ഏതാനും പ്രതികരണങ്ങള്‍ കാണുക:
നാലാംകിട സമരം
വി ശിവദാസന്‍
നേരത്തെ ഏകജാലകമെന്നായിരുന്നു സമരമുദ്രാവാക്യം. ജാലകസമരം ജനങ്ങള്‍തന്നെ പൂട്ടിച്ചു. ഇപ്പോള്‍ ഏഴാംക്ളാസില്‍ എത്തിയിരിക്കുകയാണ്. “സ്കൂള്‍വര്‍ഷം ആരംഭിച്ച് മാസം മൂന്നു കഴിഞ്ഞിട്ടും പുസ്തകമെവിടെ സര്‍ക്കാരേ എന്നായിരുന്നു വിദ്യാര്‍ഥിസമരങ്ങളില്‍ മുന്‍കാലങ്ങളില്‍ കേട്ടുതഴമ്പിച്ച മുദ്രാവാക്യം. ഇത്തവണ അതു കേള്‍ക്കാനില്ല. എന്നിട്ടും പ്രശ്നം പാഠപുസ്തകംതന്നെ. വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നവരൊക്കെ ഏഴാംതരം സാമൂഹ്യപാഠപുസ്തകം വായിച്ചു നോക്കിയിട്ടുണ്ടാവും. എന്താണ് പാഠപുസ്തകത്തില്‍ വിവരിക്കുന്നത്. സാമൂഹ്യ നന്മയ്ക്ക് വിഘാതമാകുന്ന എന്തെങ്കിലും പ്രസ്തുത പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ?. സമൂഹത്തിന്റെ സവിശേഷതകളെ യഥാവിധി മനസ്സിലാക്കാനും ജനനന്മയെ മുന്‍നിര്‍ത്തി വിദ്യാര്‍ഥിയെ പ്രവര്‍ത്തന സജ്ജനാക്കാനും സഹായിക്കുന്ന പ്രക്രിയയാണ് സാമൂഹ്യശാസ്ത്രപഠനം. കാര്‍ട്ടൂണുകളും രേഖാചിത്രങ്ങളും ഉള്‍പ്പെടുത്തി നാടിന്റെ ചരിത്രവും വര്‍ത്തമാനവും ആകര്‍ഷകമായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. തുടര്വായനയ്ക്ക് വിദ്യാര്‍ഥികളെ സഹായിക്കുന്ന പുസ്തകങ്ങളും പരാമര്‍ശിക്കുന്നുണ്ട്. അതിനെക്കുറിച്ചാണ് ചിലര്‍ക്ക് വലിയ ആക്ഷേപം. ചെറുകാട്, പൊറ്റക്കാട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഏതോ നിബിഡവനത്തെക്കുറിച്ചായിരിക്കും പറയുന്നതെന്ന് ധരിച്ചുപോകുന്നുണ്ടോ എന്നറിയില്ല. പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിലെ എക്കാലത്തെയും ഏറ്റവും ആദരണീയനായ സഹിത്യകാരന്, കേന്ദ്ര- കേരള സാഹിത്യ അക്കാദമികള്‍ അവയുടെ പരമോന്നത ബഹുമതികള്‍ നല്കി ആദരിച്ച ഗോവിന്ദ പിഷാരടിയെന്ന ചെറുകാടിനെയാണ്. നോവലും, കഥയും, കവിതയും, ബാലസാഹിത്യവും എന്നുവേണ്ട സര്‍വമേഖലയിലും വിരാജിച്ച ബഹുമുഖപ്രതിഭ. മറ്റൊരാള്‍ കെ ദാമോദരന്‍, ദര്‍ശനത്തെ കുറിച്ച് സാര്‍വദേശിയ രാഷ്ട്രീയത്തെകുറിച്ച് കേരളത്തെ പഠിപ്പിച്ച സ്വാതന്ത്യ്ര സമരസേനാനി. ജന്മി തമ്പുരാക്കന്മാരുടെ കൊടിയ ചൂഷണത്തിന്റെ നേര്‍ചിത്രമായി മാറിയ “'പാട്ടബാക്കി'യുടെ പ്രാധാന്യം ആര്‍ക്കാണ് കുറച്ചു കാണാനാകുക. പിന്നെ അലര്‍ജിയാകുന്നത് കെ കെ എന്‍ കുറുപ്പിന്റെയും ആണ്ടലാട്ടിന്റെയും പേരുകളാണ്. കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളെക്കുറിച്ചുളള ഒരു പഠനത്തിന്റെയെങ്കിലും പുസ്തകസൂചന നോക്കിയിരുന്നെങ്കില്‍ ഇതുപറയാന്‍ വാ തുറക്കില്ലായിരുന്നു. ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടി ശേഖരിച്ച വിവരങ്ങള്‍ ചേര്‍ത്ത് ആണ്ടലാട്ടെഴുതിയ രേഖയില്ലാചരിത്രം ഒരുവേള നോക്കിയിരുന്നുവെങ്കില്. ഇനിയും ഒരുപാട് നല്ല പുസ്തകങ്ങള്‍ തുടര്‍ വായനയ്ക്കായി ചേര്‍ക്കാമായിരുന്നുവെന്നത് ശരിയാണ്. അപ്പോള്‍ തകഴി, ചങ്ങമ്പുഴ, കെ എന്‍ പണിക്കര്‍ തുടങ്ങിയ പേരുകള്‍ കൊടുത്താല്‍ അവരും നിങ്ങളുടെ പ്രിയപ്പെട്ടവരല്ലല്ലോ. പകരം ഉമ്മന്‍ചാണ്ടി, ചെന്നിത്തല, പവ്വത്തില്‍ എന്നൊക്കെ കൊടുക്കണമെന്നാണോ പറയുന്നത്. 1957 ലെ കുടിയൊഴിപ്പിക്കല്‍ നിരോധിച്ച നിയമത്തിന്റെ കോപ്പി പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ഷിക ബന്ധബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടിയായി ഗൌരിയമ്മ നടത്തിയ പ്രസംഗവും പുസ്തകത്തിലുണ്ട്. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. വിമോചന സമരവേളയില്‍ നിരാഹാരപ്പന്തലില്‍നിന്ന് വയറുവേദന വന്ന് ആശുപത്രിയില്‍ പോയ നേതാവിനോട് ഡോക്ടര്‍ പറഞ്ഞുവത്രേ വെറും വയറ്റില്‍ പഴം കഴിച്ചതാണ് കാരണമെന്ന്. അത്തരം സംഭവ വിവരണമൊന്നും പുസ്തകത്തില്‍ എവിടെയുമില്ല. മതഭ്രാന്ത് മൂത്ത മാപ്പിളമാരുടെ കലാപമെന്ന് സാമ്രാജ്വത്വവാദികള്‍ എഴുതിവച്ച മലബാര്‍ കലാപത്തെ വിവരിച്ച രീതി നോക്കുക. “ഹിന്ദുക്കളെ ദ്രോഹിക്കരുതെന്ന് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ളിയാരും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മറിച്ച് ചെയ്തവരെ കര്‍ശനമായി ശിക്ഷിക്കാന്‍ കുഞ്ഞഹമ്മദ് ഹാജി മടിച്ചിരുന്നില്ല. ബ്രിട്ടീഷുകരെ സഹായിച്ച മുസ്ളീങ്ങളെയും അദ്ദേഹം ശിക്ഷിച്ചിരുന്നു” (പേജ് 34). ഓരോ പേജിലും നിറഞ്ഞു നില്‍ക്കുന്നത് മതസൌഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശംമാത്രം. ഇരുപത്തഞ്ചാമത്തെ പേജില്‍ ഫോട്ടോസഹിതം കൊടുത്തിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ കോഗ്രസുകാര്‍ ഒന്നു വായിച്ചിരുന്നുവെങ്കില്‍. “ "എന്റെ മരണശേഷം എനിക്കായി മതപരമായ യാതൊരു കര്‍മങ്ങളും നടത്തണമെന്ന് എനിക്ക് ആഗ്രഹമില്ലെന്ന് ഉളളഴിഞ്ഞ് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു........'' നെഹ്റുവിന്റെ വാക്കുകളും ഫോട്ടോയും പുസ്തകത്തില്‍നിന്ന് നീക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതവും വാക്കുകളും പഠിച്ചുകൂടെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ. നെഹ്റുവിന്റെ വാക്കുകളെ ഭയക്കുന്നവര്‍ക്കെങ്ങനെ ശ്രീ നാരായണഗുരുവിനെ ഇഷ്ടപ്പെടാനാവും. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്നായിരുന്നല്ലോ ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ പ്രിയശിഷ്യന് സഹോദരന് അയ്യപ്പന് ആഹ്വാനംചെയ്തത് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നായിരുന്നു. ക്ളാസ് മുറിയില്‍ മതം പരാമര്‍ശവിധേയമാകുന്ന് മതഭ്രാന്തരെ സൃഷ്ടിക്കാനാകരുത്. മതത്തിലെ മാനവികതയെ ജീവിതത്തില്‍ പകര്‍ത്താനായിരിക്കണം. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തി നടന്ന പോരാട്ടങ്ങളും ഗീതയും ഖുറാനും ബൈബിളും മതപരിഷ്കാര പ്രസ്ഥാനങ്ങളെയുമെല്ലാം പഠിക്കാനുളള അവസരം വിദ്യാര്‍ഥിക്ക് ലഭ്യമാകണം. മതഗ്രന്ഥങ്ങളെ സ്നേഹഗീതങ്ങളായി പാഠപുസ്തകം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നാലാംകിട സമരക്കാര്‍ ഏഴാംതരം പുസ്തകം വായിച്ചുനോക്കിയാല്‍ അവരുടെ മനസ്സിലും നന്മ വരും.
മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
ടി കെ നാരായണദാസ്
പാ ഠപുസ്തകങ്ങള്‍ പുറത്തുവന്നു. വിവാദ ങ്ങളും. രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും പാഠപുസ്തകങ്ങളെ വിശകലനം ചെയ്യുന്നത് തികച്ചും അഭിലഷണീയമായ കാര്യമാണ്. എന്നാല്‍, പാഠപുസ്തകങ്ങളിലെ ചില പ്രയോഗങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി 'ഇതാ നിരീശ്വരവാദം പഠിപ്പിക്കുന്നു, ഇതാ കമ്യൂണിസം പഠിപ്പിക്കുന്നു' എന്നെല്ലാം പ്രചരിപ്പിച്ച് അങ്കലാപ്പുണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണ്. കമ്യൂണിസം പഠിപ്പിക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനും പാഠപുസ്തകങ്ങളെ പ്രയോജനപ്പെടുത്താമെന്ന ചിന്ത മറ്റാര് വച്ചുപുലര്‍ത്തിയാലും കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയൊരു വ്യാമോഹമുണ്ടാകാനിടയില്ല. ഈ പശ്ചാത്തലത്തില്‍ ഏഴാംതരത്തിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു വിചിന്തനം നടത്താനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. പ്രശ്നാധിഷ്ഠിത സമീപനം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് പുലിവാലുപിടിക്കുന്നതെന്തിന്? ഇത്തരം മനോഭാവം നമുക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തിലെ 'ഇനിയും മുന്നോട്ട്' എന്ന പാഠം തുടങ്ങുന്നത് മനുഷ്യത്വവിരുദ്ധമായ ഈ പ്രവണതയിലേക്ക് വെളിച്ചംവീശുന്ന കാര്ട്ടൂ വിശകലനമാണ്. കേരളീയസമൂഹം നേരിടുന്ന വര്‍ത്തമാനകാലപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അത് ഉല്‍പ്പാദിപ്പിക്കാനുള്ള അവസരമാണ് കുട്ടിക്ക് ലഭ്യമാവുന്നത്. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമമെന്ന നിലയിലാണ് കുട്ടിയുടെ അന്വേഷണം പുരോഗമിക്കുന്നത്. കേരളീയസമൂഹം നേരിടുന്ന പ്രശ്നങ്ങളെ എട്ടു പ്രശ്നമേഖലയായി ക്രമീകരിച്ചിരിക്കുന്നു: അഭ്യസ്തവിദ്യരില്‍ കായികാധ്വാനത്തോടുള്ള വൈമുഖ്യവും അനാദരവും; കാര്‍ഷികമേഖലയുടെ തളര്‍ച്ചയും പുതുതലമുറകള്‍ക്ക് കൃഷിയിലുള്ള താല്‍പ്പര്യക്കുറവും; ശരിയായ ആരോഗ്യാവബോധത്തിന്റെയും സാമൂഹ്യ ശുചിത്വത്തിന്റെയും അഭാവം; ശാസ്ത്രീയമായ ഭൂ-ജല മാനേജ്മെന്റിന്റെ അഭാവം; നഗരവല്‍ക്കരണ-വ്യവസായവല്‍ക്കരണപ്രക്രിയയില്‍ സുസ്ഥിരവികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ആസൂത്രണത്തിന്റെ അഭാവം; സാംസ്കാരിക സവിശേഷതകളെക്കുറിച്ചും അതിന്റെ സംരക്ഷണവും അധിനിവേശപ്രതിരോധവും സംബന്ധിച്ച് ശരിയായ അവബോധത്തിന്റെ അഭാവം; എല്ലാതരത്തിലുമുള്ള വിഭാഗീയതകളെ മറികടക്കാന്‍ കഴിയുന്നവിധത്തില്‍ വളര്‍ന്നുവരേണ്ട വിശ്വമാനവസങ്കലനത്തിന്റെ അഭാവം തുടങ്ങിയവയാണ് അവ. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കുട്ടി എല്ലാ വിഷയവും പഠിക്കുന്നത്. ഓരോ ക്ളാസിലും അന്വേഷണമേഖലയുടെ ആഴവും പരപ്പും നിലവാരവും വ്യത്യാസപ്പെട്ടുവരികയും ചെയ്യുന്നു. മണ്ണിനെ പൊന്നാക്കാന്‍ അമ്പതുവര്‍ഷം മുമ്പുവരെ നിലനിന്നിരുന്ന ജന്മിത്വത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞമര്‍ന്ന ജീവിതത്തിന്റെ ദൈന്യവും അതില്‍നിന്നു മോചനംനേടാന്‍ ഇവിടെ നടന്ന കര്‍ഷകസമരങ്ങളെയും ഓര്‍മപ്പെടുത്തുന്ന മണ്ണിനെ പൊന്നാക്കാം (സാമൂഹ്യശാസ്ത്രം ഏഴാംതരം) എന്ന പാഠം കാര്‍ഷികമേഖലയുടെ വര്‍ത്തമാനത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകളില്‍നിന്ന് കുട്ടി കണ്ടെത്തുന്നു. 87 ശതമാനം കൃഷിഭൂമിയും നാണ്യവിളകള്‍ക്കായി പ്രയോജനപ്പെടുത്തുന്ന കാര്യവും വ്യക്തമാവുന്നുണ്ട്. 'ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും' എന്ന സെമിനാറിനുള്ള തയ്യാറെടുപ്പും സെമിനാറും സെമിനാര്‍ റിപ്പോര്‍ട്ടു തയ്യാറാക്കലും കഴിയുമ്പോള്‍ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടിക്ക് സാമാന്യധാരണ ആര്‍ജിക്കാന്‍ കഴിയുന്നു. ഭൂപരിഷ്കാരം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിട്ടപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. മതമില്ലാത്ത ജീവന് ജീവന് എന്നത് ഒരു കുട്ടിയുടെ പേരാണ്. അവന്റെ അച്ഛന് അന്‍വര്‍. അമ്മ ലക്ഷ്മീദേവി. സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ജീവന്റെ മതമേതാണ് എന്ന് പ്രധാനാധ്യാപകന് ചോദിച്ചപ്പോഴാണ് ജീവന് മതമില്ല എന്ന് അന്‍വര്‍ പറഞ്ഞത്. ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നമ്മുടെ നാട്ടില്‍ എത്രയോപേര്‍ ഇങ്ങനെ വ്യത്യസ്തമതക്കാര്‍ ദമ്പതികളായി സുഖമായി ജീവിച്ചുവരുന്നു. നമ്മുടെ ഭരണഘടന അതനുവദിക്കുന്നുണ്ട്. പ്രോത്സാഹനം നല്‍കുന്നുമുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ അങ്ങനെയും ജീവിക്കാം. മതവിശ്വാസം ഒരു തരത്തിലുള്ള വിവേചനത്തിനും കാരണമാകില്ല. ഭരണഘടന അനുവദിക്കുന്ന ഈ മഹത്തായ സ്വാതന്ത്യ്രത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സമാദരണീയനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിലാഷം. മരണാനന്തരം മതപരമായ ഒരു ചടങ്ങും നടത്താന്‍പാടില്ലെന്നു ശഠിക്കുന്ന നമ്മുടെ ഒന്നാംപ്രധാനമന്ത്രിയെ പാഠത്തില്‍ ഉദ്ധരിച്ചത് ഉചിതമായി. ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ മതാതീതമായ മനുഷ്യബന്ധങ്ങളെ പരിചയപ്പെടാന്‍ അവസരം നല്കുന്ന ഒരു ബോക്സും നല്‍കുന്നുണ്ട്, പാഠത്തില്‍. ഇതെല്ലാം മതനിഷേധമല്ലേ എന്ന് മൂക്കുവിറപ്പിക്കുന്ന ഒരാള്‍ പാഠത്തിലൂടെ മുഴുവന്‍ കടന്നുപോകാനുള്ള ക്ഷമകാണിച്ചാല്‍ തനിയെ ശാന്തനാകും. ഖുര്‍-ആനും ബൈബിളും മഹാഭാരതവും ഉദ്ധരിച്ച് മതങ്ങളുടെ മഹനീയാദര്‍ശങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടാന്‍ അവസരം നല്കുന്നു. മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ മതവും പഠിപ്പിച്ചത്. അന്യമതക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ മനുഷ്യന്റെ മാത്രമല്ല, മതത്തിന്റെതന്നെ ശത്രുക്കളാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. വിശപ്പിനും ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതവിശ്വാസമനുസരിച്ചല്ല മനുഷ്യനെ ബാധിക്കുന്നതെന്നും തിരിച്ചറിയാന്‍ അവസരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വ്യക്തിഗതവായനയ്ക്കു നല്‍കേണ്ട രണ്ടു കുറിപ്പ് അധ്യാപകസഹായിയില്‍ നല്‍കുന്നുണ്ട്. 'ദേശീയ സ്വാതന്ത്യ്രസമരം കുട്ടികള്‍ക്ക്' എന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നാണ് ഒന്ന് - ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ രക്തപങ്കിലമാക്കിയ വര്‍ഗീയകലാപത്തിന്റെ ചിത്രണം. ടൈംസ് ഓഫ് ഇന്ത്യയില്‍ 2002 ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച നരോദ - പാട്യാലയിലെ വര്‍ഗീയകലാപത്തിനിടയില്‍ "ഹിന്ദുഭവനത്തില്‍ ജീവന് കാത്ത മുസ്ളിംകുടുംബ''ത്തിന്റെ കഥയാണ് രണ്ടാമത്തേത്. ഇതിനെല്ലാമൊടുവില്‍ 'നന്മയുടെ നാളുകള്‍' എന്നൊരു കുറിപ്പ് ഓരോ കുട്ടിയും തയ്യാറാക്കണം. വര്‍ഗീയകലാപത്തില്‍പ്പെട്ട് നാടുവിടേണ്ടിവരുന്ന ഒരു കുട്ടി വീട്ടില്‍ അഭയംതേടിയാല്‍ നിങ്ങളെങ്ങനെ പെരുമാറും? അതും അവന്റെ/അവളുടെ മതവിശ്വാസം ഭിന്നമാണെങ്കില്‍? പ്രശ്നവുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഒരു പ്രശ്നസന്ദര്‍ഭത്തില്‍ ഇടപെടുകതന്നെയാണ് ഇവിടെ ചെയ്യുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള ഒരായിരം ഉപദേശപ്രസംഗത്തേക്കാള്‍ കരുത്തുണ്ട് ഈ പ്രവര്‍ത്തനത്തിന്. ഒരു മതഭ്രാന്തനുപോലും ഇത് മതനിഷേധമാണെന്ന് സത്യസന്ധമായി പറയാന്‍ കഴിയില്ല. പുതിയ കുതിപ്പുകള്‍ക്കായി 'ഇനിയും മുന്നോട്ട്' എന്ന പാഠം സ്വാതന്ത്യ്രസമരചരിത്രത്തിലേക്കാണ് കുട്ടികളെ ആനയിക്കുന്നത്. പീര്‍മുഹമ്മദിന്റെയും ഭഗത്സിങ്ങിന്റെയും രക്തസാക്ഷിത്വവും ശാന്തിഘോഷ്, സുനിതാചൌധരി എന്നീ പെകുട്ടികളുടെ ധീരസാഹസികത്വവും ജാലിയാന്‍വാലാബാഗും മലബാര്‍ കലാപവും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും സ്വാതന്ത്യ്രസമരത്തിന്റെ വിവിധ ധാരകളെയാണ് പ്രതിനിധാനംചെയ്യുന്നത്. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ സംഭവങ്ങളുടെയും വ്യക്തികളുടെയും കണക്കെടുപ്പ് നടത്തി സ്വാതന്ത്യ്രസമരത്തിന്റെ സമഗ്രചരിത്രവുമായി തട്ടിച്ചുനോക്കി വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍അതിന് അന്ത്യമുണ്ടാകില്ല. കേളപ്പനെയും എ കെ ജിയെയും വിട്ടുകളഞ്ഞു എന്നൊരാള്‍ക്കു പരാതിപ്പെടാം. അബ്ദുള്‍കലാം ആസാദിനെ പരാമര്‍ശിക്കാത്തത് കടുത്ത വിവേചനമാണെന്ന് ആരോപിക്കാം. എന്നാല്‍, കുട്ടി പഠിക്കുന്ന സ്വാതന്ത്യ്രസമരചരിത്രം ഇതുമാത്രമാണോ? മറ്റു ക്ളാസുകളിലൊന്നും സ്വാതന്ത്യ്രസമരത്തെക്കുറിച്ച് ഒന്നും പഠിക്കുന്നില്ലേ? മാത്രമല്ല, ഈ പാഠംതന്നെ സ്വാതന്ത്യ്രസമരചരിത്രത്തിലേക്കുള്ള കുട്ടിയുടെ അന്വേഷണത്തിന് വഴിതുറക്കുകയല്ലേ ചെയ്യുന്നത്? ഏഴാംതരത്തിലെ പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്നതുമാത്രമാണ് കുട്ടി പഠിക്കുന്നതെന്ന പഴയ പഠനസങ്കല്‍പ്പത്തിന്റെ ഉല്‍പ്പന്നമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ ദിശയിലുള്ള വിമര്‍ശനം. സ്വാതന്ത്യ്രസമരത്തിന്റെ ത്യാഗോജ്വലപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലപ്രശ്നങ്ങളെ കുട്ടി അഭിമുഖീകരിക്കുന്നു. ഇനിയും മറികടക്കേണ്ട പ്രശ്നങ്ങളും പൊരുതിതോല്‍പ്പിക്കേണ്ട അനീതികളുമുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. നമ്മുടെ സ്വാതന്ത്യ്രസമര പൈതൃകം മുന്നോട്ടുകൊണ്ടുപോകാന്‍ ഇങ്ങനെ മാത്രമേ നമുക്കു കഴിയൂ. ഇനിയും നടക്കേണ്ട പോരാട്ടങ്ങളിലേക്ക് ഉപനയിക്കപ്പെടാനല്ലെങ്കില്‍ പിന്നെന്തിനാണ് സ്വാതന്ത്യ്രസമരചരിത്രം കുട്ടി പഠിക്കുന്നത്? ഇതൊക്കെയാണോ കമ്യൂണിസം? പുറത്തുവന്ന പാഠപുസ്തകത്തിലെ "വെള്ളത്തെ പിടിച്ചുകെട്ടാം'', "നദികള്‍ നാടിന് സമ്പത്ത്'' എന്നീ രണ്ടുപാഠവും പ്രകൃതിയെ ആദരിച്ചും സ്നേഹിച്ചും കരുതലോടെ ജീവിക്കാന്‍ പ്രേരണ നല്കുന്നവയാണ്. ഭൂ-ജല മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണയുടെ അഭാവം എന്ന പ്രശ്നമേഖലയുമായി ബന്ധപ്പെട്ട ഈ രണ്ടുപാഠവും കേരളത്തിന്റെ വര്‍ത്തമാനകാല പ്രശ്നങ്ങളിലുള്ള ഇടപെടലായി വികസിക്കുന്നുണ്ട്. പാഠപുസ്തകത്തോടൊപ്പം അധ്യാപകസഹായിയും വായിച്ചുനോക്കാനുള്ള അവധാനത വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. പാഠപുസ്തകം കുട്ടിയുടെ പഠനസാമഗ്രികളില്‍ ഒന്നുമാത്രമാണ്. പഴയകാലത്തെപ്പോലെ അറിവിന്റെ അവസാന വാക്കല്ല. അധ്യാപകപരിശീലനം, ക്ളസ്റ്റര്‍ പ്ളാനിങ് തുടങ്ങി അനേകം സന്ദര്‍ഭങ്ങളിലൂടെ ഓരോ പാഠത്തിന്റെയും വികാസ സാധ്യതകൂടി പരിഗണിക്കേണ്ടതുണ്ട്. മനുഷ്യത്വമെന്നാല്‍ കമ്യൂണിസമോ? കുട്ടികളെ നല്ല മനുഷ്യരായി വളരാന്‍ സഹായിക്കുന്ന അനേകം പഠനസന്ദര്‍ഭങ്ങളാണ് പാഠ്യപദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്. സഹജീവികളോടു കാരുണ്യവും അവരുടെ പ്രശ്നങ്ങളില്‍ താല്‍പ്പര്യമുളവാക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളുമുണ്ട്. വര്‍ഗീയകലാപങ്ങള്‍ക്കെതിരെ ചിന്തിക്കാനും മതങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവും മതവിശ്വാസികള്‍ക്കിടയില്‍ ഐക്യവും വേണമെന്ന് ആഗ്രഹിക്കാനും പാഠങ്ങള്‍ പ്രേരണനല്‍കുന്നുണ്ട്. സ്വാതന്ത്യ്രസമരത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആ പാഠത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിക്ക് തോന്നലുണ്ടാകുന്നു. പ്രകൃതിയെ മാനിക്കാനും സ്നേഹിക്കാനും പരിരക്ഷിക്കാനും തനിക്ക് കടമയുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. ഇന്നത്തെ ലോകത്ത് തന്റേടവും അലിവുമുള്ള നല്ല മനുഷ്യരായി വളരണം പുതിയ തലമുറകള്‍ എന്ന ചിന്തയാണ് പാഠപുസ്തകത്തിലെ ഓരോ വരിയും പ്രകടമാക്കുന്നത്. ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം കമ്യൂണിസമാണ് പഠിപ്പിക്കുന്നത് എന്ന് മുറവിളികൂട്ടുന്നവര്‍ മനുഷ്യത്വമെന്നാല്‍ കമ്യൂണിസമാണ് എന്ന് അംഗീകരിക്കുകയാണ് ചെയ്യുന്നത്. സഹജീവികളോട് അലിവും രാജ്യസ്നേഹവും പ്രകൃതിയോട് ആദരവുമുണ്ടായാല്‍ കമ്യൂണിസ്റ്റാവുമെന്ന് ഈ വിമര്ശകന് സമ്മതിക്കുന്നുവോ? അതിലപ്പുറം മറ്റെന്തു കമ്യൂണിസമാണ് ഈ പുസ്തകത്തിലുള്ളത്? ഇത്തരം മാനുഷികഭാവങ്ങള്‍ കുട്ടികളില്‍ വളരണമെന്ന് കേരളത്തിലെ മറ്റൊരു പ്രസ്ഥാനവും ആഗ്രഹിക്കുന്നില്ലേ?
ഏഴാം തരത്തിലെ കമ്യൂണിസം
വിശേഷാല്‍പ്രതി
ഇന്ദ്രന്
കമ്യൂണിസം ഏത് വഴിക്ക് വന്നാണ് നമ്മുടെ കഞ്ഞികുടി മുട്ടിക്കുകയെന്ന് ഭയന്നിരിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്. മരിച്ചുപോയവരുടെ പ്രേതങ്ങള്‍ വന്ന് കഴുത്തിന് പിടിക്കുമോ എന്ന് ഭയന്ന് ഉറക്കം വരാത്തവര്‍ ഉള്ളതുപോലെ. കമ്യൂണിസം തോക്കിന്‍കുഴലിലൂടെ വരും, ബാലറ്റ് പെട്ടിയിലൂടെ വരും എന്നെല്ലാമാണ് ഇക്കാലമത്രയും പേടിപ്പിച്ചിരുന്നത്. ഇപ്പോഴിതാ പുതിയൊരു വഴിക്ക് വരുമെന്ന് ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം സംഘടനകള്‍ കൂട്ടായി രംഗത്ത് വന്ന് മനുഷ്യനെ ഭീഷണിപ്പെടുത്തുന്നു. പുതിയ വഴി കേട്ടപ്പോഴാണ് മൂക്കത്ത് വിരല്‍ വെച്ചുപോയത്. കമ്യൂണിസം പാഠപുസ്തകം വഴി വരാനാണത്രെ ടിക്കറ്റെടുത്തിരിക്കുന്നത്.
രണ്ടാം മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായത് മുതല്‍ കേരളത്തിലെ മതസംഘടനക്കാരും യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ്- യുവമോര്‍ച്ചാദി അകാലവാര്‍ധക്യം പ്രാപിച്ചവരും സ്കൂള്‍ പാഠപുസ്തകം താഴെവെച്ചിട്ടില്ല. അവ ഒന്നൊന്നായി വായിച്ചുതള്ളുകയായിരുന്നു അവര്‍. വെറുതെയങ്ങ് വായിച്ചാലും പോര. വരികളും വായിക്കണം. വരികള്‍ക്കിടയിലും വായിക്കണം. എവിടെയാണ് കമ്യൂണിസത്തിന്റെ വിഷബീജങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നതെന്ന് അറിയാന്‍ പാടില്ലല്ലോ. പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലത്ത് ഇതിന്റെ പാതിയെങ്കിലും വായിച്ചിരുന്നെങ്കില്‍ എല്‍.ഡി.ക്ലര്‍ക്കെങ്കിലും ആയി രക്ഷപ്പെട്ടുപോകുമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല.
എല്‍.കെ.ജി. മുതല്‍ ബി.എ. വരെ ക്ലാസ്സുകള്‍ ഒന്നര ഡസനുണ്ട്. ഓരോന്നിലും ചുമട്ടുതൊഴിലാളിയെ സഹായത്തിന് വിളിക്കാന്‍ പോന്നത്ര എണ്ണത്തിലും വലുപ്പത്തിലും പുസ്തകങ്ങളുമുണ്ട്. ഓരോ പുസ്തകത്തിലുമുണ്ട് എണ്ണിയാല്‍ തീരാത്തത്ര പാഠങ്ങള്‍. ഏഴാംതരത്തില്‍ തന്നെ പാഠങ്ങളെത്രയുണ്ടെന്നാണ് വിചാരം? ഒരൊറ്റ പാഠമാണ് കേരളത്തെയാകമാനം തകിടം മറിക്കാന്‍ പോകുന്നത്. എല്‍.കെ.ജി. മുതല്‍ സര്‍വപാഠങ്ങളും പഠിച്ച് ദൈവഭക്തനും മതവിശ്വാസിയും സാത്വികനും സര്‍വോപരി ജനാധിപത്യവാദിയുമായി വളര്‍ന്നുവന്ന പയ്യനും പയ്യത്തിയും ഏഴാംക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തിലെ ഒരു പാഠം പഠിച്ചുകഴിയുമ്പോഴേക്ക് മതവിരുദ്ധനും യുക്തിവാദിയും ഭൗതികവാദിയും നിരീശ്വരനും സര്‍വോപരി കമ്യൂണിസ്റ്റുകാരനുമാകും എന്നതാണ് പ്രശ്നം. ഇങ്ങനെ ഇടതുമുന്നണി ഭരിക്കുന്ന അഞ്ചുകൊല്ലംകൊണ്ട് കേരളം നിറയെ മതവിരുദ്ധ കമ്യൂണിസ്റ്റുകള്‍ നിറഞ്ഞുകവിയും. പിന്നെ കമ്യൂണിസം വരാന്‍ തോക്കിന്‍കുഴലൊന്നും വേണ്ടി വരില്ല, ബാലറ്റ് പെട്ടിതന്നെ മതിയാകും. പേടിക്കേണ്ട സംഗതിതന്നെ.
ഇടതുമുന്നണിയെ അധികാരത്തിലേറ്റാന്‍ പാടുപെട്ട ആധ്യാത്മികാചാര്യന്മാര് തന്നെ പരിഭ്രമിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും നിയമസഭാതിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണിത്തീരുംമുമ്പ് ടി.കെ.ഹംസ മുതല്‍ പിണറായി വിജയന് വരെയുള്ളവര്‍ പാഞ്ഞുചെന്ന് നന്ദി പറഞ്ഞ ഒരു മതാചാര്യന് വടക്കന്‍ കേരളത്തിലുണ്ട്. സുന്നി വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ നേതാവാണ് അദ്ദേഹം. നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ വിഭാഗത്തെ സ്നേഹപൂര്‍വം അരിവാള്‍സുന്നി എന്നാണ് വിളിക്കാറുള്ളത്. കഠിന മതവിശ്വാസിയും അതിലേറെ കഠിന മതേതരവിശ്വാസിയുമാണ് അദ്ദേഹം. മതവിശ്വാസത്തിന്റെ പച്ചക്കൊടിയും മതേതരവിശ്വാസത്തിന്റെ പച്ചച്ചെങ്കൊടിയും ഒരേസമയം രണ്ടുകൈകളിലുമേന്തുന്നവര്‍ ഈ ഭൂലോകത്ത് കേരളത്തിലേ ഉള്ളൂ എന്നാണ് പറയപ്പെടുന്നത്. കേരളം അങ്ങനെ പലതരം വിചിത്രജീവജാലങ്ങളുള്ള പ്രത്യേകപരിസ്ഥിതി ആവാസവ്യവസ്ഥയാണല്ലോ.
നടേപറഞ്ഞ പുരോഗമന മതേതര മതനേതാവ് ഉന്നയിച്ചത് അതിഗൗരവമായ ഒരു പ്രശ്നമാണ്. ഏഴാംതരം സാമൂഹ്യശാസ്ത്രത്തില്‍ ഒരു കൊടിയ മതവിരുദ്ധ ആശയമുണ്ട്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നതാണ് ആ ആശയം. എന്തൊരു അബദ്ധ ആശയം. ശ്രീനാരായണഗുരു ഇങ്ങനെ പറഞ്ഞില്ലേ എന്നുചോദിച്ച് ഇതിനെ ന്യായീകരിക്കാന്‍ നോക്കരുത്. ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു മനുഷ്യന് എന്ന് പറഞ്ഞില്ലേ ? ഇതംഗീകരിക്കാന്‍ പറ്റുമോ ? പറ്റും- മനുഷ്യര്‍ മുഴുവന്‍ നമ്മുടെ മതത്തില്‍ച്ചേരുകയാണെങ്കില്‍ മാത്രം. എന്നോ മണ്മറഞ്ഞ ഗുരു പറഞ്ഞതാണെന്നതുകൊണ്ടും കുറച്ച് ഈഴവര്‍ മാത്രമേ കേള്‍ക്കുകയുള്ളൂ എന്നതു കൊണ്ടും മിണ്ടാതിരുന്നെന്നേ ഉള്ളൂ. പാഠപുസ്തകത്തിലാക്കുമ്പോള്‍ കളി മാറും. ശ്രീനാരായണഗുരു പറഞ്ഞത് കേട്ടുകൊണ്ടിരുന്നാല്‍ ഈഴവര്‍ തെണ്ടിപ്പോവുകയേ ഉള്ളൂ എന്ന് ശ്രീനടേശഗുരു തിരുത്തിയിട്ടുമുണ്ട്. അത് വിട്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് പഠിപ്പിക്കാനേ പാടില്ല. മനുഷ്യന് നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ് തന്നെയാവണം എന്നാണ് യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന് ഡേഷ് മതക്കാരന് തന്നെയാവണം എന്നുപഠിപ്പിക്കണം. ശരി ഇവിടെ ഹലാക്കിന്റെ മതേതരത്വമായതുകൊണ്ട് അങ്ങനെ വേണ്ട എന്ന് സമ്മതിക്കാം. എന്തായാലും മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് പഠിപ്പിക്കാന്‍ പാടില്ല. അതുമതവിരുദ്ധമാണ്, കമ്യൂണിസമാണ്.
കേരളത്തിലെ മറ്റു പാഠപുസ്തകങ്ങള്‍ മതാചാര്യന്മാര് വായിച്ചിട്ടില്ലാത്തതു ഭാഗ്യം എന്നുകരുതിയാല്‍മതി. സാമൂഹ്യശാസ്ത്രം മാത്രമല്ല അസ്സല് ശാസ്ത്രം തന്നെ ഇവിടെ പഠിപ്പിക്കുന്നു. അതിലൊരിടത്തുപോലും ദൈവമാണ് ഭൂമിയേയും കോടാനുകോടി നക്ഷത്രങ്ങളെയും ഇക്കണ്ട ജീവജാലങ്ങളെല്ലാറ്റിനേയും സൃഷ്ടിച്ചതെന്ന് പഠിപ്പിക്കുന്നേയില്ല. ഈരേഴുപതിന്നാലുലോകമുണ്ടെന്ന് പഠിപ്പിക്കുന്നില്ല. ആണിന്റെ വാരിയെല്ലെടുത്താണ് പെണ്ണിനെ സൃഷ്ടിച്ചതെന്ന് പഠിപ്പിക്കുന്നില്ല. പെണ്ണിന്റെ തലച്ചോറിന് ആണിന്റെ തലച്ചോറിനേക്കാള്‍ വലുപ്പം കുറവാണെന്നും തത്ഫലമായി പെണ്ണിന് ആണിനേക്കാള്‍ ബുദ്ധി കുറവാണെന്നും പഠിപ്പിക്കുന്നില്ല. ഇതെല്ലാം സഹിക്കാം. മനുഷ്യന് മൃഗങ്ങളില്‍ നിന്ന് പരിണമിച്ചാണ് ഉണ്ടായതെന്നും കുരങ്ങന് മനുഷ്യന്റെ മുത്തച്ഛനാണ് എന്നുമുള്ള ഡാര്വിന് സിദ്ധാന്തം പഠിപ്പിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സഹിക്കും ? സത്യവിശ്വാസികളായ ടി.എം.ജേക്കബും പി.ജെ.ജോസഫും ഇ.ടി.മുഹമ്മദ് ബഷീറും മന്ത്രിയായിരിക്കുമ്പോഴും പഠിപ്പിക്കുന്നുണ്ടായിരുന്നു ഈ സര്‍വാബദ്ധങ്ങളെല്ലാം എന്നോര്‍ക്കുമ്പോഴാണ് നാസ്തികരുടെ സ്വാധീനം എന്തുമാത്രമുണ്ടെന്ന് അറിയുക.
കേരളത്തില്‍ കമ്യൂണിസ്റ്റുകാരുടെ സി.ഐ.എ. പേടിയോട് കിടപിടിക്കാന്‍ കഴിയുന്ന മറ്റൊരു പേടിയേ ഉള്ളൂ. അത് കമ്യൂ. വിരുദ്ധരുടെ കമ്യൂണിസ്റ്റ് പേടിയാണ്. രണ്ടുകൂട്ടര്‍ക്കും ഉറക്കമില്ല. സ്കൂളില്‍ കമ്യൂണിസം പഠിപ്പിക്കണം എന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പഠിപ്പിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ്. മുക്കാല്‍നൂറ്റാണ്ടുകാലം കമ്യൂണിസം മാത്രം പഠിപ്പിച്ചതിന്റെ ഫലമായാണ് സോവിയറ്റ് യൂണിയനില്‍ അത് ഉപ്പുവെച്ച കലം പോലെയായത്. പിന്നെയല്ലേ ഇവിടെ ഏഴാം ക്ലാസ്സില്‍ പഠിപ്പിച്ചിട്ട് അത് രക്ഷപ്പെടാന്‍ പോകുന്നത്. പാഠപുസ്തകം വായിച്ചാണ് കുട്ടികള്‍ പഠിക്കുന്നത് എന്നതാണ് വലിയ തെറ്റിദ്ധാരണ. എന്നാണാവോ അതുമാറുക!
Subscribe to:
Post Comments (Atom)
10 comments:
ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന മതമില്ലാത്ത ജീവന് എന്ന പാഠം താഴെ
ചേര്‍ക്കുന്നു.
വിമര്‍ശനങ്ങള്‍ എത്രമാത്രം സത്യവും,വസ്തുനിഷ്ടവുമാണ്?
മതമില്ലാത്ത ജീവന്
http://rafeeqkizhattur.blogspot.com/2008/06/blog-post_22.html
മതമില്ലാത്ത ജീവന്
ചര്‍ച്ച ഇവിടെയും
ഈ പാഠം 50 വര്‍ഷം മുമ്പു തന്നെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇന്നീ ഗതിയുണ്ടാകുമായിരുന്നില്ല.
എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്കും സഹിഷ്ണുതയിലേക്കുമാണു നയിക്കുന്നതെന്ന് ഈ പാഠത്തിലും ആവര്‍ത്തിക്കുന്നു. ഇതു നമ്മള് ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കി മാറ്റിയ ഒരു നുണയാണെന്നാണ് എന്റെ അഭിപ്രായം .കുട്ടികള്‍ക്കു തെറ്റായ സന്ദേശം നല്കുന്ന തരത്തില്‍ ഈ പാഠം അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ല. എല്ലാ മതങ്ങളും മനുഷ്യനെ സങ്കുചിതവര്‍ഗ്ഗീയ ചിന്തയിലേക്കു നയിക്കുന്നു എന്നതല്ലേ വസ്തുത.
i am from kozhikode.where can i get books displayed in your blog? it is not available in dc books or poorna.
വ്രജേഷ് ഉദ്ധേശിക്കുന്ന പുസ്തകം ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രമാണെങ്കില് അത് സ്കൂളുകളിലെ സ്റ്റോറുകളില്‍ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ .dc books or poorna യിലോ കിട്ടില്ല . ഏതെങ്കിലും ഹൈസ്ക്കൂള് സ്റ്റോറില്‍ അന്വേഷിക്കുക !
ഒരച്ഛന് മകള്‍ക്കേകിയ പുസ്തകം
എന്‍ പി ചന്ദ്രശേഖരന്
ഏ ഴാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പുസ് തകം നിരോധിക്കണമെന്ന ആവശ്യത്തിനു കീഴിലാണ് കേരളം. പുസ്തകപ്പകയില് കാര്യമുണ്ടെന്ന് എന്റെ തോന്നല്‍. ഇല്ലാത്ത കാര്യത്തിലെ വല്ലാത്ത പൊല്ലാപ്പായി ഇതിനെ തള്ളിക്കൂടാ. മലയാളിക്കുട്ടികള്‍ ഈ പുസ്തകം പഠിക്കുന്നത് ചിലരെയൊക്കെ പേടിപ്പിക്കും. ഒരേയൊരു രാഷ്ട്രീയപാര്‍ടിയുടെ പേരേ പുസ്തകം പരാമര്‍ശിക്കുന്നുള്ളൂ- ഇന്ത്യന്‍ നാഷണല്‍ കോഗ്രസ്. മൂന്നേ മൂന്നു സംഘടനകളുടെ പേരേ പുസ്തകത്തിലുള്ളൂ- ശ്രീനാരായണ ധര്‍മ പരിപാലന യോഗം, പ്രത്യക്ഷ രക്ഷാദൈവസഭ, മുസ്ളിം ഐക്യ സംഘം. കമ്യൂണിസ്റ് പാര്‍ടിയുടെ പേര് ഇല്ലേയില്ല. കമ്യൂണിസ്റ് സംഘടനകളുടെ പേരുമില്ല. 'അപകടം' പിടിച്ച ഒരു വാര്‍ത്ത പുസ്തകത്തിന്റെ തുടക്കത്തിലേ കൊടുത്തിട്ടുണ്ട്: പൊതുകിണറ്റില്‍നിന്ന് വെള്ളമെടുത്തതിന് ദളിതനെ ചുട്ടുകൊന്നു. ദളിതന് എന്നുമാത്രമോ, രാജ്യത്തെ പ്രധാന ദിവ്യന്മാര് ഇക്കാലത്തെ കുട്ടികളോട് ഒളിച്ചുവയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ വെളിച്ചത്തു നിര്‍ത്തുന്നു ഈ പുസ്തകം: ജന്മി, കര്ഷകന്, കോടതിയാമീന്‍, ഭൂവുടമ, കുടിയാന്, പൊലീസ്, സവര്ണന്, അവര്ണന്, ബ്രാഹ്മണന്, ചാന്നാന്‍, വിശ്വാസി, വിദേശി, കൊള്ളക്കാരന്, സായിപ്പ്, ഉദ്യോഗസ്ഥന്, ജനങ്ങള്‍. സിനിമകളിലും സീരിയലുകളിലും ചിത്രകഥകളും ത്രില്ലറുകളും മറച്ചുവയ്ക്കുന്ന പല രംഗവും ഈ ചിത്രം കുട്ടികള്‍ക്കായി ചിത്രീകരിക്കുന്നു: അരിവിലയെപ്പറ്റി ആവലാതിപ്പെടുന്ന ഒരു പാവം, രണ്ടര ലക്ഷം പറ നെല്ലു കൊയ്തുകിട്ടുന്ന ഒരു വീട്, അന്യന്റെ ഭൂമിയില്‍ താമസിച്ച് അടിമപ്പണിചെയ്തിരുന്ന ഒരു കുടിയാന് കുടുംബം, ഞാനെന്നു പറയാന്‍ പാടില്ലാതെ അടിയനെന്നു പറയേണ്ടവര്‍, വാ പൊത്തിമാത്രം സംസാരിക്കേണ്ടവര്‍, വഴി നടക്കരുതാത്തവര്, അരയ്ക്കുമേലെ മറയ്ക്കാന്‍ അധികാരമില്ലാത്തവര്‍... വാര്‍ത്തകള്‍ നേരെ പറയാത്തതോ മറച്ചുവയ്ക്കുന്നതോ ആയ അത്യാചാരങ്ങളുടെ പട്ടികയും നിരത്തുന്നു ഈ പുസ്തകം: നെല്ലുകടത്തല്, വയല്‍ നികത്തല്‍, കൃഷി കുറയല്‍, പഠനം നിര്‍ത്തല്‍, മതവ്യത്യാസം, വിവേചനം, തീണ്ടല്, തൊടീല്, ജീര്‍ണത, അനീതി, അഴിമതി, അനാചാരം, അന്ധവിശ്വാസം. സമൂഹത്തിലെ പ്രശ്നങ്ങളായി പുസ്തകം കുട്ടികളെ പഠിപ്പിക്കുന്ന ചിലതുണ്ട്- വിലക്കയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, വര്‍ഗീയകലാപം, പലായനം, തരിശിടല്‍, മദ്യലോബി, വ്യാജവാറ്റ്, മണല്‍മാഫിയ, ഭൂമി കൈയടക്കല്‍, സ്ത്രീപീഡനം, ചിലരുടെ കൈയില്‍മാത്രം ധനം കുമിഞ്ഞുകൂടുന്നത്. പുസ്തകം പരിചയപ്പെടുത്തുന്ന വാക്കുകളില്പ്പോലുമുണ്ട് 'അപകടം'. പാട്ടം, കാണം, ജന്മം, സ്വത്ത്, കുടിയൊഴിക്കല്‍, കൂര, ചട്ടിയും കലവും, വെടിവയ്പ്, സാക്ഷരത, നാണ്യവിള, ജാതി, ഉപജാതി, മേല്‍ജാതി, പുറംജാതി, മതം, ചാതുര്‍വര്‍ണ്യം, നികുതി, എച്ചില്, മേല്‍മുണ്ട്, വിളംബരം, ഉപവാസസമരം, ജനഹിതം, ക്ഷേത്രപ്രവേശനം, മതപരിവര്‍ത്തനം, യുക്തിചിന്ത, മരണപത്രം, മനുഷ്യസ്നേഹം, ധര്‍മം, സഹിഷ്ണുത, നന്മ, കച്ചവടം, ഭരണം, കല്‍പ്പന, കമ്പോളം, ചരക്ക്, ഉല്‍പ്പന്നം, വില, അധ്വാനം, സമ്പത്ത്, കുടില്‍, ചര്‍ക്ക, പട്ടിണി, രാജ്യം, വിദേശം, വിദേശവസ്ത്രം, സ്വദേശവസ്ത്രം, പ്രക്ഷോഭം, കൊലമരം, ചങ്ങല, ബലികഴിക്കല്‍, ധീരന്, തൂക്കിക്കൊല്ലല്‍, ജയില്‍, വിധി, പ്രാര്‍ഥന, വിപ്ളവകാരി, ജീവപര്യന്ത തടവ്, നാടുകടത്തല്‍, പട്ടാളനിയമം, മര്‍ദനം, ജീവച്ഛവം. പുസ്തകത്തില്‍ പഠിപ്പിക്കുന്ന സാമൂഹ്യപ്രധാനമായ സംഭവങ്ങള്‍ ചാന്നാര്‍ കലാപം, വൈക്കം സത്യഗ്രഹം, ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല, ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, വാഗ ട്രാജഡി, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം, കരിവെള്ളൂര്‍ സമരം, പന്നിമല വ്യാജവാറ്റ് വിരുദ്ധ സമരം എന്നിവയാണ്. മുഹമ്മദ് നബി, ഗുരു നാനാക്, ജവാഹര്‍ലാല്‍ നെഹ്റു എന്നിവരെ പുസ്തകം ഉദ്ധരിക്കുന്നു. കെ മാധവന്‍നായര്‍, നെട്ടൂര്‍ പി ദാമോദരന്‍, കെ ആര് ഗൌരിയമ്മ, ദേവകി നിലയങ്ങോട് എന്നിവരുടെ ഉദ്ധരണികളുമുണ്ടെങ്കിലും കൂടെയുള്ളത് ഭഗത്സിങ്ങിന്റെയും എ കെ ജിയുടെയും വാക്കുകള്‍. മഹാഭാരതത്തിലെയും ബൈബിളിലെയും ഖുര്‍ ആനിലെയും വാക്കുകള്‍ പുസ്തകത്തിലുണ്ട്. പക്ഷേ, ഒപ്പമുണ്ട് കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പൌരസമത്വവാദം തിരുവിതാംകൂറില്‍ എന്ന പുസ്തകത്തിലെ വരികളും. പുസ്തകത്തില്‍ കടന്നുവരുന്ന പേരുകളില്‍ ഗാന്ധിജിയുണ്ട്, കെ കേളപ്പനുണ്ട്. ഒപ്പമുള്ള പേരുകളോ - പീര്‍ മുഹമ്മദ്, കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ള്യാര്, ശാന്തി ഘോഷ്, സുനിതാ ചൌധരി, മൌലാനാ അബ്ദുല്‍ കലാം ആസാദ്, ഹരീശ്വരന്‍, എല്‍ എസ് പ്രഭു, എ ഒ ഹ്യൂം, സ്റീവന്‍സ്, ജനറല്‍ ഡയര്‍, മംഗള്‍പാണ്ഡെ, ബി കെ ദത്ത്, പുസ്തകത്തില്‍ പേരുള്ള വക്കം മൌലവിക്കും പൊയ്കയില്‍ യോഹന്നാനും ചിലരുടെ സര്‍ട്ടിഫിക്കറ്റില്ല. അതും കഴിഞ്ഞ് നാല് 'വിലക്ക'പ്പെട്ടവരുടെ പേരുകൂടി - ചെറുകാട്, കെ ദാമോരന്, കെ കെ എന്‍ കുറുപ്പ്, ആണ്ടലാട്ട്. പുസ്തകം ചില ചോദ്യങ്ങള്‍ കുട്ടികളോടു ചോദിക്കുന്നുമുണ്ട്: വയല്‍ നികത്തുന്നത് നന്നോ? കൃഷിക്കാരന് കൃഷിഭൂമിയുടെ അവകാശം കിട്ടിയതെന്ന്? നിങ്ങളുടെ നാട്ടില്‍ ആനാചരങ്ങള് നിലനിന്നിരുന്നോ? ഒരേ മതക്കാരില്ത്തന്നെ വേര്‍തിരിവുകളുണ്ടോ? പൊതുവസ്ത്രങ്ങള്‍ വന്നത് വേര്‍തിരിവുകളില്ലാതാക്കാന്‍ സഹായിച്ചോ? ഇന്ന് സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തിന്റെ പേരില്‍ വിലക്കുകളോ നിയന്ത്രണങ്ങളോ ഉണ്ടോ? മതകലഹങ്ങളില്ലാതാക്കാന് നമുക്ക് എന്തുചെയ്യാനാകും? വിലക്കയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം എന്നിവ ഏതു മതക്കാരെയാണ് കൂടുതല്‍ ബാധിക്കുക? തരിശിടാനും വയല്‍നികത്താനും ഭൂവുടമയ്ക്ക് അവകാശമുണ്ടോ? ഏതു രീതിയിലും ജീവിക്കാനുള്ള അവകാശമാണോ സ്വാതന്ത്യ്രം? കച്ചടത്തിനു വന്നവര്‍ ഭരണക്കാരായ പഴയകഥ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുമായി താരതമ്യപ്പെടുത്തിയാല്‍ എന്തു നിഗമനത്തിലെത്താം? ഇങ്ങനെയുള്ള ഈ പുസ്തകത്തിനെതിരെ ചോദ്യങ്ങളുയരാം: ഇതൊക്കെയാണോ ആഗോളവല്ക്കൃതലോകത്തെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്? ഇനിയത്തെ കുട്ടികള്‍ യൂണിവേഴ്സലിസവും ഹൈബ്രിഡൈസേഷനും എന്തെന്നല്ലേ പഠിക്കേണ്ടത്? കണ്ടീഷനാലിറ്റിമുതല് സ്ട്രക്ചര്‍ അഡ്ജസ്റ്മെന്റുവരെ എന്തൊക്കെ പഠിക്കാനുണ്ട് അവര്‍ക്ക്? പ്രൊട്ടക്ഷനിസവും പര്ട്ടിക്കുലറിസവും മള്‍ട്ടി കള്ചറലിസവുമൊക്കെ പഠിച്ചു തള്ളിക്കളഞ്ഞ് ആഗോളവല്കൃതന്മാരാകേണ്ടവരല്ലേ അവര്‍? പകരം ഈ പുസ്തകത്തില്‍ കണ്ട കാര്യങ്ങളും പഠിച്ച്, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവും തേടി, തന്റെ തോണി തനിയേ തുഴയുന്നവരായി കുട്ടികള്‍ വളര്‍ന്നാല്‍ ചിലര്‍ക്കൊക്കെ അപകടമല്ലേ? അതാണ് പുസ്തകവിരോധികള്‍ ചോദിക്കുന്നത്. ബിഗ് ബാങ്ങിന്റെ മുഴക്കമുള്ള ഒരു 'അതെ' ആണ് ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. ചോറ് കേരളത്തിലും കൂറ് അമേരിക്കയിലുമായവര് ഈ പുസ്തകത്തെ പേടിക്കണം. ഒരു മതക്കാരന് മറ്റൊരു മതക്കാരനു ശത്രു എന്നുപറയുന്നവര്‍ ഈ പുസ്തകത്തെ പേടിക്കണം. നമ്മുടെ മതം മാത്രം ശരിയെന്നും വര്‍ഗീയകലാപം ആവശ്യമാണെന്നും പഠിപ്പിക്കുന്നവരുടെയും അതുകൊണ്ടു ജീവിക്കാനുദ്ദേശിക്കുന്നവരുടെയും കാര്യവും അതുതന്നെ. ദേശീയപ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളും നവോത്ഥാനമൂല്യങ്ങളും പങ്കിടാത്തവരും ഈ പുസ്തകത്തെ പേടിക്കണം. എന്നാല്‍, ചരിത്രംകൊണ്ടും പൈതൃകംകൊണ്ടും അങ്ങനെയാകരുതാത്തവര് ഈ പുസ്തകത്തിന്റെ മാംസം ചോരയോടെ തിന്നാനലറുമ്പോള് നെഞ്ചുവിങ്ങുന്നു. വലിയൊരു ഉള്‍ക്കാഴ്ചയാണ് ഈ പുസ്തകവിവാദം കേരളത്തിനു തരുന്നത്. ഈ പുസ്തകത്തിലെങ്ങുമില്ല കമ്യൂണിസ്റ് ചിന്ത. ഉള്ളത് ദേശീയ-നവോത്ഥാന പ്രസ്ഥാന ചിന്തകളാണ്. അവ മാത്രമാണ്. അവയെ എതിര്‍ക്കാന്‍ വലതുപക്ഷം മുന്നോട്ടുവരുന്നത് വളരെ വ്യക്തമായ രാഷ്ട്രീയധാരണയാണ് നമുക്കു തരുന്നത്. ഈ പുസ്തകത്തിനെതിരായ പടപ്പുറപ്പാട് പ്രതീകാത്മകമാണ്. ചരിത്രം പറയരുതെന്നും സംസ്കാരം പകരരുതെന്നുമാണ് അവര്‍ പറയുന്നത്. ഓര്‍മയുടെയും സ്വപ്നത്തിന്റെയും കാലം കഴിഞ്ഞു എന്നാണവര്‍ പറയുന്നത്. ചരിത്രം അവസാനിച്ചെന്ന് ആരാണ് പറഞ്ഞത്? കേരളത്തിലിതാ ഈ പുസ്തകത്തിന്റെ രണ്ടുപാടുമായി ചരിത്രം! ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്ത്തുനേര്ത്തില്ലാതായെന്ന് ആരാണ് നിലവിളിക്കുന്നത്? ഇവിടെയിതാ 64 പുസ്തകത്താളുകള്‍ക്ക് ഇടത്തും വലത്തുമായി ഇടതുപക്ഷവും വലതുപക്ഷവും! "ഒരുകൂട്ടം അക്ഷരങ്ങളില്‍ ഞാന്‍ കാണിച്ചുതരാം ചരിത്രത്തെ'' എന്നു വേദനിച്ച് എന്റെ കൈയിലിതാ ഈ പീഡിതപുസ്തകം. ഒറ്റത്തെരുവിലെ പട്ടികള്‍ ഒന്നിച്ചുകുരയ്ക്കുംപോലെ മലയാളനാടിന്റെ മുക്കിലും മൂലയിലുംനിന്ന് ഈ പാവം പുസ്തകത്തിന്റെ ശത്രുക്കളുടെ വേട്ടക്കുര. ഈ കടലാസുകെട്ടിനു ചിത്രവധം വിധിക്കാന്‍ കങ്കാരുക്കോടതി കൂടുന്നത് ഇന്നോ നാളെയോ? പള്ളിക്കൂടങ്ങള്‍ക്ക്, പന്ത്രണ്ടുകാരായ ഏഴാംതരം കുട്ടികള്‍ക്ക്, തയ്യാറാക്കിയതാകാം ഈ പുസ്തകം. പക്ഷേ, ഈ കറുത്തകാലത്തെ വിളിക്കപ്പെട്ട പുസ്തകമാണ് ഇതെന്ന് ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു. വാളൂരിക്കൊണ്ട് സ്നേഹത്തെപ്പറ്റി പറയുന്ന പ്രമാണിമാരൊക്കെ പശ്ചാത്താപത്തോടെ വാക്കോടു വാക്കു പഠിക്കണം ഈ പുസ്തകം. ഓരോ മലയാളിക്കും ഇതു പാഠപുസ്തകമാകണം. ഈ പുസ്തകം നെറ്റിയില്‍ ചരിത്രത്തിന്റെയും ആത്മാവില്‍ നിയോഗത്തിന്റെയും മുദ്രയുള്ളത്. വായിച്ചപാടേ ഈയുള്ളവന് ഈ പുസ്തകത്തിന്റെ യന്ത്രപ്പകര്പ്പെടുത്തു. പത്താംക്ളാസിലെത്തിയ മകള്‍ക്ക് ഒരച്ഛന് നല്കിയ സമ്മാനമായി അത് ചരിത്രപ്പെട്ടു. ആകാശങ്ങളില്‍ പുലരി വിരിയുംവരെ, ആത്മാവുകളില്‍ പ്രഭാതനക്ഷത്രം തെളിയുംവരെ, അതിലെ വെളിച്ചങ്ങള്‍ അവള്‍ക്കു കൂട്ടായിരിക്കട്ടെ.
ദേശാഭിമാനി യോട് കടപ്പാട്
മാധ്യമത്തിലെ ഈ ലേഖനം കൂടി വായിച്ചോളൂ
123
പാഠപുസ്തകത്തില്‍ മതനിന്ദയും ദൈവ നിഷേധവുമില്ല:
കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്
തിരു: ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതനിന്ദയോ ദൈവനിഷേധമോ ഇല്ലെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഇതിന്റെപേരിലുള്ള തെരുവുയുദ്ധവും പോര്‍വിളികളും അവസാനിപ്പിക്കണമെന്ന് കൌണ്‍സില്‍ പ്രസിഡന്റ് റൈറ്റ് റവ.ഡോ. എബ്രഹാം മാര്‍ പൌലോസും യാക്കോബായസഭ നിരണം ഭദ്രാസന മെത്രാപ്പൊലിത്ത റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് പാഠഭാഗങ്ങളിലുള്ളത്. പുസ്തകം പിന്‍വലിക്കണമെന്നും പിന്‍വലിച്ചിട്ടേ ചര്‍ച്ചയുള്ളൂവെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോള്‍ അതിനോട് നിഷേധനിലപാട് സ്വീകരിക്കുന്നത് ശരിയല്ല. പാഠഭാഗങ്ങളെ പറ്റി അഭിപ്രായവ്യത്യാസമുള്ളവര് ചര്‍ച്ചയിലൂടെ അത് പരിഹരിക്കാന്‍ ശ്രമിക്കണം. മാര്‍ത്തോമ സഭ, ഓര്‍ത്തഡോക്സ് സഭ, യാക്കോബായ സഭ, സിഎസ്ഐ, ക്നാനായ, കല്‍ദായ, സാല്‍വേഷന്‍ ആര്‍മി, ചര്‍ച്ചസ് ഓഫ് ഗോഡ് തുടങ്ങി 13 സഭകളുടെയും 19 ക്രൈസ്തവസംഘടനകളുടെയും ഐക്യവേദിയാണ് കേരള കൌസില്‍ ഓഫ് ചര്‍ച്ചസ്. വാര്‍ത്താ സമ്മേളനത്തില്‍ കൌസില്‍ സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍ തോമസ്, റവ. ഉമ്മന്‍ വി വര്‍ക്കി, ഫാ മാത്യു ജോ എന്നിവരും പങ്കെടുത്തു. വിവാദമായ പാഠപുസ്തകം കൌസില്‍ സൂക്ഷ്മപഠനത്തിനും ചര്‍ച്ചകള്‍ക്കും വിധേയമാക്കിയെന്ന് ഇവര്‍ പറഞ്ഞു. മതാതീത മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യമാണ് പാഠഭാഗങ്ങള്‍ക്കുള്ളത്.യഥാര്‍ഥ മതം, ആത്മീയത, വിശ്വാസം തുടങ്ങിയവ എന്തെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുന്നവയാണ് ഇവ. യാഥാര്‍ഥ്യം കാണാതെ കണ്ണടച്ച് ഇരുട്ടാക്കരുത്. മൊത്തത്തില്‍ പാഠപുസ്തകത്തില്‍ ഉപയോഗിച്ച രീതി സ്വീകാര്യമാണ്. കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതും വിഷയങ്ങളെ ഗൌരവപൂര്‍വ്വവും ചര്‍ച്ചചെയ്യുന്നതും സാമൂഹ്യപ്രതിബദ്ധതയോടെ പഠനത്തെ കാണുവാന്‍ പ്രേരിപ്പിക്കുന്നതുമാണ്. വിദ്യാര്‍ഥികളുടെ നിരീക്ഷണ, അപഗ്രഥന കഴിവുകള്‍ പരിപോഷിപ്പിക്കുക, സര്‍ഗശക്തി ഉണര്‍ത്തുക, ചരിത്രാവബോധം സൃഷ്ടിക്കുക, സമൂഹ ധര്‍മ നിര്‍വഹണത്തിനും നിര്‍മിതിക്കും പ്രാപ്തമാക്കുക തുടങ്ങിയവയെല്ലാം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും ദര്‍ശനങ്ങളുമാണ്. പാഠ്യപദ്ധതി ഇതിന് സഹായകമാണോ എന്നാണ് പരിശോധിക്കേണ്ടത്. സാംസ്കാരിക-ഭാഷാ-മത ബഹുലതകള്‍, ജനാധിപത്യം, മതനിരപേക്ഷത, മതസ്വാതന്ത്യ്രം എന്നിവയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വിവാദ പാഠപുസ്തകം പഠിപ്പിക്കില്ലെന്ന ചിലരുടെ നിലപാട് വെല്ലുവിളിയാണെന്ന് മാര്‍ത്തോമാ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ കൂടിയായ ഡോ. എബ്രഹാം മാര്‍ പൌലോസ് പറഞ്ഞു. ഇത് സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കും. ഏത് പുസ്തകം പഠിപ്പിക്കണമെന്നും മറ്റും തീരുമാനിക്കുന്നതിന് വ്യവസ്ഥാപിതമായ ചില സംവിധാനങ്ങള്‍ ഇവിടെയുണ്ട്. തോന്നിയതുപോലെ ആര്‍ക്കും എന്തും ചെയ്യാനാവില്ല. ഈ വിഷയത്തില്‍ സഭകളോ സാമുദായിക സംഘടനകളോ പോര്‍വിളി നടത്തരുത്. സാമൂഹ്യപ്രതിബദ്ധത ആരും മറക്കരുത്. കുരുന്നുകളുടെ പേരിലുള്ള പോര്‍വിളി അവസാനിപ്പിക്കണം. വിദ്യാഭ്യാസ രംഗത്ത് മതവികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാര്‍ടികളെ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ
ഈ ഗവണ്മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന
ഒരു വിശാല മുന്നണിയാണ് അത്. ഇവര്‍ക്കാണ് ഗൂഢഅജന്‍ഡയുള്ളത്
ഇടതുപക്ഷം
അപ്പുക്കുട്ടന് വള്ളിക്കുന്ന്
ഇ ന്ത്യയിലെ ജനങ്ങളാകെ അത്യന്തം ഉത്കണ്ഠയോടെ വീക്ഷിക്കുന്ന രണ്ട് സംഭവഗതികള്‍ക്കിടയ്ക്കാണ് ഇത്തവണ 'ഇടതുപക്ഷം'കുറിക്കുന്നത്. ആദ്യത്തേത് ഭീകരമായ വിലക്കയറ്റവും അതിന്റെ കെടുതികളുമാണ്. രണ്ടാമത്തേത് വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്താന്‍ യു. പി.എ. മുന്നണിക്ക് പിന്തുണ നല്കി രൂപവത്കരിച്ച കേന്ദ്ര ഗവണ്മെന്റിന്റെ പതനവും മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമാകുന്നു എന്നതും. രാജ്യതാത്പര്യത്തെ അപകടപ്പെടുത്തുന്ന ആണവക്കരാര്‍ ഒപ്പുവെക്കണമെന്ന പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് (ഐ) നേതൃത്വത്തിന്റെയും നിര്‍ബന്ധമാണ് ഈ സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിച്ചിട്ടുള്ളത്.
ഇന്ത്യയുടെ ആകെ ഭാവിയെ അതിനിര്‍ണായകമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ക്കപ്പുറം മറ്റൊരു വിവാദമാണ് ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുന്നത്. ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠം. അത് കുട്ടികളെ കമ്യൂണിസ്റ്റ്വത്്കരിക്കാനുള്ള ഒളിച്ചുവെച്ച അജന്‍ഡയാണ് എന്നാരോപിച്ച് തെരുവില്‍ തീക്കളി. ചില മതമേലധ്യക്ഷന്മാരും സാമുദായിക സംഘടനാ നേതാക്കളും സ്വകാര്യ മാനേജ്മെന്റുകളും മാത്രമല്ല യു.ഡി.എഫും വിശേഷിച്ച് കോണ്‍ഗ്രസ് (ഐ) നേതൃത്വവും ഇതിനു മുന്നിലുണ്ട്; ചില പത്രങ്ങളും.
രണ്ടാം വിമോചനസമരത്തെപ്പറ്റി ഇവിടെ പറഞ്ഞു നടന്നിരുന്നവര്‍ ക്ഷീണം വിട്ട് എഴുന്നേറ്റിരിക്കയാണ്. പുതിയ വിശാല മുന്നണി രൂപപ്പെടുത്താന്‍ ഇതൊരു രാഷ്ട്രീയായുധമാക്കാം. 14000 ത്തോളം പാഠപുസ്തകങ്ങള്‍ റോഡില്‍ വലിച്ചിട്ട് കത്തിച്ച മലപ്പുറത്തെയും യുവമോര്‍ച്ചയും ഡി.വൈ.എഫ്.ഐ.യും രംഗത്തിറങ്ങിയ തിരുവനന്തപുരത്തെയും മറ്റും അനുഭവങ്ങള്‍ പഴയ വിമോചനസമരത്തിന്റെ വിദൂരമായ കൊച്ചുപതിപ്പുകള്‍ സൃഷ്ടിക്കാന്‍ നോക്കുന്നു. മുന്‍ വിമോചനസമരത്തില്‍ നിന്നു വിഭിന്നമായി മത, സമുദായ സംഘടനകളിലും കമ്യൂണിസ്റ്റ് വിരുദ്ധരിലും ഈ സമരം ഭിന്നിപ്പും എതിര്‍പ്പും സൃഷ്ടിച്ചതും ഒപ്പം പറയേണ്ടതുണ്ട്.
പഴയ 'ഒരണ സമരം' പോലെ കത്തിച്ചുകയറ്റാമെന്നു കരുതി ഉപയോഗപ്പെടുത്തുന്ന പാഠപുസ്തക വിവാദം സംബന്ധിച്ച് മൂന്നു കോണുകളില്‍ നിന്ന് വന്ന നിലപാടുകള്‍ ആദ്യം പരിശോധിക്കാം. ഒന്ന്, കെ.പി.സി.സി. പ്രസിഡന്റ്് രമേശ് ചെന്നിത്തല ഇതേ കോളങ്ങളില്‍ ശനിയാഴ്ച എഴുതിയ 'ഇത് പാഠ്യപദ്ധതിയുടെ കമ്യൂണിസ്റ്റ്വത്കരണം' എന്ന പഠനക്കുറിപ്പ് .രണ്ട്, കുട്ടികളെ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരും മതനിഷേധികളും ആക്കാനുള്ള ഗൂഢ തന്ത്രമാണെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പള്ളികളില്‍ വിതരണം ചെയ്ത പ്രത്യേക സര്‍ക്കുലര്‍. മൂന്ന്, 'വിദ്യാഭ്യാസമന്ത്രി പഠിക്കാത്ത പാഠം' എന്ന ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം.
ഇതില്‍ മൂന്നാമത്തേത് ആദ്യം എടുക്കാം. പുസ്തകം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും പരിശോധനയ്ക്കും പ്രസക്തിയില്ലെന്നാണ് പത്രത്തിന്റെ ഉപദേശം. ആദ്യം ഡിസ്മിസല്‍, പിന്നെ സസ്പെന്ഷന് എന്നൊരാള്‍ പറഞ്ഞ കഥയുണ്ട്. അത്തരമൊരു കഥയില്ലായ്മയെപ്പറ്റി അധികം ചര്‍ച്ച ആവശ്യമില്ല.
ചെന്നിത്തലയുടെ വിമര്‍ശനങ്ങളോ? എന്‍.സി.ഇ.ആര്. ടി.യുടെ പാഠ്യപദ്ധതിയുമായുള്ള താരതമ്യം. പുസ്തകം തയ്യാറാക്കിയവരുടെ പേരുവിവരം ഇല്ലെന്ന ആക്ഷേപം എന്നതൊക്കെ വിടുന്നു. വസ്തുതാപരമായ തെറ്റുകള്‍ പക്ഷേ ചൂണ്ടിക്കാണിക്കുന്നുമില്ല. കാലാനുസൃതമല്ല. കമ്യൂണിസ്റ്റ് വത്്കരണം, മതനിഷേധം, ജാതി സ്പര്‍ധ ഉണ്ടാക്കല്‍. കോണ്‍ഗ്രസ്സിനെയും ദേശീയപ്രസ്ഥാനത്തെയും വിലകുറച്ച് കാണിക്കല്‍ എന്നൊക്കെയാണ് കാര്യമായ വിമര്‍ശനം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരെ വിസ്മരിച്ചെന്നും.
ഈ പുസ്തകത്തില്‍ കോണ്‍ഗ്രസ്സിന്റെ (ഐ) ചരിത്രവും പങ്കുമേ പറഞ്ഞിട്ടുള്ളൂ എന്നതില്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സും (ഐ) കൃതജ്ഞരാകേണ്ടതാണ്. 1885 ഡിസംബര്‍ 28ന് കോണ്‍ഗ്രസ് രൂപവത്കരിച്ചതു തൊട്ട് ജാലിയന്‍വാലാബാഗ്, മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക തുടങ്ങിയവയെല്ലാം അനുപാതത്തിലേറെത്തന്നെ വന്നിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമോഹം പൂവണിഞ്ഞത് എന്ന് സ്ഥാപിക്കുന്നു. നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം വേണ്ടെന്നു വെച്ചിട്ടും വൈക്കം സത്യാഗ്രഹത്തെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു പക്ഷേ വിമര്‍ശനം ഉന്നയിക്കേണ്ടത് കമ്യൂണിസ്റ്റുകാരോ സ്വാതന്ത്ര്യം സാധ്യമാക്കിയ ദേശീയപ്രസ്ഥാനത്തിന്റെ മറ്റ് ധാരകളുടെ പ്രതിനിധികളോ ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. സുഭാഷ്ബോസിനെയും ഐ.എന്‍.എ.യെയും ഇന്ത്യന്‍ നാവിക കലാപം പോലുള്ള നിര്‍ണായക സംഭവങ്ങളെയും മതമേലധ്യക്ഷന്മാര്ക്ക് മറക്കാമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് പറ്റുമോ.
ശ്രീനാരായണധര്‍മ പരിപാലന സഭയെ സംബന്ധിച്ച് വൈക്കം സത്യാഗ്രഹ ഭാഗത്ത് പറയുന്നുണ്ട്. എങ്കിലും ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമിയെയും പരാമര്‍ശിച്ചിരുന്നെങ്കില്‍ പുസ്തകത്തിന്റെ ആധികാരികതയും മേന്മയും കൂടുതല്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ മറ്റ് വിമര്‍ശനങ്ങള്‍ക്കൊന്നും ചുളയില്ലെന്ന് നിഷ്പക്ഷമായി പുസ്തകത്തെ സമീപിക്കുന്ന ആര്‍ക്കും പറയാനാകും.
സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ് നാം ശാസ്ത്രം പഠിക്കുന്നത്. അതിന് സഹായകമായ വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖത്തില്‍ എസ് .സി.ഇ.ആര്.ടി. ഡയറക്ടര്‍ വിദ്യാര്‍ഥികളോട് വിശദീകരിക്കുന്നുണ്ട്. ജീവിതത്തിന്റെ അടുത്ത പരിസരങ്ങളില്‍ നിരവധി പ്രശ്നങ്ങളാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളെ അറിയലല്ല അതില്‍ ഇടപെടലാണ് പുസ്തകം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം തുറന്നു പറയുന്നു. പരസ്യപ്പെടുത്തിയ അജന്‍ഡകളില്‍ പ്രശ്നങ്ങള്‍ തുറന്ന് അവതരിപ്പിക്കുകയാണ് . പുസ്തകത്തില്‍ ഈ പ്രശ്നങ്ങളാണ് ജാതിമത രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്ടാവശിഷ്ടങ്ങള്‍ ഇന്നും ആഹരിച്ച് വളര്‍ന്ന് പടരാന്‍ ശ്രമിക്കുന്ന ശക്തികളെയും പരാന്നഭോജികളെയും ഞെട്ടിച്ചിട്ടുള്ളത്. അതവര്‍ക്ക് തുറന്നുപറയാനാകുന്നില്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരേ മതവിഭാഗത്തില്‍പെട്ടവരും തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ക്ലാസ് മുറികളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന് കാരണമായ പുസ്തകം കത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ. ഉദ്ധരിച്ച മതസൂക്തങ്ങളെ തള്ളിപ്പറയുന്നതും.
1213 വയസ്സുള്ള ഏഴാം ക്ലാസ്സുകാരന് തന്റെ വീടിന്റെയും വിദ്യാലയത്തിന്റെയും പരിസരത്തുനിന്ന് നോക്കിക്കാണുന്ന അവസ്ഥ എന്താണ്. തികച്ചും കാലികമായ മനസ്സ് പൊള്ളുന്ന ചിത്രീകരണമാണ് പുസ്തകത്തില്‍ ആവിഷ്കരിച്ചിട്ടുള്ളത്.
''അരിവില ഇനിയും കൂടും. ആവശ്യത്തിന് കിട്ടിയെന്നുതന്നെ വരില്ല.''
''എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റുമെന്ന് വിചാരിക്കുന്നുണ്ടോ?''
''വയലായ വയലൊക്കെ മണ്ണിട്ട് നികത്തുന്നതിന് ഇവിടെ മത്സരമല്ലേ?''
''കോണ്‍ക്രീറ്റ് സൗധങ്ങളും മറ്റും പാടത്തുതന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.''
ഈ ചര്‍ച്ചയില്‍ നിന്നാണ് പുസ്തകത്തിന്റെ തുടക്കം. നെല്‍വയലുകള്‍ കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? എല്ലാവര്ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ? കൃഷിക്കാരന് കൃഷിഭൂമിയുടെ അവകാശം ലഭിച്ചത് എപ്പോഴാണ്? ഈ ചോദ്യങ്ങളില്‍ നിന്നാണ് പാഠങ്ങള്‍ വികസിച്ചത്. ജന്മിത്തം എന്തായിരുന്നു എന്ന് പഠിപ്പിക്കാനാണ് അഭിവന്ദ്യ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.മാധവന് നായരുടെ 'പോക്കുവെയില്‍' എന്ന പുസ്തകത്തില്‍ നിന്ന് രണ്ടുലക്ഷം പറ നെല്ല് പാട്ടവും അമ്പതിനായിരം രൂപ മിച്ചവാരവും കിട്ടിയിരുന്ന നാറേതി മനയുടെ സ്ഥിതി ഉദ്ധരിച്ചത്: എ.കെ.ജി.യുടെ ജീവിതകഥയില്‍ നിന്ന് ഏതാനും വരികള്‍ എടുത്തു ചേര്‍ത്തതും. കെ.മാധവന്നായരുടെ ഉദ്ധരണിയില്‍ കമ്യൂണിസ്റ്റ് വത്്കരണമില്ല. എ.കെ.ജി.യുടെ ഉദ്ധരണിയില്‍ അതായി. ഇത് ഒരുതരം പാഷാണം വര്‍ക്കി രാഷ്ട്രീയമാണ്. പാഠ്യപദ്ധതിയുടെ സൂക്ഷ്മപഠനമല്ല.
അക്ഷരങ്ങളും വരികളും മനഃപാഠമാക്കി വേദാഭ്യാസം പോലെ വിഴുങ്ങുകയല്ല ഈ പാഠം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും പരിശോധിക്കുകയാണ്. മാറ്റം വന്നത് എങ്ങനെ എന്ന് മനസ്സിലാക്കിക്കുകയാണ്. കുട്ടിയുടെ പുരയിടത്തിന്റെ പട്ടയം, മുതിര്‍ന്നവരോടുള്ള അന്വേഷണം, പരിസര സംഭവങ്ങളിലുള്ള സൂക്ഷ്മനിരീക്ഷണം. സ്വയം വിലയിരുത്തല്‍, ക്ലാസ്മുറിയിലെ വിലയിരുത്തല്‍, അങ്ങനെ ഒരു തുടര്‍ വിദ്യാഭ്യാസത്തിന്റെ കേവല സൂചികമാത്രമാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം. അതിന്റെ ഫലമായാണ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്റെ പകര്‍പ്പും നെ'ുവിന്റെ ഒസ്യത്തും കൊടുത്തത്, ബ്രിട്ടീഷ് സാനമ്രാജ്യത്വം നമ്മെ അടിമപ്പെടുത്തിയതിന്റെ ചരിത്രം പഠിപ്പിക്കുന്നത്, ഒന്നാം സ്വാതന്ത്ര്യസമരവും രണ്ടാം സ്വാതന്ത്ര്യസമരവും വായിപ്പിക്കുന്നത്. ''സര് നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. ഞങ്ങളുടെ ചോരയില്‍ നിന്ന് ആയിരം ധീരന്മാര് ഇവിടെ ഇനിയും ഉണ്ടാകും'' എന്ന് പട്നയിലെ പീര്‍മുഹമ്മദിന്റെ പ്രഖ്യാപനവും ഭഗത് സിങ് രാജഗുരുവിന് എഴുതിയ കത്തും ഉദ്ധരിക്കുന്നത്.
ഒടുക്കവും സമകാലിക കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഏഴാം ക്ലാസ്സുകാരെ എത്തിക്കുന്നു.
''തേങ്ങയ്ക്ക് വിലകിട്ടിയില്ലെങ്കിലെന്താ പാമോയിലിന് വില കുറഞ്ഞില്ലേ?''
''എന്റെ സ്ഥലത്ത് എനിക്ക് ഇഷ്ടമുള്ളത് ചെയ്യും. തരിശിടും, നികത്തും, കെട്ടിടം വെക്കും.......''
പാഠം അവസാനം ഒരു ചോദ്യം ഉന്നയിക്കുന്നു:
''എന്തൊക്കെ പറഞ്ഞാലും ബ്രിട്ടീഷുകാരുടെ ഭരണം ഒരു ഭരണം തന്നേര്‍ന്ന്വേ. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിരുന്നു.''
''എന്താ കുഞ്ഞിരാമേട്ടാ നിങ്ങള്‍ പറയുന്നത്. എന്താ ഇപ്പോ നമ്മുടെ ഒരു സ്ഥിതി. ഒരു ദിവസത്തേക്കാണെങ്കിലും നമ്മുടെ മുകേഷ് അംബാനി ലോകത്തെ ഒന്നാമത്തെ പണക്കാരനായില്ലേ....''
ഈ രണ്ടു പക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവെക്കുന്നുണ്ടോ? എന്തുകൊണ്ട്? ഇതാണ് പുസ്തകം ഉന്നയിക്കുന്ന ചോദ്യം. ഇവിടെ സ്വന്തം ജീവിതാനുഭവത്തില്‍ വിദ്യാര്‍ഥികള്‍ ഒരു നിലപാടിലേക്ക് വരികയാണ്. ആ നിലപാട് തന്നെയാണ് ഏത് മതം സ്വീകരിക്കണം എന്ന് ജീവനെന്ന വിദ്യാര്‍ഥിക്ക് സ്വയം തീരുമാനിക്കാന്‍ രക്ഷിതാക്കളും ഹെഡ്മാസ്റ്ററും ഈ പാഠത്തില്‍ തന്നെ അവകാശം വിട്ടുകൊടുക്കുന്നത്.
എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹത്തിലെ മുതിര്‍ന്നവരും ചരിത്രത്തിന്റെ തുടര്‍ച്ചയും ബോധ്യപ്പെടുത്തുന്നവയല്ല ഭാവിതലമുറ സ്വീകരിക്കേണ്ടത് എന്ന നിര്‍ബന്ധമാണ് പുത്തന്‍ വിമോചന സമരക്കാര്‍ ഈ പാഠപുസ്തകമുയര്‍ത്തി പ്രഖ്യാപിക്കുന്നത്. ജവാഹര്‍ലാല്‍ നെ'ുവിന്റെ ഒസ്യത്ത് മതനിഷേധരേഖയായതു മാത്രമല്ല ഒന്നാം സ്വാതന്ത്ര്യയോദ്ധാവായ സൈനികന് പീര്‍മുഹമ്മദിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യൗവനത്തുടിപ്പായിരുന്ന ഭഗത് സിങ്ങിനെയുമൊക്കെ പുസ്തകത്തില്‍ ഉയര്‍ത്തിക്കാട്ടിയത് അപകടമായെന്ന് കര്‍ദിനാള്‍ അച്ചാരുപറമ്പിലിനെപ്പോലുള്ളവര്‍ ആക്ഷേപിക്കുന്നത്.
എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി പുസ്തകത്തില്‍ ഒരു പ്രതിജ്ഞ നല്‍കിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്നും രാജ്യത്തിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രതിജ്ഞ. അതില്‍ നിന്നാണ് ഈ സാമൂഹ്യപാഠം വികസിച്ച് പൂര്‍ണമാകുന്നത്. ഇതാണ് പുസ്തകത്തിന്റെ കാതല്‍. ഇത് കമ്യൂണിസ്റ്റ് വത്്കരണമാണെങ്കില്‍ എല്ലാ കുട്ടികളും കമ്യൂണിസ്റ്റുവത്്കരിക്കപ്പെടട്ടെ എന്ന് തുറന്നു പറയേണ്ടിവരും. എന്തിന് അക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും കേരളഗവണ്മെന്റും മടിക്കണം?
ഈ ഗവണ്മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ് അത്. ഇവര്‍ക്കാണ് ഗൂഢഅജന്‍ഡയുള്ളത്. അതെന്തുകൊണ്ടാണ് എന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്വിലക്കയറ്റവും ആണവക്കരാറും.
Post a Comment