അക്ഷയതൃതീയയും കേരള മനസ്സും
പ്രൊഫ. കെ പാപ്പൂട്ടി
വൈശാഖമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള മൂന്നാംദിനമാണ് അക്ഷയതൃതീയ. അന്നുചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് ക്ഷരം (ക്ഷയം) ഉണ്ടാകില്ല എന്നാണ് വയ്പ്. കേരളീയര്‍ മുമ്പ് അക്ഷയതൃതീയയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. അതൊരു ഉത്തരേന്ത്യന്‍ പുണ്യദിനമായിരുന്നു. അന്നുനടത്തിയിരുന്ന പുണ്യകര്‍മങ്ങളില്‍ പ്രമുഖം ശൈശവവിവാഹമായിരുന്നു. അഞ്ചുവയസ്സുള്ള ആകുട്ടിയെയും നാലുവയസ്സുള്ള പെകുട്ടിയെയും തമ്മില്‍ കല്യാണം കഴിപ്പിക്കാന്‍ ഇതില്‍പ്പരം നല്ല വേറേത് ദിനമാണുള്ളത്!
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ശൈശവവിവാഹം നിരോധിച്ചെങ്കിലും രഹസ്യമായി അതിന്നും നിലനില്ക്കുന്നു. രാജസ്ഥാനില്‍നിന്നും മറ്റും അത്തരം വാര്‍ത്തകള്‍ വരാറുണ്ടല്ലോ. ചെന്നൈയിലെ സ്വര്‍ണവ്യാപാരികള്‍ ഏതാനും വര്‍ഷംമുമ്പ് ഒരു ഗംഭീരകണ്ടുപിടിത്തം നടത്തി. അക്ഷയതൃതീയനാള് സ്വര്‍ണം വാങ്ങിയാല്‍ പിന്നെ ഐശ്വര്യം വീടുവിട്ടുപോവില്ല. (സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ വലിയ മറ്റെന്തു പുണ്യകര്‍മമാണുള്ളത്!) ഈ കണ്ടുപിടിത്തം മാധ്യമങ്ങള്‍ക്കു വളരെ ഇഷ്ടപ്പെട്ടു. സ്വര്‍ണക്കടകളുടെ വമ്പന്പരസ്യങ്ങള് പത്രത്താളുകളിലും ടിവി സ്ക്രീനിലും നിരന്നു. അക്ഷയതൃതീയയുടെ മഹത്വം വര്‍ണിക്കുന്ന ലേഖനങ്ങളും വാര്‍ത്തകളും തുടരെ പ്രത്യക്ഷപ്പെട്ടു. അങ്ങനെ തെക്കെഇന്ത്യയിലേക്ക് സ്വര്ണക്കച്ചവടരൂപത്തില് അക്ഷയതൃതീയ കടന്നുവന്നു. കേരളത്തിലെ വ്യാപാരികള്‍ ആ വര്‍ഷം അല്‍പ്പം ഇളിഭ്യരായി. സ്വര്‍ണക്കൊതി ഇത്രയേറെയുള്ള ഒരിടത്ത് വളരെക്കാലം കച്ചവടം നടത്തിയിട്ടും ആദ്യം തങ്ങള്‍ക്കിതു തോന്നിയില്ലല്ലോ എന്നതിലായിരുന്നു അവരുടെ ലജ്ജ. പിന്നെ ഒട്ടും താമസമുണ്ടായില്ല. അടുത്തവര്‍ഷം അവര്‍ പ്രബുദ്ധകേരളത്തില്‍ ഒരു 'ബ്ളിറ്റ് സ്ക്രീഗ്'തന്നെ നടത്തി. മാധ്യമങ്ങള്‍ക്ക് കൈയയച്ചു സഹായം നല്കി; മാധ്യമങ്ങള്‍ തിരിച്ചും. അങ്ങനെ ജനങ്ങള്‍ക്ക് കാര്യത്തിന്റെ ഗൌരവം തികച്ചും ബോധ്യപ്പെട്ടു. അവര്‍ സ്വര്ണക്കടകള്ക്കുമുന്നില് ക്യൂ നിന്നു. ആദ്യവര്‍ഷം അറിയാതെ പോയവര്‍കൂടി പിറ്റേവര്‍ഷം എത്തിയപ്പോള്‍ ക്യൂ നീണ്ടു. കൈയില്‍ കാശില്ലാത്തവര്‍ കടംവാങ്ങി സ്വര്‍ണക്കടകളിലെത്തി. കോഴിക്കോട്ട് ചില കടകള്‍ക്കു മുന്നിലെ ക്യൂ രാത്രി ഏറെ വൈകിയിട്ടും തീരാത്തതിനാല്‍ ബുദ്ധിമാന്മാരായ കടയുടമകള്‍ ഒരു കാര്യംചെയ്തു: എല്ലാവര്ക്കും കടയുടെ സീല്‍പതിച്ച ഓരോ ചീട്ടു നല്കി. എന്നിട്ടുപറഞ്ഞു, നാളെ വന്നു വാങ്ങിക്കോളൂ, ഇന്നത്തെ പുണ്യം ഉറപ്പ്. ജനം സംതൃപ്തിയോടെ തിരിച്ചുപോവുകയും പിറ്റേന്നുവന്ന് സ്വര്‍ണവും പുണ്യവും കൈപ്പറ്റുകയുംചെയ്തു. ഒരു സ്വര്‍ണവ്യാപാരശൃംഖലയുടെ ഉടമ ഈ വര്‍ഷം ഇതാ പരസ്യം ചെയ്തിരിക്കുന്നു, അങ്ങനെ ചീട്ടുവാങ്ങിയാലൊന്നും പുണ്യം കിട്ടില്ല; അതിന് അക്ഷയതൃതീയനാള്‍തന്നെ വാങ്ങണം. പക്ഷേ, വ്യാപാരികള്‍ ഒരു ഉപകാരംചെയ്തു. ഇക്കുറി 'തൃതീയ' രണ്ടുദിവസമാക്കി. ശരിക്കും തൃതീയ മെയ് എട്ടിനാണ്. ദ്വിതീയകൂടി അവര്‍ തൃതീയയില്‍പെടുത്തി ഏഴും എട്ടും തൃതീയയാക്കി. ചിരിക്കാന്‍ ഏറെവകയുള്ളകാര്യം. പ്രബുദ്ധകേരളത്തിന്റെ ഒരവസ്ഥയേ!
കേരളം അഭിമാനത്തോടെ നെഞ്ചേറ്റിയിരുന്ന ശാസ്ത്രബോധവും യുക്തിബോധവും എവിടെപ്പോയി? എന്താണ് വൈശാഖമാസത്തിലെ 'മൂന്നാംപിറ'യ്ക്കൊരു പ്രത്യേകത? ചരിത്രത്തിലെ വിവിധഘട്ടങ്ങളില്‍ മനുഷ്യന് എന്തെല്ലാം തരം കാലഗണനരീതികളാണ് ഉണ്ടാക്കിയിട്ടുള്ളത്്! എത്രതരം മാസങ്ങളാണ് നമുക്കുണ്ടായിരുന്നത്! ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാനെടുക്കുന്ന 27 1/3 ദിവസം ചേര്‍ന്ന ചാന്ദ്രമാസം, (വെളുത്ത/കറുത്ത) വാവുമുതല് അടുത്ത വാവുവരെയുള്ള 29 1/2 ദിവസം ചേര്‍ന്ന മറ്റൊരുതരം ചാന്ദ്രമാസം, സൂര്യന്റെ 'രാശിചാരം' വച്ചുള്ള സൌരമാസം, സൌരമാസവും ചാന്ദ്രമാസവും സംയോജിപ്പിച്ചുള്ള സംയുതിമാസം... അങ്ങനെ പലതരം. ഭാരതീയര്‍ സ്വീകരിച്ച ഒരുതരം സംയുതിമാസഗണനയില് (ശകവര്ഷഗണന) വരുന്നതാണ് വൈശാഖമാസം. ആ മാസത്തിനോ അതിലെ കറുത്തവാവിനുശേഷമുള്ള മൂന്നാംദിനചന്ദ്രനോ ഒരു പ്രത്യേകതയുമില്ല. സ്വര്‍ണവുമായും ഐശ്വര്യവുമായും അതിന് ബന്ധവുമില്ല. ലോകത്ത് സാമ്പത്തികാഭിവൃദ്ധി നേടിയ ഒരു രാജ്യവും (സ്വര്‍ണം വിറ്റു കാശുണ്ടാക്കിയ ദുബായ് ഉള്‍പ്പെടെ) അക്ഷയതൃതീയക്ക് സ്വര്‍ണം വാങ്ങിയിട്ടല്ല വളര്‍ന്നത്. അഥവാ അങ്ങനെ ഐശ്വര്യം കിട്ടുമെന്നുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍തന്നെ ദരിദ്രര്‍ക്ക് അക്ഷയതൃതീയനാള് സ്വര്‍ണം വാങ്ങാന്‍ കാശുകൊടുക്കണം. അവര്‍ സ്വര്‍ണം വാങ്ങി ഐശ്വര്യം നേടട്ടെ. പിന്നെ സൌജന്യറേഷനും സൌജന്യ ചികിത്സയും സൌജന്യവിദ്യാഭ്യാസവും ഒന്നും വേണ്ടിവരില്ലല്ലോ.
കേരളത്തില്‍ വിശ്വാസവും ആത്മീയതയുമെല്ലാം കച്ചവടത്തിനുള്ള ചരക്കായി മാറുകയാണ്. ജന്മനക്ഷത്രക്കല്ലുകള്, ധനാഗമനയന്ത്രങ്ങള് (ഒരുതരം ഉറുക്ക്), വശീകരണയന്ത്രങ്ങള് തുടങ്ങി അനേകം അത്ഭുതവസ്തുക്കളുടെ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. വിരലിലണിയുന്ന മോതിരക്കല്ല് ജന്മനക്ഷത്രത്തിനു യോജിച്ചതായാല് ഐശ്വര്യം പിന്നെ ഒഴിഞ്ഞുപോകില്ലെന്നും രോഗങ്ങള്‍ ആക്രമിക്കില്ലെന്നും ജ്യോത്സ്യന്മാര് പറയുമ്പോള്‍ അതു വിശ്വസിക്കാന്‍ ശാസ്ത്രവിദ്യാഭ്യാസം നേടിയ ഒരു കേരളീയന് എങ്ങനെ കഴിയുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാല്‍ രോഗകാരണം എന്തെന്ന് അവര്‍ക്കറിയാം. രത്നക്കല്ലിന്റെ രാസഘടനയും അറിയാം. വിരലിനു പുറത്ത് ധരിച്ച കല്ലിന് രോഗാണുക്കളെ തടയാന്‍ കഴിയുമെന്ന് കരുതാന്‍ ഒരു കാരണവുമില്ല. പക്ഷേ, എന്നിട്ടും സ്വര്‍ണക്കടകളില്‍, ഗ്രഹനിലയും ജന്മനക്ഷത്രവും നോക്കി കല്ല് നിര്‍ദേശിക്കുന്ന ജ്യോത്സ്യന്മാരുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നു. കാശുകൊടുത്ത് ധനാഗമനയന്ത്രം വാങ്ങി കെട്ടി നടക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു.
ചുരുക്കത്തില്‍, കപടശാസ്ത്രങ്ങള്‍ കേരളത്തില്‍ അരങ്ങുതകര്‍ക്കുകയാണ്. കേരളം സാക്ഷരതയില്‍ ഏറെ പിന്നിലായിരുന്നകാലത്ത് മന്ത്രവും ബാധയൊഴിപ്പിക്കലും ഹസ്തരേഖാശാസ്ത്രവുമൊക്കെ ഇവിടെ വ്യാപകമായിരുന്നു. എന്നാല്‍ ഇപ്പോള്‍, നാം സമ്പൂര്‍ണ സാക്ഷരത നേടിക്കഴിഞ്ഞപ്പോള്‍, വിദ്യാസമ്പന്നര്‍ക്കായി പ്രത്യേകം ഡിസൈന്‍ചെയ്ത കപടശാസ്ത്രരൂപങ്ങള് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവയുടെ കച്ചവടം പണ്ടത്തെപ്പോലെ ചില്ലറക്കാശിനല്ല. ആഗോളവല്‍കൃതകാലത്തെ വില കൂടിയ ഇനങ്ങളാണവ. കമ്പ്യൂട്ടര്‍ എയ്ഡഡ് ജ്യോത്സ്യം, വീട്ടില്‍ കക്കൂസും കാര്‍പാര്‍ക്കുമൊക്കെ ഉള്‍പ്പെടുത്തിയ 'നവവാസ്തു ശാസ്ത്രം', നാളും ചാന്ദ്രസ്ഥാനവും നോക്കിയുള്ള സ്വര്‍ണ-രത്നവ്യാപാരം, കോണീബയോ ഉല്‍പ്പന്നങ്ങള്‍, അത്ഭുതയന്ത്രങ്ങളും ഉറുക്കുകളും.... എന്തെല്ലാം എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍. ഒപ്പം, ആത്മശാന്തി വിറ്റുകിട്ടിയ പണംകൊണ്ട് ഹൈടെക് ആശുപത്രികളും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും പണിത് പുതിയ വാണീജ്യത്തിനു കളമൊരുക്കുന്ന ദൈവങ്ങളും. ഭക്തിയും വിശ്വാസവും എങ്ങനെ ഒരേസമയം കച്ചവടത്തിനും അരാഷ്ട്രീയവല്‍ക്കരണത്തിനും ഉപയോഗിക്കാം എന്ന ഗവേഷണത്തിലാണ് നമ്മുടെ ബുദ്ധിജീവികളില്‍ ഒരു വിഭാഗം. പൌരോഹിത്യവും വ്യാപാരികളും മാധ്യമരംഗത്തെ കുത്തകകളും കൈകോര്‍ത്ത് മുന്നേറുകയാണ്. അതുനോക്കി പകച്ചുനില്‍ക്കാനല്ലാതെ ശക്തമായി പ്രതികരിക്കാന്‍ എന്തുകൊണ്ട് നമുക്കാകുന്നില്ല?
Subscribe to:
Post Comments (Atom)
8 comments:
നല്ല ലേഖനം. ഇതു പ്രസിദ്ധീകരിച്ചതിനു നന്ദി.
എങ്ങോട്ടേക്കാണു് ഈ രാജ്യത്തിന്റെ യാത്ര? കഷ്ടം! ദയനീയം!!
ഇതൊക്കെ പാപ്പൂട്ടിമാഷ് പറഞ്ഞതാരു വായിക്കുന്നു.
നമ്മുടെ അറ്റ്ലസ് രാമചന്ദ്രനും പാര്‍ട്ടീം റ്റിവീല് വന്ന് ഇടതടവില്ലാതെ
സ്വര്‍ണ്ണം വാങ്ങാന്‍ ക്ഷണിക്കുമ്പോള്‍.
സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിയിരിക്കുന്നു
മണ്ണിലെ ശാശ്വത സത്യം.
നല്ല ലേഖനം.അഭിവാദ്യങ്ങള്‍
നല്ല ലേഖനം. പാപ്പൂട്ടി മാഷ്ക്ക് അഭിവാദ്യങ്ങള്‍. ജബ്ബാര്‍മാഷിന് നന്ദി.
പാപ്പൂട്ടി, ജബ്ബാര്‍ മാഷന്മാര്ക്ക് നന്ദി
ഖുര്‍ ആനിലെ ഭ്രൂണ ശാസ്ത്രം
ഖുര്‍ ആന്‍ ബ്ലോഗില്‍ പുതിയ ലേഖനം
കേരളത്തില്‍ വിദ്യാസമ്പന്നര്‍ക്ക് വംശനാശം വന്നുകഴിഞ്ഞു മാഷേ ... സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വയ്ക്കുക എന്ന ഒറ്റ ഉദ്ദേശമേ വിദ്യാഭ്യാസം കൊണ്ട് മലയാളികള്‍ അര്‍ത്ഥമാക്കുന്നുള്ളൂ ..
Post a Comment