ഞാന്‍ യുക്തിവാദത്തിന്റെ വഴിയിലേക്കു തിരിഞ്ഞു സഞ്ചരിക്കാനിടയായ സാഹചര്യങ്ങള്‍ അയവിറക്കുമ്പോള്‍ എന്റെ യൌവ്വനാരംഭ കാലത്തു വായിക്കാനിടയായ പുസ്തകങ്ങളും അവയില്‍ വായിച്ച ചില പ്രബന്ധങ്ങളും ഇപ്പോഴും വളരെ പ്രസക്തിയുള്ളതാണെന്ന് എനിക്കോര്‍മ്മ വരുന്നു. എന്റെ വിശ്വാസത്തിന്റെ കടയ്ക്കല്‍ ആദ്യം കത്തി വെച്ചത് സാക്ഷാല്‍ ഖുര്‍ ആന്‍ തന്നെയായിരുന്നുവെന്ന കാര്യം ഞാന്‍ മുന്‍പു സൂചിപ്പിച്ചതാണല്ലോ. ഖുര്‍ ആന്‍ അര്‍ത്ഥമറിഞ്ഞു വായിച്ചതോടെ അത് ദൈവത്താല്‍ രചിക്കപ്പെട്ടതാണെന്ന വിശ്വാസം എന്നില്‍ നിന്നും പമ്പ കടന്നിരുന്നു. എങ്കിലും പ്രപഞ്ചത്തിനു പിന്നില്‍ ഒരു ശക്തിയില്ലേ?; ദൈവമില്ലെങ്കില്‍ പിന്നെ ഇതൊക്കെ എങ്ങനെയുണ്ടായി?; പരലോകവും സ്വര്ഗ്ഗനരകവുമൊന്നും ഇല്ലെങ്കില്‍ പിന്നെ മനുഷ്യരെങ്ങനെ നന്മയുള്ളവരാകും? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ എന്റെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ഈ വക സംശയങ്ങള്‍ക്കെല്ലാം ഉത്തരം തേടിയാണു ഞാന്‍ ആദ്യകാലത്ത് യുക്തിവാദ ചിന്തകരുടെ കൃതികള്‍ തേടിപ്പിടിച്ചു വായിക്കാന്‍ തുടങ്ങിയത്. ഏ ടി കോവൂര്‍, എം സി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, പി പി ആന്റണി, തുടങ്ങിയവരുടെ രചനകള്‍ എന്റെ മിക്ക സംശയങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം തന്നു.
ഒരു നോവലില്‍ അക്കാലത്തു ഞാന്‍ വായിച്ച , യുക്തിവാദത്തെ കുറിച്ചും നിരീശ്വരവാദത്തെ കുറിച്ചുമുള്ള സാമാന്യം ദീര്‍ഘിച്ച ഒരു സംവാദം എന്റെ ചിന്തയില്‍ കുറെയധികം തീപ്പൊരികള്‍ കോരിയിടുകയുണ്ടായി. ഓ ചന്തുമേനോന്റെ ‘ഇന്ദുലേഖ’യിലെ 18ആം അദ്ധ്യായമാണു ഞാന്‍ ഉദ്ദേശിച്ചത്. ഈശ്വരന് ഉണ്ടെന്നും ഇല്ലെന്നും സമര്‍ത്ഥിക്കാന്‍ ഉന്നയിക്കാവുന്ന ഏറെക്കുറെ എല്ലാ വാദഗതികളും രണ്ടു കഥാപാത്രങ്ങളെക്കൊണ്ട് അവതരിപ്പിക്കുന്നുണ്ട് ചന്തുമേനോന്‍ അതില്‍ . 120 വര്‍ഷങ്ങള്‍ക്കു മുന്പാണതു രചിക്കപ്പെട്ടത് എന്ന കാര്യം കൂടി സ്മരിക്കേണ്ടതുണ്ട്. ആ സംവാദത്തിന് നമ്മുടെ ഈ ബ്ലോഗ്സംവാദത്തെക്കാള് വളരെ നിലവാരം ഉള്ളതായി ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
പി പി ആന്റണിയുടെയും കുറ്റിപ്പുഴയുടെയും ലേഖനങ്ങള്‍ ഹൃദ്യവും മനോഹരവുമായി എനിക്കനുഭവപ്പെട്ടു. 60 കൊല്ലം മുന്‍പ് ആന്റണി എഴുതിയ മറ്റൊരു കുറിപ്പു കൂടി ഇവിടെ അവതരിപ്പിക്കുന്നത് അനുചിതമാവില്ല എന്നു കരുതുന്നു.
വിശാസപ്രമാണം
ഉപരിപ്ലവ ദൃഷ്ടിക്കു ഉന്നതമായി കാണപ്പെടുന്ന ക്രിസ്ത്യന്‍ മത സൌധത്തിന്റെ ഉമ്മറപ്പടിയില്‍ നില്ക്കുന്ന ഒരാളുടെ ചിന്താശകലങ്ങളാണു താഴെ കാണുന്നവ.
മര്യാദയും മനശ്ശുദ്ധിയും മനശ്ശക്തിയും, മനുഷ്യന്നു വേണ്ടുന്ന മറ്റു പല ഗുണങ്ങളുമുള്ള അനേകം ക്രിസ്ത്യാനികളുണ്ട്. അവരില്‍ ഒരുത്തനാകയേ വേണ്ടുവെങ്കില്‍ ഒരു ക്രിസ്ത്യാനിയാകുന്ന പണി ഒട്ടും അനാകര്ഷണീയമാകുന്നതല്ല. പ്രത്യുത, ഒരാള്‍ വിശ്വസിക്കേണ്ടത് അല്ലെങ്കില്‍ വിശ്വസിക്കുന്നു എന്നു പറയേണ്ടത് എന്തെല്ലാമെന്ന് ആലോചിക്കുമ്പോഴാണ് വലിയ വിഷമം നേരിടുന്നത്. വിശ്വസിക്കാതെ സ്വര്ഗ്ഗപ്രാപ്തിയുമില്ല. ബോദ്ധ്യമായാലും ഇല്ലെങ്കിലും ഒരു പട്ടികയിലടങ്ങിയ സംഗതികളെല്ലാം വിശ്വസിക്കാതെ ഗത്യന്തരമില്ല. നാം പല സംഗതികള്‍ അറിയുന്നു. ചിലതു വിശ്വസിക്കുന്നു. എന്നാല്‍ , വിശ്വാസം ഒരാള്‍ക്കു യഥേഷ്ടം ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ല. തെളിവുകള്‍കൊണ്ടു മനസ്സില്‍ സ്വതെ ഉല്‍പ്പന്നമാകുന്ന ഒരു സ്ഥിതിവിശേഷമാണു വിശ്വാസം. അങ്ങിനെയിരിക്കെ ചില തെളിവുകള്‍ ഒരാളില്‍ ഒരു വിശ്വാസമുണ്ടാക്കിയാല് ആ ആള്‍ക്കു കൃതാര്ത്ഥതയ്ക്കോ സമ്മാനത്തിനോ അവകാശമുണ്ടാകുന്നത് എങ്ങിനെയെന്നു മനസ്സിലാകുന്നില്ല. ആ തെളിവുകള്‍ അതേ വിശ്വാസം മറ്റൊരാളില്‍ ഉണ്ടാക്കുകയില്ലെങ്കില്‍ ഈ ആള് ശിക്ഷാര്‍ഹനാകുന്നത് എങ്ങിനെയെന്നുള്ളതും അചിന്ത്യമായിരിക്കുന്നു.
ഏതായാലും സര്‍വ്വജ്ഞനും സര്‍വ്വശക്തനും നിരാമയനും നിത്യനുമായ ഒരു ഈശ്വരനുണ്ടെന്നു വിശ്വസിച്ചേ തീരൂ. ഈ ഈശ്വരനു ആദിയില്ല. അന്തവുമുണ്ടാകയില്ല. ഇദ്ദേഹം അനേക കോടി കാലം യാതൊരു ജോലിയും ചെയ്യാതെ ഇരുന്നു. അദ്ദേഹത്തിനു ഒരു വക കുറവും ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ ഒന്നു സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചു. എന്തിന് ? അദ്ദേഹത്തിനു വല്ല ഗുണസിദ്ധിക്കായിട്ടോ? അല്ല; അദ്ദേഹം പരിപൂര്‍ണ്ണ ഭാഗ്യവാനാണ്. കുറെ മനുഷ്യരെ സൃഷ്ടിച്ച് അവര്‍ക്കു തന്റെ പ്രതാപം ഒന്നു കാണിച്ചു കൊടുക്കുവാനായിരിക്കുമോ? അതല്ല. അഹങ്കാരമായ ആ നികൃഷ്ടോദ്ദേശ്യം അദ്ദേഹത്തെ തീണ്ടുകയില്ല. തന്റെ ഭാഗ്യത്തില്‍ ഒരംശം- യാതൊരു ശ്രമവുമന്യേ തനിക്കു സ്വയമേവ കൈവന്ന ആ പരമ ഭാഗ്യത്തിന്റെ ഒരു നിഴല്‍ - ഒരു പരീക്ഷയില്‍ വിജയികളായിരിക്കുന്ന ചിലര്‍ക്കുംകൂടി കൊടുത്തേക്കാമെന്നുള്ള ഉദാരബുദ്ധിയായിരുന്നുവോ അദ്ദേഹത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ചത്? അതുമാകയില്ല. അങ്ങനെയാണെങ്കില്‍ ഈ പരോപകാരതൃഷ്ണ അദ്ദേഹത്തിന് അനേകകോടി കാലം ഉണ്ടായിരുന്നിട്ടും അതു പ്രായോഗിക പഥത്തില്‍ കൊണ്ടു വരാതിരുന്നത് ഒന്നുകില്‍ അസൂയകൊണ്ടാകണം അല്ലെങ്കില്‍ വിജയപ്രാപ്തിയിലുള്ള ആശങ്ക കൊണ്ടായിരിക്കണം. ഇതു രണ്ടും ചിന്ത്യമല്ല. പോകട്ടെ- ‘നിശയാല്‍ ശശിയെന്നോണം’ പ്രപഞ്ചാരിഷ്ടതകളാല് തന്റെ പ്രതാപത്തെ പൂര്‍വ്വാധികം പ്രശോഭിപ്പിക്കുവാനോ അദ്ദേഹം സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ചത്? ഒരിക്കലുമല്ല. അത്ര വലിയ ഒരു നികൃഷ്ട കര്‍മ്മം അദ്ദേഹത്തില്‍ ആരോപിക്കുന്നത് ഏറ്റവും അനുചിതമത്രേ. അദ്ദേഹത്തിനു സ്തുതി പാഠകരായി കുറെ ആളുകള്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് ഒരു മോഹമുണ്ടായിരുന്നോ? സ്തുതിപാഠകം കേട്ടാല്‍ ഉടനെയല്ലെങ്കില്‍ കുറച്ചു കഴിയുമ്പോളെങ്കിലും മുഷിച്ചില് തോന്നാത്തവരായി മനുഷ്യരില്‍ത്തന്നെ അധികപേരില്ലാതിരിക്കെ രാപകല്‍ “പരിശുദ്ധന് ” ,“പരിശുദ്ധന് ” എന്നിങ്ങനെ തന്റെ കീഴ്ജീവനക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോളുണ്ടാകുന്ന അസഹ്യത അദ്ദേഹം കാമിക്കുമോ? ഒരിക്കലുമില്ല. പിന്നെ എന്തിന് ആരും ആവശ്യപ്പെടാതെ അദ്ദേഹം സൃഷ്ടിക്കാന്‍ പുറപ്പെട്ടു? ഇതൊന്നും ഞാന്‍ ആലോചിക്കാതെ എല്ലാം യുക്തിക്കു ചേര്‍ന്നതാണെന്നു വിശ്വസിക്കണം. അല്ലെങ്കില്‍ രഹസ്യമെന്നൊരു കുഴിയുണ്ടാക്കി എല്ലാ സംശയങ്ങളും അതിലിട്ടു മൂടണം. സംശയം തന്നെ പിശാചിന്റെ വകയാണെന്നു വിശ്വസിക്കണം. എന്നിട്ടു ആകാശവും ഭൂമിയും സൃഷ്ടിച്ചു പരിപാലിക്കുന്ന പിതാവായ ദൈവത്തില്‍ വിശ്വസിക്കണം.
ഈശ്വരന് ആത്മാവാണ്.(God is spirit). ഈ ഈശ്വരനില്‍നിന്നു വേറൊരു ആത്മാവായ ഈശ്വരന് കൂടി ഉണ്ടായിട്ടുണ്ടെന്നും എന്നിട്ടും എണ്ണം വര്‍ദ്ധിച്ചിട്ടില്ലെന്നും വിശ്വസിക്കണം. പുറമെ ഒരു പുത്രന് ദൈവം കൂടിയുണ്ട്. മനുഷ്യരുടെ ഇടയില്‍ അച്ഛനും മകനും എന്നു പറയുമ്പോള്‍ അവര്‍ രണ്ടാളും തമ്മില്‍ എന്താണു സംബന്ധം എന്നു എനിക്കു മനസ്സിലാക്കാം. പക്ഷെ പിതാവായ ഈശ്വരനും അദ്ദേഹത്തിനു തുല്യ ശക്തിയും സമപ്രായവും ഉള്ള ഒരു ഏകപുത്രനും ഉണ്ടെന്നു പറയുമ്പോള്‍ അവര്‍ തമ്മിലുള്ള സംബന്ധമെന്താണെന്ന് എനിക്ക് ഒരു ജ്ഞാനവും ഉണ്ടാകുന്നില്ല. എങ്കിലും ഞാനതു വിശ്വസിക്കണം. മൂന്നാള് ചേര്‍ന്നു ദൈവത്തില്‍ മൂന്നാമത്തെ ആളാണു രണ്ടാമത്തെ ആളായ പുത്രനെ ഉല്‍പ്പാദിപ്പിച്ചതെന്നും വിശ്വസിക്കണം. പുത്രനായ ഈശ്വരന് ഒരു കന്യകയുടെ ഗര്‍ഭത്തില്‍ പത്തു മാസം തികച്ചും ഇരുന്നുവെന്നും ആ ഈശ്വരന് ആ കന്യകയോടാകട്ടെ അവളുടെ നാമമാത്ര ഭര്‍ത്താവായ മനുഷ്യനോടാകട്ടെ യാതൊരു വക രക്ത സംബന്ധമില്ലെങ്കിലും അദ്ദേഹം ആ മനുഷ്യന്റെ വംശത്തില്‍ ജനിച്ചവനാണെന്നും വിശ്വസിക്കണം. പുത്രന് ദൈവത്തിനു മനുഷ്യസ്വഭാവമുള്ളതുകൊണ്ട് ഒരു മനുഷ്യാത്മാവും ഒരു ഈശ്വരാത്മാവും ഒന്നിച്ച് ഒരു മനുഷ്യശരീരത്തിന്റെ ഉടമസ്ഥാവകാശം വെച്ചുകൊണ്ടിരുന്നുവെന്നും ഞാന്‍ വിശ്വസിക്കേണ്ടതാണ്. ഒരു ദുഷ്ടനെ വിടുതല്‍ ചെയ്കയെന്ന സല്‍ക്കര്‍മ്മം നിര്‍വ്വഹിപ്പാന്‍ ഒരു നിരപരാധിയെ കൊല്ലുക എന്ന അന്യായനയം ഈശ്വരന് സ്വീകരിച്ച് താന്‍ തന്നെയായ തന്റെ മകനെ കൊലയ്ക്കു കൊടുത്തുവെന്നും ഞാന്‍ വിശ്വസിക്കണം. പുത്രദൈവത്തെ മനുഷ്യര്‍ കൊന്നതിനു ശേഷം അദ്ദേഹം പാതാളത്തില്‍ -ഖനനശാസ്ത്രജ്ഞന്മാര്ക്ക് ഇതപര്യന്തം അജ്ഞാതമായ ഒരു ദികല് -ചെന്ന് അവിടെ താമസിച്ചിരുന്ന പണ്ടത്തെ മരിച്ച ആളുകളുമായി സംഭാഷണാദികള്‍ നടത്തി മൂന്നു ദിവസം താമസിച്ചുവെന്നും പിന്നീടു പുറത്തു വന്നു കുറെ താമസിച്ചതിന്നു ശേഷം സ്വര്‍ഗ്ഗത്തിലേക്കു കയറിപ്പോയെന്നും ഞാന്‍ വിശ്വസിക്കണം. സ്വര്‍ഗ്ഗം എന്നു പറയുമ്പോള്‍ എന്റെ തലക്കു മീതെയുള്ള സ്ഥലമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ സമയത്ത് മാര്‍ക്വിസാസ് ദ്വീപിനടുത്ത് ഒരു കപ്പലില്‍ ഇരിക്കുന്ന ഒരാള്‍ സ്വര്‍ഗ്ഗത്തെപറ്റി ആലോചിക്കുന്നുണ്ടെങ്കില്‍ അയാള്‍ അയാളുടെ തലയ്ക്കു മീതെയുള്ള -എന്നു വെച്ചാല്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തിന്റെ നേരെ വിപരീത ദിക്കിലുള്ള -ഒരു സ്ഥലമായിരിക്കും അയാളുടെ സ്വര്‍ഗ്ഗം. ഞങ്ങള്‍ രണ്ടു പേരും ഒരേ സമയത്ത് ആകാശത്തിന്റെ വിപരീത ഭാഗങ്ങളിലേക്കാണ് ഈശ്വരന് പോയിരിക്കുന്നതെന്നു വിശ്വസിക്കണം. അതു തന്നെയോ? അവിടെ പോയി പിതാവായ ഈശ്വരന്റെ വലത്തുഭാഗത്താണ് അദ്ദേഹം ഇരിക്കുന്നതെന്നും വിശ്വസിക്കണം. ഞാന്‍ എന്റെ വലത്തു കയ്യിനെ ഇടത്തുകയ്യിനെക്കാള് അധികം ബഹുമാനിക്കുന്നതിന്റെ കാരണം എനിക്കു മനസ്സിലാകുന്നുണ്ട്. പക്ഷെ സര്‍വ്വവ്യാപിയായ ഈശ്വരന് വലത്ത് ഇടത്ത് എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ടാകുന്നത് എങ്ങനെ എന്നും ,അതുമല്ല, അദ്ദേഹം തന്റെ വലത്തുഭാഗത്തിനു പ്രാധാന്യം കല്‍പ്പിച്ചത് എന്തിനെ ആസ്പദമാക്കീട്ടാണെന്നും എനിക്കു മനസ്സിലാകുന്നില്ല. എങ്കിലും ഞാനതു വിശ്വസിച്ചേ തീരൂ.
മരിച്ചുപോയ ചിലര്‍ സ്വര്‍ഗ്ഗത്തിലുണ്ടെന്നും അവരുടെ ശുപാര്ശി ഈശ്വരന് സ്വീകരിക്കുമെന്നും ഞാന്‍ വിശ്വസിക്കണം. ഞാന്‍ വിശ്വാസമില്ലാത്ത ഒരാളാണെങ്കില്‍ ഭക്തന്മാരായ എന്റെ സ്നേഹിതന്മാര് നേര്‍ച്ചകള്‍ കൊണ്ടോ മറ്റോ മേല്പ്പറഞ്ഞവരെ സ്വാധീനിച്ച് അവരെക്കൊണ്ട് ഈശ്വരനോട് ശുപാര്ശി പറയിച്ചാല്‍ ഈശ്വരന് എനിക്കു വിശ്വാസവും ഭക്തിയും ഉണ്ടാക്കിത്തരും. ഞാന്‍ നന്നാകേണമെന്നുള്ള മോഹവും എന്നെ നന്നാക്കാനുള്ള കഴിവും ഈശ്വരനുണ്ടായിരിക്കെ മറ്റു ചിലരുടെ അപേക്ഷ വരുന്നതു വരെ അദ്ദേഹം കാത്തിരിക്കുന്നതും അപേക്ഷയുണ്ടായില്ലെങ്കില് എന്നെ ഉപേക്ഷിച്ചു കളയുന്നതും എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.
മരിച്ചവരെല്ലാം ഉയിര്‍ക്കും. അവര്‍ക്കു അപ്പോള്‍ ഏതു തരം ശരീരമാണുണ്ടാവുക എന്നു എനിക്കു നിശ്ചയമില്ല. ജീവിച്ചിരുന്ന കാലത്തെ ഏതെങ്കിലും ഒരു ദശയിലെ മാതൃകയാണെങ്കില്‍ അതു മരണകാലത്തേതായിരിക്കയില്ല. അങ്ങിനെയായാല്‍ സ്വര്‍ഗ്ഗം അനാഥരോഗികളുടെ മന്ദിരത്തേക്കാള്‍ ദയനീയമായിരിക്കും. ഓരോരുത്തരുടെയും ജീവിത ദശയിലെ ഏറ്റവും മനോഹരമായ ഭാഗമാണു തെരഞ്ഞെടുക്കുക എന്നു വന്നാലും അംഗവൈകല്യമുള്ളവരുടെ സംഖ്യ സ്വര്‍ഗ്ഗത്തില്‍ വിപുലമായിരിക്കും. ഈ ശരീരം തന്നെ ഉയിര്‍ക്കുമെന്നു വിശ്വസിക്കാന്‍ നിവൃത്തിയില്ല. ഒരു യൂറോപ്യനെ ഭക്ഷിച്ച നരഭുക്കിന്റെ ദേഹത്തില്‍ യൂറോപ്യന്റെ ഒരംശം ഉണ്ടായിരിക്കുമല്ലോ. രണ്ടു പേരും സ്വ ശരീരങ്ങളോടു കൂടി ഉയിര്ക്കുകയാണെങ്കില് രണ്ടു ശരീരവും പൂര്ണ്ണമായിരിക്കുവാന് നിവൃത്തിയുമില്ല. എന്നു തന്നെയല്ല, സ്വര്‍ഗ്ഗത്തില്‍ ആവശ്യമില്ലാത്ത അംഗങ്ങള്‍ അവിടെ കെട്ടിപ്പേറി നടക്കുവാന്‍ ഈശ്വരന് ഏര്‍പ്പാടു ചെയ്യുകയുമില്ല. എല്ലാവര്ക്കും ഒരു പ്രത്യേക ദിവ്യ പദാര്‍ത്ഥം കൊണ്ടുള്ള ശരീരം ഉണ്ടാക്കിക്കൊടുക്കുമായിരിക്കാം. അപ്പോള്‍ അവിടെയുള്ളവര്‍ പരസ്പരം അറിയുന്നതെങ്ങനെയെന്നേ സംശയമുള്ളു. എങ്ങിനെയായാലും മരിച്ചവര്‍ പുനര്‍ജ്ജീവിക്കുമെന്നും അതിന്നു ശേഷം ഒന്നുകില്‍ നരകത്തില്‍ അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ എന്നും അവര്‍ ജീവിച്ചിരിക്കുമെന്നും ഞാന്‍ വിശ്വസിക്കണം. പോരാ, ഒന്നുമറിയാത്ത ലക്ഷോപലക്ഷം കുഞ്ഞുങ്ങളെ അവര്‍ ‘മാമ്മോദീസാ’ മുങ്ങീട്ടില്ലെങ്കില് ഒരു വലിയ ഇരുട്ടു കുഴിയിലിട്ട് മൂടുമെന്നും ഞാന്‍ വിശ്വസിക്കണം.
ഈശ്വരന് പൂര്‍ണ്ണ നീതിമാനാണ്. എന്നു വെച്ചാല്‍ ഓരോരുത്തരും അവരവരുടെ കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്നുള്ള നീതിക്കു തരിമ്പും നീക്കുപോക്കില്ലെന്നര്ത്ഥം. പക്ഷേ, അദ്ദേഹം പൂര്‍ണ്ണ നീതിമാനാകയാല്‍ ശിക്ഷയ്ക്കു നീക്കുപോക്കു ചെയ്യുമെന്നും സാധിക്കുന്നു. ഇതു രണ്ടും ഞാന്‍ ഒരേ ശ്വാസത്തില്‍ വിശ്വസിക്കണം. ലോകത്തെ അനുഭാവദൃഷ്ടിയോടു കൂടി ആലോകനം ചെയ്യുന്നവരെല്ലാം വിവിധ ജീവജാലങ്ങളടങ്ങിയ ഈ ലോകം ദുഖവും കഷ്ടതയും നിറഞ്ഞിട്ടുള്ളതാണെന്നു കാണും. ഇഹലോകത്തിലുള്ള കഷ്ടതകളെപ്പറ്റി പൂര്‍ണ്ണമായ അനുകമ്പ ഈശ്വരനുണ്ട്. അവയെ തീര്‍ക്കുവാന്‍ സര്‍വ്വ ശക്തന്നു കഴിവുമുണ്ട്. എന്നിട്ടും അദ്ദേഹം അതു ചെയ്യാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. പൂര്‍ണ്ണ കരുണയും പൂര്‍ണ്ണ ശക്തിയും ഉള്ള ഒരാളാണു ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരു പാത്രം ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ അതു ചൂളയില്‍ വെച്ചാല്‍ പൊട്ടിപ്പിളര്‍ന്നു പോകുമെന്ന് കുശവന്നു നല്ല തീര്‍ച്ചയുണ്ടെങ്കില്‍ അവന് ആ പാത്രത്തെ ഉണ്ടാക്കുകയില്ല. നരകത്തില്‍ പോകാനുള്ളവര്‍ ഇന്നാരെല്ലാമാണെന്നു ഈശ്വരനു പണ്ടു തന്നെ അറിവുണ്ട്. ഈ അറിവോടു കൂടിയാണു നരകത്തില്‍ പോകാനുള്ള ഓരോരുത്തരെയും സൃഷ്ടിക്കുന്നത്. മനുഷ്യര്‍ക്കു സ്വാതന്ത്ര്യം കൊടുത്തിരിക്കയാല്‍ അവര്‍ നരകത്തില്‍ പോകുന്നതില്‍ അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നു പറഞ്ഞാലും അദ്ദേഹത്തിന്റെ ഈ പ്രവൃത്തി ഒരു മഹനീയ കൃത്യമായി തോന്നുന്നില്ല.
ഞാന്‍ പ്രാര്‍ത്ഥിച്ച് അദ്ദേഹത്തിനു പ്രീതി വരുത്തിയാല്‍ ഏതു നിയതിനിയമവും അദ്ദേഹം മാറ്റിയും മറിച്ചും വെക്കും. നിരാമയനും ത്രികാലജ്ഞനും സര്‍വ്വശക്തനും ആയ ദൈവം ഏറ്റവും നല്ലതെന്നു കണ്ടിട്ടുള്ള അഭേദ്യങ്ങളായ നിയമങ്ങളാല്‍ വ്യ്വസ്ഥപ്പെടുത്തിയാണ് പ്രപഞ്ചത്തെ ഉണ്ടാക്കിയിരിക്കുന്നത്. ആ നിയമങ്ങളുടെ പ്രവര്‍ത്തനമാണ് പ്രപഞ്ച സംഭവങ്ങള്‍ . പക്ഷെ, ചില നരകീടങ്ങളുടെ സ്വാര്‍ത്ഥപരമായ അര്‍ത്ഥന കേട്ട് ആ നിയമങ്ങളെ ഈശ്വരന് മാറ്റുകയും മറിക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കണം. എന്നു വെച്ചാല്‍ സര്‍വ്വജ്ഞനായ ഈശ്വരന് ഏറ്റവും ബുദ്ധിപൂര്‍വ്വം നടത്തുന്ന സ്ഥിതിഗതികളെ തിരുത്തുവാന്‍ അല്‍പ്പജ്ഞരായ മനുഷ്യരെ അനുവദിക്കുമെന്നു താല്‍പ്പര്യം....
അവേദ്യവും അനന്തവുമായ പരാശക്തിയെപ്പറ്റി അല്‍പ്പജ്ഞനും അഹങ്കാരബുദ്ധിയുമായ മനുഷ്യന് സൃഷ്ടിക്കുന്ന എല്ലാ നിര്‍വ്വചനങ്ങളും കെട്ടിയുണ്ടാക്കുന്ന എല്ലാ കഥകളും ഏറ്റവും നിന്ദ്യവും ജുഗുപ്സാവഹവുമായിട്ടേ ഇരിക്കൂ. അതുകൊണ്ടാണ് ശ്രീ ബുദ്ധന് അതിനു ശ്രമിക്കരുതെന്ന് ഉപദേശിച്ചത്.
കുശാഗ്രബുദ്ധികളായ ചില മഹാന്മാര് ഇവയെല്ലാം വിശ്വസിക്കുന്നു എന്നു പറയുമ്പോള്‍ അല്‍ഭുതം തോന്നുന്നു. ഇറ്റലിയില്‍ തലസ്ഥാനമാക്കിയിരിക്കുന്ന ഒരു മതത്തിന്റെ അദ്ധ്യക്ഷന്‍ പറയുന്നതെല്ലാം ശരിയായേ കഴിയൂ എന്നുള്ള വിശ്വാസമാണു മറ്റെല്ലാ വിശ്വാസങ്ങളുടെയും തെളിവ്. WH വില്യംസണ് എന്ന മഹാന് പറയുന്നതു പോലെ “ ആളറിയാതെ അകത്തു കടന്നു പറ്റുന്ന രോഗാണു ജീവിയാണു ദ്രുതവിശ്വാസം”. മതി വരാത്ത ശവക്കുഴിപോലെ അനേകം ചിന്തകന്മാരെ ഈ വിശ്വാസം വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. ഇനിയും അതു വാ പിളര്ന്നുകൊണ്ടു തന്നെ ഇരിക്കുന്നു.
Subscribe to:
Post Comments (Atom)
5 comments:
മതവിശ്വാസികള്‍ തന്റെ മതത്തിലേക്കു ആളെ ചേര്‍ക്കുന്നത് അവനേയും തന്നോടൊപ്പം മുക്തിയിലേക്കും സ്വര്‍ഗ്ഗത്തിലേക്കും ആനയിക്കാനാണ്. സഹജീവിയോടുള്ള അതിരറ്റ സ്നേഹം തന്നെയായിരിക്കണം ഇവരെ നയിക്കുന്നത്. ഈ സ്നേഹപ്രകടനം ഇല്ലാതായിപ്പോയെങ്കില് ഈ യാഥാര്‍ഥ്യ ലോകത്തിലെങ്കിലും തല്ലില്ലാതായേനെ.
ഏതെങ്കിലും ഒരു മതവിഭാഗം മാത്രം ജീവിക്കുന്ന എവിടെയെങ്കിലും ഭൂമിയില്‍ സ്വര്‍ഗ്ഗം ഉണ്ടായതായി അറിവുണ്ടോ ?
പി. പി. ആന്റണിയുടെ വാക്കുകളില്‍
“തെളിവുകള്‍കൊണ്ടു മനസ്സില്‍ സ്വതെ ഉല്‍പ്പന്നമാകുന്ന ഒരു സ്ഥിതിവിശേഷമാണു വിശ്വാസം“
വിശ്വാസികള്‍, അങ്ങു വിശ്വസിക്കുക എന്നല്ലാതെ, വല്ല തെളിവുകളും വിശ്വാസത്തിനു പിന്ബലമാകാറുണ്ടോ.?
ലേഖനം നന്നായിരിക്കുന്നു ; എങ്കിലും ജബ്ബാറിന്റെ പ്രപഞ്ചത്തെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇനിയും ചോദ്യങ്ങളായി അവശേഷിക്കരുത്.
യുക്തിയുടെ വെളിച്ചം കുറച്ചെങ്കിലുമില്ലായിരുന്നെങ്കില് എന്നേ ഈ ഭൂമി വരണ്ടുപോയിരുന്നേനെ. യുക്തിവാദം എന്നു കേള്‍ക്കുമ്പോള്‍ വിറളി പിടിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിനും അവരുടെ പിണിയാളുകള്‍ക്കും
രൊറ്റ മുദ്രാവാക്യമേയുള്ളു - സംശയിക്കരുത്, വിശ്വസിക്കുക. ദൈവങ്ങളുടെ അംഗസംഖ്യ പോരാഞ്ഞ് മനുഷ്യദൈവങ്ങളുടെ ഘോഷയാത്രകളാണ് ഇന്ന് സര്‍വ്വത്ര. ഈ ദൈവപ്രളയത്തില് യുക്തിയുടെ ചെറിയ അരുവികളെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മനുഷ്യനെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കാതെ, അര്‍ത്ഥരഹിതമായ പ്രാര്‍ത്ഥനകളിലും,പൂജകളിലും തളച്ചിട്ട് അവനെ ആടിമയാക്കുന്ന മയക്കുവിദ്യകള്ക്കാണ് ഇന്ന് പ്രചാരം സിദ്ധിക്കുന്നത്. ഒരാളും സംശയിക്കാതെ ‘വിശ്വാസത്തിന്റെ’ പിറകേ മാത്രം പോയിരുന്നെങ്കില്‍ ഇന്നും ഭൂമി പരന്നതാണെന്ന് നമ്മള് വിശ്വസിച്ചികൊണ്ടിരുന്നേനെ.
‘ദൈവങ്ങള്‍’ എന്നൊരു രചന എന്റെ ബോഗിലുണ്ട്. ഒരെളിയ ശ്രമം, ഈ അന്ധതകള്‍ക്കെതിരെ.
....അവനെ ‘ആടിമ‘യാക്കുന്ന..
എന്നെഴുതിയത് “അടിമ” എന്നു വായിക്കണമെന്നപേക്ഷ.
നന്നായിരിക്കുന്നു.
ഞാന്‍ ചിന്തിക്കുന്നത് മനുഷ്യന്റെ ഭയം എന്നും മനുഷ്യന് ഒരു വെല്ലുവിളിയായിരുന്നു. nurotransmission കൂടുതലുള്ള മനുഷ്യന്റെ തലച്ചോറിനു ഭാവന കാണാന്‍ മറ്റുള്ള ജീവികളെ അപേക്ഷിച്ച് കൂടുതല്‍ കഴിവുണ്ട്. കോടിക്കണക്കിനു വര്ഷങ്ങള്ക് മുമ്പുണ്ടായ ഹിമയുഗം (ഏകദേശം 1750000 - 10000 ) , അതിനു ശേഷം ഉണ്ടായ ശിലായുഗം , ശിലായുഗത്തിലെ തന്നെ പുരാതന ആധുനിക ശിലായുഗങ്ങള്‍. പുരാതന ശിലായുഗത്തിന് മുമ്പുതന്നെ ഉണ്ടായ ഏകകോശ ജീവി , പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു പരിണാമ പ്രക്രിയ മൂലം ഉണ്ടായ മനുഷ്യന് രൂപമാറ്റം ഉണ്ടായി അതിനു ശേഷം ഉണ്ടായ കണ്ടുപിടിത്തങ്ങള്‍. ഈ സമയത്തൊക്കെ മനുഷ്യന് ഭയം എന്ന വികാരം അറിഞ്ഞിരുന്നു. അവന്റെ അറിവ് വര്‍ധിച്ചു വര്‍ധിച്ചു വന്നു എങ്കിലും സ്ഥായിയായ ഭയം അവനെ ഇന്നും വേട്ടയാടുന്നു. ഭയം എന്ന വികാരം മുനുഷ്യന് തന്നെ കണ്ടു പിടിച്ച തീയോടും അവനുണ്ടായി, കാറ്റും, ഇഴജന്തുക്കളും, ഗ്രഹങ്ങളും എല്ലാം അവനു ഏതോ ശക്തി (അവനെ നിയന്ത്രിക്കുന്ന ശക്തി) യായി അവനു തോന്നി. സംസ്കാരങ്ങള്‍ വികസിച്ചപ്പോള്‍ , ഭാവന വികസിച്ചപ്പോള്‍ , ഭാവനസംഭ്ന്നനായ മനുഷ്യന് ചിന്തിച്ചു നമ്മള് ഭയപ്പെടുന്നതിനെയും നിയന്ത്രിക്കുന്ന ഏതോ ഒരു ശക്തിയുന്ടെന്നും അതിനു സര്വശക്തന് എന്ന പേര് കൊടുക്കാമെന്നും. എല്ലാ ഭയത്തിന്റെയും അടിസ്ഥാനം മരണഭയം ആണെന്നാണ് മനശാസ്ത്രം പറയ്ന്നത്. അങ്ങിനെ നോക്കുമ്പോള്‍ മരണത്തിനു ശേഷമുള്ള ജീവിതത്തിനും ആ വിശ്വാസം അവനു ആശ്വാസമായി. യുക്തിയുടെയും നിരീക്ഷണത്തിന്റെയും കൂടി മാര്‍ഗങ്ങള്‍ തേടാതെ , ജനിച്ച നാള് മുതല്‍ പഠിപ്പിക്കുന്നതും പഠിച്ചതും വിശ്വസിപ്പിച്ചതും വിശ്വസിക്കുന്നതുമായ കാര്യങ്ങളെ മാത്രം ആശ്രയിക്കുന്ന മനുഷ്യനു അങ്ങിനെയൊരു ഈശ്വരന് ഉണ്ടെന്നു പറയുന്നതും അതില്‍ ആശ്രയം കാണുന്നതും ശീലമായി. അത് അവന്റെ തലച്ചോറിന്റെ limbic stem എന്നാ സ്ഥലത്ത് ഉറപ്പിച്ചാല്‍ അത് മാറ്റിയെടുക്കാന്‍ വളരെ പണിപ്പെടനം.
മനുഷ്യന് സത്യം അറിയാന്‍ ഒരിക്കലും മിനക്കെടാറില്ല. ചെറുപ്പം മുതല്‍ തന് വിശ്വസിക്കന്നത് പ്രമാണം എന്നത് തന്നെ മതം. വിശ്വാസം എന്താണ് ശാസ്ത്രം എന്താണ് എന്ന് വേര്‍തിരിച്ചറിയാന്‍ പോലും അവനിഷ്ടമല്ല. യുക്തിവാദികള്‍ , നിരീശ്വര വാദികള്‍ ഇവരൊക്കെ മഹാ പാപികള്‍ ആണെന്നുള്ള ധാരനെയാണു ഈശ്വര വിശ്വാസികള്‍ക്.
Post a Comment